Columns

“ദല്‍ഹി കലാപം 2020: അറിയപ്പെടാത്ത കഥകള്‍” ബ്ലൂംസ്ബറി ഇന്ത്യ പിന്‍മാറിയത് ?

ദൽഹിയിൽ‍ ഫെബ്രുവരിയിലൽ നടന്ന മുസ്‌ലിം വിരുദ്ധ വംശഹത്യയുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥകള്‍ “ദല്‍ഹി കലാപം 2020: അറിയപ്പെടാത്ത കഥകള്‍” (Delhi Riots 2020: Untold Story) എന്ന പേരില്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തില്‍നിന്ന് ബ്ലൂംസ്ബറി ഇന്ത്യ പിന്‍മാറിയത് സ്വാഗതാര്‍ഹമാണെങ്കിലും ചില സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.

അമിത് ഷായുടെ താളത്തിന് തുള്ളുന്ന ദല്‍ഹി പോലിസ് കലാപത്തെക്കുറിച്ച് തയ്യാറാക്കിയ നുണകള്‍ ഉള്‍ക്കൊള്ളുന്ന എഫ്.ഐ.ആറും സംഘ്പരിവാര്‍ അന്വേഷക സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും ചേര്‍ത്തുവെച്ച് ഇരകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അത്യന്തം ഹീനമായ ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ബ്ലൂംസ്ബറി എങ്ങനെ തയ്യാായി എന്ന ചോദ്യത്തിനാണ് ആദ്യം ഉത്തരം ലഭിക്കേണ്ടത്. വസ്തുതകളെ നേര്‍വിപരീതം അവതരിപ്പിക്കുന്നതും നുണക്കഥകള്‍ നിറഞ്ഞതുമായ വിവരണങ്ങള്‍ എഴുതിക്കൊടുത്താല്‍ അതൊക്കെ പുസ്തകമായി പുറത്തിറക്കാന്‍ മാത്രം നിലവാരമില്ലാത്ത പ്രസാധാനാലയമാണോ ബ്ലൂംസ്ബറി ഇന്ത്യ?

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണല്ലോ അവര്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞത്. ആ പ്രതിഷേധത്തിനു കാരണമായതാവട്ടെ, കലാപത്തിന്റെ മുഖ്യ സ്‌പോണ്‍സറായ കപില്‍ മിശ്രയെ പങ്കെടുപ്പിച്ച്
പുസ്തകത്തിന്റെ ഓണ്‍ലൈന്‍ ലോഞ്ചിംഗ് സംഘടിപ്പിക്കാനുള്ള തീരുമാനമായിരുന്നു.

അമ്പതിലേറെ മനുഷ്യരെ നിഷ്ഠൂരം കൊന്നൊടുക്കാന്‍ പ്രേരണ നല്‍കിയിട്ടും സംഘ് പരിവാര്‍ ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ വിലസി നടക്കുന്ന ഈ കൊടും ക്രിമിനലിനെ പങ്കെടുപ്പിച്ച് ഇത്തരമൊരു പരിപാടി നടത്തുന്ന ബ്ലുംസ്ബറിയുടെ നിലപാട് ശരിയല്ലെന്ന് ആരോപണമുയര്‍ന്നപ്പോഴാണ് തങ്ങളുടെ അറിവില്ലാതെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രസാധകര്‍ അറിഞ്ഞതത്രെ. മാത്രമല്ല, അനുവാദമില്ലാതെയാണ് പ്രസാധാനാലയത്തിന്റെ ലോഗോ സംഘാടകര്‍ ഉപയോഗിച്ചതെന്നും അവര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ബ്ലൂംസ്ബറി തീരുമാനിക്കുന്നത്.

പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചത് മോണിക അറോറ, സോണാലി ചിതാല്‍കര്‍, പ്രേര്‍ണ മല്‍ഹോത്ര എന്നിവരാണ്. അറിയപ്പെടുന്ന സംഘ്പരിവാര്‍ സഹയാത്രികയും സുപ്രീം കോടതി അഭിഭാഷകയും ദല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്റ്റാന്റിംഗ് കോണ്‍സലുമാണ് മോണിക. സംഘ്പരിവാര്‍ ഉല്‍പന്നമായ ‘ഗ്രൂപ്പ് ഓഫ് ഇന്റലക്ച്വല്‍സ് ആന്റ് അക്കഡമീഷ്യന്‍സ്’ എന്ന സംഘത്തിന്റെ നേതാവായ ഇവരുടെ നേതൃത്വത്തിലാണ് ജമ്മുവിലെ കത്വ ബലാല്‍സംഗ സംഭവത്തിലെ പ്രതികളെ രക്ഷിച്ചെടുക്കാന്‍ മോദി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‘ജിഹാദി-നക്‌സല്‍ ലോബി എങ്ങനെയാണ് ദല്‍ഹി കലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്’ എന്നാണ് പുറത്തിറങ്ങാനിരിക്കുന്ന നുണക്കഥകളെ തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ മോണിക അറോറ വിശേഷിപ്പിക്കുന്നത്!

സാഹിത്യത്തെയും വായനയെയും ഫാഷിസത്തില്‍നിന്ന് രക്ഷിച്ചെടുക്കേണ്ടതുണ്ട്. ലോകത്തിനു മുന്നില്‍ പകല്‍പോലെ തെളിഞ്ഞുനില്‍ക്കുന്ന ഒരു വംശഹത്യയെ വെളുപ്പിച്ചെടുക്കാനുള്ള ഫാഷിസ്റ്റ് ക്രിമിനലുകളുടെ നീക്കത്തിന് വഴങ്ങിപ്പോയത് ബ്ലുംസ്ബറിക്ക് പറ്റിയ അബദ്ധം തന്നെയാണ്. വൈകിയവേളയില്‍ അത് തിരുത്തിയത് സ്വാഗതാര്‍ഹവും. മതത്തിന്റെ പേരില്‍ മനുഷ്യരെ വിഭജിക്കുന്നവര്‍ക്കും വംശീയ വിദ്വേഷം പ്രസരിപ്പിക്കുന്നവര്‍ക്കും ഇസ്‌ലാമോഫോബിക്കുകള്‍ക്കും ചരിത്രത്തെ വ്യഭിചരിക്കുന്നവര്‍ക്കും നേരെ എഴുന്നേറ്റുനില്‍ക്കേണ്ട സമയമാണിതെന്ന് പുതിയ സംഭവം ഒന്നുകൂടി നമ്മെ ഓർമപ്പെടുത്തുന്നു.

ബ്ലുംസ്ബറി ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ അനുകൂലികളായ ചിലര്‍ തങ്ങളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചുവാങ്ങാന്‍ ഒരുങ്ങുന്നുണ്ട്. ജൂത സമ്മേളനത്തില്‍ ഹിറ്റ്‌ലറെ മുഖ്യാതിഥിയായി വിളിക്കുന്നതും ഫല്‌സ്തീനികള്‍ക്ക് ക്ഷേമപദ്ധതി വിളംബരം ചെയ്യാന്‍ സയണിസ്റ്റ് ഭീകരന്‍ നെതന്യാഹുവിനെ ക്ഷണിക്കുന്നതും ഗുജറാത്ത് പോഗ്രോമില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും നിര്‍മിച്ചുകൊടുക്കുന്ന ഭവന പദ്ധതി ഉല്‍ഘാടനം ചെയ്യാന്‍ നരേന്ദ്ര മോദിയെ ആനയിച്ചു കൊണ്ടുവരുന്നതും എത്രത്തോളം പരിഹാസ്യമാകുമോ അത്രയും അപഹാസ്യമാകുമായിരുന്ന ഒരു ദുരന്തത്തില്‍നിന്ന് ബ്ലുംസ്ബറി രക്ഷപ്പെട്ടിരിക്കുന്നു എന്നേ തല്‍ക്കാലം പറയാനുള്ളൂ.

Facebook Comments

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker