Current Date

Search
Close this search box.
Search
Close this search box.

മരണം: നിനച്ചിരിക്കാതെ കടന്നു വരുമ്പോള്‍

ഇന്നലെ കാലത്ത് അബൂക്ക വിളിച്ചു ഓര്‍മ്മിപ്പിച്ചിരുന്നു. വൈകുന്നേരം നടക്കാന്‍ പോകുന്ന കുടുംബ സംഗമം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കുറിച്ച്. പങ്കെടുക്കാന്‍ കഴിയില്ല എന്നുറപ്പാണ്. രണ്ടു പരിപാടികള്‍ അതെ സമയത്തുണ്ട്. രണ്ടിലും എന്റെ സാന്നിധ്യം അനിവാര്യം. കാലത്ത് മറ്റൊരു മീറ്റിംഗ് കഴിഞ്ഞു വീട്ടില്‍ വന്നപ്പോഴാണു കുട്ടിക്കയുടെ ഫോണ്‍ വന്നത്. ‘നമ്മുടെ അലി മരിച്ചത് അറിഞ്ഞില്ലേ’. എന്റെ മനസ്സിലൂടെ പല അലികളും കടന്നു പോയി. ‘ ഏതു അലി’ ‘ട്രഷറര്‍’

പിന്നെ ഒന്നും ചോദിയ്ക്കാന്‍ കഴിഞ്ഞില്ല. മരണം ഒരു സത്യമാണ്. പക്ഷെ ചില മരണങ്ങള്‍ നാം വിശ്വസിക്കാന്‍ തയാറാകില്ല. കാലത്ത് പറമ്പില്‍ പണി ചെയ്തിരുന്നയാളാണ്. എന്തോ മസില്‍ വേദന എന്ന് പറഞ്ഞപ്പോള്‍ ഭാര്യ തൈലം തേച്ചു കൊടുത്തു. അകത്തു പോയി തിരിച്ചു വരുമ്പോള്‍ അലിക്ക ഈ ലോകത്ത് നിന്നും വിട പറഞ്ഞിരുന്നു. മരണം പലപ്പോഴും അങ്ങിനെയാണ്. നിനച്ചിരിക്കാതെ കടന്നു വരും. മരണം കാത്തു കിടക്കുന്നവരെ കണ്ടില്ലെന്നു വരികയും ചെയ്യും.

ജീവിതത്തില്‍ നിര്‍ബന്ധമായും അംഗീകരിക്കേണ്ട പല സത്യങ്ങളുമുണ്ട്. അതില്‍ ഒന്നാണ് മരണം. അവസാനം എന്നത് ഒരു തുടക്കത്തിന്റെ അനിവാര്യതയാണ്. മനുഷ്യനോളം ജീവിതത്തിനു ഗ്യാരണ്ടിയില്ലാത്ത മറ്റൊരു ജീവിയും ലോകത്തുണ്ട് എന്ന് തോന്നുന്നില്ല. മനുഷ്യന്‍ നിര്‍മിച്ച പലതിനും ഉറപ്പു കൊടുക്കാന്‍ മനുഷ്യന് കഴിയുന്നു. അതെ സമയം സ്വന്തത്തെ കുറിച്ച് ഒരു ഉറപ്പും നല്‍കാന്‍ മനുഷ്യന്‍ അശക്തനും. നിങ്ങള്‍ ഓടിപ്പോകുന്ന മരണം എന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഈ ലോകം പലപ്പോഴും മനുഷ്യനെ ഭ്രാന്തനാക്കും. അതിന്റെ പളപളപ്പില്‍ പലപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ മനുഷ്യന്‍ മറക്കുന്നു. വീടുകളിക്ക് തിരിച്ചു പോകാനോ അവസാന ഉപദേശം നല്‍കാനോ പോലും കഴിയാത്ത രീതിയില്‍ മരണം കൂട്ടിക്കൊണ്ടു പോകുന്ന വാര്‍ത്തകള്‍ ഇന്ന് സജീവമാണ്.

