Current Date

Search
Close this search box.
Search
Close this search box.

ഒരാത്മാവിനെയും അകാരണമായി വധിക്കരുതെന്ന്

അല്ലാഹു ആദരിച്ച ഒരാത്മാവിനെയും അകാരണമായി വധിക്കരുത് എന്നത് ഖുർആൻ പല രീതിയിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരിടത്ത് ഖുർആൻ പറയുന്നത് “ നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു” എന്നും. അപ്പോൾ സൃഷ്ടാവ് ആദരിച്ച ആത്മാവാണ് മനുഷ്യൻ. അതിനെ അനാദരിക്കാൻ ആർക്കും അവകാശമില്ല. പ്രവാചകൻ പങ്കെടുത്ത ഏറ്റവും വലിയ ആൾക്കൂട്ടമായിരുന്നു പ്രവാചകന്റെ ഹജ്ജ്. അരഫയിലും മിനയിലും വെച്ച് പ്രവാചകൻ തന്റെ അനുചരന്മാരോട് സംവദിച്ചു. തന്റെ പ്രസംഗങ്ങളിൽ പ്രവാചകൻ ഊന്നി പ്പറഞ്ഞ കാര്യം മനുഷ്യരുടെ ധനവും രക്തവും അഭിമാനവുമായിരുന്നു. മക്കയുടെ പരിശുദ്ധി പോലെ ഹജ്ജ് മാസത്തിന്റെ പരിശുദ്ധി പോലെ അറഫയുടെ പരിശുദ്ധി പോലെ ഈ മൂന്നും പരിശുദ്ധമാകണമെന്നു പ്രവാചകൻ ഓർമ്മപ്പെടുത്തി. അല്ലാഹുവും പ്രവാചകനും ഊന്നിപ്പറഞ്ഞ കാര്യങ്ങൾ അവഗണിക്കുന്നു എന്നതാണ് മനുഷ്യൻ ചെയ്യുന്ന വലിയ പാപം.

കൊലപാതകം ഇന്നൊരു തെറ്റ് പോലുമല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. ഒരു തെരുവ് പട്ടിയുടെയും കാട്ടു മൃഗത്തിന്റെയും പരിഗണന പോലും പലപ്പോഴും മനുഷ്യർക്ക്‌ ലഭിക്കാറില്ല. നമ്മുടെ നിയമത്തിലെ വ്യവസ്ഥകൾ അങ്ങിനെയാണ്. ഭൂമിയിൽ യാതൊരു സുരക്ഷിതവുമാല്ലാത്ത ഒന്നായി മനുഷ്യ ജീവൻ മാറുന്നു. കൊലയാളികളിൽ വിശ്വാസി സമൂഹവും ഉൾചേരുന്നു എന്നതു എടുത്തു പറയേണ്ട കാര്യമാണ്. കൊലയെ അപലപിക്കാൻ പോലും നാം മടി കാണിക്കുന്നു. കൊല എന്ന ക്രിയയോടല്ല പകരം കർത്താവിനോട് മാത്രമായി നമ്മുടെ പ്രതിഷേധം അവസാനിക്കുന്നു.

അടുത്ത ദിവസം കാസർഗോഡ്‌ ഉണ്ടായ കൊലപാതകം ഈ വഴിയിലെ പുതിയ സംഭവവികാസമാണ്. കൊല്ലപ്പെട്ടത് ഒരു മുസ്ലിം എന്നതിനേക്കാൾ അദ്ദേഹം ഒരു മുസ്ലിം സംഘടന പ്രവർത്തകൻ കൂടിയായിരുന്നു എന്നതാണ് കാര്യങ്ങളെ ഇങ്ങിനെ മാറ്റി മറിച്ചത്. അത് കൊണ്ട് തന്നെ ഇതൊരു സാമുദായിക വിഷയവുമായി തീർന്നു. കൊല്ലപ്പെട്ട വ്യക്തിക്ക് പ്രത്യക്ഷ രാഷ്ട്രീയം ഉണ്ടായിരുന്നില്ല എന്നാണു അദ്ദേഹം അംഗമായ മത സംഘടന പറയുന്നത്. അതെ സമയം അദ്ദേഹം ഒരു സജീവ ഇടതു പക്ഷ പ്രവർത്തകൻ എന്ന് രാഷ്ട്രീയ സംഘടനയും പറയുന്നു. സാധാരണ പോലെ പാർട്ടി അദ്ദേഹത്തെ ഒരു രക്തസാക്ഷി എന്ന നിലയിൽ പരിഗണിച്ചു. മയ്യിത്തിനെ പാർടി പതാക പുതപ്പിക്കുക എന്ന രീതി ഇവിടെയും തുടർന്നു. പക്ഷെ രാഷ്ട്രീയ സംഘടന തങ്ങളുടെ പ്രവർത്തകൻറെ മയ്യിത്തിനെ “ ഹൈജാക്ക്” ചെയ്തു എന്നാണ് മത സംഘടന നൽകുന്ന വിശദീകരണം.

കൊലപാതകം രാഷ്ട്രീയ വൈര്യത്തിന്റെ തുടർച്ച എന്നാണ് പോലീസ് ഭാഷ്യം. സ്ഥിരമായി ഒരേ രാഷ്ട്രീയ പാർട്ടി ജയിച്ചു കൊണ്ടിരുന്ന സ്ഥലത്ത് ഇപ്രാവശ്യം ഇടതു പക്ഷ വിജയത്തിന് കൊല്ലപ്പെട്ട വ്യക്തിയുടെ ഇടപെടൽ സജീവമായിരുന്നു. ശേഷം ദിവസങ്ങളിൽ കേരളത്തിൽ നിന്നും രാഷ്ട്രീയ തർക്കങ്ങളും അക്രമങ്ങളും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് നൽകുന്ന സൂചന അത്ര സുഖകരമല്ല. മതവും രാഷ്ട്രീയവും രണ്ടു ധ്രുവങ്ങളിൽ നിൽക്കണം എന്നതാണ് നമ്മുടെ മതേതര പാർട്ടികൾ നിരന്തരം ആവശ്യപ്പെടുന്നത്. മതം ഒരിക്കലും രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ല എന്ന് എല്ലാവരും ഉറക്കെ പറയുന്നു. അതെ സമയം എല്ലാവരും മതങ്ങളെ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി നിരന്തരം ഉപയോഗിക്കുകയും ചെയ്യുന്നു.

രാഷ്ട്രീയം പൊതുജന സേവനത്തിന്റെ ഏറ്റവും വലിയ രൂപമാണ്‌. അത് കൊണ്ട് തന്നെ അതിനുള്ള പ്രാധാന്യവും കൂടുതലാണ്. നമ്മുടെ നാട്ടിൽ കൂടുതൽ അക്രമങ്ങൾ നടക്കുന്നത് രാഷ്ട്രീയ രംഗത്താണ്. രാഷ്ട്രീയ രംഗം മൂല്യബോധമുള്ളതാകുക എന്നത് ഒരു അനിവാര്യതയാണ്. അവിടെയാണ് മതങ്ങളുടെ പ്രസക്തിയും. മതങ്ങൾ മൂല്യങ്ങളെ കുറിച്ച് സംസാരിക്കുന്നു. അതിൽ ആദ്യത്തെത് മറ്റുള്ളവരെ ആദരിക്കുക എന്നതാണ്. തനിക്കു ഭൂമിയിലുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും മറ്റുള്ളവർക്കുമുണ്ട് എന്ന തിരിച്ചറിവാണ് അതിന്റെ ഒന്നാമത്തെ പടി. മനുഷ്യർ ദൈവം ആദരിച്ച വിഭാഗമാണ് എന്നത് കൊണ്ട് വിവക്ഷ എല്ലാ മനുഷ്യർക്കും ആ ആദരവ് ലഭിക്കണം എന്നത് തന്നെയാണ്. മറ്റൊരാളെ അക്ഷേപിക്കുംപോഴും അക്രമിക്കുമ്പോഴും അയാളുടെ ജീവൻ എടുക്കുമ്പോഴും സംഭവിക്കുന്നത്‌ ഈ ദൈവീക ആദരവിനെ ചോദ്യം ചെയ്യലാണ്.

