Current Date

Search
Close this search box.
Search
Close this search box.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം !?

ഇന്ത്യയെ കുറിച്ച് വിദേശ മാധ്യമങ്ങൾ എന്നും വല്ലാത്ത ആകാംക്ഷയിലാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിൽ സംഭവിക്കുന്ന ഏതു ചെറിയ അനക്കങ്ങളും അവർ റിപ്പോർട്ട് ചെയ്യും. അടുത്തിടെ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വിദേശ മാധ്യമങ്ങളിൽ കാര്യമായി തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കേരളക്കാരായി പോയി എന്നത് കൊണ്ട് നമ്മുടെ ചർച്ചയുടെ മർമ്മം കേരളമായി എന്നത് സ്വാഭാവികം മാത്രം. പക്ഷെ വിദേശ മാധ്യമങ്ങൾ പ്രാധാന്യം നൽകിയത് ബംഗാൾ തിരഞ്ഞെടുപ്പിനാണ്. ആ വാർത്തയിൽ ഒരിടത്ത് കേരളവും വരുന്നു എന്ന് മാത്രം.

എല്ലാ മാധ്യമങ്ങളും പ്രാധാന്യത്തോടെ എടുത്തു നൽകിയത് മമത ബാനർജിയുടെ ഒരു ഉദ്ധരണിയാണ്. “ ഈ വിജയം മനുഷ്യരാശിയെ രക്ഷിച്ചു, ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണ്. ഇത് ഇന്ത്യയുടെ വിജയമാണ്” മറ്റൊരു സംഗതി കൂടി റിപ്പോർട്ട് ചെയ്യുന്നതിൽ പത്രങ്ങൾ ഏകീകരണം കാണിച്ചിരുന്നു. “ ഇന്ത്യ മഹാമാരിയിലൂടെ കടന്നു പോകുമ്പോഴും മോഡി ബംഗാളിൽ തമ്പടിക്കുകയായിരുന്നു”. കഴിഞ്ഞ തവണ ബംഗാൾ നിയമ സഭയിൽ ബി ജെ പിക്ക് മൂന്നു സീറ്റാണ് ലഭിച്ചിരുന്നത്. ഇക്കൊല്ലം അത് 77 എന്നതിലേക്ക് ഉയർന്നെങ്കിലും അതൊരു നേട്ടമായി എടുത്തു പറയാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ടു മാസമായി കേന്ദ്ര സർക്കാർ പൂർണമായി തിരഞ്ഞെടുപ്പ് നടന്നിരുന്ന സംസ്ഥാനങ്ങളിലായിരുന്നു. അത് കൊണ്ട് തന്നെ മഹാമാരി അവർക്ക് ഒരു വിഷയമായി തോന്നിയില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആസാമിൽ ബി ജെ പിക്ക് അധികാരം നില നിർത്താൻ കഴിഞ്ഞു. പോണ്ടിച്ചേരിയിൽ സഖ്യ കക്ഷികളുടെ സഹായത്തോടെ അധികാരത്തിൽ വന്നു. അതെ സമയം ബംഗാളിന് പുറമേ തമിഴ്നാട് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ അവർ പിറകോട്ടു പോയി. കേരളത്തിലും തമിഴ്നാട്ടിലും അവർ സഖ്യമായാണ് മത്സരിച്ചത്.

ഒരു പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യമാണ് ബംഗാൾ തിരഞ്ഞെടുപ്പിന് വിദേശ മാധ്യമങ്ങൾ നൽകിയത്. പുതിയ സാഹചര്യത്തിൽ തങ്ങളുടെ ഹിഡൻ അജണ്ടകൾ നടപ്പാക്കുന്നതിനുള്ള ഒരു ടെസ്റ്റ്‌ ഡോസ് എന്ന നിലയിലാണ് ബംഗാൾ തിരഞ്ഞെടുപ്പിനെ സംഘ പരിവാർ കണ്ടത്. അപ്പോഴും ഒരു കാര്യം പത്രങ്ങൾ അടിവരയിടുന്നു. സംഘ പരിവാർ ഒരു ഭീഷണിയായി തന്നെ ഇപ്പോഴും നില നിൽക്കുന്നു. പ്രാദേശിക പാർട്ടികളെ വശത്താക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് അവരിപ്പോഴും.

