Current Date

Search
Close this search box.
Search
Close this search box.

ദിക്ര്‍ മാമാങ്കം: പുണ്യം നേടാനുള്ള വഴിയോ ?

dikr.gif

രാത്രി വീട്ടിലിരിക്കുമ്പോള്‍ കുറെ സ്ത്രീകള്‍ റോഡിലൂടെ പോകുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ അടുത്ത് തന്നെ ഒരു ദികറ് വാര്‍ഷികം ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പള്ളിയിലേക്ക് പോകാന്‍ ഫിത്ന ഭയക്കുന്ന കാലത്തു രാത്രിയില്‍ പറമ്പുകളിലേക്കു എങ്ങിനെയാണ് സ്ത്രീകള്‍ പോകുന്നത് എന്ന് മനസ്സിലായില്ല. പ്രവാചക കാലത്തു ഇത്തരം സദസ്സുകളെകുറിച്ചോ അവിടം സ്ത്രീകള്‍ പങ്കെടുത്തതിനെ കുറിച്ചോ നാം പറഞ്ഞു കേട്ടിട്ടില്ല. അതും രാത്രിയില്‍ ഹൈ വോള്‍ട്ട് സ്റ്റീരിയോ വെച്ചായിരുന്നു ദിക്‌റ് നടന്നിരുന്നതും. ദിക്‌റുകളും സ്വലാത്തുകളും ജനത്തെ കേള്‍പ്പിക്കാനുള്ളതല്ല എന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇതെല്ലാം വിശ്വാസിയും റബ്ബും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്. ഒരാള്‍ ദൈവത്തെ വാഴ്ത്തുന്നതും സ്തുതിക്കുന്നതും അയാളുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. മൈക്ക് കെട്ടി ചൊല്ലേണ്ട ഒന്നല്ല ഇത്തരം ആരാധനകള്‍. അല്ലാഹുവിനെ മാത്രം കേള്‍പ്പിക്കേണ്ടത് ജനത്തെ കേള്‍പ്പിക്കുക എന്നതിന്റെ നിരര്‍ത്ഥകതയാണ് മനസ്സിലാവാത്തതും.

ഇസ്ലാമില്‍ മനുഷ്യരെ കേള്‍പ്പിക്കേണ്ടതും ദൈവത്തെ കേള്‍പ്പിക്കേണ്ടതുമുണ്ട്. പ്രഭാഷണം, ഉപദേശം, ഖുതുബകള്‍ എന്നിവ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. അതവര്‍ കേള്‍ക്കണം. ദിക്‌റുകള്‍ സ്വലാത്തുകള്‍. തസ്ബീഹുകള്‍ എന്നിവ ദൈവം മാത്രം കേട്ടാല്‍ മതി. കാരണം അതൊരു ആരാധനയാണ്. ആരാധനകളില്‍ ആളുകള്‍ കേള്‍ക്കേണ്ടത് എന്തൊക്കെ എന്നും പ്രവാചകന്‍ പഠിപ്പിച്ചു. നമസ്‌കാരങ്ങളിലെ ഖുര്‍ആന്‍ പാരായണം, ഉയര്‍ച്ച താഴ്ചയിലെ തക്ബീറുകള്‍ , വെള്ളിയാഴ്ച ഖുതുബകള്‍ എന്നിവ അതില്‍ ഉള്‍പ്പെടും. പ്രവാചക കാലത്തും ശേഷവും ഇത്തരം ദിക്‌റ് സദസ്സുകള്‍ മദീനയിലും പരിസരത്തും നടന്നതായി നമുക്കറിയില്ല.

പുണ്യം നേടുക എന്നത് ഇസ്ലാമില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പുണ്യം എന്നത് വിശദീകരിച്ചപ്പോള്‍ സൂറ ബഖറയില്‍ പതിനഞ്ചു കാര്യങ്ങള്‍ അല്ലാഹു എടുത്തു പറഞ്ഞു . അഞ്ചു കാര്യങ്ങള്‍ വിശ്വാസവുമായി ബന്ധപ്പെട്ടത്, ആറു കാര്യങ്ങള്‍ സമ്പത്തുമായി ബന്ധവുമായി ബന്ധപ്പെട്ടത്, ബാക്കി രണ്ടു കാര്യങ്ങള്‍ ആരാധനയും, ഒന്ന് കരാര്‍ പാലനവും ,സ്വബ്‌റും. പുണ്യത്തെ കുറിച്ച് മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് സല്‍സ്വഭാവം എന്നായിരുന്നു. നിങ്ങള്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ചിലവഴിക്കുവോളം പുണ്യം നേടുകയില്ല എന്ന മറ്റൊരു വചനവും നാം കേട്ടതാണ്. പുണ്യം ഒരു ജീവിത രീതിയുടെ പേരാണ്. ഇസ്ലാമിന് അനുഗുണമായ ജീവിത രീതി കൊണ്ട് മാത്രമേ സ്ഥായിയായ പുണ്യം കരസ്ഥമാക്കാന്‍ കഴിയൂ. ദിക്‌റ് സ്വലാത് വാര്‍ഷികങ്ങള്‍ ഇസ്ലാമിന് പരിചയമില്ലാത്ത പുണ്യത്തിന്റെ രൂപങ്ങളാണ്. ഒരു പ്രത്യേക ദിനത്തില്‍ സ്ഥലത്ത് ഇരുന്നു പ്രത്യേക ഈണത്തില്‍ വീതിച്ചു പറയുന്നതാണ് പുണ്യത്തിനു നിദാനം എന്ന് നാം എവിടെയും കണ്ടില്ല. ലോട്ടറി ടിക്കറ്റുകളെ പോലെ പുതിയ പേരിലും ഭാവത്തിലും ഓരോ രീതികള്‍ ഉണ്ടായി വരുന്നു. പുണ്യം കൊട്ടക്കണക്കിനാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്.

