Current Date

Search
Close this search box.
Search
Close this search box.

ഡോണൾഡ് റംസ്ഫെൽഡ് അന്തരിച്ചു

ഇറാഖിലും അഫ്ഗാനിസ്ഥാനിലും എത്രയോ നിരപരാധികളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അൽപം മുമ്പ് അന്തരിച്ച യു എസ് മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ്.

ഇരു രാജ്യങ്ങൾക്കും എതിരെ അമേരിക്ക നടത്തിയ യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ആസൂത്രകനായാണ് റംസ്ഫെൽഡിനെ ലോകം വിലയിരുത്തുക.

പടിഞ്ഞാറാൻ രാജ്യങ്ങൾക്ക് വെല്ലുവിളിയായി മാറിയ സദ്ദാം ഹുസൈനെ അധികാര ഭ്രഷ്ടനാക്കാൻ, ഇല്ലാത്ത നശീകരണ ആയുധങ്ങളുടെ പേര് പറഞ്ഞാണ് 2003ൽ അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തിയത്. ഇതിനായി യു എൻ രക്ഷാസമിതിയെ പോലും തെറ്റിദ്ധരിപ്പിച്ചു. ജോർജ് ഡബ്ല്യൂ ബുഷും റംസ്‌ഫെൽഡും നടത്തിയ ഗൂഡാലോചന എണ്ണായിരത്തോളം സിവിലിയമാരുടെ ജീവനെടുത്തു. യുദ്ധത്തിന്റെ ഭീകരമായ കെടുതികൾ ഇറാഖി ജനത ഇപ്പോഴും അനുഭവിക്കുന്നു. അബു ഗുറൈബ് ജയിലിൽ അമേരിക്കൻ സൈനികർ നടത്തിയ മനുഷ്യത്വരഹിതമായ പീഡനങ്ങൾ അക്കാലത്ത് കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു. ഇതിന്റെ പേരിൽ സ്ഥാനമൊഴിയാൻ റംസ്‌ഫെൽഡ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ബുഷ് സമ്മതിച്ചില്ല. പീഡന സംഭവങ്ങളിൽ റംസ്‌ഫെൽഡിന് ഉത്തരവാദിത്തമുണ്ട്.

റംസ്‌ഫെൽഡും ബുഷും ചേർന്ന് നശിപ്പിച്ച മറ്റൊരു രാജ്യം അഫ്ഗാനിസ്ഥാനാണ്. ഇറാഖ് അധിനിവേശത്തിനു രണ്ട് വർഷം മുമ്പ് 2001ലായിരുന്നു അഫ്ഗാനിസ്ഥാനിലെ അധിനിവേശം. ലോക വ്യാപാര കേന്ദ്രത്തിന് (WTC) നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് പ്രസ്തുത ആക്രമണത്തിൽ നേരിട്ട് പങ്കില്ലാത്ത അഫ്ഗാനിസ്ഥാനെ അമേരിക്ക ചുട്ടു ചാമ്പലാക്കിയത്. WTC ഭീകരക്രമണത്തിൽ പങ്കെടുത്തവരുടെ ജന്മനാടുകളുമായി അമേരിക്കക്ക് മികച്ച സൗഹൃദ ബന്ധമുള്ളതിനാൽ അൽ ഖാഇദ നേതാവ് ബിൻ ലാദിനെ സംരക്ഷിക്കുന്നുവെന് ആരോപിച്ച് താലിബാനെ ആക്രമിക്കുകയായിരുന്നു.

രണ്ടു തവണ പ്രതിരോധ സെക്രട്ടറി ആയിരുന്നിട്ടുണ്ട് റംസ്ഫെൽഡ്. 1975-77ൽ ജറാൾഡ് ഫോർഡിന് കീഴിൽ ഈ പദവിയിൽ എത്തിയപ്പോൾ യു എസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ സെക്രട്ടറിയായി. 2001-2006ൽ ജൂനിയർ ബുഷിനു കീഴിൽ ഈ പദവിയിൽ എത്തിയപ്പോൾ ഏറ്റവും പ്രായക്കൂടുതലുള്ള പ്രതിരോധ സെക്രട്ടറിയുമായി. ഇക്കാലത്താണ് റംസ്ഫെൽഡ് ഭീകര രൂപം പൂണ്ടതും.

 

Related Articles