മൂന്നു പതിറ്റാണ്ട് ബംഗാൾ സംസ്ഥാനം ഭരിച്ച ഇടതു പക്ഷത്തിന് 292 സീറ്റിൽ ഒന്ന് പോലും നേടാനായില്ല. സി പി എമ്മിന്റെ സംസ്ഥാനത്തെ വോട്ടു ഷയർ 4.5 ശതമാനം മാത്രമാണ്. അതെ സമയം മൊത്തം സംസ്ഥാനത്തിൽ NOTA ക്ക് ഒന്നര ശതമാനം വോട്ടു ലഭിച്ചിട്ടുണ്ട്. പാർട്ടി രണ്ടാം സ്ഥാനം എത്തിയ സ്ഥലങ്ങൾ പോലും വളരെ വിരളം. സംഘ പരിവാറിനെ താൽക്കാലികമായി ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ കഴിഞ്ഞു എന്നത് ആശ്വാസമാണ്. പക്ഷെ ആ ആശ്വാസം എത്ര നാൾ എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഘ പരിവാരിനോട് ആദർശമായി തന്നെ എതിർപ്പുള്ള വിഭാഗമായി ഇന്ത്യയിലെ ഇടതു പക്ഷത്തെ കണക്കാക്കുന്നു. പത്തു വര്ഷം കൊണ്ട് അവരുടെ ശക്തി കേന്ദ്രമായിരുന്ന ബംഗാളിൽ നിന്നും പൂർണമായി തുടച്ചു നീക്കി പകരം വന്നത് ഒരു പ്രാദേശിക പാർട്ടിയും മറ്റൊന്ന് സംഘ പരിവാരുമാണ് എന്നത് ആശങ്കയുണ്ടാക്കുന്നു.

സംസ്ഥാനത്ത് ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കപ്പെട്ടു എന്നതാണ് മമതയുടെ വിജയത്തിന്റെ കാരണമായി പറയപ്പെടുന്നത്‌. പ്രാദേശിക പാർട്ടികൾ പലപ്പോഴും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നിലനിൽക്കുന്നു. അത് കൊണ്ട് തന്നെ മമതക്ക് ശേഷം തൃണമൂൽ ഒരു ചോദ്യചിഹ്നമായി തീരുന്നു. കൊണ്ഗ്രസ്സിനും ഇടതു പക്ഷത്തിനും സംസ്ഥാനത്ത് ഒരു തിരിച്ചു വരവ് എന്നത് വിദൂര സാധ്യത മാത്രം. അത് കൊണ്ട് തന്നെ ബംഗാളിൽ ഇപ്പോഴും സംഘ പരിവാർ ഭൂതം കുടത്തിൽ തന്നെയുണ്ട്‌. തൃണമൂൽ കൊണ്ഗ്രസ്സിനെ തോൽപ്പിക്കാൻ ഇടതു പ്രവർത്തകർ ബി ജെ പിക്ക് വോട്ടു ചെയ്തിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. അതെ സമയം തമിഴ്‌നാട്‌ കാണിക്കുന്ന സംഘ പരിവാർ വിരുദ്ധത കൃത്യവും ആശ്വാസകരവുമാണ്. ഡി എം കെ ഒരു പ്രാദേശിക പാർട്ടി എന്നിരിക്കലും അവരുടെ സംഘടന ശക്തമാണ്.

കേരളം മറ്റൊരു രീതിയിലാണ്‌ കാര്യങ്ങളെ കാണുന്നത്. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സംഘ പരിവാരിനു വോട്ടുകൾ കുറഞ്ഞു. അത് മതേതര ശക്തികളുടെ തിരിച്ചു വരവായി അംഗീകരിക്കാൻ ഇടതും വലതും സമ്മതിക്കുന്നില്ല. ബി ജെ പി യുടെ സഹായം കൊണ്ട് മാത്രമേ കേരളത്തിൽ ആർക്കും ജയിക്കാനും തോൽപ്പിക്കാനും കഴിയൂ എന്ന രീതിയിലാണ്‌ ചർച്ചകൾ പോകുന്നത്. കേരള ജനത ഒരു സീറ്റ് പോലും നൽകാതെ പടിക്ക് പുറത്തു നിർത്തിയെങ്കിലും കേരള ഭരണം നിശ്ചയിക്കുന്നത് തങ്ങളുടെ വോട്ടുകളാണ് എന്ന രീതിയിലേക്ക് ബി ജെ പി യെ കൊണ്ട് പോകാൻ ഈ ചർച്ചകൾക്ക് കഴിഞ്ഞിട്ടുണ്ട്. അത് രാഷ്ടീയമായി അവർക്ക് ഭാവിയിൽ ഗുണം ചെയ്യും. കാര്യമില്ലാതെ രാഷ്ട്രീയ എതിരാളികൾക്ക് വളം നൽകുന്ന ഇടപാട് നിർത്തേണ്ടിയിരിക്കുന്നു.

മതേതര ശക്തികളുടെ ആത്മാർത്ഥമായ ഏകീകരണം കൊണ്ട് മാത്രമേ സംഘ പരിവാർ എന്ന ഭൂതത്തെ പിടിച്ചു നിർത്താൻ കഴിയൂ. തമിഴ്‌നാട്‌ നല്ലൊരു ഉദാഹരണം. ദേശീയ തലത്തിൽ അത് സംഭവിക്കാൻ ഇടയില്ലാത്ത കാര്യമാണ് എന്ന ഉറപ്പിലാണ് സംഘ പരിവാർ. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സംഘ പരിവാർ ഇന്ത്യയിൽ ഒരു നനഞ്ഞ പടക്കമല്ല . പൊട്ടാൻ തയ്യാറായി നിൽക്കുന്ന പടക്കം തന്നെയാണ്. ആ ജാഗ്രത നാം കൈവിടരുത്.

Related Articles