Current Date

Search
Close this search box.
Search
Close this search box.

ഭീതി വിതക്കുന്ന മദ്യവും ലഹരിയും

drug-adic.jpg

ജീവിതത്തിന്റെ മുഴു മേഖലകളെയും മദ്യവും മയക്കുമരുന്നുകളും ഗ്രസിച്ചു കൊണ്ടിരിക്കുന്നു.എല്ലാ പ്രായക്കാരെയും, വിശിഷ്യ വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ വരെ ലഹരി ഉപയോഗിക്കുന്നതായ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. മദ്യ ഉപഭോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തത്രെ കേരളം. ഏതാനും വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കണക്കു പ്രകാരം നാട്ടിലെ 49 ലക്ഷം വരുന്ന സ്ഥിരം കുടിയന്മാര്‍ ഒരു വര്‍ഷം മദ്യത്തിനു വേണ്ടി ചെലവഴിക്കുന്നത് 20000 കോടി രൂപയാണ്. അതേയവസരം മൊത്തം കേരളീയര്‍ അരി വാങ്ങാന്‍ ചെലവിടുന്നത് 2800 കോടി രൂപ മാത്രവും! ഈ കണക്ക് ഇപ്പോള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കാം. മദ്യം ഇനിയും സാര്‍വ്വത്രികമാക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണല്ലോ പിണറായി സര്‍ക്കാര്‍ (വലതും ഇടതും ഭരിച്ചാലും സ്ഥിതി മറിച്ചല്ല! മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ തീറ്റിപ്പോറ്റുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് മദ്യലോബിയത്രെ!)

കുടുംബ കലഹങ്ങള്‍,മാരകരോഗങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, റോഡപകടങ്ങള്‍… ഇങ്ങനെ ഏത് തിന്മകളും ദുരന്തങ്ങളും പരിശോധിച്ചാലും മിക്കവാറും അവയുടെ ഉറവിടം മദ്യം ആണെന്നു കാണാം. മദ്യത്തെക്കാള്‍ മാരകമാണ് മയക്കുമരുന്നുകള്‍. കേരളത്തിന്റെ പല ഭാഗങ്ങളിലും വിവിധ പേരുകളിലുള്ള കോടികളുടെ മയക്കുമരുന്നുകളാണ് വിപണനം ചെയ്യപ്പെടുന്നത്. വല്ലപ്പോഴും അവ പിടികൂടപ്പെടുമ്പോള്‍ മാത്രമാണ് പുറം ലോകം അറിയുന്നത്. തിന്നാന്‍ പാകത്തില്‍, കുടിക്കുന്ന രീതിയില്‍, ശ്വസിക്കാന്‍ വേണ്ടി… ഗുളികകളായി, മിഠായികളായി, നാവിലൊട്ടിക്കുന്ന സ്റ്റാമ്പുകളായി….. മിക്കവാറും അവയുടെ വില്‍പന കലാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്. അതിനര്‍ത്ഥം നമ്മുടെ മക്കളെ കശ്മലന്മാര്‍ പിടികൂടിക്കഴിഞ്ഞുവെന്നാണ് (പുതിയ തലമുറയുടെ ഓരോ ഭാവമാറ്റങ്ങളും ഏറെ ശ്രദ്ധിക്കണമെന്നാണ് മന:ശാസ്ത്ര വിദഗ്ദരും സാമൂഹിക ശാസ്ത്രകാരന്മാരും പറയുന്നത് )

മനുഷ്യന്റെ ആത്മീയവും ഭൗതികവുമായ, ഐഹികവും പാരത്രികവുമായ മുഴുവന്‍ നന്മകളുടെയും വേരറുത്തുകളയുന്ന ലഹരി ഉപയോഗത്തിനെതിരെ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് നാം ഐക്യപ്പെടേണ്ടിയിരിക്കുന്നു. ഇസ്‌ലാമിന് ഇക്കാര്യത്തില്‍ കൃത്യമായ കാഴ്ചപ്പാടുണ്ട്. അല്ലാഹു പറയുന്നു: ‘മദ്യത്തെയും ചൂതാട്ടത്തെയും പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു: പറയുക: അവ രണ്ടിലും ഗുരുതരമായ തിന്മകളാണുളളത്. ജനങ്ങള്‍ക്ക് അല്‍പം പ്രയോജനമുണ്ടെങ്കിലും. എന്നാല്‍ അവയുടെ പ്രയോജനത്തേക്കാളും വലുതാകുന്നു അവയുടെ തിന്മ'(ഖുര്‍ആന്‍: 2:219)

