Columns

ജാഗ്രത പാലിക്കണം, സംവദിക്കാനുള്ള വഴികള്‍ തുറന്നിട്ടുകൊണ്ട്

പ്രവാചകന്‍ മക്കയില്‍ ജീവിച്ചിരുന്ന കാലത്ത് മക്കക്കാര്‍ അവരുടെ വസ്തു വകകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അവസാനം മക്കയില്‍ നിന്നും പോകുമ്പോള്‍ ആ വസ്തുക്കള്‍ ആളുകള്‍ക്ക് തിരിച്ചു നല്‍കാന്‍ അലിയെ (റ) ഏല്‍പിച്ചാണ് പ്രവാചകന്‍ പോയത് എന്നും വായിച്ചിട്ടുണ്ട്. എന്ന് പറഞ്ഞാല്‍ തന്നെ എതിര്‍ത്തിരുന്ന വിഭാഗവുമായി പ്രവാചകന്‍ ബന്ധം മുറിച്ചു കളഞ്ഞില്ല എന്ന് സാരം. തങ്ങളെ എതിര്‍ക്കുന്നവരുമായി ബന്ധം സ്ഥാപിക്കുക എന്നത് തന്നെയാണ് ഒരു പ്രബോധക സംഘം ചെയ്യേണ്ടത്. അസുഖം ഉള്ളടത്തേക്കാണ് ഡോക്ടര്‍ പോകേണ്ടത്.

ബി ജെ പി അധ്യക്ഷന്‍ നടത്തിയ പ്രഖ്യാപനം വന്നതിനു ശേഷം ചിലരുടെ വിഷയം ഇസ്ലാമിക പ്രസ്ഥാനം അദ്ദേഹത്തെ നോമ്പ് തുറക്ക് വിളിച്ചിരുന്നു എന്നതാണ്. അതുപോലെ പണ്ട് അബദ്ധത്തില്‍ ജോസഫ് മാഷിന്റെ കൈ മുറിഞ്ഞപ്പോള്‍ രക്തം കൊടുത്തിരുന്നു എന്നതും അവര്‍ എടുത്തു പറയുന്നു. ബി ജെ പി നേതാവിനെ പരസ്യമായ സ്റ്റേജിലേക്കാണ് വിളിച്ചത്. തന്നെ എതിര്‍ത്തിരുന്ന ആളുകളുമായി പ്രവാചകന്‍ ബന്ധം മുറിച്ചില്ല എന്നത് ശരിയാണെങ്കില്‍ മുസ്ലിംകളെ എതിര്‍ക്കുന്നു എന്നതിന്റെ പേരില്‍ സംഘ് പരിവാറിനെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല.

താഇഫിലെ ജനതയെ കുറിച്ച് പ്രവാചകന്‍ പ്രകടിപ്പിച്ച പ്രതീക്ഷ ഒരിക്കല്‍ അവരില്‍ നിന്നും ആളുകള്‍ സത്യത്തിലേക്ക് വരും എന്നതു തന്നെയായിരുന്നു. കേരളത്തിലെ ഇസ്ലാമിക സംഘടനകളില്‍ അധികവും സംഘ പരിവാറിനെ ആ രീതിയില്‍ സമീപിച്ചിട്ടുണ്ട്. അത് കൊണ്ട് ആരെങ്കിലും മുസ്ലിം പക്ഷത്തു നിന്നും അങ്ങോട്ട് പോയതായി നമുക്കറിയില്ല. മുസ്ലിംകള്‍ക്ക് സംഘ് പരിവാര്‍ നേതാക്കള്‍ കൂടുതല്‍ നല്ലവരായി എന്ന ചര്‍ച്ചയും അപ്രസക്തമാണ്.

സംഘ് പരിവാറിനെ ഏതു രീതിയില്‍ പരിചരിക്കണം എന്ന് മുസ്ലിം സമൂഹത്തിന് അറിയാം. അതെ സമയത്ത് ചിലര്‍ മറ്റു ചില കാര്യങ്ങള്‍ക്കു വേണ്ടി സംഘ് പരിവാറിനെ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അതിന്റെ ഗൂഢ ലക്ഷ്യം വേറെ ചര്‍ച്ച ചെയ്യണം. മഞ്ചേശ്വരത്തു ചില മുസ്ലിം സംഘടനകള്‍ ബി ജെ പി യെ സഹായിച്ചിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. അങ്ങിനെ ഉണ്ടെങ്കില്‍ അത് നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്. അവര്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പോലും പിശുക്കു കാണിക്കുന്നു എന്നും കാണാം.

