Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാംകാര്യം പറയുന്ന കോടതികള്‍

ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്ന പ്രയോഗം ഇപ്പോള്‍ എത്രമാത്രം പ്രസക്തമാണ് എന്ന ചോദ്യമാണ് നമ്മുടെ മുന്നിലുള്ളത്. ഒരിക്കല്‍ നമ്മുടെ കോടതികള്‍ പറഞ്ഞു പള്ളികള്‍ ഇസ്ലാമിലെ നിര്‍ബന്ധ കാര്യമല്ലെന്ന്. ഇപ്പോള്‍ പറയുന്നു തല മറക്കല്‍ ഇസ്ലാമിന്റെ നിര്‍ബന്ധ കാര്യമല്ലെന്ന്. ഇതിവിടെ നില്‍ക്കുമെന്ന് നാം പ്രതീക്ഷിക്കരുത്. നമസ്‌കാരം, നോമ്പ് തുടങ്ങി പലതും ഇസ്ലാമല്ലെന്നു കേള്‍ക്കേണ്ടി വരുന്ന കാലം വിദൂരമല്ല. അവസാനം മുസ്ലിംകള്‍ ഇന്ത്യക്കാരല്ലെന്ന വിധി വരാന്‍ അധിക കാലം നാം കാത്തിരിക്കേണ്ടി വരില്ല.

രാഷ്ട്രത്തിനു സ്വന്തമായി മതമില്ല അതെസമയം എല്ലാ മതങ്ങളെയും ഭരണകൂടം ആദരിക്കും. വ്യക്തിക്ക് അവരുടെ വിശ്വാസം മുറുകെ പിടിച്ചു ജീവിക്കാനും അത് പ്രചരിപ്പിക്കാനും നമ്മുടെ ഭരണഘടന അവകാശം നല്‍കുന്നു. ഇപ്പോള്‍ നാം കാണുന്നത് മുസ്ലികളുടെ ചിഹ്നങ്ങള്‍ പൊതു സമൂഹത്തില്‍ നിന്ന് എടുത്തു മാറ്റുകയും മറ്റുള്ളവരുടെ ചിഹ്നങ്ങള്‍ക്ക് സമൂഹത്തില്‍ അമിത പ്രാധാന്യം നല്‍കുന്നു എന്നത് കൂടിയാണ്.

മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി മുന്നേറുന്നു എന്നത് പലരുടെയും ഉറക്കംകെടുത്തുന്നു. അതിലും കൂടുതല്‍ അവരെ ഭയപ്പെടുത്തുന്നത് മുസ്ലിം പെണ്‍കുട്ടികള്‍ വിശ്വാസവും ആചാരവും മുറുകെ പിടിച്ച് വിദ്യ നേടുന്നു എന്നതാണ്. പുതിയ തീരുമാന പ്രകാരം തങ്ങളുടെ വിശ്വാസം മുറുകെ പിടിക്കാന്‍ കഴിയില്ല എന്ന് വരികില്‍ മുസ്ലിം സ്ത്രീ ഒന്നുകില്‍ പഠനം നിര്‍ത്തണം അല്ലെങ്കില്‍ ജാഹിലിയ്യത്തിനെ വരിക്കണം.

ലോകം മുഴുവന്‍ നേരില്‍ കണ്ട ബാബറി പള്ളി തകര്‍ക്കല്‍ നടന്നിട്ടില്ല എന്ന് വിധി പറഞ്ഞ കോടതികളും നമ്മുടെതാണ്. ബാബറി മസ്ജിദ് നിലനിന്നിരുന്നിടത്തു ഒരിക്കല്‍ പോലും ഒരു ക്ഷേത്രവും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പായിട്ടും ബാബറി മസ്ജിദ് സ്ഥലം സംഘ പരിവാരിനു നല്‍കിയ കോടതികളും നമ്മുടെതാണ്. തല മറക്കല്‍ ഇസ്ലാമിലെ അനിവാര്യതയല്ല എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു.

തല മറക്കുക എന്നത് ഇസ്ലാമിന്റെ ഭാഗമായി മുസ്ലിംകള്‍ മനസ്സിലാക്കുന്നു. ഒരാള്‍ ഇസ്ലാമാവുക എന്നത് കൊണ്ട് ഉദ്ദേശ്യം അയാളുടെ ജീവിതം മൊത്തം മാറുക എന്നത് തന്നെയാണ്. അതിന്റെ ഭാഗമാണ് ഈ ഹിജാബും. കോടതികള്‍ മതം വ്യാഖ്യാനിക്കാന്‍ തുടങ്ങുന്നത് നല്ലതാണ്. മതത്തിന്റെ സാമൂഹിക വശങ്ങള്‍ സമൂഹത്തിലേക്കു വരാന്‍ അത് സഹായിക്കും. അതിനപ്പുറം വിശ്വാസ കാര്യങ്ങളും ഇസ്ലാമിലെ കര്‍മ്മങ്ങളും കോടതികള്‍ വിശദീകരിക്കാന്‍ ആരംഭിച്ചാല്‍ അതിനെയാണ് ഭരണകൂടത്തിന്റെ കൈകടത്തല്‍ എന്ന് പറയുക. പല മതങ്ങളുടെയും അടിസ്ഥാനം തന്നെ വംശീയമാണ്. ആളുകളെ അവരുടേതല്ലാത്ത കാരണങ്ങളുടെ പേരില്‍ വേര്‍തിരിക്കുക എന്നതാണ് അവിടെ നടക്കുന്നത്. വടക്കേ ഇന്ത്യയില്‍ അത്തരം നിലപാടുകള്‍ ഉണ്ടാക്കിവെക്കുന്ന ദുരന്തങ്ങള്‍ വലുതാണ്. ഒരു കോടതിയും അതൊന്നും കേട്ടില്ല. കണ്ടില്ല.

ഒരു കാര്യം കോടതി പറഞ്ഞുവെച്ചു. നിങ്ങള്‍ക്ക് ഇസ്ലാമായി കര്‍ണാടകത്തിലെ കോളേജുകളില്‍ പഠിക്കാന്‍ കഴിയില്ല. വരാനിരിക്കുന്ന നിരവധി നടപടി ക്രമങ്ങളില്‍ ഒന്നായി ഇതിനെയും നാം കാണുക. യുദ്ധ സമയത്ത് ശത്രുക്കളെ കണ്ട വിശ്വാസികള്‍ പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. ‘ഇത് അല്ലാഹുവും പ്രവാചകനും സത്യപ്പെടുത്തിയ കാര്യമാണ്…. അവരുടെ വിശ്വാസവും അനുസരണവും വര്‍ധിച്ചു എന്നാണു ഖുര്‍ആന്‍ ശേഷം പറഞ്ഞുവെക്കുന്നത്. കര്‍ണാടക ഒരു ഒറ്റപ്പെട്ട വിഷയമായി നാം കരുതരുത് . വരാനിരിക്കുന്ന നാളെകളുടെ ചെറിയ സാമ്പിള്‍ മാത്രം.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles