Current Date

Search
Close this search box.
Search
Close this search box.

വെളിച്ചവും തെളിച്ചവും നിറഞ്ഞ ഋജുവായ പാതയെന്നാല്‍

മത മുക്തനായി മനുഷ്യനാകുക എന്ന ശാഠ്യം കലര്‍ന്ന പ്രചരണം സോഷ്യല്‍ മീഡിയാ വര്‍ത്തമാനമായി നിരന്തരം ഒഴുക്കിക്കൊണ്ടിരിക്കുന്നു. മനുഷ്യനാകാനുള്ള മാനദണ്ഡം മതം ഉപേക്ഷിക്കുന്നതാണെന്നു പ്രഖ്യാപിക്കാനും പ്രചരിപ്പിക്കാനും മാത്രം എന്ത് അത്ഭുതമാണ് ഇവിടെ നടന്നത്. കൊല്ലും കൊലവിളിയും പരസ്പര വൈര്യവും പ്രത്യക്ഷമായും പരോക്ഷമായും കൊട്ടിത്തിമര്‍ക്കുന്നവരാണ് ഈ ‘മാസ്മരിക വര്‍ത്തമാനത്തിന്റെ’ പ്രായോജകര്‍. തങ്ങളുടെ വീക്ഷണങ്ങളോട് വിയോജിക്കുന്നവരെ എന്തു മാര്‍ഗവും ഉപയോഗിച്ച് വകവരുത്താനും വരുതിയിലാക്കാനും അഹോരാത്രം പരിശ്രമിക്കുന്നവരുമാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്. എണ്ണിയെണ്ണി ഉണ്ട ഉതിര്‍ക്കുന്നവരുടേയും എണ്ണിയാലൊടുങ്ങാത്ത വെട്ടി നുറുക്കലുകളില്‍ അരങ്ങിലും അണിയറയിലും പണിയെടുക്കുന്നവരുടേയും അണികളില്‍ മനുഷ്യനാകാന്‍ പ്രേരണയുണ്ടാകുന്ന ഘടകമേതായിരിക്കും.

വിശ്വാസികള്‍ മതമുള്ളവര്‍ നിഷേധികള്‍ മതം ഇല്ലാത്തവര്‍ എന്ന വിവക്ഷ പോലും ശരിയല്ല. ദൈവ വിശ്വാസം ഒരു മതമാണ് എന്നതു പോലെ ദൈവ നിഷേധവും മതം തന്നെയാണ്. വിരോധികളെ അരിഞ്ഞു വിഴ്ത്തുന്ന കാര്യത്തില്‍ നിഷേധികള്‍ കാണിച്ചു കൊണ്ടിരിക്കുന്ന കൊടും ക്രുരതകളും ഭീകര വിളയാട്ടവും ഒരു പുതിയ വര്‍ത്തമാനമൊന്നും അല്ല. എന്നിട്ടും മനുഷ്യനാകാന്‍ നിഷേധിയായാല്‍ മതി എന്ന് പറയാന്‍ കാണിക്കുന്ന ആവേശം അത്ഭുതപ്പെടുത്തുന്നു. ഇതിന്നര്‍ഥം കേവലം വിശ്വാസിയാകുന്നതോടെ മനുഷ്യനാകും എന്നുമല്ല.

പ്രപഞ്ച നാഥന്‍ എന്ന പരികല്‍പനയുടെ പ്രഭാപൂരം ഉള്‍കൊള്ളാന്‍ ഈ സമൂഹത്തിലെ വിശ്വാസികള്‍ എന്ന് കൊട്ടും കുരവയുമായി ആര്‍ത്തുല്ലസിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ലായിരിക്കണം. യഥാര്‍ഥ ധര്‍മ്മ ബോധത്തിന്റെ അഭാവത്തില്‍ ഈശ്വര സങ്കല്‍പത്തെ മനുഷ്യ പ്രകൃതിയിലേയ്ക്ക് ചുരുക്കി കെട്ടാന്‍ ശ്രമിക്കുന്നതാണ് സകലതും തകിടം മറിയുന്നതിന്റെ കാരണം. ഒരു പക്ഷെ ദൈവ നിഷേധികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് സ്വാഭാവികമായും പ്രകൃത്യാ ഉണ്ടായേക്കാവുന്ന വിഭാവന പോലും കൊട്ടി ഘോഷിക്കപ്പെടുന്ന വിശ്വാസികള്‍ക്ക് ഇല്ല എന്നതും ഒരു പരിധിവരെ സമ്മതിക്കേണ്ടിവരും.

നിഷേധാത്മകമായി ‘ഇല്ല’ എന്ന പ്രതീകവും വിശ്വാസപരമായി ‘ഉണ്ട്’ എന്ന പ്രതി ബിംബവും സമൂഹത്തിന്റെ താല്‍പര്യങ്ങളുടെ ഭിന്ന മുഖങ്ങളാണ്. പ്രചണ്ഡ വാദങ്ങള്‍ക്കും പ്രകോപനപരതക്കും മധ്യേ, പാരമ്പര്യങ്ങള്‍ക്കും പുതു പുത്തന്‍ ന്യായങ്ങള്‍ക്കും മധ്യേ, കിഴക്കിനും പടിഞ്ഞാറിനും മധ്യേ എന്നൊക്കെയുള്ള മധ്യമ നിലപാടായിരിക്കണം അഭികാമ്യം.

