Columns

ദുരന്തങ്ങളെ കൈകൊട്ടി വിളിക്കാതിരിക്കുക

പ്രഭാത നമസ്കാരത്തിന് ശേഷം ഖുര്‍ആന്‍ കയ്യിലെടുത്തപ്പോള്‍ വന്ന പേജ് ലുഖ്മാന്‍ അധ്യായത്തിന്റെ അവസാന ഭാഗമാണ്. ആ വരികളില്‍ എന്റെ ശ്രദ്ധ ഒരിക്കല്‍ കൂടി ഉടക്കി “ ആ അന്ത്യനിമിഷം സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. അവനത്രെ മഴ പെയ്യിക്കുന്നത്. ഗര്‍ഭാശയങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതെന്തെന്നും അവന്‍ അറിയുന്നു. നാളെ താന്‍ എന്താണ് സമ്പാദിക്കാനിരിക്കുന്നതെന്ന് ഒരു ജീവിയും അറിയുന്നില്ല. ഏതു മണ്ണിലാണ് താന്‍ മരിക്കുകയെന്നും ഒരാളും അറിയുന്നില്ല. അല്ലാഹു മാത്രമാകുന്നു ഒക്കെയും അറിയുന്നവനും തികഞ്ഞ ധാരണയുള്ളവനും” പ്രസ്തുത വചനത്തിന്റെ വിശദീകരണം ഇങ്ങിനെ വായിക്കാം “ ….. നാളെ നിങ്ങള്‍ക്കുതന്നെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നുപോലും നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഒരാകസ്മിക സംഭവം നിങ്ങളുടെ ഭാഗധേയം കീഴ്‌മേല്‍ മറിച്ചുകൂടെന്നില്ല. അതിന് ഒരുനിമിഷം മുമ്പുവരെ നിങ്ങളതേക്കുറിച്ച് അജ്ഞരാണ്. നിങ്ങളുടെ ഈ ജീവിതം എവിടെ എങ്ങനെ പര്യവസാനിക്കുമെന്നതിനെക്കുറിച്ചും നിങ്ങള്‍ തികഞ്ഞ അജ്ഞരാണ്. ഈ വിവരങ്ങളെല്ലാം അല്ലാഹു സ്വസന്നിധിയില്‍ സൂക്ഷിച്ചിരിക്കുന്നു. അവയില്‍ ഒരു വിവരവും നിങ്ങള്‍ക്ക് തന്നിട്ടില്ല. അതില്‍ ഓരോ കാര്യവും അറിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് തക്കസമയത്ത് ഒരുങ്ങിയിരിക്കാമായിരുന്നു. പക്ഷേ, ഇക്കാര്യങ്ങളിലെല്ലാം അല്ലാഹുവിന്റെ വിധിയിലും നിശ്ചയത്തിലും ഭരമേല്‍പിക്കുകയല്ലാതെ മനുഷ്യന്ന് ഗത്യന്തരമില്ല. അപ്രകാരംതന്നെ ലോകാവസാനത്തെക്കുറിച്ചും അല്ലാഹുവിന്റെ തീരുമാനത്തില്‍ വിശ്വസിക്കുകയേ വഴിയുള്ളൂ. …..”

നമ്മുടെ ചര്‍ച്ചകള്‍ ഇതൊന്നുമായിരുന്നില്ല. നാം ഇന്ത്യക്കാര്‍ ചര്‍ച്ച ചെയ്തിരുന്നത് എന്‍ ആര്‍ സി യും പൗരത്വ വിഷയവുമൊക്കെയായിരുന്നു. ലോകത്തിന്റെ പല ഭാഗത്തും ചര്‍ച്ചകള്‍ പലതായിരുന്നു. അതിനിടയില്‍ ഒരു യുദ്ധത്തിന്റെ കരിമേഘങ്ങള്‍ വരെ നാം കണ്ടു. അമേരിക്കയും ഇറാനും നേര്‍ക്ക്‌ നേര്‍ വന്നു. അപ്പോഴാണ് നാം അറിയാതെ ചൈനയില്‍ ഒരു പുതിയ വൈറസ് രംഗ പ്രവേശനം ചെയ്തത്. നാമതിനെ കാര്യമാക്കി എടുത്തില്ല. ആയിരക്കണക്കിനു കിലോമീറ്റര്‍ ദൂരെ എന്തും സംഭവിച്ചാലും നമ്മെ ബാധിക്കില്ല എന്ന് നാം തീരുമാനിച്ചു. നമുക്കത് പത്രങ്ങളുടെ പിന്‍ ഭാഗത്ത്‌ ഒരു പെട്ടിക്കോളം വാര്‍ത്ത മാത്രമായി അവസാനിച്ചു. പിന്നെയാണ് നാം അറിഞ്ഞത് വൈറസ് അവിടെ നിന്നും പുറത്തു കടന്നെന്ന്. അപ്പോഴും നാം സുരക്ഷിതരായി അഭിനയിച്ചു. ഓരോ ദിവസവും പുതിയ രാജ്യങ്ങളെ തേടി വൈറസ് യാത്ര തുടര്‍ന്നു .

അവസാനം അത് നമ്മുടെ ഗ്രാമത്തിലുമെത്തി . ഇപ്പോള്‍ ലോകം ഒരേ ബിന്ദുവിലേക്ക് ചുരുങ്ങിയിരിക്കുന്നു. വലിയ പട്ടണങ്ങളും ചെറിയ ഗ്രാമങ്ങളും ഒരേ വിഷയം മാത്രമണ്‌ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ഇതുവരെ ലോകത്തിന്റെ ചര്‍ച്ചകള്‍ സ്വന്തത്തെ കുറിച്ച് മാത്രമായിരുന്നു. ഇന്ന് ലോകം ആദ്യമായി മനുഷ്യനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. മൊത്തം മരണ സംഖ്യ എന്ന് പറയുമ്പോള്‍ അത് ലോകത്ത് മരണപ്പെട്ട മുഴുവന്‍ മനുഷ്യരും ഉള്‍പ്പെടും. ലോകത്തില്‍ നിന്നും പൂര്‍ണമായി ഈ വൈറസ് ഇല്ലാതായെങ്കില്‍ മാത്രമേ ലോകം സുരക്ഷിതമാകൂ എന്ന് എല്ലാവരും തിരിച്ചറിയുന്നു. അവിടെ മതമോ ജാതിയോ രാജ്യമോ വര്‍ഗമോ വര്‍ണമോ പ്രസക്തമല്ല. മനുഷ്യന്‍ എന്നത് മാത്രമാണ് പ്രാധാന്യം. ഇപ്പോള്‍ എല്ലാ മനുഷ്യര്‍ക്കും തുല്യ അകലമാണ്. അവിടെയുമില്ല ജാതിയും മതവും. സവര്‍ണനും അവര്‍ണനും. എല്ലാവരും തുല്യരാണ്.

Also read: കോവിഡ്: ജാഗ്രത പാലിക്കാന്‍ ഇനിയും വിമുഖത കാട്ടുന്നവര്‍

ആഫ്രിക്കന്‍ രാജ്യങ്ങള്‍ യുറോപ്പിലെക്കുള്ള വാതിലുകള്‍ അടക്കുന്ന വാര്‍ത്തയും നാം വായിക്കുന്നു. വികസ്വര രാജ്യങ്ങള്‍ വികസിത രാജ്യങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വരുന്നു. അങ്ങിനെ പലതും നാം പുതുതായി കേള്‍ക്കുന്നു. സാങ്കേതികതയില്‍ മുന്നിട്ടു നല്‍ക്കുന്ന രാജ്യങ്ങള്‍ തന്നെ ദുരന്തത്തിലും മുന്നിട്ടു നില്‍ക്കുന്നു എന്നതും നമ്മുടെ മുന്നിലെ സത്യമാണ്. മുങ്ങി താഴുന്നവന് കച്ചിതുരുമ്പ് വലിയ ആശ്വാസമാണ് എന്നത് പോലെയാണ് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ.

മനുഷ്യനാണ് വലുത് എന്ന ചിന്ത ലോകത്തിനു നല്‍കാന്‍ കൊറോണക്ക് കഴിഞ്ഞിട്ടുണ്ട്. ഞാന്‍ മാത്രം സുരക്ഷിതമായാല്‍ ലോകം സുരക്ഷിതമാകില്ല എന്ന ബോധവും തിരിച്ചു വന്നിട്ടുണ്ട്. ആ ബോധമാണ് നമുക്ക് നഷ്ടമായതും. ഞാന്‍, ഞങ്ങള്‍ എന്നതിലേക്ക് മനുഷ്യരും രാജ്യങ്ങളും ഗോത്രങ്ങളും മതങ്ങളും ചുരുങ്ങിയ കാലത്ത് അതില്‍ നിന്നും പുറത്തു കടക്കാനുള്ള നല്ല മാര്‍ഗമാണ് കൊറോണ ലോകത്തിനു നല്‍കിയത്.

ഓരോ ദുരന്തത്തിലും ഒരു പാഠമുണ്ട് എന്നാണ് ആപ്തവാക്യം. കൊറോണ നൂറ്റാണ്ടിന്റെ ദുരന്തമാണ്. അതിലും നമുക്ക് പാഠമുണ്ട്. ലോകം മുഴുവന്‍ ഇന്ന് ഒരേ ദുരന്തത്തെ നേരിടുന്നു. ഒരേ രീതിയില്‍ സംസാരിക്കുന്നു. രോഗവും രോഗിയുമാണ് മുഖ്യം. അത് തന്നെയാണു ഈ ദുരന്തം നല്‍കുന്ന പാഠവും. ദൈവം ആദരിച്ച മനുഷ്യനെ മനുഷ്യരും പരസ്പരം ആദരിക്കാന്‍ തയ്യാറാകണം. “ അടിമ തന്റെ സഹോദരനെ സഹായിക്കുന്ന കാലത്തോളം മാത്രമേ അടിമയെ ദൈവം സഹായിക്കൂ “ എന്ന പ്രവാചക വചനവും ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തു വെക്കണം.

Also read: എല്ലാം ഞാന്‍ റബ്ബിനോട്‌ പറഞ്ഞു കൊടുക്കും

എല്ലാം മനസ്സിലാക്കി പ്രതിവിധി കണ്ടു എന്ന് വീമ്പു പറയുന്ന ലോകത്തിനു മുന്നില്‍ സ്വന്തത്തിന്റെ നിലനില്‍പ്പ്‌ പോലും അറിഞ്ഞിട്ടില്ല എന്ന തിരിച്ചരിവിലെക്കും കൊറോണ നമ്മെ കൊണ്ടെത്തിക്കും. നാളെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് മനുഷ്യന്‍ എന്നും അജ്ഞനാണ്. നാളെയെ കുറിച്ച് പറയാനാണ് ഓരോ മതത്തിലെയും പുരോഹിതര്‍ സമയം കളയാര്. ജീവിക്കുന്ന ഇന്നാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രാധാന്യം. അതിനെ അവര്‍ അവഗണിക്കുന്നു. നാളെയുടെ പേരില്‍ അവര്‍ ജനത്തെ ഭയപ്പെടുത്തുന്നു. ഇന്നിനെ അവരും ഭയക്കുന്നു. ഓരോ ദുരന്തവും അനുഗ്രഹമാക്കി തീര്‍ക്കുക എന്നതാണ് പുരോഹിതരും വൈറസും ചെയ്യുന്നത്. ഇപ്പോഴും അവര്‍ അത് ചെയ്തു കൊണ്ടിരിക്കുന്നു. ജനത്തെ ചൂഷണം ചെയ്യാന്‍ അവര്‍ മത്സരിക്കുന്നു. ഒരു മതം എന്നത് അതിനു തടസ്സമല്ല. നാളെയെ കുറിച്ച് അറിയാന്‍ കഴിഞ്ഞിരുന്നെകില്‍ കൂടുതല്‍ പുണ്യം ചെയ്യാമായീരുന്നു എന്ന് പറഞ്ഞത് മുഹമ്മദ് നബിയാണ് എന്ന് കൂടി നാം ചേര്‍ത്ത് വയ്ക്കണം. മനുഷ്യന് മാര്‍ഗ ദര്‍ശനം നല്‍കാന്‍ ദുരന്തങ്ങള്‍ക്ക് കഴിയും. ആ തിരിച്ചറിവാണ് അടുത്ത ദുരന്തത്തില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തുക.

Facebook Comments
Related Articles
Close
Close