Current Date

Search
Close this search box.
Search
Close this search box.

ശത്രുവിന് അടിക്കാന്‍ വടി കൊടുക്കരുത്

ദീർഘകാലം പരസ്പരം യുദ്ധം ചെയ്തു മുടിഞ്ഞ ഔസ്-ഖസ്‌റജ് ഗോത്രങ്ങൾ ഇസ്‌ലാമിന്റെ ആഗമനത്തോടെ വൈരം വെടിഞ്ഞ് പരസ്പരം ഉള്ളറിഞ്ഞ് സ്‌നേഹിക്കുകയും ഐക്യപ്പെടുകയും ചെയ്തു. ഇതേറ്റവും കൂടുതൽ വേദനിപ്പിച്ചത് അന്നത്തെ ജൂത സമൂഹതെയായിരുന്നു. പരസ്പരം കലഹിച്ചിരുന്ന ആളുകൾ ഒരുനാൾ ഒന്നിക്കുക എന്നത് അവരുടെ ചിന്തക്ക് അപ്പുറമായിരുന്നു. ഒരുനാൾ ജൂത നേതാവായിരുന്ന ശാസുബ്‌നു ഖൈസ്ശാസ് പ്രസ്തുത രണ്ടു ഗോത്രങ്ങളിലെയും ആളുകൾ കൂടിയിരിക്കുകയായിരുന്ന ഒരു സദസ്സിനരികെ കടന്നുപോയി. അവരുടെ സൗഹൃദവും സഹോദരത്വവും കണ്ട് അസൂയ പൂണ്ട ശാസ് അയാളുടെ ആളുകളോട് പറഞ്ഞു: “ഇവരെ ഇങ്ങിനെ വിട്ടാൽ നമുക്കിവിടെ നില്ക്കാൻ കഴിയാത്ത അവസ്ഥ വരും”. തന്റെ കൂട്ടത്തിൽ നിന്നും ഒരു ചെറുപ്പക്കാരനെ വിളിച്ചിട്ട് അയാൾ പറഞ്ഞു: ”അവരുടെ അടുത്തുചെല്ലുക. അവരുടെ സദസ്സിലിരിക്കുക. എന്നിട്ട് ബുആഥ് യുദ്ധവും അതിനുമുമ്പ് നടന്ന യുദ്ധങ്ങളുമൊക്കെ അവരെ ഓർമിപ്പിക്കുക. അതുസംബന്ധിച്ചൊക്കെ അവർ ആലപിച്ച ഗാനങ്ങളുണ്ടാകും. അത് അവരെ പാടിക്കേൾപ്പിക്കുക.” ആ യുവാവ് അത് പോലെ ചെയ്തു. അത് ഫലം കണ്ടു. ഔസും ഖസ്‌റജും ഒരിക്കൽകൂടി യുദ്ധ സമാന അവസ്ഥയിലെത്തി.

വിവരമറിഞ്ഞ പ്രവാചകൻ സമയം പാഴാക്കാതെ അവരെ ഗുണദോഷിച്ചു. അല്ലാഹു അവരെ ഐക്യപ്പെടുത്തിയതും അവർക്കു നൽകിയ അനുഗ്രഹവും ഓർമിപ്പിച്ചു. അതോടെ അവർക്ക് തെറ്റ് ബോധ്യപ്പെടുകയും ശത്രുവിന്റെ കുതന്ത്രത്തിൽ വീണതിൽ കുറ്റബോധം തോന്നുകയും പരസ്പരം ആലിംഗനബദ്ധരായി സാഹോദര്യം പ്രകടമാക്കുകയും ചെയ്തു. ഖുർആൻ ആ വിഷയത്തെ ഇങ്ങിനെ ഓർമ്മിപ്പിക്കുന്നു “ ”വിശ്വസിച്ചവരേ, അല്ലാഹുവിനെ സുക്ഷിക്കേണ്ടവിധം സൂക്ഷിക്കുക. മുസ്‌ലിംകളായല്ലാതെ മരിക്കരുത്. അല്ലാഹുവിന്റെ പാശം ഒന്നിച്ച് മുറുകെപിടിക്കുക. ഭിന്നിക്കായ്ക. നിങ്ങൾക്ക് നൽകിയ അല്ലാഹുവിന്റെ അനുഗ്രഹം ഓർമിക്കുക. നിങ്ങൾ ശത്രുക്കളായിരുന്ന സന്ദർഭം, നിങ്ങളുടെ ഹൃദയങ്ങളെ അവൻ കൂട്ടിയിണക്കിയല്ലോ. അവന്റെ അനുഗ്രഹം വഴി നിങ്ങൾ സഹോദരങ്ങളായിത്തീർന്നു. നരകക്കുണ്ടിന്റെ വക്കിലാണ് നിങ്ങളുണ്ടായിരുന്നത്. അവൻ അതിൽനിന്നും നിങ്ങളെ രക്ഷിക്കുകയായിരുന്നു.”

പ്രസ്തുത ഖുർആൻ വചനം ഇങ്ങിനെ വിശദീകരിക്കാം. നാം ആരെയാണോ ശത്രുവായി കാണുന്നത് അവർക്കെതിരെയാണ് നാം നമ്മുടെ ശക്തിയും ബുദ്ധിയും ഉപയോഗിക്കാറ്. അതിനിടയിൽ യതാർത്ഥ ശത്രു രക്ഷപ്പെടുകയും ചെയ്യുന്നു. തന്റെ സഹോദരനെ തന്നെ തന്റെ ശത്രുവായി കാണാൻ യാതാർത്ഥ ശത്രു നമ്മെ നിർബന്ധിക്കും. പലപ്പോഴും ആ കെണിയിൽ വീണു പോകുന്നവരാണ് അധികവും. ജാഹിലിയ്യ കാലത്ത് പരസ്പരം യുദ്ധം ചെയ്ത സമൂഹം അതിൽ പാശ്ചാതാപം നടത്തിയാണ് ഇസ്ലാമിലേക്ക് കടന്നു വന്നത്. ഒരു വേള ശത്രുവിന്റെ കെണിയിൽ പെട്ട് അവർ തങ്ങളുടെ അവസ്ഥ മറന്നു പോയി. അതും പ്രവാചകൻ ജീവിച്ചിരിക്കെ. ഇത്തരം സംഭവങ്ങൾ പ്രവാചക കാലത്ത് അവസാനിച്ചു എന്ന് നാം കരുതരുത്. “ “നിങ്ങളെ സ്വമതത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവർ യുദ്ധംചെയ്തുകൊണ്ടേയിരിക്കും” എന്നതും ഒരു ഖുർആനിക മുന്നറിയിപ്പാണ്. എന്ത് കൊണ്ട് പശ്ചിമേഷ്യ ലോകത്തിന്റെ ശ്രദ്ധാ പ്രദേശമാകുന്നു എന്ന ചോദ്യത്തിന് പല ഉത്തരവും സാധ്യമാണ്. ഒന്ന് സമ്പത്താണ്. മറ്റൊന്ന് അവിടുത്തെ ഭൂരിപക്ഷ മതവും. ഒരിക്കൽ ലോകത്തെ തന്നെ നിയന്ത്രിച്ച ദർശനമാണ്‌ ഇസ്ലാം . യൂറോപ്പിന് അത് കൃത്യമായി അറിയാം. അത് കൊണ്ട് തന്നെ ഇസ്ലാമിനെതിരെ അവർ എന്നും ജാഗരൂകരായി കഴിയുന്നു.

ഒരിക്കൽ അറബ് ലോകത്ത് നിന്നാണ് ഇസ്ലാം യൂറോപ്പിലേക്ക് യാത്ര ചെയ്തത്. ആ ദർശനം ഇന്നും അവിടെയുണ്ട്. അതിനു പഴയ രൂപവും ഭാവവുമില്ല എന്ന് അവർക്കറിയാം. തുർക്കിയുടെ വീഴ്ചയോടെ അവസാന ഖിലാഫതും ലോകത്ത് നിന്ന് അപ്രത്യക്ഷമായിരുന്നു. അവിടെ നിന്നാണ് ലോകത്ത് പലയിടത്തും ഇസ്ലാമിക പ്രസ്ഥാനങ്ങൾ രൂപം കൊണ്ടത്. ഇസ്ലാം ഒരു കേവല മതം എന്നതിനേക്കാൾ ഇസ്ലാം ഒരു ജീവിത ദർശനം എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങൾ പറയാൻ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ അത്തരം പറയലുകൾ മുളയിലേ നുള്ളിക്കളയാൻ തൽപ്പര കക്ഷികൾ ശ്രദ്ധ പുലർത്തുന്നു. പ്രവാചകൻ ആഗതനായപ്പോൾ മദീനയിൽ പ്രകടമായ എതിർപ്പുമായവന്നവരാണ് വേദക്കാർ. പലപ്പോഴും അവരുടെ എതിർപ്പ് നേർക്ക്‌ നേരെയായിരുന്നില്ല. “ വേദവിശ്വാസികളിലൊരുപറ്റം പറയുന്നു: ‘ഈ പ്രവാചകനിൽ വിശ്വസിച്ചവർക്ക് അവതരിച്ചിട്ടുള്ളതിൽ രാവിലെ നിങ്ങൾ വിശ്വസിച്ചുകൊള്ളുക; വൈകുന്നേരം അതിനെ തള്ളിപ്പറയുകയും ചെയ്യുക. ഒരുപക്ഷേ, നമ്മുടെ ഈ തന്ത്രം വഴി ഇക്കൂട്ടർ അവരുടെ വിശ്വാസത്തിൽനിന്നു മടങ്ങിയേക്കാം.” . നേർക്ക്‌ നേരെ മുസ്ലിംകളെ ഇല്ലാതാക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ശത്രുവിന് ആദ്യം മുതൽ തന്നെ ഉണ്ടായിരുന്നു. അതിനവർ കണ്ടെത്തിയ തന്ത്രമാണ് മുസ്ലിംകളെ ഭിന്നിപ്പിക്കുക എന്നതും.

നിങ്ങൾ ഭിന്നിക്കരുത് എന്ന് പലപ്പോഴായി ഖുർആൻ പറയുന്നുണ്ട്. അഭിപ്രായ വ്യത്യാസം മനുഷ്യ സഹജമാണ്. അത് ഒരിക്കലും ശത്രിവിനു ആയുധമാകാൻ പാടില്ല. അറബ് ലോകത്ത് ഒന്നിക്കാനുള്ള ഘടകങ്ങൾ കൂടുതലാണ്. എന്നിട്ടും ഭരണാധികാരികൾ ഭിന്നിപ്പിന്റെ കാരണം കണ്ടെത്തുന്നു എന്നത് ഒരു ദുരന്തമായി അവശേഷിക്കും. നമ്മുടെ നാടൻ ഭാഷയിൽ പറഞ്ഞാൽ “ ഉള്ളി തൊലിച്ചതു പോലെ” എന്നെ പുതിയ സംഭവ വികാസങ്ങളെ കുറിച്ച് പറയാൻ കഴിയൂ. എന്തിനാണ് ഖത്തർ ഉപരോധം എന്ന് ജനം പരസ്പരം ചോദിച്ചതാണ്. അന്നും ആർക്കും ഒരു ഉത്തരവും കിട്ടിയില്ല. ഇന്നും അത് തന്നെ. അന്താരാഷ്ട്ര നിലവാരത്തിൽ നിന്നും ദേശീയ തലത്തിലേക്കും പ്രാദേശിക തലത്തിലേക്കു വന്നാലും അവസ്ഥ മാറുന്നില്ല. നമ്മുടെ നാട്ടിൽ വാർത്താ മാധ്യമങ്ങളുടെ പ്രധാന വാർത്തകൾ മുസ്ലിം സംഘടനകളുടെ നിലപാടുകളാണ്.

കേരള മുസ്ലിം സമുദായത്തിൽ ഇരു സമസ്തകൾക്കും വലിയ സ്ഥാനമുണ്ട്. അത് കൊണ്ട് തന്നെ സമസ്ത രാഷ്ട്രീയത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും വലിയ ആശങ്കയും പ്രതീക്ഷയുമാണ്‌. രാഷ്ട്രീയം ഒരു നിലപാടിന്റെ കൂടി പേരാണ്. പക്ഷേ കേരളത്തിലെ മത സംഘടനകൾക്ക് സ്വന്തമായി ഒരു വോട്ടു ബാങ്ക് ഇല്ലെന്നു വേണം പറയാൻ. അല്ലെങ്കിൽ അണികളുടെ രാഷ്ട്രീയത്തിൽ സംഘടന നേതൃത്വം ഇടപെടാറില്ല എന്നതാണ് കൂടുതൽ ശരി. തങ്ങൾ മത വിഷയങ്ങളിൽ മാത്രമേ നിലപാട് പറയൂ എന്ന ഉറച്ച നിലപാടിലാണ് മത സംഘടനകൾ. അത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികൾക്ക് നിലപാട് പറയാൻ മേഖല വളരെ വലുതാണ്.

ഖത്തർ അമീർ സഊദിയില വന്നിറങ്ങി സഊദി ഭരണാധികാരിയെ കെട്ടിപ്പിടിച്ചപ്പോൾ അലിഞ്ഞു പോയത് ഒരു പാട് കാലം കെട്ടിയുണ്ടാക്കിയ വിദ്വേഷത്തിന്റെ വേലികളാണ്. കേരളത്തിലെ മുസ്ലിം സംഘടനകൾ ഒന്നിച്ചിരുന്നു സംസാരിച്ചാൽ തീരുന്നതാണ് ഈ വൈകാരികത. അഭിപ്രായ വ്യത്യാസം അത് ലോകാവസാനത്തോടെ മാത്രമേ അവസാനിക്കൂ. അതെ സമയം പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ സ്വയം ഉണ്ടാക്കുന്നതല്ല പകരം ശത്രു ഉണ്ടാക്കുന്നതാണ് എന്ന തിരിച്ചറിവിൽ നിന്ന് മാത്രമേ ഇ സമുദായം രക്ഷപ്പെടൂ. ട്രംപിൽ രക്ഷകനെ കണ്ടു എന്നതാണ മുസ്ലിം ലോകം ചെയ്ത വലിയ അപരാധം . സ്വന്തം ജനതയ്ക്ക് തന്നെ അപമാനമായി അദേഹം മാറിയിരിക്കുന്നു. അത് മുൻകൂട്ടി തിരിച്ചറിയാൻ കഴിയാതെ പോയി എന്നത് ഒരു കുറ്റമായി പറയാൻ കഴിയില്ല. അങ്ങിനെ മാത്രമേ അവർക്ക് കഴിയൂ എന്നതാണ് കൂടുതൽ ശരി.

ശത്രുവിന്റെ കയ്യിൽ വടി കൊടുത്തു എന്നെ ആക്രമിക്കൂ എന്ന് ആവശ്യപ്പെടുന്ന ജനതയായി നാം മാറരുത്. ഇസ്ലാം സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള പ്രസ്ഥാനമാണ് എന്ന്കൂടി നാം ഓർക്കാതെ പോകരുത്.

Related Articles