Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തെ ചൂഷണം ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ് കോടതി വിധികള്‍

ശരീരത്തിലെ മാലിന്യങ്ങള്‍ സ്വയം പുറത്താക്കുക എന്നത് ശരീരം ചെയ്യുന്ന ഒരു സാധാരണ പ്രവര്‍ത്തിയാണ്. സ്വാഭാവിക പ്രവര്‍ത്തങ്ങള്‍ക്ക് തടസ്സം വരുമ്പോള്‍ പുറത്തു നിന്നും ഇടപെടല്‍ വേണ്ടി വരും അതിനെ നാം മരുന്ന് എന്ന് വിളിക്കും. ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ മരുന്നില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകില്ല. സമൂഹത്തിലെ മോശം വശങ്ങളെ നന്നാക്കുക എന്നതു കൂടി ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷെ വിധിവൈപരീതം എന്നത് പോലെ ഇന്ന് മോശക്കാര്‍ക്കു കയറിക്കൂടാനുള്ള വഴിയായി ജനാധിപത്യം മാറിയിരിക്കുന്നു. അപ്പോഴാണ് അതിനെ ശരിപ്പെടുത്താന്‍ കോടതികള്‍ക്ക് ഇടപെടേണ്ടി വരുന്നതും.

കേരളത്തില്‍ അടുത്തിടെ രണ്ടു തിരഞ്ഞെടുപ്പുകള്‍ കോടതി റദ്ദാക്കി. ഒന്ന് വര്‍ഗീയ പ്രചാരണത്തിന്റെ പേരില്‍ മറ്റൊന്ന് വ്യക്തിഹത്യയുടെ പേരില്‍. ഒറ്റവാക്കില്‍ രണ്ടു സംഭവങ്ങളും നാം സ്വാഗതം ചെയ്യണം. ജനാധിപത്യത്തിലെ പുഴുക്കുത്തുകളെ പാര്‍ട്ടികള്‍ സ്വയം പുറത്തു നിര്‍ത്തുന്നില്ലെങ്കില്‍ ഒരു പുറം ശക്തി ഇടപെടേണ്ടി വരും. നമ്മുടെ തിരഞ്ഞെടുപ്പ് രംഗം പലപ്പോഴും അവിശുദ്ധമാണ്. എങ്ങിനെയെങ്കിലും ജയിക്കുക എന്നതിലപ്പുറം മറ്റൊരു നിലപാടും പാര്‍ട്ടികള്‍ക്കില്ല. അതിനവര്‍ ഏതു മോശമായ അറ്റം വരെയും പോകുന്നു. തന്റെ കഴിവ് എന്നതിനേക്കാള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ കഴിവ് കേടാണ് പലപ്പോഴും പലരുടെയും വിജയത്തിന് രക്ഷക്ക് എത്തുന്നതും.

തിരഞ്ഞെടുപ്പു രംഗം ശുദ്ധമാക്കാന്‍ ഇത്തരം ഇടപെടലുകള്‍ ആവശ്യമാണ്. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗീയമായ പ്രചാരണം നടത്തി എന്നാണു ഷാജിക്ക് എതിരുള്ള കേസ്. അതെ സമയം കാരാട്ട് റസാഖിനെതിരെയുള്ള ആരോപണം എതിര്‍ സ്ഥാനാര്‍ഥിക്കു എതിരായി വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിച്ചു എന്നതാണ്. ഒരു വിധി കൊണ്ട് മാത്രം ശരി തെറ്റുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇനിയും മേല്‍ കോടതികള്‍ ഉണ്ടെന്ന കാരണത്താല്‍ അവസാന വിധി വരാന്‍ കാലം ഏറെയെടുക്കും. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഈ വിധികള്‍ ഒരു ആശ്വാസമാണ്. ജനാധിപത്യത്തെ മോശം രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള താക്കീത്. ജനാധിപത്യം എന്നതിനേക്കാള്‍ പലപ്പോഴും പണാധിപത്യമാണ് നമ്മേടെത്. കോടികളുടെ കിലുക്കമാണ് കര്‍ണാടകയില്‍ നിന്നും കേള്‍ക്കുന്നത്. ആ അവസ്ഥ കേരളത്തില്‍ വന്നിട്ടില്ലെങ്കിലും അതിലേക്കുള്ള ഒഴുക്കിനെ തടയാന്‍ ഈ വിധികള്‍ക്കു കഴിയും.

സുപ്രീം കോടതികളില്‍ പലപ്പോഴും ഇത്തരം കേസുകള്‍ തള്ളിപ്പോകാറാണ് പതിവ്. കീഴ് കോടതികളില്‍ പലപ്പോഴും വിധി പറയുന്നത് ഒരു ജഡ്ജി മാത്രമാകും. ഉയര്‍ന്ന കോടതികളില്‍ കൂടുതല്‍ ജഡ്ജിമാര്‍ കേസ് കേള്‍ക്കുന്നു എന്ത് കൊണ്ട് തന്നെ കുറച്ചു കൂടി പക്വമായ വിധി വരാന്‍ സാധ്യതയുണ്ട്. കാവല്‍ക്കാരനില്ലാത്ത മുതല്‍ കട്ടുപോകും എന്നൊരു ചൊല്ലുണ്ട്. ജനാധിപത്യത്തിലെ കാവല്‍ക്കാരും ഉടമസ്ഥരും പൊതു ജനമാണ്. അവര്‍ പലപ്പോഴും ഉറക്കത്തിലായാല്‍ മറ്റൊരു നോട്ടക്കാര്‍ വരിക എന്നതാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും.

Related Articles