Columns

മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കേണ്ട സന്ദര്‍ഭമല്ലിത്

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭാര്യവീടിന്റെ അടുത്തുള്ള പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് പോയത്. കേരളത്തിലെ ഒരു മത പണ്ഡിതനെ ഇല്ലാത്ത കഥകളുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട സമയമായിരുന്നു. പ്രസംഗ മധ്യേ ഇമാം ഇങ്ങിനെ പറഞ്ഞു ‘നമ്മുടെ ഒരു പണ്ഡിതന്‍ ഇന്ന് ഇല്ലാത്ത കേസുകളുടെ പേരില്‍ ജയിലിലാണ്. നിരപരാധിയാണെങ്കില്‍ അദ്ദേഹം എത്രയും പെട്ടെന്ന് പുറത്തു വരട്ടെ’ ജനം ഒന്നിച്ചു ആമീന്‍ പറഞ്ഞു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ പുറത്തൊരു ആള്‍ക്കൂട്ടം. ഇമാം പള്ളിയില്‍ രാഷ്ട്രീയം പറഞ്ഞു എന്നതാണ് വിഷയം. അന്ന് വൈകീട്ട് പ്രസ്തുത ഇമാമിനെ ഞാന്‍ നേരില്‍ കണ്ടു. ഞാന്‍ അദ്ദേഹത്തെ അടുത്ത് വിളിച്ചു പറഞ്ഞു ‘ഭൂമിയിലുള്ള ഒന്നും പറയാനുള്ള അധികാരം നിങ്ങള്‍ക്കില്ല. ആകാശത്തുള്ള കാര്യങ്ങള്‍ മാത്രമേ പള്ളിയിലും ഇസ്ലാമിന്റെ പേരിലും പറയാന്‍ പാടുള്ളൂ’.

കാലം പിന്നെയും ഒരുപാട് കഴിഞ്ഞു. നമ്മുടെ മത സംഘടനകള്‍ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. രാഷ്ട്രീയം പോലെ മനുഷ്യരോട് അടുത്ത് നില്‍ക്കുന്ന മറ്റൊന്നുമില്ല എന്നത് അവര്‍ മനസ്സിലാക്കിയില്ല. പരലോകം മാത്രമല്ല ഇഹലോകവും അതിന്റെ ഭാഗമാണ് എന്ന തിരിച്ചറിവിന് കാലം പിന്നെയും എടുക്കേണ്ടി വന്നു. ഫാസിസം ഒരു ദുരന്തമായി മുന്നില്‍ വന്നു നിന്നപ്പോള്‍ മത സംഘടനകളും മത പ്രഭാഷകരും രാഷ്ട്രീയം പറയുന്നു എന്നത് നല്ല സന്ദേശമാണ്. മദീനാപള്ളിയില്‍ ഭജനമിരിക്കുന്നതിനേക്കാള്‍ പുണ്യം വിധവകളുടെയും അഗതികളുടെയും കാര്യത്തിന് വേണ്ടി പുറപ്പെട്ടാല്‍ ലഭിക്കുമെന്ന സഹാബിയുടെ വാക്കുകള്‍ നമുക്ക് മനസ്സിലായില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഉംറ ചെയ്യുന്നതിനേക്കാള്‍ പുണ്യം വോട്ടു ചെയ്യുന്നതിനാണ് എന്ന തിരിച്ചറിവിലേക്ക് സമുദായം മാറിയിരിക്കുന്നു. അതായത് ദീന്‍ എന്ന സങ്കല്‍പ്പത്തിനു തന്നെ മാറ്റം സംഭവിച്ചിരിക്കുന്നു.

മതേതര മുന്നണികള്‍ക്ക് വോട്ടു നല്‍കുക എന്നത് വിശ്വാസികളുടെ അടിസ്ഥാന വിഷയമായി മനസ്സിലാക്കുന്നിടത്തേക്ക് മത സംഘടനകള്‍ എത്തിപ്പെട്ടു എന്നത് നല്ല സൂചനയാണ്. രാഷ്ട്രീയത്തിലെ മതം അന്വേഷിച്ചു നടന്നവര്‍ക്ക് അതിനുള്ള ഉത്തരം ലഭിക്കുന്നു. മതേതര മുന്നണികള്‍ എന്നത് കൊണ്ട് മാത്രം സംഗതി അവസാനിക്കുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടും മതേതര മുന്നണികള്‍ തന്നെയാണ്. അതില്‍ ആര്‍ക്കാണ് ഫാസിസത്തെ തടയാന്‍ വോട്ടു നല്‍കേണ്ടത് എന്നത് കൂടി വ്യക്തമായി പറയുകയും പഠിപ്പിക്കുകയും വേണം. തങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന അണികളാണ് ഇസ്ലാമിക സംഘടനകളുടെ സവിശേഷത. തങ്ങള്‍ പരലോകത്തെ കുറിച്ച് പറഞ്ഞാല്‍ മാത്രം അനുസരിക്കുകയും ഈ ലോകത്തെ കുറിച്ച് പറഞ്ഞാല്‍ ധിക്കരിക്കുകയും ചെയ്യുന്ന അണികള്‍ ആര്‍ക്കും നല്ലതല്ല. ഫാസിസം ശക്തമാകുന്ന കാലത്ത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോകുക എന്നത് തികച്ചും ആത്മഹത്യാ പരമാണ്. എല്ലാവരും ഫാസിസത്തെ തടയാന്‍ കൂടുതല്‍ സാധ്യതയുള്ള മുന്നണിക്ക് വോട്ടു നല്‍കുക എന്നതാണ് ഫാസിസത്തെ പ്രതിരോധിക്കാനുള്ള വഴി. അപ്പോള്‍ മാത്രമേ ഈ ആഹ്വാനം കൊണ്ട് കാര്യമാകൂ.

കാലഘട്ടത്തിന്റെ ജിഹാദ് എന്ന രീതിയില്‍ വേണം ഫാസിസതിനെതിരെയുള്ള നിലപാടുകളെ വിശദീകരിക്കാന്‍. അത് കൊണ്ടാണ് ഈ സമയത്ത് ഉംറ ചെയ്യുന്നതിനേക്കാള്‍ വോട്ടു ചെയ്യല്‍ പുണ്യമാകുന്നത്. അല്ലാഹുവിന്റെ പാര്‍ശ്വത്തെ ഒന്നിച്ചു മുറുകെ പിടിക്കല്‍ നിര്‍ബന്ധമായ സമയത്ത് വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന നിലപാടുമായി ചിലര്‍ മുന്നോട്ടു പോകുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. കോണ്‍ഗസ്സിനെ വിജയിപ്പിക്കുക എന്നതിനേക്കാള്‍ കൂടുതല്‍ ഗൗരവം ഫാസിസത്തെ തടയുക എന്നതാണ്. അതിനിപ്പോള്‍ നമുക്ക് മുന്നിലുള്ള ഏക വഴി കോണ്‍ഗ്രസ് മാത്രമാണ് എന്നുള്ളതാണ്. അനിവാര്യതയാണ് പലപ്പോഴും കാര്യങ്ങളെ നിശ്ചയിക്കുക. ആ ബോധമാണ് മത പണ്ഡിതരും സംഘടന നേതാക്കളും അണികള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്.

Facebook Comments
Show More

Related Articles

Check Also

Close
Close
Close