Current Date

Search
Close this search box.
Search
Close this search box.

മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണം

വലിയ അപകടത്തില്‍ പരിക്ക് പറ്റിയാണ് സുനീറിനെ ഐ സി യു വില്‍ പ്രവേശിപ്പിച്ചത്. തലക്കും കാലിനും കാര്യമായ പരിക്കുണ്ട്.തലയും കാലും ഒരേ പോലെയല്ല എന്നത് കൊണ്ട് തന്നെ ആദ്യത്തെ പരിഗണന തലക്കാണ്. തലയില്‍ ഉണ്ടായ പരിക്ക് ശമനമാക്കി മാത്രമേ കാലിലേക്ക് തിരിയൂ എന്നത് ഒരു പൊതു തത്വമാണ്.

ഇന്ത്യന്‍ ജനാധിപത്യ മതേതര വ്യവസ്ഥക്ക് വലിയ പരിക്കാണ് ഫാസിസം നല്‍കിയത്. ദേഹത്തിന്റെ എല്ലാ ഭാഗങ്ങളും ഒരേ പോലെ ചതഞ്ഞിരുന്നു. ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ തലയുടെ പരിക്കിനുള്ള ചികിത്സയാണ്. അസുഖം പൂര്‍ണമായി മാറി എന്നൊന്നും പറയാന്‍ കഴിയില്ല. ഇന്നലെയാണ് കോണ്‍ഗ്രസ്സിന്റെ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വായിച്ചത്. ഒരുപാട് കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ രാമന്‍ തന്റെ വനവാസ കാലത്തു നടന്നു പോയി എന്ന് വിശ്വസിക്കുന്ന വഴികള്‍ പുനര്‍ നിര്‍മ്മിക്കും. പശു മൂത്രവും ചാണകവും വ്യാവസായിക അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യും. നര്‍മദാ നദിയുടെ തീരത്തു 100 കോടി രൂപ ചിലവില്‍ ഒരു ആരാധനാലയം പണിയും എന്നൊക്കെയാണ് അതില്‍ വിചിത്രമായി തോന്നിയ കാര്യങ്ങള്‍. അതെ സമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംഘ പരിവാര്‍ അവരുടെ സംഘടന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയും എന്നും അതില്‍ പറഞ്ഞിട്ടുണ്ട്. പശുവിനു പ്രത്യേക സംരക്ഷണ രീതികളും അതില്‍ പറയുന്നുണ്ട്. ഈ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം ജനത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

തീവ്ര ഹിന്ദുത്വത്തിനു പകരമായി മൃദു ഹിന്ദുത്വം എന്നതാണ് അതിനെതിരെ ഉയര്‍ന്നു വന്ന ആരോപണം. മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴച്ചാണ് സംഘ പരിവാര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനെ തടയാന്‍ മതത്തെ തന്നെ കോണ്‍ഗ്രസ് ഉപയോഗിച്ചു എന്നത് ഒരു തന്ത്രമായി കണ്ടാല്‍ മതിയാകും. എന്തൊക്കെ പറഞ്ഞാലും പശുവും ചാണകവും മൂത്രവും ഇന്ന് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത കാര്യങ്ങളാണ്. ഇവ ഉപയോഗിച്ച് ഫാസിസം കരുത്തു നേടുമ്പോള്‍ അതിനെ ഉപയോഗിച്ച് കൊണ്ട് തന്നെ പ്രതിരോധം തീര്‍ക്കുക എന്നത് മതം എന്നതിനേക്കാള്‍ രാഷ്ട്രീയം എന്ന് മനസ്സിലാക്കാനാണ് നമുക്ക് താല്പര്യം.

ജനാധിപത്യം എന്നത് നമ്മുടെ നാട്ടില്‍ അഞ്ചു കൊല്ലത്തില്‍ ഒരിക്കല്‍ വോട്ടു ചെയ്യുന്നതിന്റെ പേരാണ്. വാസ്തവത്തില്‍ ജനാധിപത്യം ഒരു ജീവിത രീതിയാണ്. ജനാധിപത്യത്തിന്റെ ഉന്നത സ്ഥാനമാണ് പാര്‍ലിമെന്റ്. അതെ സമയത്ത് പാര്‍ലമെന്റിനെ തന്നെ നോക്കുകുത്തിയാക്കുന്ന രീതിയാണ് മോഡിയും പാര്‍ട്ടിയും സ്വീകരിക്കുന്നത്. തല്‍ക്കാലം ഭരണത്തില്‍ നിന്നും ഫാസിസത്തെ മാറ്റുക എന്നതാണ് മുഖ്യ വിഷയം. അതിനു ഫാസിസം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സ്വീകരിക്കുക എന്നതു തെറ്റായി പറയാന്‍ കഴിയില്ല. ഇന്ത്യന്‍ മതേതരത്വത്തെ ഈ നിലയില്‍ എത്തിച്ചതില്‍ കോണ്‍ഗ്രസ്സിനും പങ്കുണ്ട്. മതത്തെ പലപ്പോഴും അവരുടെ നല്ല കാലത്തു തന്നെ അവര്‍ രാഷ്ട്രീയത്തിനായി ഉപയോഗിച്ചിരുന്നു. അതെ രീതി കൂടുതല്‍ സമര്‍ത്ഥമായി സംഘ പരിവാര്‍ ഇപ്പോള്‍ ചെയ്യുന്നു എന്ന് മാത്രം. മുള്ളിനെ മുള്ളു കൊണ്ട് വേണം എടുക്കാന്‍ എന്നൊരു ചൊല്ലുണ്ട്. അതാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നത്. തലയ്ക്കു പരിക്കേറ്റ ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ തല്‍ക്കാലം കാലിനെ അവഗണിക്കുക എന്നത് മാത്രമാണ് മാര്‍ഗം.

മൃദു ഹിന്ദുത്വം ഒരു സ്ഥിരം നിലപാടോ സംഘ പരിവാറിനെ നേരിടാനുള്ള തിരഞ്ഞെടുപ്പു തന്ത്രമോ എന്നതാണ് ചോദ്യം. ഫാസിസത്തിന് ലഭിക്കുന്ന ഒരു ചെറിയ കൊട്ട് പോലും വലിയ കാര്യമാണ്. വലിയ തിന്മയെ എതിര്‍ക്കാന്‍ ചെറിയ തിന്മകള്‍ സാധ്യമാണ് എന്ന് തന്നെയാണ് നമ്മുടെ പക്ഷം. അത്‌കൊണ്ടാണ് സുനീറിന്റെ തലക്കാണ് ചികിത്സ വേണ്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പ് ഇല്ലാതെ പോയതും.

Related Articles