Columns

മരണപ്പെട്ട മുര്‍സിയെ ഭയപ്പെടുന്ന ഭരണകൂടം

യാസിര്‍ അല്‍ അസബി ഒന്നിച്ചു ജോലി ചെയ്തിരുന്ന ഈജിപ്തുകാരനാണ്. സീസിയുടെ വലിയ ആരാധകന്‍. ഇന്നലെ അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നു. നാട്ടിലെ അവസ്ഥ ചോദിച്ചപ്പോള്‍ ഒന്നും സംഭവിക്കാത്ത പോലെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു സ്വാഭാവിക മരണം, അല്ലെങ്കില്‍ മുര്‍സി കിട്ടേണ്ടത് ചോദിച്ചു വാങ്ങി എന്നൊക്കെയാണ് യാസിര്‍ പറഞ്ഞു വെച്ചത്. ശേഷം മറ്റൊരു ഈജിപ്ത് സുഹൃത്ത് അഷ്‌റഫുമായും സംസാരിച്ചു. യാസിര്‍ പറഞ്ഞതിന് നേരെ എതിരെയാണ് അദ്ദേഹം പറഞ്ഞത്. സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ് മൊത്തം രാജ്യവും. പട്ടാളം മുഖ്യ തെരുവുകളില്‍ സജീവമായി നിലകൊള്ളുന്നു. സംശയം തോന്നുന്ന വാഹനങ്ങളെയുും ആളുകളെയും അവര്‍ പരിശോധിക്കുന്നു. മൊത്തത്തില്‍ നാട്ടില്‍ ഒരു മൂകതയാണ്. ആ മൂകത തന്നെയാണ് അധികാരികള്‍ ഭയപ്പെടുന്നതും.

മരണപ്പെട്ട മുര്‍സി ജീവിച്ചിരിക്കുന്ന മുര്‍സിയെക്കാള്‍ ജനകീയനാകുന്നു എന്നതാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍. മുര്‍സിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും ആദര്‍ശത്തോടും വിയോജിപ്പുള്ള ആളുകള്‍ വരെ അദ്ദേഹത്തോട് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ചെയ്തത് ശരിയായില്ല എന്ന അഭിപ്രായം പറയുന്നു. ‘ഇത് മനുഷ്യത്വ രഹിതമാണ്, ദുഃഖകരവും, അതും നമ്മുടെ കോടതിയുടെ മുന്നില്‍ വെച്ച് തന്നെ ഒരാള്‍ വേണ്ടത്ര ചികിത്സ കിട്ടാതെ കുഴഞ്ഞു വീഴുക എന്നത് നമുക്ക് നാണക്കേടാണ്’ എന്നാണു സെന്‍ട്രല്‍ കൈറോവില്‍ കച്ചവടം നടത്തുന്ന ഒരാള്‍ പ്രതികരിച്ചത്.

മുര്‍സിയെ രക്തസാക്ഷി പട്ടികയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തിന്റേതായി ഒരു വാര്‍ത്തയും ചിത്രവും പുറത്തു വരരുത് എന്ന കര്‍ശന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നു. ‘ഒരു പ്രസിഡന്റ് എന്ന നിലയില്‍ മുഹമ്മദ് മുര്‍സിക്ക് ഈജിപ്തുകാര്‍ക്കിടയില്‍ അത്ര ജനപ്രീതി ഉണ്ടായിരുന്നില്ല. ഒരു പ്രസിഡന്റ് എന്ന നിലയില്‍ വേണ്ട ഗുണങ്ങളും അദ്ദേഹത്തില്‍ കാണാമായിരുന്നില്ല. പക്ഷെ മരണത്തിനു മുമ്പും ശേഷവും ഭരണകൂടം കാട്ടിയ നെറികേടുകള്‍ അദ്ദേഹത്തിന്റെ എതിരാളികളെ പോലും മാറ്റി ചിന്തിപ്പിക്കാന്‍ കാരണമായി എന്നാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രൊഫസര്‍ ഫവാസ് ഗെര്‍ജസ് പറയുന്നത്. ബ്രദര്‍ ഹുഡിന് ശക്തമായി തിരിച്ചുവരാന്‍ മുര്‍സിയുടെ രക്തസാക്ഷിത്വം കാരണമായേക്കാം എന്ന് പറയുന്നവരുമുണ്ട്.

മുര്‍സിയുടെ മരണ വാര്‍ത്ത കൊടുത്ത ദൃശ്യ മാധ്യമങ്ങള്‍ മുര്‍സിയുടെ മരണത്തേക്കാള്‍ കൂടുതലായി പറഞ്ഞത് ബ്രദര്‍ ഹുഡ് ഒരു ഭീകര പ്രസ്ഥാനം എന്ന് സ്ഥാപിക്കാനാണ്. ഒരിക്കല്‍ സയ്യിദ് ഖുതുബിനെ തൂക്കികൊന്നാണ് ജമാല്‍ അബ്ദുന്നാസില്‍ ബ്രദര്‍ഹുഡിനെ നിശ്ശബ്ദമാക്കന്‍ ശ്രമിച്ചത്. അതിനു ശേഷവും ബ്രദര്‍ ഹുഡ് ശക്തമായി തന്നെ നിലകൊണ്ടു. ഇപ്പോള്‍ മുര്‍സിയുടെ മരണം കൊണ്ട് ഈജിപ്തിന് കാര്യമായ സുരക്ഷ പ്രശ്‌നം ഇല്ലെങ്കിലും ഭാവിയില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകില്ല എന്ന് പറയാന്‍ കഴിയില്ല എന്നാണ് പല പടിഞ്ഞാറന്‍ വിദഗ്ധരും പറഞ്ഞു വെക്കുന്നത്. ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ സൈന്യം പോലെ തന്നെ പ്രസക്തമാണ് ബ്രദര്‍ ഹുഡും. അതിനെ അവഗണിച്ചു കൊണ്ട് ഒരു സമ്പൂര്‍ണമായ വളര്‍ച്ചയിലേക്ക് നാടിനു പോകാന്‍ കഴിയില്ല എന്നുറപ്പാണ്.

പണ്ടത്തെ പോലെയല്ല ഇന്ന് ബ്രദര്‍ ഹുഡ്. ഒരിക്കല്‍ അവര്‍ ജനകീയ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നവരാണ്. അത് കൊണ്ട് തന്നെയാണ് ഭരണകൂടം അവരെ കൂടുതല്‍ ഭയക്കുന്നതും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഈജിപ്തില്‍ ഈ പ്രസ്ഥാനമുണ്ട്. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്ന ഒന്നും പൊതുജനത്തിന് പരിചയമില്ല. പകരം നാട്ടിലെ സാമൂഹിക വിഷയങ്ങളില്‍ അവരുടെ സാന്നിധ്യം ഒരു സത്യമായിരുന്നു എന്ന് പറയാനാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് താല്പര്യം. ഒരുകാര്യം ഉറപ്പാണ് മരണപ്പെട്ട മുര്‍സിയെ ഭരണകൂടം ഭയപ്പെടുന്നു, അത് കൊണ്ട് തന്നെ ജീവനില്ലാത്ത മുര്‍സിക്ക് സര്‍ക്കാര്‍ കൂടുതല്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തുന്നു. അഷ്റഫ് പറഞ്ഞത് പോലെ ഈജിപ്ത്യന്‍ തെരുവുകളില്‍ ഘനീഭവിച്ചു നില്‍ക്കുന്ന മൗനം പലരെയും ഭയപ്പെടുത്തുന്നു.

Facebook Comments
Related Articles
Show More
Close
Close