Columns

പരിസ്ഥിതി സൗഹൃദ ജീവിതം

പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം എന്ന ചർച്ച വീണ്ടും സജീവമാവുകയാണ്. ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളോട് പെരുമാറുന്നത്, അവരുടെ ജീവിത കാഴ്ചപ്പാട് അനുസരിച്ചാണ്. പരിസ്ഥിതിയുടെ ഭാഗമായിരിക്കെ തന്നെ ശരിയോ തെറ്റോ ആയ രീതിയിൽ പരിസ്ഥിതിയിൽ ഇടപെടാനുള്ള ശേഷിയാണ് മനുഷ്യന്റെ സവിശേഷത.

പരസ്പരബന്ധിതവും സന്തുലിതവും ആണ് പരിസ്ഥിതി. അതിനൊരു താളമുണ്ട്, കൃത്യമായ നിയമവ്യവസ്ഥയും ഉണ്ട്. അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.സൃഷ്ടിക്കുകയും, സംവിധാനിക്കുകയും വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത (രക്ഷിതാവിന്റെ) (അൽ അഅ് ല -1,2,3)

പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസവും സ്രഷ്ടാവിന്റെ നിയമവ്യവസ്ഥയനുസരിച്ചാണുള്ളത്. അതിനാൽ തന്നെ അവയൊന്നും കൂട്ടിമുട്ടി നശിക്കുന്നില്ല. ലഭിച്ച അധികാരത്തെയും സ്വാതന്ത്ര്യത്തെയും തന്നിഷ്ടമനുസരിച്ച് ദുരുപയോഗം ചെയ്യുമ്പോഴാണ് മനുഷ്യൻ നാശകാരിയാവുന്നത്. പ്രകൃതിവിഭവങ്ങളെ സന്തുലിതത്വം തകരാറാക്കുന്ന വിധത്തിൽ ഉപഭോഗിക്കുകയും തുടർന്ന് പ്രതികൂലമായി മാലിന്യം പുറത്തു വിടുകയും ചെയ്യുന്നത് മനുഷ്യൻ മാത്രമാണ്

“മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതിൽ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം. “ (അർറൂം 41)

പ്രകൃതി വിപത്തുകൾ കൊണ്ടു ഉപഭോഗം നിർത്തിവെക്കാൻ ആവില്ല. അതിന്റെ ആവശ്യവുമില്ല പുതിയ രീതികളെയും സമ്പ്രദായങ്ങളെയും ഉൾക്കൊള്ളാനും വികസിപ്പിക്കാനും പരിസ്ഥിതിക്ക് പ്രാപ്തിയുണ്ട്. എന്നാൽ മനുഷ്യന്റെ ആർത്തിയും ദുരയും അതിനുമപ്പുറമാണ്, എന്നതാണ് പ്രശ്നം.

Also read: ജോര്‍ജ് ഫ്‌ളോയിഡും ഇയാദ് അല്‍ ഹാലഖും ലോകത്തോട് പറയുന്നത്

എല്ലാ ഫസാദുകളിൽ (കുഴപ്പം) നിന്നും രക്ഷ നേടാൻ ഒന്നാമതായി വേണ്ടത് വിജ്ഞാനമാണ്. പരിസ്ഥിതി വിജ്ഞാനം എന്നത് ഇന്ന് വികസിച്ചുവരുന്ന വിജ്ഞാനശാഖയാണ്. നാഥന്റെ നാമത്തിൽ പരിസ്ഥിതിയെ വായിക്കണം.

“അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌.” (ത്വാഹ 50)

ഈ വായനയുടെ അഭാവത്തിൽ, മനുഷ്യൻ പരിസ്ഥിതിയോട് ഇടപഴകുന്നതിൽ തെറ്റായ പല വഴികളും സ്വീകരിച്ചിട്ടുണ്ട്. ചിലർ പ്രകൃതി വിപത്തുകളെ ഭയന്ന് അവയെത്തന്നെ ആരാധിച്ചു. വേറെ ചിലർ എല്ലാം സ്വന്തമാക്കാനും കീഴ്പ്പെടുത്താനും ശ്രമിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്തു. ഭൗതിക ലാഭമുണ്ടാക്കാൻ ഉപകരിക്കുന്ന എല്ലാം അനുവദനീയവും പ്രത്യക്ഷത്തിൽ നഷ്ടമുണ്ടാക്കുന്ന എല്ലാം നിഷിദ്ധവും എന്നതായിരുന്നു അവരുടെ മതം. പരിസ്ഥിതി മൗലിക വാദം ആണ്, വേറൊരു കൂട്ടർ എത്തിപ്പെട്ട വഴി. പരിസ്ഥിതിയിൽ നിന്ന് ഒന്നും എടുക്കാതെ വിട്ടുനിൽക്കാൻ അവർ ഉൽബോധിപ്പിച്ചു. തികച്ചും അപ്രായോഗികമായിരുന്നു ഈ വാദം.

ഭയവും ആരാധനയും കീഴ്പ്പെടുത്തലും തകർക്കലും വിട്ടുനിൽക്കലും അല്ല, സൗഹൃദമാണ് പരിസ്ഥിതി തേടുന്നത്. അത് സഹജീവിയോടുള്ള സ്നേഹപൂർവമായ പെരുമാറ്റമാണ്.

“ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവൻ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.” (അൽ ഇസ്റാഅ് 44)

“ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.”(അൽ അൻആം 38)

പരിസ്ഥിതിയെ കേവല ഭൗതികമായി കാണുന്നവർക്ക് ഉപഭോഗസംസ്കാരമാണ് ഉണ്ടാവുക. അന്ത്യദിനമാസന്നമായ നേരത്തും ചെടി നടാൻ പ്രേരിപ്പിക്കുന്നത് പരിസ്ഥിതിയോടുള്ള ആത്മീയ ബന്ധമാണ്.

ഉഹ്ദിനെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ റസൂൽ, വിശ്വാസി ഈത്തപ്പഴം പോലെയാണ് എന്ന് ഉപമിച്ചു. പരിശുദ്ധ ഖുർആൻ പരിശുദ്ധ വാക്യത്തെ ഉദാഹരിച്ചത് നല്ലൊരു വൃക്ഷത്തോടാണ് (ഇബ്റാഹീം 24,25) പരിസ്ഥിതിയെ ഭൗതികമായി മാത്രമല്ല, ആത്മീയമായും പ്രയോജനപ്പെടുത്തണം

“അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകൾ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങൾ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.”(അൽ ജാസിയ 12)

പ്രകൃതി, തുറന്നുവെച്ച പുസ്തകമാണ് അതിലെ ഓരോ പ്രതിഭാസവും ആയത്തുകളും. പ്രകൃതിപ്രതിഭാസങ്ങളെ നോക്കി ലോകത്തെ പഠിക്കാൻ ഖുർആൻ പ്രേരണ നൽകുന്നുണ്ട്. (ഫുസ്സിലത്ത് 39, അൽ മുഅ്മിനൂൻ 80 ). സന്തുലിതമാണ് എന്നതിനു പുറമേ പരിസ്ഥിതി സുന്ദരവുമാണ് നിറങ്ങളാലും വൈവിധ്യങ്ങളാലും അത് കൗതുകമുണർത്തുന്നു. (അന്നഹ്ൽ 6-8, അൽ ഹിജ്ർ 16 ) സൗന്ദര്യ ആസ്വാദനം ആത്മീയമാണ്. ഭൗതികമായി നോക്കുമ്പോൾ ഏതാനും നിറങ്ങൾ മാത്രം കാണുന്നത്, ആത്മീയമായ നോട്ടത്തിലൂടെ ആണ് ചിത്രമായി ആസ്വദിക്കുന്നത്.

പരിസ്ഥിതിയോട് ചെയ്യുന്ന ഏറ്റവും വലിയ ഫസാദാണ് (കുഴപ്പം) ഇസ്റാഫ്(ധൂർത്ത്). വാങ്ങാൻ കാശുണ്ട് എന്നതുകൊണ്ടുമാത്രം വാങ്ങരുത്. കാശുകൊടുത്തു വാങ്ങിയവയിൽ തനിക്കുള്ള അധികാരം പൂർണ്ണമല്ല. അതിനാൽ തന്നെ ഒന്നും പാഴാക്കരുത്. ആവർത്തിച്ചുപയോഗിക്കാവുന്നവ അങ്ങനെ തന്നെ ചെയ്യണം.

Also read: ശ്വാസം മുട്ടുന്ന അമേരിക്ക

കൂടുതൽ ഉണ്ട് എന്നത്, കൂടുതൽ ഉപയോഗിക്കാനുള്ള ന്യായമല്ല എന്ന പാഠമാണ് വുദുവിലും ഇസ്റാഫ് കാണിക്കരുതെന്ന് പഠിപ്പിക്കുന്നതിലൂടെ നൽകുന്നത്. അല്ലാഹു തന്നതിൽ നിന്ന് ചെലവഴിക്കുക എന്നതാവണം ഉപഭോഗത്തിന്റെ സ്വഭാവം. (അൽ ഹദീദ് 7)

എന്നോ വരുന്ന അതിഥിയെ പ്രതീക്ഷിച്ച് എന്നും ഭക്ഷണമുണ്ടാക്കി വലിച്ചെറിയരുത്. മുറിയുണ്ടാക്കി കാത്തിരിക്കരുത്. മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി എന്ന ന്യായത്തിൽ വലിയ കുളിമുറി ഉണ്ടാക്കേണ്ടതില്ല. അതിഥി വരുമ്പോൾ സ്വന്തം ഭക്ഷണത്തിൽ പങ്കെടുപ്പിക്കാനും വീട്ടിലെ ഉള്ള സൗകര്യത്തിൽ അതിഥിയെ സ്വീകരിക്കാനും സാധിക്കണം. അനാവശ്യമായ വെളിച്ചം, ശബ്ദം എന്നിവ പോലും ഒഴിവാക്കണം. രാത്രികാലങ്ങളിൽ പുലരുവോളം വൈദ്യുതവിളക്കുകൾ പ്രകാശിപ്പിക്കുന്ന ഭാഗത്തെ മരങ്ങളെയും ചെടികളെയും ശ്രദ്ധിച്ചുനോക്കൂ. ആപേക്ഷികമായി അവയുടെ വളർച്ച മുരടിച്ചതായി കാണാം. കൃത്രിമമായ ശബ്ദം, വാഹനങ്ങളുടെ ഹോൺ, ഉച്ചഭാഷിണി തുടങ്ങിയവ ജന്തുക്കളെയും സസ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

ദൈവിക വ്യവസ്ഥ പാലിച്ചാൽ ഇരുലോകത്തും ഗുണകരമാണ് എന്ന പ്രസ്താവന, പരിസ്ഥിതി സന്തുലിതത്വവുമായി ബന്ധപ്പെടുത്തി വിലയിരുത്തിയാൽ വിശാലമായ അർത്ഥതലങ്ങൾ കാണാം.

പരിസ്ഥിതിയിൽ ഇടപെടലുകൾ നടത്താൻ ശേഷിയുള്ള ഏക ജീവിയായ മനുഷ്യന്റെ ജീവിത കാഴ്ചപ്പാടുകളും സ്വഭാവവും പരിസ്ഥിതിയുടെ നിലനിൽപ്പിൽ വളരെ പ്രധാനമാണ്. സ്വഭാവവും പെരുമാറ്റവും ദുഷിച്ചാൽ പരലോകത്ത് മാത്രമല്ല ഇഹലോകത്തും ദുരിതങ്ങളും വലിയ ദുരന്തങ്ങളും മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട്.

“ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.” (അസ്സജദ 21)

വിശ്വസിച്ചേൽപ്പിക്കപ്പെട്ട പരിസ്ഥിതിയെ അറിഞ്ഞ്, അതിന്റെ ശുദ്ധപ്രകൃതിയിലേക്ക് മടങ്ങാനുള്ള പ്രചോദനമാവട്ടെ പുതിയകാലത്തെ ചർച്ചകൾ.

Facebook Comments
Related Articles

Check Also

Close
Close
Close