അതെ സമയം കേരളത്തില്‍ സംഘ് പരിവാറിന് വളം വെച്ച് കൊടുക്കുന്നത് മുസ്ലിം പക്ഷത്തു നിന്നും ആരൊക്കെയാണ് എന്ന് കൂടി പരിശോധിക്കണം. പ്രവാചകന്റെ പ്രബോധനം നേര്‍ക്കു നേരെ കേട്ട ആളുകള്‍ വിശ്വസിച്ചിട്ടില്ല. മാത്രമല്ല അവരുടെ ശത്രുത കൂടുകയും ചെയ്തു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഒരാളെ ഇഫ്താര്‍ പാര്‍ട്ടിക്ക് വിളിച്ചത് കൊണ്ട് അദ്ദേഹത്തിന് സന്മാര്‍ഗം ലഭിക്കും എന്ന ധാരണ നാമാരും കൊണ്ട് നടക്കുന്നില്ല. സംഘപരിവാറിന്റെ കുതന്ത്രങ്ങള്‍ കൃത്യമായി സംഘടനകള്‍ അവരുടെ അണികളെ പഠിപ്പിച്ചിരിക്കണം.

എന്തായാലും ഇസ്ലാമിക പ്രസ്ഥാനം പഠിപ്പിക്കുന്നുണ്ട്. എന്നും ഒരു സംവാദത്തിനുള്ള വഴി ആരുമായും അവര്‍ ഒഴിച്ചിടും. മദീനയിലെ ജൂതരെ കുറിച്ചും നമുക്കിത് വായിക്കാം. കിട്ടുന്ന സമയത്ത് ഇസ്ലാമിനെ അവര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. വാക്കുകള്‍ പോലും വളച്ചൊടിച്ചു. ജൂതരുടെ തന്ത്രങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കണം എന്നല്ലാതെ ജൂതരുടെ ഒരു ഇടപാടും പാടില്ല എന്ന് ഇസ്ലാം പറഞ്ഞില്ല. സംഘ പരിവാര്‍ കുതന്ത്രങ്ങളെ സമുദായം സൂക്ഷിക്കണം. അതെ സമയം അവരുമായുള്ള പ്രബോധന രംഗം തുറന്നിടണം.

അതെ സമയം പലരുടെയും നിലപാടുകള്‍ പല സമയത്തും സംഘ പരിവാറിനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കാറുള്ളൂ. സംഘ പരിവാറും മതേതരത്വവും നേര്‍ക്ക് നേരെ വന്നാല്‍ ചെയ്യാന്‍ കഴിയുക മതേതര സഖ്യത്തെ ശക്തിപ്പെടുത്താന്‍ നോക്കുക എന്നത് തന്നെയാണ്. അതെ സമയം മതേതര സഖ്യം തകരുന്നത് സംഘ് പരിവാറിനാണ് ഗുണം ചെയ്യുക എന്നറിഞ്ഞു കൊണ്ട് തന്നെ അത്തരം നിലപാടുമായി പോകുന്നവര്‍ ആരെയാണ് സഹായിക്കുന്നത്. പണ്ടൊരിക്കല്‍ മാഷിന്റെ കൈ വെട്ടിയപ്പോള്‍ മൊത്തം സമുദായത്തിന്റെ കൈയായിരുന്നു അവര്‍ വെട്ടിയത്.

കലാപത്തെ സുവര്‍ണാവസരമായി അവര്‍ക്കു തോന്നിയത് വെറുതെയല്ല. പലതും മനസ്സില്‍ കരുതിയായിരുന്നു അവര്‍ കുമ്മനത്തെ കൊണ്ട് വന്നത്. അത് വിജയിക്കില്ല എന്നറിഞ്ഞു ശ്രീധരന്‍ പിള്ളയെ ഏല്‍പ്പിച്ചതും മറ്റൊരു കണ്ണ് കണ്ടു കൊണ്ടാണ്. ജാഗ്രതയാണ് നമുക്ക് ആവശ്യം. അതെ സമയം അറിയിക്കാനുള്ള വഴികള്‍ തുറന്നു തന്നെ കിടക്കട്ടെ.

Facebook Comments
Show More

Related Articles

Close
Close