മത വിശ്വാസികൾ ധാരാളമായി നമ്മുടെ രാഷ്ട്രീയ രംഗത്ത്‌ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ അതിന്റെ ഒരു പ്രതിഫലനം ഈ രംഗത്ത്‌ നാം വേണ്ട പോലെ കാണുന്നില്ല. ഒറ്റക്കാവുമ്പോഴും മത സംഘടനയുടെ കൂടെയാകുമ്പോഴും നല്ലവരാകുന്നവർ രാഷ്ട്രീയ രംഗത്ത്‌ ഒത്തു കൂടുമ്പോൾ ധാർമികത നഷ്ടമാകുന്ന രീതിയിലേക്ക് മാറുന്നതിന്റെ രീതി ശാസ്ത്രം നാം ഇനിയും പഠിച്ചിട്ടു വേണം. “ സൂക്ഷ്മത” എന്ന് മതം വിശ്വാസികളോട് ഊന്നിപ്പറയുന്ന ഒന്നാണ്. മനുഷ്യന്റെ സാമൂഹിക വൈയക്തിക വിഷയങ്ങൾ പറയുന്നിടത്താണ് ഖുർആൻ അത് പറയുന്നത്. അതായത് പള്ളിയിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, നമസ്കാരത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക എന്നല്ല ഖുർആൻ പറയുന്നത്. പകരം വിശ്വാസി ഇടപെടുന്ന കാര്യങ്ങളിലാണ് ഈ സൂക്ഷ്മത ഉണ്ടാകേണ്ടത് എന്നാണ്. തങ്ങളുടെ പ്രവർത്തകർ പൊതു രംഗത്ത്‌ ഇറങ്ങുമ്പോൾ പാലിക്കേണ്ട മര്യാദകളെ കുറിച്ച് മത സംഘടനകൾ ഇനിയും അണികളെ പഠിപ്പിച്ചിട്ടു വേണം.

ഒരാളെ അകാരണമായി കൊല ചെയ്താൽ അതിന്റെ പരിണിതിയെ കുറിച്ച് കൃത്യമായ ബോധം വിശ്വാസികൾക്ക് ഉണ്ടാകണം. ഒരു പരലോകത്തെ കുറിച്ച് എല്ലാവരും പറയുന്നു. അവിടെ പൂർണമായി ദൈവത്തിന്റെ നീതിയാകും. കൊല്ലപ്പെട്ടവന് നീതി ലഭിക്കുന്ന ഇടം കൂടിയാണ് അവിടം. മറ്റൊരാളുടെ അവകാശത്തെ ഹനിച്ചവർക്ക് ആ കോടതിയിൽ നീതി ലഭിക്കില്ല എന്ന് വന്നാൽ അതാണ്‌ വലിയ ദുരന്തം എന്ന വിചാരമാണ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടത്. യുദ്ധ സമയങ്ങളിൽ പോലും അബദ്ധത്തിൽ കൊല്ലെപ്പെട്ട വ്യക്തിയുടെ പേരിൽ സ്വന്തം അനുചരനെ വിമർശിക്കുന്ന പ്രവാചകൻ നമ്മുടെ മുന്നിലെ മാത്രുകയാവണം.

പുതിയ സംഭവ വികാസങ്ങൾ മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കൂടി ബാക്കിപത്രമാണ്. മതത്തിന്റെ മൂല്യങ്ങൾ സാമൂഹിക നന്മക്കു ഫലപ്രദമായി ഉപയോഗിക്കുക എന്നതിനേക്കാൾ പലർക്കും പ്രാധാന്യം മത വികാരത്തെയും സാമുദായികതെയും എങ്ങിനെ മോശമായി ഉപയോഗിക്കാം എന്നതാണ്. അറിഞ്ഞോ അറിയാതെയോ പലപ്പോഴും സംഘടനകൾ അതിനു നിന്ന് കൊടുക്കുന്നു. അത് കൊണ്ട് സംഘടനകൾക്കും നേതാക്കൾക്കും താൽക്കാലിക നേട്ടം ഉണ്ടാവുമെങ്കിലും അവസാനം അത് ഒരു പൂർണ നഷ്ടം തന്നെയാകും. മുസ്ലിം മത സംഘടനകൾ രാഷ്ട്രീയത്തോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതും മറ്റൊരു കാരണമാണ്.

Related Articles