ആദ്യം തീരുമാനത്തില്‍ എത്തേണ്ടത് ആരെയാണ് ഇതൊക്കെ കേള്‍പ്പിക്കുന്നു എന്നതാണ്. സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം. നമുക്ക് സംശയമില്ല. സ്ത്രീകള്‍ പറമ്പില്‍ കുത്തിയിരുന്നു ദിക്ര്‍ എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ ഭാഗമാകല്‍ സുന്നത്താണ് എന്നത് എവിടെ നിന്നാണ് ലഭ്യമായത്. ജനത്തിന്റെ സമ്പത്തു തെറ്റായ മാര്‍ഗത്തിലൂടെ ഭക്ഷിക്കുക എന്ന പൗരോഹിത്യ രീതികള്‍ മതത്തില്‍ ശക്തമായി വരുന്നു. അതിന്റെ ഭാഗമാണ് അടുത്ത് കണ്ട ഖിബ്‌ല ശരിപ്പെടുത്തല്‍ കാമ്പയിനും. കേരളത്തില്‍ ഖിബ്‌ല തിരിയാത്ത ആരുമുണ്ട് എന്ന് തോന്നുന്നില്ല. ഖിബ്ല കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കുന്ന ആധുനിക ഉപകരണങ്ങള്‍ നമ്മുടെ മൊബൈലില്‍ പോലും ലഭ്യമാണ്. അവിടെയാണ് നിങ്ങളുടെ ഖിബ്‌ല തെറ്റാണ് എന്നൊരു ബോധം ആളുകളുടെ മനസ്സില്‍ കൊണ്ട് വരുന്നത്. ഖിബ്‌ലയുടെ ഭാഗത്തേക്ക് തിരിയുക എന്നതാണ് ഖുര്‍ആന്‍ പറഞ്ഞത്. അതെ മനുഷ്യന് സാധ്യമാകൂ. ഖിബ്‌ലയിലേക്കു തിരിയാന്‍ അസാധ്യവും. ആരാണ് മുസ്ലിം എന്നതിന് പ്രവാചകന്‍ നല്‍കിയ ഉത്തരം ‘ നാം നമസ്‌കരിക്കുന്നത് പോലെ നമസ്‌കരിക്കുകയും നമ്മുടെ ഖിബിലയിലേക്കു തിരിയുകയും നാം അറുത്തതു ഭക്ഷിക്കുകയും ചെയ്യുക’ എന്നതായിരുന്നു. ഖിബ്ലയിലേക്ക് തിരിയുക എന്നതു കൊണ്ട് ഒരേ ബിന്ദുവിലേക്കു തിരിയുന്നവര്‍ എന്നതാണ് ഉദ്ദേശം. ഒരേ ദൈവം ഒരേ പ്രവാചകന്‍ ഒരേ ഖിബ്‌ല ഒരേ ഖുര്‍ആന്‍ അങ്ങിനെ എല്ലാം ഒന്നാകുന്ന ഒരവസ്ഥ. ആ പോയിന്റുകളില്‍ വിശ്വാസികളുടെ മനസ്സും ഒന്നാകും.

പക്ഷെ എന്തും ‘കഴിക്കുന്ന’ സംസ്‌കാരമാണ് ഇന്ന്. സ്വലാത്തും ദിക്‌റുകളും ‘കഴിക്കലാണ്’ മതം ഒരു ജീവിത പദ്ധതിയാണ് എന്നത് മതം ജീവിക്കാനുള്ള പദ്ധതിയാണ് എന്ന് തിരുത്താനുള്ള ശ്രമത്തിലാണ് പൗരോഹിത്യം. ഇസ്ലാമില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടേറിയ ഒന്ന് പുണ്യമാണ്. അത് ചുളുവില്‍ നേടിക്കൊടുക്കാം എന്നാണു പലരും വിശ്വാസികളെ പറഞ്ഞു പറ്റിക്കുന്നതും. പുണ്യം നേടാനുള്ള ഒരു വഴിയും ഇസ്ലാം വേണ്ടെന്നു വെക്കുന്നില്ല. അതിനു മുമ്പ് പുണ്യം എന്തെന്ന് കൂടി ഇസ്ലാം പറഞ്ഞു തന്നു. അത് കൂടി ചേര്‍ത്ത് വായിക്കണം എന്ന് മാത്രം.

Related Articles