ലഹരിയുടെ എല്ലാ അംശങ്ങളെയും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. നബി(സ) അരുള്‍ ചെയ്യുന്നു: ‘അധികമായാല്‍ ലഹരി ബാധിക്കുന്നതിന്റെ അല്‍പം പോലും നിഷിദ്ധമത്രെ’ (അബൂദാവൂദ്). ഇസ്‌ലാം ലോകത്ത് മഹത്തായ സാംസ്‌കാരിക വിപ്ലവം നടത്തിയ മതമാണ്. സദാ മദ്യപിക്കുക മാത്രമല്ല,കലയിലും സാഹിത്യങ്ങളിലുമെല്ലാം മദ്യത്തെ പാടിപ്പുകഴ്ത്തിയ അറേബ്യ ഉള്‍പ്പെടെ ലോകത്തിന്റെ തന്നെ ഒരു തലമുറയെ ഇസ്‌ലാം മാറ്റിപ്പണിതു. ‘നിങ്ങള്‍ പിന്മാറുന്നില്ലേ?’ എന്ന ഖുര്‍ആന്റെ ചോദ്യത്തിന് ഉത്തരം നല്‍കിക്കൊണ്ട് മദീനയുടെ തെരുവീഥികളില്‍ മദ്യവീപ്പകള്‍ തച്ചുടച്ച് മദ്യപ്പുഴ തീര്‍ത്ത അറബികളുടെ ധീരോദാത്ത ചരിത്ര ഗ്രന്ഥങ്ങളില്‍ നാം വായിക്കുന്നുണ്ട്! എന്നാല്‍ ഖേദകരമെന്നു പറയട്ടെ, നമ്മുടെ പുതിയ തലമുറ അസാധാരണമാം വിധം ലഹരിക്കടിമപ്പെട്ടിരിക്കുന്നു. കൗമാരക്കാരുടെ കണ്ണുകളില്‍ പോലും ലഹരിയുടെ വിഷസര്‍പ്പങ്ങള്‍ മയങ്ങുന്നു..! ഊര്‍ജസ്വലതയും ഉന്മേഷവും പ്രകടിപ്പിക്കേണ്ട പ്രായത്തില്‍ ഒരു വലിയ വിഭാഗം യുവാക്കള്‍ അലസതയിലും ആലസ്യത്തിലുമാണ്!

തീര്‍ച്ചയായും ഈ ദുരവസ്ഥ മാറേണ്ടതുണ്ട്. ലോകത്തെ നന്മയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കടപ്പെട്ട ‘ഹൈറു ഉമ്മത്ത്’ തന്നെ തിന്മയുടെ അടിമകളാവുന്ന ഈ കൊടുംഭീകരതയില്‍ നിന്ന് എത്രയും വേഗം നമ്മുടെ യുവത്വം പൂര്‍ണ മോചനം നേടിയേ പറ്റൂ. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ഒരു സമൂഹം ഒരിക്കലും നന്നാവുകയില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢിത്തമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

അല്ലാഹു നിഷിദ്ധമാക്കിയ ഒരു പാപം നിരന്തരം വര്‍ത്തിക്കുകയെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം – മആദല്ലാഹ്- അല്ലാഹുവിന്റെ കോപത്തിന്റെ വാതിലില്‍ മുട്ടുക എന്നതത്രെ! അതിനാല്‍ മദ്യ-മയക്കുമരുന്ന് മായാവലയത്തില്‍ പെട്ടവരേ വിരമിക്കൂ. സമയം ആര്‍ക്കുവേണ്ടിയും കാത്തിരിക്കില്ല. മരണവും പരലോകവുമൊന്നും വിദൂരത്തല്ല!

Related Articles