Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം നാടുകളിലെ പ്രതിസന്ധികളും സോഷ്യലിസ്റ്റ് പാർട്ടികളും

അറബ് മുസ്ലിം നാടുകളിലെ ആഭ്യന്തരപ്രശ്നങ്ങളെ സംബന്ധിച്ചും ശൈഥില്യത്തെപ്പറ്റിയും വിശദീകരിക്കുന്ന കുഞ്ഞിക്കണ്ണൻ സത്യം മറച്ചു വെച്ച് നുണകളുടെ പ്രളയം സൃഷ്ടിക്കുകയാണ്. ഇറാനിലെ മുസദ്ദിഖ് ഭരണത്തെ അട്ടിമറിച്ചതും ഇന്തോനേഷ്യയിലെ സുക്കാർണോയെ അട്ടിമറിച്ച് അഞ്ചുലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ദേശീയ ജനാധിപത്യ വാദികളെയും കൂട്ടക്കൊല ചെയ്തതും മുസ്ലിം ബ്രദർഹുഡാണെന്ന് എഴുതി വെക്കണമെങ്കിൽ കള്ളം പറയുന്നതിൽ ബിരുദാനന്തരബിരുദം മതിയാവുകയില്ല; ഡോക്ടറേറ്റ് തന്നെ വേണ്ടിവരും.

സാമ്രാജ്യത്വ അധിനിവേശ ശക്തികൾ മുസ്ലിം നാടുകളോട് വിട പറഞ്ഞപ്പോൾ അവിടങ്ങളിലെല്ലാം തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഏകാധിപതികളെയും രാജാക്കന്മാരെയും പട്ടാള മേധാവികളെയും അധികാരത്തിൽ അവരോധിച്ചു. രാജ്യത്തിൻറെ സമ്പത്തെല്ലാം കുടുംബസ്വത്ത് പോലെ ഉപയോഗിക്കുകയും വിദേശശക്തികൾക്ക് കൊള്ളയടിക്കാൻ അവസരമൊരുക്കുകയും ചെയ്ത അത്തരം മർദ്ദക ഭരണാധികാരികൾക്കെതിരെ പല രാജ്യങ്ങളിലും സമാധാനപരവും ജനാധിപത്യപരവുമായ സമരങ്ങൾ നടന്നിട്ടുണ്ട്. അവയിൽ തദ്ദേശീയരോടൊപ്പം സ്വാഭാവികമായും അവിടങ്ങളിലെ ഇസ്ലാമിക പ്രസ്ഥാന പ്രവർത്തകരും പങ്കുവഹിച്ചിട്ടുണ്ട്. അത്തരം ജനകീയ വിമോചന സമരങ്ങളെ സാമ്രാജ്യശക്തികളുടെ സഹായത്തോടെ ചോരയിൽ മുക്കിക്കൊല്ലുകയാണ് സ്വേഛാധിപതികളായ മർദ്ദക ഭരണാധികാരികൾ ചെയ്തത്. ഇതിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെന്ന പോലെ സോവിയറ്റ് സാമ്രാജ്യത്വത്തിനും അനൽപമായ പങ്കുണ്ട്. വമ്പിച്ച സാമ്പത്തിക സ്രോതസ്സുകളുള്ള ഇറാഖിനെയു സിറിയയെയും സാമ്പത്തികമായി തകർത്തതും കലാപങ്ങളിലേക്കും കുഴപ്പങ്ങളിലേക്കും നയിച്ച് നശിപ്പിച്ചതും അവിടങ്ങളിൽ ഭരണം നടത്തിയ സോഷ്യലിസ്റ്റ് പാർട്ടികളാണ്. സിറിയയിലെ ബഅസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രാക്ഷസീയമായ കുടുംബ ഭരണത്തെ താങ്ങി നിർത്തിയതും നിർത്തുന്നതും സോവിയറ്റ് യൂനിയനാണ്. സമാധാനപരമായി നടന്ന എല്ലാ ജനകീയ സമരങ്ങളെയും അക്രമത്തിലേക്ക് നയിക്കുകയും ചോരയിൽ മുക്കിക്കൊല്ലുകയും ചെയ്തത് ബശ്ശാറുൽ അസദും പിതാവ് ഹാഫിസുൽ അസദുമാണ്. ലക്ഷങ്ങളെ ക്രൂരമായി കൊന്ന അസദുമാർ ഭരണം നടത്തിയതും നടത്തുന്നതും സോഷ്യലിസത്തിൻറെ മേൽവിലാസത്തിലാണ്. അറബ് മുസ്ലിം നാടുകളെ ശിഥിലമാക്കുന്നതിലും ആഭ്യന്തര സംഘട്ടനങ്ങളിലേക്ക് തള്ളി വിടുന്നതിലും മുതലാളിത്തത്തെപ്പോലെ സോഷ്യലിസത്തിനും പങ്കുണ്ട്. അന്നാട്ടുകാരെ ഉപയോഗിച്ച് തീവ്രവാദ ഗ്രൂപ്പുകളുണ്ടാക്കാനും ഭീകരപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾക്ക് സാധിച്ചത്സ്വഛധിപത്യ ഭരണകൂടങ്ങളുടെ കൊടിയ മർദ്ദനങ്ങളാലും കടുത്ത ചൂഷണങ്ങളാലും ജനം പൊറുതി മുട്ടിയതിനാലാണ്. അപ്പോഴും ഇസ്ലാമിക പ്രസ്ഥാനത്തിൻറെ പ്രവർത്തകരെയോ യഥാർത്ഥ മതവിശ്വാസികളെയോ സാമ്രാജ്യത്വശക്തികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അതിൻറെ ഏറ്റവും മികച്ച ഉദാഹരണമാണ് ഐ.എസ്.

നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്ലാംവിരുദ്ധ നിലപാടുകൾക്ക് യഥാർത്ഥ മതവിശ്വാസികളെ കൂട്ടിന് കിട്ടുകയില്ലെന്നാണ് ഐ.എസി നോടുള്ള ഇസ്ലാമിക ലോകത്തിൻറെ സമീപനം അസന്ദിഗ്ധമായി തെളിയിക്കുന്നത്.ഐ.എസിനെ തള്ളിപ്പറയാത്ത ഒരൊറ്റ അംഗീകൃത ഇസ്ലാമിക പണ്ഡിതനും ഇസ്‌ലാമിക പ്രസ്ഥാനവും ലോകത്തെവിടെയുമില്ല.

Related Articles