Columns

ഈജിപ്ത്: മുല്ലപ്പൂ വിപ്ലവത്തിന്റെ എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം

മുല്ലപ്പൂ വിപ്ലവത്തിന്റെ തൊട്ടു മുമ്പാണ് ഞാന്‍ ഈജിപ്ത് സന്ദര്‍ശിച്ചത്. അലക്‌സാന്‍ഡ്രിയയില്‍ നിന്നും കെയ്‌റോവിലേക്ക് പോകുമ്പോഴാണ് ട്രെയിനില്‍ വെച്ചു ഇസ്മായില്‍ എന്ന നാട്ടുകാനെ പരിചയപ്പെട്ടത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയര്‍. സംസാര മധ്യേ എന്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു ‘സമദ്, നമുക്കീ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാം. ട്രെയിനിന്റെ ഈ ബോഗികള്‍ക്കു പോലും കാതുള്ള കാലമാണ്’. സമാനമായ അനുഭവം തന്നെയാണ് മറ്റു പലരും പറഞ്ഞത്. നൂറു പേര് ഒന്നിച്ചു കൂടിയാല്‍ അതില്‍ ഇരുപതു പേര് രഹസ്യാന്വേഷണ പോലീസാകും എന്ന് പറഞ്ഞവരും അവിടെ ഉണ്ടായിരുന്നു.

അതിനു ശേഷം അവിടെ ജനാധിപത്യം വന്നു. ആളുകള്‍ നേരിട്ട് തിരഞ്ഞെടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പത്രങ്ങളും മീഡിയകളും മാന്യമായി സംസാരിക്കുന്ന ഒരു കാലം എന്നും അതിനെ കുറിച്ച് പറയാം. അങ്ങിനെയാണ് ആ ജനത അവരുടെ ഭരണാധികാരികളെ കുറിച്ച് വിമര്‍ശിച്ചു തുടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായി അവരുടെ പ്രസിഡന്റിനെ അവര്‍ വിമര്‍ശിച്ചു തുടങ്ങി. അത് കൂടുതല്‍ നില നിന്നില്ല. ഈജിപ്ത് പണ്ടും അറബികളുടെ തലസ്ഥാനമാണ്. തലസ്ഥാനത്ത് ഉണ്ടാകുന്ന മാറ്റം ദേഹം മൊത്തം ബാധിക്കും എന്നവര്‍ മനസ്സിലാക്കി. തല തന്നെ മാറ്റണം എന്ന കാര്യത്തില്‍ അറബി ഭരണാധികാരികള്‍ ഒന്നിച്ചു എന്നതാണ് പിന്നീട് കണ്ടത്. തിരഞ്ഞെടുത്ത സര്‍ക്കാരിനെ സൈന്യത്തിന്റെ സഹായത്തോടെ ഇല്ലാതാക്കുന്നത് ലോകം നോക്കി നിന്നു. ജനനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അപ്പോസ്തലന്മാര്‍ അതെല്ലാം കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരുന്നു.