എവിടെ വെച്ച് മരിക്കുമെന്നോ എപ്പോള്‍ മരിക്കുമെന്നോ ആര്‍ക്കുമറിയില്ല. മരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ശിഷ്യന് ഗുരു നല്‍കിയ ഉപദേശം ‘എപ്പോഴും അതിനു സജ്ജമാകുക’ എന്നതായിരുന്നു. അടുത്ത ആളുകളുടെ മരണം കുറെ സമയത്തേക്ക് നമ്മെ മരണത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കും. പിന്നെ പതുക്കെ നാം അത് മറക്കും. ഭൂമിയില്‍ വേരുറക്കാത്ത മരമാണ് മനുഷ്യന്‍. എപ്പോള്‍ വേണമെങ്കിലും അത് കടപുഴകി വീഴാം. പ്രായവും ആരോഗ്യവും അതിനൊരു തടസ്സമല്ല.

വന്നത് പോലെ തിരിച്ചു പോകലല്ല വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണം. ഒരു ജീവിതത്തിലേക്ക് വന്നു മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശന പാസാണ് മരണം. കൃഷിയുടെ കാലമാണ് ഭൂമിയിലെ വാസ സമയം. ശേഷം വിളവെടുപ്പിന്റെ കാലമാണ്. എത്രമാത്രം കൃഷിയില്‍ ശ്രദ്ധിച്ചിരുന്നുവോ അത്രയാണ് വിളവെടുപ്പ്. പലരുടെയും കൃഷി സ്ഥലം കീടങ്ങളും പുഴുക്കളും നിറഞ്ഞതാണ്. വിളവെടുപ്പ് സമയത്ത് പോയ കാലത്തെ കുറിച്ച് പരിതപിച്ചതു കൊണ്ട് ഫലമില്ല എന്നതു ഇനിയും മനസ്സിലായിട്ടു വേണം.

ഒരിക്കലും തന്നെ ബാധിക്കുന്ന ഒന്നല്ല മരണം എന്നതാണ് ജീവിച്ചിരിക്കുന്ന പലരുടെയും നിലപാട്. അല്ലെങ്കില്‍ താനിപ്പോഴുന്നും മരിക്കില്ല എന്ന ഉറപ്പിലാണ് പലരും. ജീവിതത്തിന്റെ കണക്കു പുസ്തകം ഇപ്പോഴും കൃത്യമായി കൊണ്ട് പോകാന്‍ അത് കൊണ്ട് തന്നെ പലര്‍ക്കും കഴിയാതെ പോകുന്നു. ശക്തമായ കൊട്ടയിലാനെങ്കിലും മരണം ഒരു അനിവാര്യതയാണു എന്നതാണു ഖുര്‍ആന്‍ പറഞ്ഞു വെക്കുന്നത്. ജീവിതത്തില്‍ ഒരു പാട് പുസ്തകം വായിച്ചവരാണ് നാമൊക്കെ. തന്റെ സ്വന്തം കര്‍മ പുസ്തകം കൂടി വായിക്കേണ്ടവാനാണ് താനെന്ന ബോധം നമുക്ക് ഇല്ലാതെ പോകുന്നു. ഭൂമിയിലെ ജീവിത കാലത്ത് സ്വയം ഉണ്ടാക്കി വെച്ച കണക്കുകള്‍ മറ്റാരുടെയും സഹായമില്ലാതെ മനുഷ്യന്‍ വായിക്കും.

താന്‍ ഉണ്ടാക്കിയതും തനിക്കു മുമ്പ് ഇവിടെ ഉണ്ടായിരുന്നതും ഈ ലോകത്ത് അവശേഷിപ്പിച്ചാണ് മനുഷ്യന്‍ മടങ്ങുക. ഭൂമിയുടെ പ്രായം നോക്കിയാല്‍ അതില്‍ വസിക്കുന്ന ഒരാളുടെ ആയുസ്സിന്റെ കണക്കു നോക്കാന്‍ പോലും ചെറുതാണ്. പക്ഷെ ഭൂമിയെ ചവിട്ടി മെതിച്ചു മുന്നേറുന്ന മനുഷ്യന് അതൊന്നും നോക്കാന്‍ സമയമില്ല എന്നതാണ് വലിയ ദുരന്തം

Related Articles