Saturday, November 15, 2025

Current Date

ഗസ്സയിലെ മുറിവേറ്റ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം വേണം

The article argues that restoring education in Gaza must be as urgent as providing food and shelter, because it offers traumatized children hope,

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ  പലതരത്തിലുള്ള വികാരങ്ങളാണ് എനിക്ക് അനുഭവപ്പെട്ടത്.  വെടിയൊച്ചകൾ നിലക്കുന്നതിന്റെ സന്തോഷവും അത് എപ്പോൾ വേണമെങ്കിലും തുടരാമെന്ന ഭീതിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാമെന്ന ശുഭാപ്തിവിശ്വാസവും ചുരുങ്ങിയ ദിവസത്തേക്ക് മത്രമാകുമോ അതെന്ന ഉത്കണ്ഠയും എന്നെ അലട്ടി.

ഒരു  അധ്യാപിക എന്ന നിലയിൽ എത്രയും വേഗം വിദ്യാഭ്യാസം പൂർവ്വസ്ഥിതിയിലേക്കാകണം എന്നാണ് എന്റെ ആഗ്രഹം. കാരണം വിദ്യാഭ്യാസം മാത്രമാണ് കുട്ടികൾക്ക് പ്രതീക്ഷ വീണ്ടെടുക്കാനും വംശഹത്യയേൽപ്പിച്ച മാനസികാഘാതത്തിൽ നിന്ന് കരകയറാനും സഹായിക്കുന്നത്. അതുപോലെ വിദ്യാഭ്യാസത്തിന്  സാധാരണത്വത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഒരു ഭാവം നൽകാനും കഴിയുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം ഗസ്സയിലെ പ്രഥമ പരിഗണന ആയിരിക്കണം. വംശഹത്യ തുടങ്ങുന്നതിന് മുമ്പ് ഗസ്സ സിറ്റിയിലെ ഒരു പബ്ലിക് സ്കൂളിലും എജുക്കേഷൻ സെൻ്ററിലും എലമെന്ററി മിഡിൽ സ്കൂൾ പ്രായത്തിലുള്ള വിദ്യാർഥികളെ ഞാൻ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. എന്നാൽ വംശഹത്യയുടെ ആദ്യ ആഴ്ചകളിൽ തന്നെ സ്കൂൾ പൂർണ്ണമായി നശിപ്പിക്കപ്പെടുകയും എജുക്കേഷൻ സെൻ്ററിന് കാര്യമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. 

എനിക്കും എൻറെ കുടുംബത്തിനും വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടേണ്ടി വന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം പ്രാദേശിക വളണ്ടിയർമാരുടെ മുൻകയ്യിൽ ഒരു ടെന്റിൽ ഞാൻ പഠിപ്പിക്കുവാൻ തുടങ്ങി. ഒരു ഡെസ്ക് പോലും ഇല്ലായിരുന്ന ആ ടെൻ്റിൽ ആറു മുതൽ 12 വയസ്സുവരെ പ്രായമുള്ള  എൻറെ വിദ്യാർത്ഥികൾ തറയിലിരുന്നായിരുന്നു പഠിച്ചത്. അവിടെ അധ്യാപനം ബുദ്ധിമുട്ടായിരുന്നെങ്കിലും കുട്ടികളുടെ പഠനം തുടരുന്നതിനുവേണ്ടി അവരെ സഹായിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയായിരുന്നു. 2024 ഡിസംബർ അവസാനത്തോടുകൂടി പേനകൾ, പുസ്തകങ്ങൾ, നോട്ടുബുക്കുകൾ തുടങ്ങിയവ  കടകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമായി. ഇനി ലഭ്യമാണെങ്കിൽ തന്നെ വെറും ഒരു നോട്ടുബുക്കിന് മാത്രം 20 മുതൽ 30 വരെ ശക്ക്ൽ (ആറ് മുതൽ ഒൻപത് ഡോളർ) വിലയായി. അതാണെങ്കിൽ അധിക കുടുംബങ്ങൾക്കും ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു.

പേപ്പറുകളുടെയും പുസ്തകങ്ങളുടെയും പേനകളുടെയും ക്ഷാമം രൂക്ഷമായപ്പോൾ എൻ്റെ ചില കുട്ടികൾ എഴുതാൻ ഒന്നുമില്ലാതെ  ക്ലാസ്സിൽ വരാൻ തുടങ്ങി; മറ്റുചിലർ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നെടുത്ത തുണ്ടുകടലാസ് കൊണ്ട് ക്ലാസ്സിൽ വരാൻ തുടങ്ങി; മറ്റുള്ളവർ അവരുടെ കുടുംബത്തിൽ സൂക്ഷിച്ചുവച്ചിരുന്ന പഴയ കടലാസുകളിൽ എഴുത്ത് തുടർന്നു. അതുപോലെ പേനകൾ വളരെ കുറവായിരുന്നതിനാൽ നിരവധി കുട്ടികൾ പലപ്പോഴും  ഒരു പേന പങ്കിട്ട് ഉപയോഗിക്കുമായിരുന്നു. പഠനത്തിൻറെ ആധാരശിലയായ എഴുത്തും വായനയും ബുദ്ധിമുട്ടായതിനാൽ ഞങ്ങൾ അധ്യാപകർക്ക് പഠിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ കുട്ടികൾ ഒരുമിച്ചുള്ള കൂട്ടപാരായണം, കഥപറച്ചിൽ, പാട്ടുകൾ തുടങ്ങിയവ ക്ലാസുകളിൽ നടത്തി.

അവശ്യസാധനങ്ങളുടെ അഭാവമുണ്ടായിരുന്നിട്ടും കുട്ടികളുടെയുള്ളിൽ പഠനം തുടരാനുള്ള അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. പഴയ തുണ്ടുകടലാസ് ഉപയോഗിച്ച് അവർ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ എനിക്ക് വേദനയും ആദരവും  തോന്നി; എന്തു തന്നെ സംഭവിച്ചാലും പഠിക്കാനുള്ള അവരുടെ ത്വരയിൽ ഞാൻ അഭിമാനിക്കുകയും അവരുടെ സ്ഥിരോത്സാഹം എന്നെ പ്രചോദിപ്പിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുന്നേ എൻ്റെ  മുത്തശ്ശി എനിക്ക് സമ്മാനിച്ച ഒരു നോട്ടുബുക്ക്, ഞാൻ അത്  ഡയറിയായിട്ട് ഉപയോഗിക്കുമായിരുന്നു. അതിൽ  എന്റെ സ്വപ്നങ്ങളും രഹസ്യങ്ങളും ഞാൻ എഴുതിയിരുന്നു. യുദ്ധത്തിനുശേഷം ബോംബ് പൊട്ടിത്തെറികൾ, വീടില്ലാത്ത കുടുംബങ്ങളുടെ തെരുവിലെ ഉറക്കം, ഇതുവരെ ഞാൻ അനുഭവിക്കാത്ത വിശപ്പ്, അവശ്യസാധനങ്ങളുടെ പോലും ലഭ്യത ഇല്ലായ്മയിലുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഞാൻ അതിൽ എഴുതിയിരുന്നത്. 

ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം സ്കൂളിലെ അധികം കുട്ടികളും എഴുതാൻ ഒന്നുമില്ലാതെ വന്നപ്പോൾ എന്തുചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. എൻ്റെ ആ നോട്ട്ബുക്കിലെ പേജുകൾ ഓരോന്നായി കീറി ഞാൻ കുട്ടികൾക്ക് കൊടുത്തു. കുറേയധികം കുട്ടികളുണ്ടായിരുന്നതുകൊണ്ട് തന്നെ എൻറെ ബുക്കിലെ പേജുകൾ ഒരു ദിവസം കൊണ്ടുത്തന്നെ തീർന്നു. അങ്ങനെ എൻറെ കുട്ടികൾക്ക് എഴുത്തിനായി വീണ്ടും  പഴയ തുണ്ടുകടലാസുകളിലേക്കും കാർഡ്ബോർഡുകളിലേക്കും മടങ്ങേണ്ടിവന്നു.

വെടിനിർത്തൽ കരാർ ഒരുപക്ഷേ ബോംബുവർഷത്തിന് വിരാമം നൽകിയേക്കാം, പക്ഷേ എൻറെ വിദ്യാർത്ഥികൾക്ക് ഇപ്പോഴും പേനയും ബുക്കുകളുമില്ല. മാനുഷിക സഹായങ്ങൾ വീണ്ടും ഗസ്സയിലേക്ക് വരാൻ തുടങ്ങിയിരിക്കുന്നു. ഭക്ഷണം, മരുന്ന്, പാർപ്പിടാവശ്യമായ വസ്തുക്കൾ തുടങ്ങിയവ വരുന്നുണ്ട്; അവയെല്ലാം അത്യാവശ്യവുമാണ്. പക്ഷേ  പഠനോപകരണങ്ങളും 60,000 കുട്ടികളിളുടെ പഠനം തുടരുന്നതിന് ആവശ്യമായിട്ടുള്ള സഹായങ്ങളും ഞങ്ങൾക്ക് അടിയന്തരമായി ആവശ്യമാണ്.

പുസ്തകങ്ങൾ, പേനകൾ പേപ്പറുകൾ തുടങ്ങിയവ കേവലം പഠനോപകരണങ്ങൾ മാത്രമല്ല. മറിച്ച് യുദ്ധം, തകർച്ച, വൻ നാശനഷ്ടം തുടങ്ങിയവയിൽ നിന്ന് ഗസ്സയിലെ കുട്ടികൾക്ക് കരകയാറാനുള്ള കച്ചിത്തുരുമ്പുമാണ്. അവ ജീവിക്കാനും പഠിക്കാനും ശോഭനമായ ഭാവി മുന്നിൽ കാണുവാനുമുള്ള സ്ഥിരോത്സാഹവും ഇച്ഛാശക്തിയും നിലനിർത്തുന്ന പ്രധാനപെട്ട ഉപകരണങ്ങളുമാണ്. വിദ്യാഭ്യാസത്തിൻ്റെ സഹായത്തോടുകൂടി കുട്ടികൾക്ക് യുദ്ധത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമായി ഒരു സുരക്ഷിതത്വം വീണ്ടെടുക്കാൻ സാധിക്കും. സമൂഹത്തെ സുഖപ്പെടുത്തുന്നതിനും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും  ആവശ്യമായിട്ടുള്ള ഘടനയും ആത്മവിശ്വാസവും ശോഭനമായ ഭാവിയിലേക്കുള്ള പ്രതീക്ഷയും പഠനത്തിലൂടെ അവർക്ക് ലഭിക്കുന്നു. രണ്ടു വർഷക്കാലം വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്ക് വീണ്ടും എഴുതാനും വായിക്കാനും സ്വപ്നം കാണുവാനുമുള്ള അവസരം നമ്മൾ നൽകേണ്ടതുണ്ട്. 

വിവ: സൽമാൻ അൻസാരി

Summary: The article argues that restoring education in Gaza must be as urgent as providing food and shelter, because it offers traumatized children hope, structure and a path forward after two years of war. The author, a teacher from Gaza, describes how her school was destroyed, teaching shifted to a tent with students sitting on the floor, and children made do with scraps of paper and shared pens. She emphasizes that books, pens and paper are not just supplies—they are lifelines that help children reclaim their future and start to heal.

Related Articles