സിസിയുടെ കാലത്തെ പഴയ ഈജിപ്തിനെക്കാള്‍ മോശം എന്നാണ് ഇപ്പോഴത്തെ വാര്‍ത്ത. മാന്യമായ രീതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച നൂറു കണക്കിന് ആളുകള്‍ ഇന്ന് ഒന്നുകില്‍ അഴിക്കുള്ളിലാണ് അല്ലെങ്കില്‍ കാണാതായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സത്യം പറയുന്നവരെ ഐ എസ് ലിസ്റ്റില്‍ ചേര്‍ക്കുന്നത് പോലെ അവിടെ നിരോധിത സംഘടനകളുടെ ലേബലില്‍ ചേര്‍ക്കും. അല്ലെങ്കില്‍ അവരൊക്കെ ഇഖ്‌വാനിന്റെ ആളുകളെന്നു മുദ്ര കുത്തും. ആ മുദ്ര വന്നാല്‍ ആരെയും ഒരു വിചാരണയും കൂടാതെ എത്ര കൊല്ലം വേണമെങ്കിലും അകത്തിടാം എന്നതാണ് അവസ്ഥ. ലണ്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയാണ് ഈ വിവരം പുറത്തു കൊണ്ട് വന്നത്.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ഒരു വിശദീകരണവും വന്നിട്ടില്ല. എങ്കിലും ജയിലിലുള്ള ആളുകള്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എന്നാണു സര്‍ക്കാര്‍ ഭാഷ്യം. മനുഷ്യാവകാശ വിഷയങ്ങളില്‍ എന്നും ഈജിപ്ത് പിറകിലാണ്. തങ്ങള്‍ക്കു പറ്റാത്തവരെ ഒതുക്കുക എന്ന ഫാസിസ്റ്റ് രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. പ്രതിഷേധക്കാരെ പട്ടാളത്തെയും പോലീസിനെയും ഉപയോഗിച്ച് നേരിടുക എന്ന നിലപാട് തന്നെയാണ് അവിടെയും നടക്കുന്നത്. ഹോസ്‌നി മുബാറക്കിന്റെ കാലത്തേക്കാള്‍ മോശമാണ് നാട്ടിലെ മനുഷ്യാവകാശ വിഷയം എന്ന് പറയുന്നതും സി സി യുടെ വരവിനെ സ്വാഗതം ചെയ്തവര്‍ തന്നെയാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തീര്‍ത്തും അന്യായമായ രീതിയില്‍ ഇല്ലാതാക്കി എന്ന ജനാധിപധ്യ വിരുദ്ധതതയെ പല പടിഞ്ഞാറന്‍ നാടുകളും കണ്ടില്ലെന്നു നടിച്ചിരുന്നു. മധ്യേഷ്യയില്‍ ഉണ്ടാവാനിടയുള്ള ജനാധിപത്യ മുന്നേറ്റം മറ്റൊരു തലത്തില്‍ തങ്ങളുടെ ഉദ്ദേശങ്ങളെ ബാധിക്കും എന്നത് തന്നെയാണ് പലരെയും അതിനെ തകര്‍ക്കാന്‍ കൂട്ട് നിന്നതും മറ്റു ചിലരെ നിശ്ശബ്ദരാക്കിയതും

അതെ സമയം സിനായ് മേഖലയില്‍ ഐ എസുമായി ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നു എന്നാണ് ഈജിപ്ത് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് നുഴഞ്ഞു കയറ്റക്കാരും കുറച്ച് സൈനികരും കൊല്ലപ്പെട്ടു എന്നും റിപ്പോര്‍ട്ട് വരുന്നു. സി സി യുടെ വരവിനു ശേഷം സിനായ് ഭാഗത്തുള്ള സംഘട്ടനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. സൈന്യം പറയുന്ന കണക്കല്ലാതെ വിഷയത്തെ കുറിച്ച് മറ്റാര്‍ക്കും കൃത്യമായ അറിവില്ല എന്നത് കൂടി ചേര്‍ത്ത് വായിക്കണം. ഒരുവേള ആ സംഘട്ടനം പോലും രാജ്യത്തിനകത്തുള്ള മറ്റു പലരുടെയും ചുമലില്‍ കയറ്റിവെക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു.

മൂന്നു ഘടകങ്ങള്‍ മാറ്റി നിര്‍ത്തി ഈജിപ്തില്‍ ഒരു ചര്‍ച്ചയും പറ്റില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുക. ഒന്ന് പട്ടാളം, മറ്റൊന്ന് ഇഖ്‌വാന്‍ മൂന്നാമത്തേത് രാജ്യത്തെ ന്യൂനപക്ഷമായ കോപ്റ്റിക് ക്രിസ്ത്യാനികള്‍. അതില്‍ വലിയ ശക്തിയായ ഇഖ്‌വാനെ അവഗണിച്ചാണ് നാട് മുന്നോട്ടു പോകുന്നത്. അത് കൊണ്ട് തന്നെ നാട്ടിലെ രാഷ്ട്രീയം എങ്ങിനെ മുന്നോട്ടു പോകും എന്നതില്‍ നിരീക്ഷകര്‍ അത്ഭുതം പ്രകടിപ്പിക്കുന്നു എന്നതും കൂട്ടത്തില്‍ കാണാതെ പോകരുത്.

Facebook Comments
Related Articles
Show More
Close
Close