Current Date

Search
Close this search box.
Search
Close this search box.

ഇബ്രാഹിം റയീസി പുതിയ ഇറാന്‍ പ്രസിഡന്റ്

മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ 62 ശതമാനം നേടിയാണ് ഇബ്രാഹിം റയീസി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അമ്പത് ശതമാനം വോട്ടുകള്‍ ഒരു സ്ഥാനാര്‍ഥി നേടിയിട്ടില്ലെങ്കില്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടത്തേണ്ടി വരും. അതുണ്ടായില്ല.

എന്നാല്‍, വിപ്ലവാനന്തര ഇറാനിലെ 42 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട തെരഞ്ഞെടുപ്പാണിത്. 48.8 ശതമാനം വോട്ടുകള്‍ മാത്രമാണ് രേഖപ്പെടുത്തപ്പെട്ടത്. എന്നുവെച്ചാല്‍, രാജ്യത്തെ വോട്ടര്‍മാരില്‍ പകുതി പേരുടെ പോലും പ്രാതിനിധ്യമുണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യം പൂര്‍ണാര്‍ഥത്തില്‍ പ്രതിഫലിക്കുന്നുവെന്നൊക്കെ പറയുന്നതില്‍ വലിയ കാര്യമില്ല.

മുന്‍ പ്രസിഡണ്ട് അഹ്മദീനെജാദ് ഉള്‍പ്പെടെയുള്ളവര്‍ വോട്ടു ചെയ്തില്ല. എന്നാല്‍ നെജാദിന്റെ കെറുവിനു പിന്നില്‍ വേറെ താല്‍പര്യങ്ങളാണ്. രണ്ടു തവണ തുടര്‍ച്ചയായി പ്രസിഡന്റായിരുന്ന അദ്ദേഹം എട്ടു വര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും മല്‍സരിക്കാന്‍ ഇറങ്ങിയെങ്കിലും അനുമതി കിട്ടിയില്ല. പുരോഹിത വിഭാഗത്തില്‍നിന്നല്ലാതെ പ്രസിഡന്റായ ആദ്യത്തെയാളായിരുന്നു അഹ്മദീനെജാദ്. തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡന്റായതിനാലാണ് ഹസ്സന്‍ റൂഹാനിക്ക് മല്‍സരിക്കാന്‍ കഴിയാതിരുന്നത്.

അല്ലെങ്കിലും ഇറാനിലെ ജനാധിപത്യത്തിന് വലിയ കുഴപ്പങ്ങളുണ്ടല്ലോ. ഗാര്‍ഡിയന്‍ കൗണ്‍സില്‍ എന്ന വെറ്റിംഗ് ബോഡിയുടെ വെട്ടലില്‍നിന്ന് രക്ഷപ്പെട്ട അതീവ ഭാഗ്യവാന്മാര്‍ക്ക് മാത്രമേ അവിടെ സ്ഥാനാര്‍ഥിയാവാന്‍ കഴിയൂ. ഇത്തവണയും പതിവ് തെറ്റിയില്ല. 592 പേരാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അപേക്ഷിച്ചത്. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അനുമതി നല്‍കിയത് ഏഴു പേര്‍ക്ക്. അവരില്‍നിന്ന് മൂന്നുപേര്‍ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് പിന്മാറുകയും ചെയ്തു. അപേക്ഷിച്ചവരില്‍ 40 വനിതകളുണ്ടായിരുന്നു. ഒരാളെ പോലും പരിഗണിച്ചില്ല.
എന്നുവെച്ച് സ്ത്രീ വിരുദ്ധരാണ് ഇറാനിലെ ശിഈ മതനേതൃത്വം എന്ന അഭിപ്പ്രായം എനിക്കില്ല. അമേരിക്കയില്‍ എപ്പോഴെങ്കിലും ഒരു വനിതാ പ്രസിഡന്റ് ഉണ്ടായിട്ടുണ്ടോ? പോകട്ടെ, ഇപ്പോള്‍ മാത്രമല്ലേ ഒരു വനിതാ വൈസ് പ്രസിഡണ്ടെങ്കിലും അവിടെയുണ്ടായത്. എന്നാല്‍ കമലാ ഹാരിസൊക്കെ വരുന്നതിനു മുമ്പ് മഅ്‌സൂമ ഇബ്തികാറും ശാഹിന്തോക്ത് മൊലാവര്‍ദിയും ഇറാനില്‍ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. (ഇരുവരും ഇപ്പോഴത്തെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ കീഴിലാണ് പ്രസ്തുത പദവി വഹിച്ചുപോരുന്നത്)

പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് പുതിയ പ്രസിഡന്റ് ഇബ്രാഹിം റയീസി അള്‍ട്രാ കണ്‍സര്‍വേറ്റീവും ഹാര്‍ഡ്‌ലൈനറുമാണ്. രണ്ടു കാരണങ്ങളാലാണ് മാധ്യമങ്ങള്‍ക്ക് അദ്ദേഹം അള്‍ട്രാ കണ്‍സര്‍വേറ്റീവ് ആകുന്നത് – പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ അടുത്തയാളാണ് റയീസി. പോരാത്തതിന് ശിഈ സെമിനാരിയില്‍നിന്ന് പഠനം നടത്തിയ, മേലങ്കിയും തലപ്പാവും ധരിച്ചയാള്‍.

ഹാര്‍ഡ്‌ലൈനര്‍ ആകാനുള്ള കാരണം ഇതാണ്- ഇദ്ദേഹം ജഡ്ജിയായപ്പോള്‍ നിരവധി രാഷ് ട്രീയ എതിരാളികളെ തൂക്കുമരത്തിലേക്ക് നയിച്ചിട്ടുണ്ട്. 2009ലെ ഗ്രീന്‍ മൂവ് മെന്റ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിലും ഖാംനഇയുടെ അടുത്തയാളായ റയീസിക്ക് പങ്കുണ്ടായിരുന്നത്രെ.

ഒരു വിധമുള്ള എല്ലാ ആഗോള വാര്‍ത്താ ഏജന്‍സികളും പരതിനോക്കിയിട്ടും റയീസിയെക്കുറിച്ച് നല്ല രണ്ടു വാക്ക് പറയുന്നത് വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതെന്തൊരു കഷ്ടം. ഇവരെങ്ങനെ മുന്‍കൂട്ടി ഇദ്ദേഹത്തെ വിലയിരുത്തുന്നു. അമേരിക്ക പറയുന്നത് കേട്ടിട്ടാണോ ഇവരൊക്കെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്?

2019 മുതല്‍ അമേരിക്കയുടെ ഉപരോധം നേരിടുന്നയാളാണ് പുതിയ പ്രസിഡന്റ്. അതിനാല്‍ തലക്കെട്ടുകളില്‍ പോലും അത് സൂചിപ്പിക്കാന്‍ മല്‍സരിക്കുകയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍!

പാശ്ചാത്യന്‍ രാജ്യങ്ങളെ വിമര്‍ശിക്കുന്നവരൊക്കെ ഇത്തരം മാധ്യമങ്ങള്‍ക്ക് തീവ്രവാദികളും ഹാര്‍ഡ്‌ലൈനര്‍മാരുമാണ്. റൂഹാനി അത്തരം ‘വഴിവിട്ട കളികള്‍ക്ക്’ പോകാത്തതിനാല്‍ അദ്ദേഹത്തെ അങ്ങനെ വേട്ടയാടാറില്ല. മുഹമ്മദ് ഖാതമിയോടും അവര്‍ സോഫ്റ്റ് കോര്‍ണര്‍ നയം സ്വീകരിച്ചിട്ടുണ്ട്. സയണിസ്റ്റ് ഭീകരതെയ തോണ്ടുന്നതിനാല്‍ അഹ് മദീനെജാദിനോളം വേട്ടയാടപ്പെട്ട ഒരു പ്രസിഡണ്ട് ഉണ്ടായിട്ടില്ല.

Related Articles