ഇതിന് ബുദ്ധിപരമായ വായന അനിവാര്യ ഘടകമാണ്. മനുഷ്യന്‍ തന്നെ എഴുതിവെച്ച പുസ്തകങ്ങളുടെ വായനയെക്കാളുപരി പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ നോക്കി വായിക്കാന്‍ കഴിയണം. മണ്ണിനെ നോക്കി വിണ്ണിനെ നോക്കി മഴമേഘങ്ങളേയും തേന്‍ മാരിയേയും നോക്കി. പുഴകളും തീരങ്ങളും കുന്നും മലയും താഴ്‌വാരങ്ങളും പൂക്കളും പൂമ്പാറ്റകളും എന്നല്ല മനുഷ്യന്‍ മനുഷ്യനെ തന്നെ നോക്കി വായിക്കാന്‍ ശ്രമിക്കണം. ഇങ്ങനെയുള്ള വായനയില്‍ പ്രകൃതിദത്തമായ ഒരു ഉള്‍വിളി ഉണ്ടാകും. വെളിച്ചവും തെളിച്ചവും നിറഞ്ഞ ഋജുവായ ഒരു പാത തെളിഞ്ഞു കിട്ടും.

ഇങ്ങനെ തെളിഞ്ഞു കിട്ടുമ്പോള്‍ ബുദ്ധിയില്‍ മുദ്രണം ചെയ്‌തേക്കാവുന്ന ദൃഢ നിശ്ചയമുണ്ട്. ഹൃദയത്തില്‍ രൂപപ്പെടുന്ന ഒരു പ്രതിജ്ഞയുണ്ട്. ‘ഒരു ശക്തി സങ്കല്‍പവും ഇല്ല സാക്ഷാല്‍ ശക്തി സ്രോതസ്സ് അല്ലാതെ.’ ഇതത്രെ സംശുദ്ധമായ വിശ്വാസം.

സ്വീകരിക്കുന്നതായാലും നിരാകരിക്കുന്നതായാലും മനുഷ്യ മനസ്സിനെ പറഞ്ഞു പറ്റിക്കുന്നതായിരിക്കരുത്. കബളിപ്പിക്കുന്നതും ആകരുത്. മറിച്ച് മസ്തിഷ്‌കത്തിന്റെ ദൃഢ ബോധ്യത്തെ മനസ്സിനെ കൊണ്ട് അംഗീകരിപ്പിക്കുന്നതായിരിക്കണം. ബുദ്ധിപരമായിരിക്കണം എന്നു സാരം.

പരമ്പരാഗത വിശ്വാസികളും പരമ്പരാഗത ബഹു ദൈവ വിശ്വാസികളും പരമ്പരാഗത അവിശ്വാസികളും പുലര്‍ത്തിക്കൊണ്ടിരിക്കുന്നത് അവരില്‍ അടിച്ചേല്‍പിക്കപ്പെട്ട ബോധമാണ്. അന്വേഷണാത്മകമായ അവബോധമല്ല.

വിശ്വസിച്ചവരേ വിശ്വസിക്കുക എന്നത് അതീവ ഹൃദ്യവും സര്‍ഗാത്മകവുമായ ആഹ്വാനമാണ്. ഒരാള്‍കൂട്ട സംസ്‌കാരത്തില്‍ നിന്നും പകര്‍ന്ന് കിട്ടുന്ന ക്രിത്രിമ ഭാവത്തിനപ്പുറം പറഞ്ഞ്പതിഞ്ഞ വിശ്വാസി കൂട്ടം എന്ന പ്രയോഗത്തിനും അപ്പുറം ഒക്കെയാണ് ഈ സമര്‍പ്പിത മാനസിക ഭാവം. മനുഷ്യന്‍ എന്ന അടയാളപ്പെടുത്തലിന്റെ സൗഭാഗ്യ പൂര്‍ണ്ണമായ മുദ്രയും. വിശ്വസിച്ചവരേ വിശ്വസിക്കുക എന്ന പല്ലവിയില്‍ വിശേഷിച്ചൊരു ഉപാദിയും ഇല്ലാതെ മനുഷ്യരേ മനുഷ്യരാകുക എന്ന് ചേര്‍ത്തു വായിക്കാം.

കേവല വിശ്വാസി എന്ന വിലാസത്തേക്കാള്‍ ദൃഢമായ ബോധത്തിന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ധര്‍മ്മം കൊണ്ടും കര്‍മ്മം കൊണ്ടും ഉള്ള സത്യസാക്ഷ്യം തന്നെയാണ് സകല ധൂമ പടലങ്ങളേയും തുടച്ചു മാറ്റാനുള്ള മരുന്നും മന്ത്രവും.

Related Articles