Current Date

Search
Close this search box.
Search
Close this search box.

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ‘പ്രഥമ വനിത’ ഇനി റെയ്‌സിന ഹില്‍സില്‍

സാന്താൾ വിഭാഗക്കാർ ഇന്ത്യാ ചരിത്രത്തിൽ ആദ്യമായി ഇടം നേടിയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടീഷ് സർക്കാർ ഉണ്ടാക്കിയ ജന്മിത്വാനുകൂല ഭൂനികുതിക്കെതിരെ പോരാടി വിജയിച്ചുകൊണ്ടാണത്. ഇന്ന്, ഒരിക്കൽ കൂടി ഗോത്രവിഭാഗമായ ഈ ജനത ഇന്ത്യാ ചരിത്രത്തിന്റെ ഏടുകളിൽ തിളക്കമാർന്ന ചരിത്രം രേഖപ്പെടുത്തിയിരിക്കുകയാണ്.

ദ്രൗപതി മുർമുവെന്ന വനിതയിലൂടെയാണാ ചരിത്രം പൂർത്തീകരിക്കപ്പെട്ടത്. ഇന്ത്യയുടെ രാഷ്ട്രപതിയായി അധികാരം കയ്യാളാൻ പോകുന്ന ആദ്യ ഗോത്ര വിഭാഗക്കാരി, രണ്ടാമത്തെ വനിതാ രാഷ്ട്രപതി എന്നീ സ്ഥാനത്തോടെ ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തി 2824 വോട്ടിന്റെ ഭൂരിപക്ഷത്തിന്നാണ് ഭരണകക്ഷി സ്ഥാനാർഥിയായ മുർമു വിജയിച്ചത്. എക്കാലവും അധികാരത്തിനു പറുത്തായിപ്പോയ ഗോത്രവർഗത്തിലെ അംഗം, അധികാര രാഷ്ട്രീയത്തിനു പുറത്തായിപ്പോകുന്ന സ്ത്രീവിഭാഗത്തിലുള്ളവർ എന്നീ നിലക്ക് ഈ വിജയം ചരിത്രപരമാണ്. ഇന്ത്യൻ റിപ്പബ്‌ളിക്കിന്റെ വിജയം കൂടിയാണിത്. ഇന്ത്യൻ ഭരണഘടന ഉദ്‌ഘോഷിക്കുന്ന ജനാധിപത്യമൂല്യങ്ങളെയും മതേതര കാഴ്ചപ്പാടിനെയും ഉയർത്തിപ്പിടിച്ച് ഫെഡറൽ സംവിധാനത്തെ ശകതിപ്പെടുത്തി ഇന്ത്യൻ ജനതയുടെ പ്രതീക്ഷയായി പ്രവർത്തിക്കാൻ അവർക്കാകട്ടെ.

ഗവർണർ, രാഷ്ട്രപതി പദവിയും രാജ്ഭവൻ, രാഷ്രപതി ഭവനുകളുമെല്ലാം രാഷ്ട്രീയനിലപാടുകൾ പ്രതിഫലിക്കുന്നവയായി മാറിക്കൊണ്ടിരിക്കെതന്നെ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും സ്ഥാനാർഥികൾ ആശയപരമായി വലിയ പൊരുത്തക്കേടുള്ളവരായിരുന്നില്ല എന്ന പ്രത്യേകത ഇപ്രാവശ്യത്തെ രാഷ്ടപതി തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. പൊതുസാമൂഹിക സമ്പ്രദായ രീതിയുടെ മുൻവിധികളെ മറികടന്നുകൊണ്ടു സാമൂഹിക പ്രവർത്തകയും അധ്യാപികയുമായി പ്രവർത്തിച്ച മുർമു, ബി.ജെപി നഗരസഭാ കൗൺസിലറായാണ് രാഷ്ട്രീയപ്രവർത്തനം തുടങ്ങിയത്. യശ്വന്ത് സിൻഹയുക്കും അത്തരമൊരു രാഷ്ട്രീയ പരിസരം ഉണ്ട്.

ബി.ജെപി ദേശീയ വാക്താവ്, വൈസ്പ്രസിഡന്റ് സ്ഥാനമടക്കം ബിജെപി ഗവൺമെന്റിൽ മന്ത്രിസ്ഥാനം വഹിച്ച ശേഷമാണ് ജനാധിപത്യം അപകടത്തിലാണെന്നു പറഞ്ഞ് അദ്ദേഹം പാർട്ടി വിട്ടത്. ശക്തമായ നയനിലപാടുകളുള്ള പ്രതിപക്ഷത്തിന്റെ അഭാവം തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർഥി നിർണയം. 2024- ൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള കരുനീക്കം ബിജെ.പി നടത്തുകയും അതിലവർ വിജയിക്കുകയുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലൂുടെ സാധ്യമായത്.

