Columns

തെരഞ്ഞെടുപ്പ് രാഷ്ട്രീയവും തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയവും

തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രകടമായ അവസ്ഥയിലേക്ക് രാജ്യം പ്രവേശിക്കുമ്പോള്‍ പ്രചരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രാഷ്ട്രീയം സവിശേഷ ശ്രദ്ധ ക്ഷണിക്കുന്നതാണ്. സമീപ കാലത്ത് നടന്ന ഭീകരാക്രമണവും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമടക്കം രാജ്യത്ത് വലിയ രീതിയില്‍ ഭരണകൂട വിരുദ്ധത പ്രകടമാകുന്ന തരത്തില്‍ ജനങ്ങളുടെ പ്രതികരണങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. നോട്ട് നിരോധനവും മറ്റു സാമ്പത്തിക നയങ്ങളിലെ വലിയ പാളിച്ചകളും,രാഷ്ട്രീയ നയതന്ത്ര പരാജയങ്ങളുമടക്കം ഭരണകൂടം വലിയയര്‍ത്ഥത്തില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടു. പൊതുവില്‍ ഭരണകാലം അവസാനിക്കുന്ന സാഹചര്യങ്ങളില്‍ ഭരണവിരുദ്ധ വികാരങ്ങള്‍ രൂപപ്പെടുക സാധാരണയാണ്. എന്നാല്‍ നിലവില്‍ ബി.ജെ.പി ഗവര്‍ണ്‍മെന്റ് അഭിമുഖീകരിക്കുന്ന ഭരണകൂട വിരുദ്ധത മറ്റു ഭരണവിരുദ്ധ
വികാരങ്ങളെ പോലെ പൊതുവത്കരിക്കാനോ ലളിതവത്കരിക്കാനോ സാധിക്കുന്നതല്ല. കാരണം, രാഷ്ട്രീയ ഭരണ വീഴ്ചകളെകാള്‍ ഈ ഭരണകൂടത്തെ സവിശേഷമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അവരുടെ പ്രത്യക്ഷ ഹിന്ദുത്വ അജണ്ടകളാണ് എന്നാല്‍ ഏറ്റവും പ്രാധാന്യപൂര്‍വം നമ്മള്‍ കാണേണ്ടത് ഇത്രയും വലിയ ജനവികാരത്തെ എങ്ങനെയാണ് ബി.ജെ.പി പ്രതിരോധിക്കുന്നത് എന്നതാണ്. മോദി അടക്കം പറയുന്ന കാര്യം മോദി വിരുദ്ധത എന്നാല്‍ അത് ഇന്ത്യ വിരുദ്ധതയാണ് എന്നാണ്. ഫാസിസത്തിന്റെ മൗലികമായ സംഗതികളില്‍ ഒന്നാണ് വിമര്‍ശങ്ങളോടുള്ള അസഹിഷ്ണുതയും അതിനോടുള്ള തികഞ്ഞ അക്രമോത്സുകതയും. ഭരണകാലത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തികഞ്ഞ ഫാസിസ്റ്റ് സ്വഭാത്തിലേക്ക്,അതിന്റെ പ്രത്യക്ഷ ഭാവങ്ങളിലേക്ക് എത്രതന്നെ മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടും അവര്‍ എത്തിപ്പെട്ടു .ഇത് സാധ്യമാക്കിയത് ഫാസിസത്തെ പ്രതിരോധിക്കാന്‍, ഒരു നിലക്കും അതിനോട് സാമ്യപ്പെടാത്ത രാഷ്ട്രീയ ബോധ്യമുള്ള വലിയൊരു സമൂഹം രാജ്യത്ത് നിലനില്‍ക്കുന്നത് കൊണ്ടാണ്. ഈ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ഹിന്ദുത്വ വിരുദ്ധ അജണ്ടകളിലൂടെ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഓര്‍മിക്കേണ്ട പ്രധാനപ്പെട്ട സംഗതി മറ്റൊരു ഹിന്ദുത്വത്തെ നടപ്പിലാക്കാനാണ് നിങ്ങള്‍ അധികാരത്തില്‍ ഏറുന്നതെങ്കില്‍ ഇന്ന് നിങ്ങളെ വിശ്വസിച്ച് അധികാരത്തില്‍ ഏറ്റിയ ജനങ്ങള്‍ തന്നെ നിങ്ങളെ വഞ്ചകരായി മുദ്രകുത്തുമെന്നും അധികാരത്തില്‍ നിന്നും താഴെ ഇറക്കുമെന്ന ബോധ്യമാണ്. അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധത തെരഞ്ഞെടുപില്ലല്ല ഭരണത്തിലാണ് കാണിക്കേണ്ടത്.

നിലവില്‍ രാജ്യത്തെ രാഷ്ട്രീയ പ്രതലത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും നമ്മള്‍ ബോധവന്മാര്‍ ആകേണ്ടതുണ്ട്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രൂപപ്പെട്ട നിര്‍ണായകമായ സമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇവിടത്തെ ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതരാക്കുന്നതും അവരുടെ സവിശേഷ രാഷ്ട്രീയ കര്‍തൃത്വത്തെ റദ്ദ് ചെയ്യുന്നതുമാണ്. ബാബരിയാനന്തരം മതേതരത്വത്തെ തത്വത്തില്‍ അംഗീകരിക്കുമ്പോഴും പ്രായോഗിക രാഷ്ട്രീയത്തില്‍ അതിനെ ഉപേക്ഷിക്കുകയും മൃദു ഹിന്ദുത്വ നിലപാടുകളിലേക്ക് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവേശിക്കുന്നത് കാണാം. ഇവിടെ വളരെ അപകടകരമായ ചില യാഥാര്‍ഥ്യങ്ങള്‍ കൂടി ഉണ്ട്. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളെ കുറിച്ച് പഠനം നടത്തിയ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ രാജ്യത്ത് മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടാണ് മുസ്ലിംകളിലെ പലരും കഴിയുന്നത് എന്നും ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കള്‍ക്ക് ഇവരെ അവഗണിച്ച് കൊണ്ട് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും പറയുന്നു. എന്നാല്‍ ഇത്തരമൊരു യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെ തന്നെയും കൃത്യമായ മൃദുഹിന്ദുത്വത്തെയോ മുസ്ലിം വിരുദ്ധതയെയോ ആന്തരികവത്കരിച്ചാണ് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ ഇടപെടുന്നത്.

തെരഞ്ഞെടുപ്പുകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. നമ്മളൊക്കെയും പലപ്പോഴും മനസിലാക്കിയിട്ടുള്ളത് രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം ബാധിക്കുന്ന സാഹചര്യമാണ് തെരഞ്ഞെടുപ്പുകള്‍ എന്നാണ്. ഏതൊരാളെ സംബന്ധിച്ചിടത്തോളവും തങ്ങളുടെ രാഷ്ട്രീയ വിയോജിപ്പുകളെ കുറിച്ചും തങ്ങള്‍ നേടിയെടുക്കേണ്ട സാമൂഹിക അവകാശങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അത് നേടിയെടുക്കാനുമുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് കാലം. ഒരു പൗരന്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്നതും അവന്റെ/അവളുടെ ആവശ്യങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം ലഭിക്കുന്നതും ഈ അവസരങ്ങളിലാണ്. ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ,ന്യൂനപക്ഷ സ്ത്രീ സമൂഹങ്ങള്‍ക്ക് തങ്ങളുടെ നിലനില്‍പിന് വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ പോലെ തെരഞ്ഞെടുപ്പ് കാലഘട്ടത്തെയും കൃത്യമായ ക്യാമ്പയിനിങ്ങിനായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. തെരഞ്ഞെടുപ്പ് പത്രികകള്‍ സമര്‍പ്പിക്കുന്ന സമയത്ത് നമ്മുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തക്ക രീതിയില്‍ നമ്മള്‍ രാഷ്ട്രീയ പോരാട്ടം ഈ സമയങ്ങളില്‍ നടത്തേണ്ടതുണ്ട്.

Facebook Comments
Show More

Related Articles

Close
Close