Current Date

Search
Close this search box.
Search
Close this search box.

വിശാല മനസ്‌കരാവുക

life.jpg

മുഹമ്മദ് പ്രവാചകനാണ് എന്ന കാര്യത്തില്‍ അന്ന് ജീവിച്ചിരുന്ന ജൂത കൃസ്തീയ പണ്ഡിതന്മാരില്‍ അധികം പേര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. തൗറാത്തിലും ഇഞ്ചീലിലും വരാനിരിക്കുന്ന ഒരു പ്രവാചകനെ കുറിച്ച് പ്രവചനമുണ്ട്. ആ പ്രവാചകന്‍ അറബികളില്‍ നിന്നും വരുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. പ്രസ്തുത പ്രവാചകന്‍ തങ്ങളില്‍ നിന്നും വന്നില്ല എന്നത് മാത്രമായിരുന്നു പലര്‍ക്കും തിരുമേനിയെ അംഗീകരിക്കാന്‍ തടസ്സം.

അത് തന്നെയാണ് പലപ്പോഴും നമ്മെയും പിടികൂടുന്നത്. എന്റെ മനസ്സിലുള്ള അഭിപ്രായം തന്നെ യോഗത്തിന്റെ അഭിപ്രായമായി വന്നാലും എനിക്ക് സ്വീകാര്യമാകില്ല, കാരണം അത് പറഞ്ഞത് ഞാനല്ല എന്നതു തന്നെ. ഞാനെന്ന ഭാവം പലപ്പോഴും ഉണ്ടാക്കി വെക്കുന്ന വിന വലുതാണ്. അത് വ്യക്തികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ബാധകമാണ്. മറ്റുള്ളവരെ അംഗീകരിക്കാതിരിക്കുക എന്നത് പലരുടെയും നിലപാടാണ്. ‘സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍’ എന്നാണ് ഇവ്വിഷയകവുമായി ഖുര്‍ആന്‍ പറഞ്ഞു വെച്ചത്.

ഈ ഗുണമുള്ള മനുഷ്യന്‍ അന്യരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നത് പോകട്ടെ, അവരുടെ നന്‍മകളെ അംഗീകരിക്കാന്‍ പോലും വൈമനസ്യം കാണിക്കുന്നു. ലോകത്തുള്ളതൊക്കെ തനിക്ക് കിട്ടണമെന്നും മറ്റാര്‍ക്കും ഒന്നും കിട്ടരുതെന്നുമാണവരാഗ്രഹിക്കുക. താന്‍ ആര്‍ക്കും ഒന്നും കൊടുക്കില്ലെന്ന് മാത്രമല്ല, മറ്റൊരുവന്‍ ആര്‍ക്കെങ്കിലും വല്ലതും കൊടുക്കുന്നതിലും അയാള്‍ക്ക് മനം മുട്ടും. ഈ ലോകത്ത് തനിക്ക് ചുറ്റും നല്ലതായിട്ടുള്ളതെല്ലാം തന്റേതായിത്തീരണമെന്നും ആര്‍ക്കും ഒന്നും ബാക്കിയാവരുതെന്നും അയാള്‍ കൊതിച്ചുകൊണ്ടിരിക്കുകയെങ്കിലും ചെയ്യും. ഈ തിന്‍മയില്‍നിന്നുള്ള മോചനത്തെയാണ് വിശുദ്ധ ഖുര്‍ആന്‍ വിജയത്തിന്റെ ഗ്യാരന്റിയായി നിശ്ചയിച്ചിരിക്കുന്നത്.

ഈ വിഷയത്തിലെ പ്രവാചക അധ്യാപനങ്ങള്‍ ഇങ്ങിനെ വായിക്കാം . ‘ശുഹ്ഹിനെ (ഇടുക്കത്തെ) സൂക്ഷിക്കുക. ലോഭമാണ് നിങ്ങളുടെ പൂര്‍വികരെ നശിപ്പിച്ചത്. അതവരെ രക്തം ചിന്താനും പവിത്രതകളെ അനാദരിക്കാനും പ്രേരിപ്പിച്ചു. അതവരോട് അക്രമം കല്‍പിച്ചു. അങ്ങനെ അവര്‍ അക്രമികളായി. അവരോടത് നീചകൃത്യങ്ങള്‍ കല്‍പിച്ചു. അങ്ങനെ അവര്‍ തെമ്മാടികളായി. അവരോടത് കുടുംബം ശിഥിലീകരിക്കാന്‍ കല്‍പിച്ചു. അവര്‍ കുടുംബം ശിഥിലീകരിപ്പിച്ചു.’ ”ഒരു മുസ്ലിമിന്റെ ഹൃദയത്തില്‍ ഒരുമിച്ചുകൂടാത്ത രണ്ട് കാര്യങ്ങളാണ് ലുബ്ധും സ്വഭാവദൂഷ്യവും.”

എല്ലാം തന്നില്‍ നിന്നും മാത്രം എന്നത് അഹങ്കാരത്തിന്റെ കൂടി കാരണമാണ്. മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സുള്ളവര്‍ക്കു മാത്രമേ ജീവിതം ആസ്വാദകരമായി അനുഭപ്പെടൂ. മറ്റുള്ളവരുടെ കഴിവുകളില്‍ സന്തോഷിക്കാന്‍ കഴിയുന്ന മനസ്സ് വിശാലതയുടെ ലക്ഷണമാണ്. വിശ്വാസം കൊണ്ട് നാം നേടേണ്ട ഒന്നാണ് ഈ വിശാലത എന്ന് കൂടി മനസ്സിലാക്കണം.

Related Articles