Saturday, November 15, 2025

Current Date

ചികിത്സകനും ചിന്തകനുമായ ഡോ. ഇസാം അൽ അരിയാൻ

Dr. Essam El-Erian, the Egyptian political leader, physician, and prominent figure in the Muslim Brotherhood

ചില ജീവിതങ്ങൾ ഒരു ജനതയുടെ വേദനയുടെയും പ്രതീക്ഷയുടെയും പ്രതീകമായി മാറും. ഡോ. ഇസാം അൽ അരിയാൻ ഈജിപ്ഷ്യൻ ജനതയുടെ ഹൃദയത്തിൽ അങ്ങനെ രേഖപ്പെടുത്തപ്പെട്ട ഒരു പേരാണ്. വൈദ്യശാസ്ത്രത്തിൻ്റെ വെളിച്ചം നിറഞ്ഞ കൈകളാൽ ഒരു ജനതയെ ശുശ്രൂഷിക്കുകയും, നിയമത്തിൻ്റെ തത്വങ്ങളാൽ അവരെ പരിരക്ഷിക്കാൻ ശ്രമിക്കുകയും, രാഷ്ട്രീയത്തിൻ്റെ പാതയിലൂടെ അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുകയും ചെയ്ത ആ ജീവിതം അവസാനിച്ചത് ഇരുമ്പ് ചങ്ങലകളാൽ ബന്ധിതമായ ഒരു തടവറയുടെ തണുത്ത ഭിത്തികൾക്കുള്ളിലാണ്. ഈജിപ്തിലെ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നായിരുന്നല്ലോ പതിറ്റാണ്ടുകളായി ഈജിപ്ത് ഭരിച്ചിരുന്ന ഹുസ്നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച മുല്ലപ്പൂ വിപ്ലവവും 2011ലെ മുഹമ്മദ് മുർസിയുടെ  തിരഞ്ഞെടുപ്പ് വിജയവും.

അന്നത്തെ പ്രതീക്ഷകളുടെയും ആവേശത്തിൻ്റെയും മുൻനിരയിൽ മുസ്ലിം ബ്രദർഹുഡിന്റെ ചാലകശക്തിയായി ഇസാം അൽ അരിയാൻ ഉണ്ടായിരുന്നു. എന്നാൽ, ആ സ്വപ്നങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 2013 ൽ നടന്ന സൈനിക അട്ടിമറി കാര്യങ്ങളെ കീഴ്മേൽ മറിച്ചു. അൽ അരിയാനെ പ്പോലുള്ളവർ അതിനെതിരെ  ശബ്ദമുയർത്തി. നീണ്ട വിചാരണകളും നീതി നിഷേധിക്കപ്പെട്ട വിധിപ്രസ്താവനകളും ഏറ്റവുമൊടുവിൽ തോറ ജയിലിലെ ഏകാന്തമായ ജീവിതവുമായിരുന്നു അതിന്റെ ഫലം.

1954 ഏപ്രിൽ 28-ന് ജനിച്ച ഡോ. ഇസാമുദ്ദീൻ മുഹമ്മദ് ഹുസൈൻ അൽ അരിയാൻ ഈജിപ്ഷ്യൻ രാഷ്ട്രീയത്തിലും മുസ്ലിം ബ്രദർഹുഡിന്റെ നേതൃത്വത്തിലും ഒരു അതുല്യ വ്യക്തിത്വമായിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ മികവിനൊപ്പം തന്നെ ഇസ്ലാമിക പ്രസ്ഥാനങ്ങളിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ മെഡിസിൻ പഠിക്കുന്ന കാലം മുതൽക്കേ അദ്ദേഹം ഇസ്ലാമിക് ഗ്രൂപ്പിന്റെ തലവനായി നേതൃപരമായ കഴിവുകൾ പ്രകടിപ്പിച്ചു. 1977 ൽ ബിരുദം നേടിയ ശേഷം ഇസ്ലാമിക് അസോസിയേഷനുകളുടെ ജനറൽ യൂണിയന്റെ കോർഡിനേറ്ററായി അദ്ദേഹം പ്രവർത്തിച്ചു. 1974-ൽ മുസ്ലിം ബ്രദർഹുഡിൽ ചേർന്ന അദ്ദേഹം ഗിസ ഗവർണറേറ്റിൽ സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. കെയ്‌റോ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റ് എന്ന നിലയിലും, ഈജിപ്ഷ്യൻ വിദ്യാർത്ഥികളുടെ ജനറൽ യൂണിയൻ പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

വൈദ്യശാസ്ത്രത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ നിയമം, ചരിത്രം എന്നീ വിഷയങ്ങളിലും അദ്ദേഹം ബിരുദങ്ങൾ നേടി. അൽ അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇസ്ലാമിക നിയമത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതോടെ അദ്ദേഹത്തിന്റെ അക്കാദമിക് ജീവിതം കൂടുതൽ വിപുലമായി. 1986 മുതൽ ഈജിപ്ഷ്യൻ മെഡിക്കൽ സിൻഡിക്കേറ്റിന്റെ ഡയറക്ടർ ബോർഡ് അംഗമായും പിന്നീട് അസിസ്റ്റന്റ് സെക്രട്ടറി ജനറലായും അദ്ദേഹം പ്രവർത്തിച്ചു. 1987-1990 കാലഘട്ടത്തിൽ പീപ്പിൾസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയിൽ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി.

മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി രൂപീകരിക്കുന്നതിന് മുൻപ് അദ്ദേഹം അതിന്റെ ഗൈഡൻസ് ബ്യൂറോയിലെ അംഗമായിരുന്നു. പിന്നീട് ഈ പാർട്ടിയിൽ സെക്രട്ടറി ജനറലായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സ്വന്തം നിലപാടുകളിലെ മിതത്വം കാരണം, മുസ്ലിം ബ്രദർഹുഡിന്റെ ആഭ്യന്തര പരിഷ്കരണങ്ങൾക്ക് വേണ്ടി വാദിക്കുന്ന ഒരു നേതാവായിട്ടാണ് അൽ അരിയാൻ അറിയപ്പെട്ടിരുന്നത്. പ്രാദേശിക-അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ ആ ബൗദ്ധിക കാഴ്ചപ്പാടുകളുടെ പ്രതിഫലനമായിരുന്നു.

അദ്ദേഹത്തിൻ്റെ ജീവിതം വെറുമൊരു രാഷ്ട്രീയക്കാരൻ്റേതായിരുന്നില്ല. അത് ബഹുമുഖ പ്രതിഭയുടെ ജീവിത പാഠപുസ്തകമായിരുന്നു. മെഡിക്കൽ ബിരുദധാരിയായിരുന്ന അദ്ദേഹം, രോഗികളുടെ ശരീര വേദനകൾക്ക് മരുന്ന് നൽകിയിരുന്ന ഡോക്ടറായിരുന്നു. അതോടൊപ്പം, നിയമത്തിൻ്റെ വഴികളിലൂടെ നീതിയുടെ പക്ഷത്ത് നിൽക്കാൻ നിയമബിരുദവും അദ്ദേഹം നേടി. ചരിത്രവും ഇസ്ലാമിക നിയമങ്ങളും അദ്ദേഹത്തിൻ്റെ അറിവിൻ്റെ ആഴം വർദ്ധിപ്പിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയും പ്രൊഫഷണൽ യൂണിയനുകളിലൂടെയും അദ്ദേഹം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകാൻ അദ്ദേഹം ‘ഫോറം ഓഫ് പ്രൊഫഷണൽ ഗാദറിംഗ്സ് ടു അഡ്വക്കേറ്റ് ദി പലസ്തീനിയൻ കോസ്’ എന്ന സംഘടനക്ക് രൂപം നൽകിയത് അദ്ദേഹത്തിൻ്റെ ആഗോള കാഴ്ചപ്പാടിൻ്റെ തെളിവാണ്. ഈ ബഹുമുഖ വ്യക്തിത്വം കേവല നേതാവിൽ നിന്ന് ഒരു ജനകീയ നായകനിലേക്ക് അദ്ദേഹത്തെ ഉയർത്തി.

ജയിലിലെ മോശം സാഹചര്യങ്ങൾ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു. ഹെപ്പറ്റൈറ്റിസ് സി എന്ന മാരക രോഗം അദ്ദേഹത്തിൻ്റെ ശരീരത്തെ കീഴടക്കിയപ്പോഴും ചികിത്സ നൽകാൻ ഭരണകൂടം തയ്യാറായില്ല. കോടതി വാദങ്ങളിൽ അദ്ദേഹം പലതവണ താൻ നേരിടുന്ന അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ, ആ വാക്കുകൾ നിസ്സഹായതയുടെ ശബ്ദമായി  മാധ്യമങ്ങളിൽ അച്ചടിച്ച് തീർന്നു. ഒരു ഡോക്ടറെന്ന നിലയിൽ മറ്റുള്ളവരെ ശുശ്രൂഷിച്ച അദ്ദേഹത്തിന്, തൻ്റെ രോഗത്തിന് ചികിത്സ നിഷേധിക്കപ്പെട്ടത് വിധിവൈപരീത്യമെന്നേ പറയാനാവൂ. ഒടുവിൽ തോറ ജയിലിലെ തണുത്ത സെല്ലിൽ വെച്ച് അദ്ദേഹത്തിൻ്റെ ഹൃദയം നിലച്ചു. ഒരുപക്ഷേ, 2020 ആഗസ്റ്റ് 13ന് പുറം ലോകം കേട്ട ഹൃദയാഘാതമെന്ന വാർത്ത ഒരു മെഡിക്കൽ റിപ്പോർട്ട് മാത്രമായിരിക്കാം. 

ഡോ. ഇസാം അൽ അരിയാന്റെ ജീവിതവും മരണവും ഒരു ഓർമ്മപ്പെടുത്തലാണ്; സ്വതന്ത്രമായി ശ്വാസമെടുക്കാൻ പോലും അനുവാദമില്ലാത്ത ഒരു സമൂഹത്തിൽ, തടവറയിൽ വെച്ച് മരണമടയുന്ന ഓരോ നേതാവും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും നേരെ നടക്കുന്ന ക്രൂരമായ കടന്നാക്രമണത്തിൻ്റെ അടയാളങ്ങളാണ്. അദ്ദേഹത്തിന്റെ മരണം ഈജിപ്ഷ്യൻ രാഷ്ട്രീയത്തിൽ ഒരു അധ്യായം പൂർത്തിയാക്കിയെങ്കിലും ആ ഓർമ്മകൾ നീതിക്കായി ദാഹിക്കുന്ന ഓരോ ഹൃദയത്തിലും ഒരു വിളക്കായി എന്നെന്നും ജ്വലിച്ചുനിൽക്കും.

Summary: This introduction highlights the life and legacy of Dr. Essam El-Erian, the Egyptian political leader, physician, and prominent figure in the Muslim Brotherhood, whose unwavering dedication to justice made him a symbol of courage for fighters across generations. Born in 1954, Dr. El-Erian combined professional excellence as a medical doctor with a lifelong commitment to political activism, advocating for democracy, social justice, and the rights of the oppressed in Egypt and beyond. he played a pivotal role during Egypt’s 2011 revolution, working for political reform and participating in the country’s brief democratic experiment.

Related Articles