ഇന്ത്യയിന്ന് എത്തിപ്പെട്ട ഫാസിസപ്രത്യയശാസ്ത്രത്തിനു പകരംവെക്കാൻ ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്റെയും കാമ്പും കാതലുമുള്ളരാളെ ആ സ്ഥാനത്തേക്കുയർത്തിക്കാട്ടാൻ ഏറ്റവും വലിയ മതേതരപാർട്ടിയെന്നു പറയുന്ന കോൺഗ്രസിനോ ഇടതുപക്ഷത്തിനോ ആയില്ല. ഇവിടെയാണ്, അടിസ്ഥാനവർഗത്തിന്റെ പ്രതിനിധി എന്ന നിലക്ക് രാംനാഥ് കോവിന്ദിനെ പ്രസിഡന്റാക്കി ദലിദ് പിന്നോക്കക്കാരുടെ സംരക്ഷണ ഭാരം തങ്ങളാണ് ചുമലിലേറ്റുന്നതെന്നു ബോധ്യപ്പെടുത്താൻ ശ്രമിച്ച പോലെ ഗോത്രവിഭാഗത്തിൽ നിന്നും താഴെതട്ടിലുള്ള ഒരാളെ പ്രസിഡന്റാക്കുക വഴി അവരുടെ സംരക്ഷകരും തങ്ങളാളെന്നു തെളിയിക്കാൻ ബി.ജെ പി ശ്രമിക്കുന്നത്.

കോർപ്പറേറ്റു താൽപര്യങ്ങളെ സംരക്ഷിക്കുന്ന, ഭരിക്കുന്ന പാർട്ടിയാൽ ഏറ്റവും കൂടുതൽ യാതന അനുഭവിക്കേണ്ടി വരുന്ന വിഭാഗമാണ് ദലിത്, ഗോത്രവിഭാഗങ്ങൾ. അവരുടെ മണ്ണും വെള്ളവും തീറെഴുതിക്കൊടുക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവരോടും അവർക്കൊപ്പം ചേരുന്നവരോടും എങ്ങനെയാണ് ഭരണകൂടം പെരുമാറുന്നത് എന്ന് ബോധ്യപ്പെടണമെങ്കിൽ ജാമ്യം കിട്ടാതെ ജയിലിലുള്ള വരുടെ ലിസ്റ്റ് നോക്കിയാൽ മതി.

മാവോവാദി ആരോപണമുന്നയിച്ചും ദേശദ്രേഹികളായി മുദ്രകുത്തിയും ആദിവാസി ദലിദ് ഗോത്രവർഗക്കാർക്കുവേണ്ടി പൊരുതുന്ന മനുഷ്യാവകാശ പ്രവർത്തകരെ കൊണ്ട് ഭരണകൂടം ജയിലുകൾ നിറക്കുകയാണ്. ചത്തീസ്ഘടിലെ സോണി സോറിയെന്ന മനുഷ്യാവകാശ പ്രവർത്തകയോട് എപ്രകാരമാണ് ഭരണകൂടം പെരുമാറുന്നതെന്ന് നമുക്കറിയാം. ബലാൽസംഘമെന്ന ഭീഷണിയാണ് അവർക്കുനേരെ ഭരണകൂടവും അവരുടെ സേനകളും പ്രയോഗിക്കുന്നത്. ഈയവസരത്തിലാണ് ദ്രൗപതി മുർമുവിന്റെ പ്രഥമ പൗര എന്ന സ്ഥാനം എങ്ങനെയായിരിക്കുമെന്ന ചിന്ത പ്രസക്തമാകുന്നത്.

താൻ ജനിച്ചുവളർന്ന, പ്രവർത്തിച്ചു പരിചയിച്ച അടിസ്ഥാനവർഗത്തിന്റെ ആവലാതികൾ കേൾക്കാനോ, ബഹുസ്വരതയുടെ മഴവിൽവർണങ്ങൾ ലോകത്തിനു കാണിച്ച ഇന്ത്യ, ഏകശിലാത്മക വൈകാരികത ഉന്മാദ ദേശീയതയിലേക്കു കൂപ്പുകുത്തുമ്പോൾ പ്രതികരിക്കാനോ കഴിയാതെ റിപ്പബ്ലിക്കിന്റെ മഹോന്നത പദവിയെ നിസ്സംഗമായി നോക്കിനിൽക്കുകയായിരുന്നു രാം നാഥ് കോവിന്ദ്.

തന്നെ ഇവിടം വരെ എത്തിച്ച പ്രത്യയശാസ്ത്രത്തിനോടുള്ള കൂറ് ബാധ്യതയാകാതെ ഇന്ത്യൻ ജനാധിപത്യ മതേതരത്വ റിപ്പബ്ലിക്കിനോട് കൂറു പുലർത്തി പദവിയോടുള്ള ബാധ്യത തെളിയിക്കാൻ ഗോത്രവർ​ഗത്തിൽ നിന്നും വന്ന സ്ത്രീയായ ദൗപതി മുർമുവിനാവുമേ? അത് തെളിയിക്കാൻ അവർക്കു മുമ്പിൽ വിലപ്പെട്ട അഞ്ചുവർഷവും അവരെപ്പോലെ തന്നെ താഴെത്തട്ടിൽ നിന്നും ഉയർന്നു വന്ന അംബേദ്കർ എഴുതിയുണ്ടാക്കിയ ഏറ്റം മഹത്തായ ഭരണഘടനയും അവർക്കു മുന്നിലുണ്ട്. രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെക്കാൾ, ഭരണഘടനാ മൂല്യങ്ങൾ അവരെ നയിക്കുമെന്ന് പ്രത്യാശിക്കാം.

Related Articles