Current Date

Search
Close this search box.
Search
Close this search box.

ഡോ.ഗീവർഗീസ് മാർ കൂറിലോസ്

ജിഹാദ് പോലുള്ള ഒരു നല്ല പദത്തെ ലഹരിയും പ്രണയവുമായി ബന്ധപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിക്കുന്നു. ജിഹാദ് എന്ന അറബി വാക്ക് ഇസ്ലാം മതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും തിന്മക്കെതിരെയുള്ള പോരാട്ടം ,ശുദ്ധീകരണം എന്നൊക്കെ നല്ല വിവക്ഷകളുള്ള ഒരു വാക്കിനെ ലഹരി പോലെ ഒരു തിന്മയുമായി ചേർത്തുപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നും യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് അസന്നിഗ്ധമായി വ്യക്തമാക്കുന്നു.

സി.പി എം ഇടത് സഹയാത്രികനയി അറിയപ്പെടുന്ന സഭാമേലധ്യക്ഷനാണ് ഗീവർഗീസ് മാർ കൂറിലോസ്. രാഷ്ട്രീയ ആനുകാലിക പ്രസിദ്ധീകരണമായ കേരള ശബ്ദത്തിൻറെ പുതിയ ലക്കത്തിൽ ചെറുകര സണ്ണി ലൂക്കോസിന് അനുവദിച്ച അഭിമുഖത്തിൽ പാലാ ബിഷപ്പിന്റെ വിവാദ പരാമർശനത്തിനെയും സി.പി.എം. സമീപനത്തെയും ഗീവർഗീസ് മാർ കൂറിലോസ് രൂക്ഷമായി വിമർശിക്കുന്നത്.

സമുദായ സൗഹാർദ്ദം ഉറപ്പാക്കാൻ സർക്കാർ ഇടപെട്ടില്ലെന്നും ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചുവെന്നും ബിഷപ്പ് കുറ്റപ്പെടുത്തുന്നുണ്ട്. വർഗീയ വിഭജനം പോലുള്ള ഒരു പ്രശ്നത്തിൽ സി.പി. എമ്മും ഇടതുപക്ഷവും സ്വീകരിച്ച സമീപനം രാഷ്ട്രീയ ലാഭം ലാക്കാക്കിയുള്ളതായിരുന്നുവെന്നും ബിഷപ്പ് കൂറിലോസ് തുടരുന്നു.

കേരളമാകെ ഒരു മത ഭ്രാന്താലയമായി മാറുന്നതിന്റെ സൂചനകളാണ് അനുദിനം കാണുന്നത്. സാമുഹിക തിന്മകളെ വിമർശിക്കുമ്പോൾ അതിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം കൊടുക്കുന്നതും അതിലൂടെ ഏതെങ്കിലും മതത്തെ സംശയത്തിന്റെയും ആരോപണത്തിന്റെയും നിഴലിൽ നിർത്തുന്നതും മതവികാരം വൃണപ്പെടുത്താനും വർഗീയത ഇളക്കിവിടുവാനുമാണ് വഴിയൊരുക്കുക. ജിഹാദ് എന്ന വാക്ക് ലഹരിയും പ്രണയവും മറ്റുമായി ബന്ധിപ്പിക്കുന്നത് ഒരു മത വിശ്വാസവുമായി ബന്ധപ്പെട്ട പദാവലിയെ ഡീമോറലൈസ് ചെയ്യലാണ്. ലഹരി ഉൾപ്പെടെ എല്ലാ തിന്മകളും എല്ലാ മതക്കാരിലും മതമില്ലാത്തവരിലുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ഒരുമിച്ചു ഇത്തരം തിന്മകൾക്കെതിരേ പൊരുതുകയാണ് വേണ്ടതെന്നും ബിഷപ്പ് മാർ കൂറിലോസ് പറഞ്ഞു.

യേശു പകർന്നു തന്ന നന്മയുടെ മൂല്യങ്ങൾ ക്രൈസ്തവ സഭകൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മത വിദ്വേഷമൊക്കെ ഇത്ര ശക്തമായി പ്രകടമാകുന്നത്. ഇസ്ലാമോ ഫോബിയ എന്ന ആഗോള പ്രതിഭാസത്തെ മാർപാപ്പ തള്ളി പറഞ്ഞിട്ടുണ്ട്. നവ സമൂഹ മാധ്യമങ്ങൾ വഴി വർഗ്ഗീയ വിഷം ചീറ്റുന്ന പ്രചരണങ്ങളും നാടിൻറെ മതനിരപേക്ഷ നിലപാടിനെ തകർക്കുന്നതും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കുന്നതുമായ വിദ്വേഷ പ്രചാരണങ്ങളെ സർക്കാർ ശക്തമായി നേരിടണം. സ്ഥാപിത സഭകൾ എല്ലാ കാലത്തും ഭരണാധികാര ശക്തികളോട് ചേർന്നു നിൽക്കാനും അവരെ പ്രീണിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടന്നത് ഉദാഹരണങ്ങൾ സഹിതം ബിഷപ്പ് അഭിമുഖത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്. ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ തുടക്കത്തിൽ സർക്കാർ അല്പം കൂടി ജാഗ്രതയും മദ്ധ്യസ്ഥ ശ്രമങ്ങളിൽ കുറേകൂടി ആർജവവും കാണിക്കേണ്ടതായിരുന്നു.

വർഗീയ വിഭജനം പോലുള്ള ഒരു പ്രശ്നത്തിൽ ഉറച്ച മത നിരപേക്ഷ നിലപാട് എടുക്കേണ്ട സമയത്ത് സി.പി.എം. പോലുള്ള മതനിരപേക്ഷ പ്രസ്ഥാനങ്ങൾ, നമ്മൾ പ്രതീക്ഷിക്കുന്ന പോലെ പ്രതികരിക്കുന്നുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ ബിഷപ്പ് അവരുടേതായി വരുന്ന പ്രതികരണങ്ങളും സമീപനങ്ങളും വളരെ സൂക്ഷിച്ചുള്ളതാണന്നും വിലയിരുത്തുന്നു. ശക്തമായ ഒരു നിലപാട് എടുക്കുന്നില്ല. അതിനുള്ളിലൊരു രാഷ്ട്രീയ മുതലെടുപ്പുണ്ട് . തങ്ങൾക്ക് എന്തെങ്കിലും ലാഭം ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ എന്ന സമീപനം. മുമ്പൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മതനിരപേക്ഷതക്കു വേണ്ടി ആർജവത്തോടെയുള്ള നിലപാടുകൾ എടുത്തിരുന്നതായും ഇപ്പോൾ ആ സമീപനത്തിന് കോട്ടം തട്ടിയതായും ബിഷപ്പ് പറയുന്നു.

മതങ്ങളുടെ നിഷിപ്ത താൽപര്യങ്ങളോട് വോട്ടു മാത്രം ലക്ഷ്യമാക്കി സി. പി.എം. പോലുള്ള പ്രത്യയ ശാസ്ത്ര പ്രതിബദ്ധത പുലർത്തേണ്ട ഇടതു പാർട്ടികൾ ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നത് ഗൗരവപൂർവ്വമായ സ്വയം വിമർശനത്തിന് വിധേയമാക്കണം. കേരളത്തിൽ ഇടതിന്റെ വലതുവൽക്കരണം പല നയങ്ങളിലും പ്രകടമാണ്. മുതലാളിത്തത്തോട് സന്ധി ചെയ്യുന്ന സമീപനം ഗുണകരമല്ല. താനിത് പറയുന്നത് ഇടതുപക്ഷത്തിന് മൂല്യശോഷണം സംഭവിക്കരുത് എന്ന ആഗ്രഹത്തോടെയാണന്നും ബിഷപ്പ് വ്യക്തമാക്കുന്നുണ്ട്. വ്യക്തി പൂജയും ഏകാധിപത്യവും ഇടത് പാർട്ടികളെ ഗ്രസിക്കാൻ പാടില്ല. കോൺഗ്രസിനെയും ബി. ജെ. പിയേയും നാണിപ്പിക്കുന്ന വിധം അന്താരാഷ്ട എജൻസികളിൽ നിന്ന് പണം കടം വാങ്ങി പരിസ്ഥിതി പരിഗണിക്കാതെയുള്ള വികസന പദ്ധതികൾ നടപ്പിലാക്കുന്നത് ഇടതുപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്നവർക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റുന്ന ഒന്നാണോ എന്ന് തനിക്കു സംശയമുണ്ടന്നും ബിഷപ്പ് കൂറിലോസ് സി. പി. എം. നയത്തെ വിമർശിച്ചു കൊണ്ട് അഭിമുഖത്തിൽ അഭിപ്രായപ്പെടുന്നു . ഇന്ത്യയെ ഒരു മത രാഷ്ടമാക്കാൻ ഫാസിസ്റ്റ് ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ഫാസിസത്തിനെതിരായി ക്രൈസ്തവർക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ബിഷപ്പ് ഓർമ്മിപ്പിക്കുന്നു. ഹിറ്റ്ലറുടെ കാലത്ത് ഫാസിസത്തിനെതിരെ മൗനമവലംബിച്ചിട്ടും കോൺസൻട്രേഷൻ ക്യാമ്പിലടക്കപ്പെട്ട പാസ്റ്റർ മാർട്ടിൻ നിമോളറുടെ പ്രശസ്തമായ വാചകങ്ങൾ ഉദ്ധരിച്ചു കൊണ്ട് ഇങ്ങനെയൊരു കുറ്റബോധം ഇന്ത്യയിലെ ക്രൈസ്തവർക്ക് പിന്നീട് ഉണ്ടാകാൻ ഇടവരരുത് എന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഗീവർഗ്ഗീസ് മാർ കുറിലോസ് അഭിമുഖം അവസാനിപ്പിക്കുന്നത്.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles