വിവാഹമോചനവുമായി ബന്ധപ്പെട്ട, കോടതിയുടെ വിവാദപരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാര്യം വീണ്ടും ഓർമിക്കട്ട.
മുസ്ലിംകളുടെ വിവാഹസമയത്ത് ഉഭയകക്ഷി കരാർ സാക്ഷികളുടെ സാന്നിധ്യത്തിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ വധുവിന്റെ വലിയ്യിന് (വധു നേരിട്ടാവുന്നതിലും യാതൊരു വിരോധവുമില്ലെന്ന് ഞാൻ പറയും, നാട്ടുനടപ്പങ്ങനെയല്ലെങ്കിലും) ഖത്വീബ് ചൊല്ലിക്കൊടുക്കുന്ന കരാർ പ്രമാണത്തിൽ ആദ്യം തന്നെ ഒരു വാചകം വരും. “ഉസവ്വിജുക അലാ മാ അമറല്ലാഹു ബിഹി, മിൻ ഇംസാകിൻ ബി മഅ്റൂഫിൻ അവ് തസ്‌രീഹിൻ ബി ഇഹ്സാൻ”. അല്ലാഹു കൽപിച്ചത് പ്രകാരം നിനക്ക് വിവാഹം ചെയ്തു തരുന്നു, ഇനിയങ്ങോട്ട് നിങ്ങൾ ഒരുമിച്ച് പൊറുക്കുകയാണെങ്കിൽ പരസ്പരം അംഗീകരിച്ചും ആദരിച്ചും മര്യാദക്ക് പൊറുക്കണം, ഒരുമിച്ച് പൊറുക്കാൻ പറ്റില്ലെങ്കിൽ അന്യോന്യം നന്മ നേർന്ന് മര്യാദക്ക് സലാം പറഞ്ഞ് സൌഹൃദം നിലനിർത്തിക്കൊണ്ട് പിരിയണം എന്നർത്ഥം.
ഒരു പൌരോഹിത്യത്തെ അനിവാര്യമാക്കുന്ന യാതൊരു ചടങ്ങും ആരാധനകളിൽപ്പോലും ഇസ്ലാമിലില്ല. വിവാഹം പോലുള്ള സാമൂഹികാചാരങ്ങളുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. എന്നാലും പൊതുവെ ഇത്തരം കാര്യങ്ങളിൽ ഒരു സമ്പ്രദായം രൂപപ്പെട്ടു വന്നിട്ടുണ്ട്. കാര്യങ്ങളുടെ രീതികളിൽ പിടിപാടുള്ള ഒരാൾ പറഞ്ഞു കൊടുക്കാനുള്ളത് നല്ലതാണ്. പ്രഥമവും പ്രധാനവുമായ ഒരു മെരറ്റൽ കൌൺസലിങ് എന്ന നിലക്ക് അയാൾ ഒരു ഖുത്ബയും നിർവഹിക്കും. എന്തെന്നാൽ വിവാഹം, ലൈംഗികത പോലുള്ള കാര്യങ്ങളും ഇസ്ലാം ആധ്യാത്മികവൃത്തികളിലാണ് പരിഗണിക്കുന്നത്.
ഇത് കേൾക്കുമ്പോൾ, പിന്നീട് സ്വയം ഒരു ഖത്വീബ് പട്ടം എടുത്തണിയേണ്ടി വന്നപ്പോഴും ആദ്യമൊക്കെ എനിക്ക് തോന്നാറുള്ള ഒരു യമണ്ടൻ സംശയമുണ്ടായിരുന്നു. രണ്ടുപേർ ചേർന്ന് ഒരൊറ്റ ജീവിതം ആരംഭിക്കുന്ന സമയത്ത് തന്നെ പറയേണ്ട ഒരു കാര്യമാണോ ഇത്? പൂർണമനസ്സുണ്ടെങ്കിൽ ഒന്നിച്ചു പൊറുക്കണം, ഇല്ലെങ്കിൽ മര്യാദക്ക് പിരിഞ്ഞു പൊയ്ക്കൊള്ളണം എന്നാണല്ലോ പറയുന്നത്. എന്തൊക്കെയായാലും ഇതിലൊരു വൈരുദ്ധ്യമുണ്ടല്ലോ. എന്റെ ഖത്വീബ് ജീവിതത്തിന്റെ ആദ്യകാലത്തൊക്കെ കരാർ വാക്യം പറഞ്ഞു കൊടുക്കുമ്പോൾ ആ വാചകം വിട്ടുകളയാറായിരുന്നു പതിവ്. ഖുർആനിൽ ആ വാചകമുണ്ട്. എന്നാൽ അത് വിവാഹമോചനത്തെപ്പറ്റി പരാമർശിക്കുന്നിടത്താണ്.
പക്ഷേ, പിന്നെയെനിക്ക് തോന്നി ശരിക്കും അതൊരു നല്ല വർത്താനമല്ലേ? പഹയന്മാരേ, വിവാഹം എന്ന് പറഞ്ഞാൽ പവിത്രമാണ്, മീഥാഖുൻ ഗലീളാണ് അഥവാ ഭദ്രവും കെട്ടുറപ്പുള്ളതുമായ കരാറാണ്, ഒക്കെ ശരിയാണ്. രണ്ടു പേരും അവരവരുടെ അഭിനിവേശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയും അനാവശ്യമായി പരസ്പരം ഇടപെടാതെയും പരസ്പരം അറിഞ്ഞ് ആദരിച്ച് മുന്നോട്ട് പോകുന്ന ഒരു പ്രക്രിയയാണ് ദാമ്പത്യം എന്ന് പറയുന്നത്. എന്നാലും ഒരുമിച്ച് പോകാൻ പറ്റാത്ത വിധം രണ്ടു പേർക്കുമിടയിൽ ചേർച്ചക്കുറവുണ്ടെങ്കിലോ? ജീവിതകാലം മുഴുവൻ സഹിക്കണോ? (കൂട്ടത്തിലൊരു തമാശ. ഇംസാക് എന്ന പദത്തിന് constipation എന്നും അർത്ഥമുണ്ട്..!) വേണ്ട, പിരിയണം. പക്ഷേ ശത്രുക്കളായല്ല പിരിയേണ്ടത്. നിങ്ങൾ വേർപിരിയുന്നതു കൊണ്ട് സമൂഹത്തിനോ, എന്തിന് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പോലുമോ യാതൊരു തരത്തിലുള്ള പ്രയാസവുമുണ്ടാവരുത്. പരസ്പരമുള്ള ലൈംഗികത അവസാനിച്ചു. നിങ്ങൾ തമ്മിൽ ശാരീരികമായ ബന്ധമോ രതിയോ ഉണ്ടാകുന്നത് മേലിൽ നിഷിദ്ധവും പാപവും തന്നെയാണ്.
എന്നാൽ ഒരേ കുഞ്ഞുങ്ങളുടെ ഉമ്മയും ഉപ്പയും എന്ന നിലക്ക് ആ കുഞ്ഞുങ്ങളുടെ ജീവിതാവസാനം വരെ നിങ്ങൾ തമ്മിൽ എന്തോ ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. അന്നിലക്ക് പരസ്പരം ബാധ്യതയുമുണ്ട്. നിങ്ങൾക്കിടയിലുള്ള പ്രശ്നം എന്തുമാവട്ടെ. ഇനിയങ്ങോട്ട് നിങ്ങളോരോരുത്തരുടെയും ജീവിതത്തിൽ അത് പ്രശ്നമാവരുത്. നിങ്ങൾ വിവാഹമുക്തനോ വിവാഹമുക്തയോ ആയി ജീവിതം മുന്നോട്ട് തള്ളിത്തള്ളി, ഉന്തിത്തള്ളി, വിധിയെ പഴിച്ച്, നാട്ടുകാരുടെ പഴി കേട്ട് ജീവിക്കുകയുമരുത്. സംഗതി നല്ല ആശയമല്ലേ? ഇംസാകുൻ ബിമഅ്റൂഫിൻ അവ് തസ്‌രീഹുൻ ബിഇഹ്സാൻ.
നമുക്ക് ഒരുപക്ഷേ ചിന്തിക്കാൻ പോലുമാവില്ല. വിവാഹത്തിലും വ്യവഹാരത്തിലും വേർപിരിയലെന്നാൽ ആജന്മശത്രുത എന്നതാണല്ലോ നമ്മുടെ നടപ്പുശീലം. സത്യത്തിൽ പുനർവിചിന്തനത്തിന് രണ്ടുവട്ടം അവസരം തരുന്നു എന്നതാണ് ഇസ്ലാമിലെ വിവാഹമോചനരീതിയുടെ സവിശേഷത. എന്നുവെച്ചാൽ പിരിഞ്ഞവർക്ക് തന്നെ പുനരാലോചന നടത്തി വീണ്ടും ഒരുമിക്കാം. അതിന് രണ്ട് ചാൻസുകൾ. മൂന്നാമതും പിരിഞ്ഞാൽ അതൊരു പിരിയലായിത്തന്നെ പരിഗണിക്കും. എന്നാലോ, പുനരാലോചനക്ക് അനുവാദവും അവസരവും തരുന്ന ആദ്യ രണ്ട് സന്ദർഭങ്ങളിലും പുനരാലോചന നടത്തിയേ തീരൂ എന്ന നിർബ്ബന്ധമൊട്ടില്ല താനും. പിരിയണമെങ്കിൽ പിരിയാം. എന്നാൽ വെറുക്കാൻ വേണ്ടി ഒരുമിച്ച് ജീവിക്കരുത്. Wedlock എന്നാണ് പറയാറുള്ളതെങ്കിലും ദാമ്പത്യം ഒരു ലോക്ക് ആവരുത്.
ദമ്പതികൾക്കായി അല്ലാഹു നൽകുന്ന വിശേഷപ്പെട്ട രണ്ട് സമ്മാനങ്ങളെപ്പറ്റി പറയുന്നുണ്ട് ഖുർആൻ. മവദ്ദത് അഥവാ പ്രണയം, റഹ്മ അഥവാ കരുണ എന്നിവയാണവ. അല്ലാഹു നേരിട്ടെത്തി വിവാഹസമ്മാനം നൽകുന്ന പതിവില്ലാത്തതു കൊണ്ട്, തങ്ങൾക്കിടയിൽ അവൻ നിക്ഷേപിക്കുന്ന ഈ ഖനികളെ കണ്ടെടുത്ത് ജീവിതത്തെ മധുരമുള്ളതാക്കിത്തീർക്കാനുള്ള ബാധ്യത വെഡ്‌ലോക്കിലൂടെ ഒരുമിക്കുന്ന ഇണകൾക്ക് തന്നെയാണ്. എത്ര ശ്രമിച്ചാലും അവരിരുവർക്കൊരുമിച്ച് ഈ നിക്ഷേപങ്ങൾ കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിലോ?
പങ്കാളികളെ മാറ്റി ഇരുവരും രണ്ട് വഴിയിൽ അവ അന്വേഷിക്കുക തന്നെ. ആണിനായാലും പെണ്ണിനായാലും ഒറ്റക്ക് ജീവിക്കുന്ന സാഹചര്യം ഉണ്ടാക്കരുത്. അത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. ഇഹത്തിലും പരത്തിലും മനുഷ്യൻ ദൈവാനുഗ്രഹങ്ങളാണ് തേടുന്നത്. ചിലർ അത് ദൈവാനുഗ്രഹമാണ് എന്ന് വിശ്വസിച്ചു കൊണ്ട് തേടുന്നു, ചിലരത് വിശ്വസിക്കാതെയും. വിശ്വാസികളാണെങ്കിലും അവിശ്വാസികളാണെങ്കിലും എല്ലാവരും തേടുന്നത് ദൈവാനുഗ്രഹങ്ങൾ തന്നെ.
അതിനാൽ പൂർവജീവിതം ആർക്കും ഒരു ബാധ്യതയാവരുത്, ആക്കരുത്. ഒന്നിച്ചു പോകില്ലെങ്കിൽ പിരിയുന്നതാണ് നന്മ, അതാണ് സന്തോഷവും. താലിച്ചരടിനായാലും മഹറിനായാലും അവനവൻ്റെ അഥവാ അവളവളുടെ ജീവിതത്തെക്കാൾ പവിത്രതയൊന്നുമില്ല.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp