Current Date

Search
Close this search box.
Search
Close this search box.

തെരഞ്ഞെടുപ്പ് ഫലം: ജനം എങ്ങിനെ ചിന്തിക്കുന്നു എന്നതിന്റെ നേര്‍ രൂപം

ഇന്ത്യയില്‍ നടന്നത് ചില സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മാത്രമാണ്. മറ്റുള്ള രാജ്യങ്ങള്‍ക്കു ഈ തിരഞ്ഞെടുപ്പ് അത്ര വലിയ കാര്യമല്ല. അതെ സമയം വിദേശ മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ വലിയ ഗൗരവത്തോടെ കാണുന്നു. ബി ബി സി അടക്കമുള്ള മാധ്യമങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ ചര്‍ച്ചയാക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അഞ്ചു മാസം കഴിഞ്ഞ് വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പില്‍ ജനം എങ്ങിനെ ചിന്തിക്കുന്നു എന്നതിന്റെ നേര്‍ രൂപമായാണ് ഈ തിരഞ്ഞെടുപ്പിനെ ലോകം കാണുന്നത്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാവി തീരുമാനിക്കപ്പെടും എന്നതാണ് മറ്റുള്ളവര്‍ കാണുന്ന കാര്യം. ലോകത്തിലെ തന്നെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യത്തിന്റെ ഭാവിയില്‍ അത്രമേല്‍ ലോകത്തിനു താല്പര്യമുണ്ട്. ജനാധിപത്യ രാജ്യത്ത് സര്‍ക്കാരുകള്‍ മാറി വരിക എന്നത് ഒരു പുതിയ കാര്യമല്ല. അതെ സമയം ഒരു ജനാധിപത്യ രാജ്യത്തു നിന്നും ജനാധിപത്യം തന്നെ ഇല്ലാതാവുക എന്നതാണ് കാര്യം. മതേതരത്വം എന്നത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു. ചില മതങ്ങള്‍ക്ക് മാത്രമായി അത് ചുരുങ്ങി പോയി. ഇനിയും ഒരു അഞ്ചു വര്ഷം കൂടി ഫാസിസത്തെ സഹിക്കാന്‍ നാടിനു കഴിയില്ല എന്നുറപ്പാണ്. ഇന്ത്യയുടെ അതിജീവനത്തിന്റെ സൂചനയാകും ഈ തിരഞ്ഞെടുപ്പുകള്‍ എന്നതാണ് ലോകം കാണിക്കുന്ന അതിയായ ജിജ്ഞാസയുടെ കാരണം.

പ്രധാനമന്ത്രി ഇന്ത്യയുടേതാണ്. അതെ സമയം പലപ്പോഴും അദ്ദേഹം സംഘ പരിവാറിന്റെ പ്രധാനമന്ത്രിയാകുന്നു. നാടിനെ നടുക്കിയ ക്രൂരതകളില്‍ അദ്ദേഹവും പാര്‍ട്ടിയും പലപ്പോഴും മൗനം സ്വീകരിച്ചു. അത് കൊണ്ട് തന്നെ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അത് കാരണമായി. ദേശ സുരക്ഷയുടെ പേരില്‍ നടത്തിയേ റാഫേല്‍ അഴിമതി കഥകളും ജനത്തെ സ്വാധീനിച്ചു കാണും. യൂറോപ്യന്‍ ജനത അറിഞ്ഞു കൊണ്ടാണ് ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ജനതയില്‍ ഇപ്പോഴും വിദ്യാഭ്യാസം ലഭിക്കാത്ത ജനത കൂടുതലാണ്. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്കു കൂടുതല്‍ പരിക്ക് പറ്റിയത് ഗ്രാമങ്ങളില്‍ നിന്നാണ്. അതെ സമയം പട്ടണങ്ങളില്‍ നിന്നും അവര്‍ നില പിടിച്ചു നിന്ന്. അതായത് മോഡി ഭരണത്തില്‍ ഇല്ലാത്തവര്‍ കൂടുതല്‍ ഇല്ലാത്തവരായി തീര്‍ന്നു. അവരുടെ മുതലുകള്‍ക്കു വേണ്ടത്ര വില കിട്ടിയില്ല എന്നത് തന്നെയാകും ഒരു കാരണം. ഇന്ത്യ എങ്ങിനെ ചിന്തിക്കുന്നു എന്നറിയാന്‍ നല്ലത് ഇന്ത്യയുടെ ഗ്രാമങ്ങള്‍ എങ്ങിനെ ചിന്തിക്കുന്നു എന്ന് നോക്കലാണ്.
തിരഞ്ഞെടുപ്പ് രംഗം ഇപ്പോഴും വ്യക്തമായിട്ടില്ല. എങ്കിലും മതേതര പാര്‍ട്ടികള്‍ ഒന്നിച്ചു നിന്നാല്‍ ഫാസിസം ഒന്നുമല്ല എന്ന പ്രാഥമിക സന്ദേശമാണ് തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നത്.

Related Articles