Current Date

Search
Close this search box.
Search
Close this search box.

ട്രംപിന് പഠിക്കുന്ന ഇമ്മാനുവൽ മക്രോൺ

ലോകത്തെ നിന്ദ്യരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഇടംപിടിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഫ്രഞ്ച് സംസ്‌കാരത്തിൽ ഊറ്റംകൊള്ളുന്ന മക്രോണിന്റെ സ്ഥാനം ട്രംപിനെപ്പോലെയുള്ള ഭരണാധികാരികൾക്കൊപ്പമാണെന്ന് ഓരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുന്നു.

ലിബിയയിൽ യു.എൻ അംഗീകാരമുള്ള സർക്കാറിനെ പിഴുതെറിയാൻ സായുധ പോരാട്ടം നടത്തുന്ന യുദ്ധപ്രഭു ഖലീഫ ഹഫ്തറിനെ പിന്തുണക്കുന്ന നാലു രാജ്യങ്ങളിലൊന്ന് ഫ്രാൻസാണ്. പ്രവാചകനെ അപഹസിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് തീവ്രവാദികൾക്ക് വളംവെച്ചു കൊടുത്ത മക്രോൺ, അറബ് ലോകത്തെ ഏറ്റവും ഭീകരനായ ഭരണാധികാരിയെ ഇന്ന് എലീസി കൊട്ടാരത്തിൽ ചുകപ്പു പരവതാനി വിരിച്ച് സ്വീകരിച്ചിരിക്കുന്നു.

ഫ്രാൻസിന് അകത്തും പുറത്തുമുള്ള മനുഷ്യാവകാശ സംഘടനകളുടെ ശക്തമായ പ്രതിഷേധം വകവെക്കാതെ ഈജിപ്തിലെ ഏകാധിപതി അബ്ദുൽഫത്താഹ് അൽ സീസിയെ സ്വീകരിച്ചതിൽ ഒതുങ്ങുന്നില്ല മക്രോണിന്റെ നടപടി. ഈജിപ്തിന് ആയുധം വിൽക്കുന്ന കാര്യത്തിൽ ആ രാജ്യത്തിന്റെ മനുഷ്യാവകാശ റെക്കോർഡ് നോക്കേണ്ട കാര്യം തനിക്കില്ലെന്ന ധിക്കാരപരമായ പ്രസ്താവനയും നടത്തിയിരിക്കുന്നു ഫ്രഞ്ച് പ്രസിഡന്റ്. അതിനു പറഞ്ഞ ന്യായമാണ് രസകരം. മേഖലയിൽ ഭീകരപ്രവർത്തനങ്ങളെ നേരിടുന്ന ഈജിപ്തിനെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന്!

ആരാണ് അൽ സീസിയെന്ന് അറിയില്ലേയെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് തലേന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ 17 ഫ്രഞ്ച്, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളാണ് മക്രോണിനോട് ചോദിച്ചത്. സമാധാനപരമായി പ്രവർത്തിക്കുന്ന ഇസ്ലാമിസ്റ്റുകളെ മാത്രമല്ല, പത്തരമാറ്റ് സെക്യുലറിസ്റ്റുകളെപ്പോലും തന്റെ രാജ്യത്ത് ഭീകരമായി അടിച്ചമർത്തുന്ന സ്വേഛാധിപതിയാണ് അൽ സീസിയെന്ന് അവർ ഓർമിപ്പിക്കുന്നു.

Also read: ഗോള്‍വാള്‍ക്കറുടെ പേരിടലിന് പിന്നില്‍ ?

കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 57 പേരെയാണ് അൽസീസി ഭരണകൂടം തൂക്കിലേറ്റിയത്! ഇതിൽ 49 പേരുടെ ശിക്ഷ നടപ്പാക്കിയത് വെറും പത്തു ദിവസത്തിനിടയിൽ (ഒക്‌റ്റോബർ മൂന്നിനും 13നുമിടയിൽ)!! ഇവ്വിധം കാപിറ്റൽ പണിഷ്‌മെന്റ് ഏറ്റുവാങ്ങിയവരൊക്കെ ഭീകരരാണെന്ന് വിലയിരുത്തുകയാണെങ്കിൽ നിങ്ങൾക്ക് തെറ്റി. ഈജിപ്തിന്റെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസി ഭരണത്തെ 2013 ജൂലൈയിൽ അട്ടിമറിയിലൂടെ പുറന്തള്ളി ഭരണത്തിലേറിയ പട്ടാളമേധാവിയായ അൽ സീസിക്കെതിരെ രാഷ്ട്രീയപരമായി പ്രതിഷേധിച്ചരാണ് തൂക്കിലേറ്റപ്പെട്ട 15 പേർ. ഇതിനു പുറമെ രണ്ട് സ്ത്രീകളെയും വധശിക്ഷക്ക് വിധേയമാക്കുകയുണ്ടായി.

മക്രോണും അൽ സീസിയും കൊട്ടാര ചർച്ച നടത്തുന്ന ദിവസം തന്നെയാണ് ഈജിപ്തിലെ പൗരാവകാശ സംഘടനയായ ഇ ഐ പി ആറിന്റെ ഡയറക്ടർ ഹുസ്സാം ഭാഗത്തിനെതിരെ ഭീഷണി മുഴക്കിയുള്ള ലേഖനവുമായി ഭരണകൂടത്തിന്റെ കുഴലൂത്തുകാരായ ‘അൽ മസാഅ്’ ദിനപത്രം ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹുസ്സാം ഏതുസമയവും അപ്രത്യക്ഷമായേക്കാമെന്നാണ് പത്രത്തിന്റെ മുൻ എഡിറ്റർ പേരുവെച്ചെഴുതിയ ലേഖനം ഭീഷണിപ്പെടുത്തുന്നത്.

Related Articles