Current Date

Search
Close this search box.
Search
Close this search box.

മലബാര്‍: ആണ്ടോടാണ്ട് സമരത്തിന്റെ ബലദൗര്‍ബല്യങ്ങള്‍

കേരളത്തിന്റെ വടക്കന്‍ മേഖലയായ മലബാര്‍ അടിസ്ഥാന സൗകര്യത്തിലും വിഭവ വിതരണത്തിലും ഭരണ, കാര്യനിര്‍വഹണ പങ്കാളിത്തത്തിലും വികസനത്തിലും സംസ്ഥാനത്തിന്റെ പൊതുവേഗത്തില്‍ നിന്ന് ഏറെ പിറകിലാണെന്ന തിരിച്ചറിവിന് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തുടര്‍ന്ന് പൊതുവിദ്യാഭ്യാസമേഖലയിലും ആവശ്യമായ സൗകര്യങ്ങളില്ലെന്ന കണ്ടെത്തല്‍ രണ്ടായിരത്തിന് മുമ്പേയുണ്ട്. തുടര്‍ന്ന് വിദ്യാര്‍ഥി, യുവജന സംഘടനകളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ നിരന്തരമായ കാമ്പയിനിലൂടെ ഇക്കാര്യം പൊതുസമൂഹത്തിനും ഭരണകൂടത്തിനും ബോധ്യപ്പെടുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ അസന്തുലിതത്വം വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ദൃശ്യമാക്കുന്ന പഠനങ്ങളും പിന്നീട് പുറത്തുവന്നു.

പൊതു, റവന്യൂ, ഭരണം, തദ്ദേശ ഭരണം, ആരോഗ്യപരിപാലനം, വ്യവസായം, റോഡ്, റെയില്‍വേ, വ്യോമ ഗതാഗതങ്ങള്‍, ജലവിതരണം, പൊതുവിതരണം, സാമൂഹികക്ഷേമം, തൊഴില്‍, ധനകാര്യസേവനങ്ങള്‍ എന്നിവയിലെല്ലാം മലബാറിനോട് ഭീകരമായ വിവേചനമുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമായി ഇന്നാരും അംഗീകരിക്കും. പക്ഷേ, അതിൻ്റെ ബാക്കിയെന്താണ്? ഭരണകൂടവും പൊതു സമൂഹവും അതിനോട് ഏത് നിലക്കാണ് പ്രതികരിച്ചത്?

വിദ്യാർഥി, യുവജന സംഘടനകളുടെ കാമ്പയിനുകളുടെയും അവയ്ക്ക് ഏതാനും മാധ്യമങ്ങൾ നൽകിയ പിന്തുണയുടെയും ഫലമായി ഭരണകൂടം സമ്മർദ്ദത്തിലകപ്പെട്ട് ചില നടപടികൾ കൈകൊണ്ടിട്ടുണ്ട്. യു ഡി എഫ് ഭരണകാലത്ത് വലിയ തോതില്‍ ഹയര്‍ സെക്കണ്ടറി സീറ്റുകളും ബാച്ചുകളും അതിനനുസൃതമായ അധ്യാപക തസ്തികകളും അനുവദിക്കുകയുണ്ടായി എന്നതാണ് ഇതിൽ എടുത്ത് പറയാവുന്ന ഒന്ന്. മലബാറിലെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അങ്ങനെ അനുവദിക്കപ്പെട്ടതുപോലും തികയുന്നതല്ല എന്നതാണ് യാഥാർഥ്യം. ഇടതുപക്ഷ ഭരണകാലത്ത് പ്രശ്നം ശാശ്വതമായി പരിഹരിക്കുക എന്ന ഉദ്ദേശത്തോടെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിഷയത്തെ അഭിമുഖീകരിച്ചു എന്ന പ്രതീതിയുണ്ടാക്കുന്ന വിധത്തിൽ ബാച്ചുകളില്‍ അധിക സീറ്റുകള്‍ അനുവദിക്കുക മാത്രമാണ് ഓരോ അധ്യയന വർഷാരംഭത്തിലും ചെയ്തു കൊണ്ടിരിക്കുന്നത്. ബാച്ചുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറക്കുന്നത് അക്കാദമിക നിലവാരത്തെ ബാധിക്കുന്നുവെന്ന വിമര്‍ശനം ശക്തമായി ഇപ്പോൾ ഉയർന്നുവന്നിരിക്കുകയും ചെയ്തിരിക്കുന്നു.

യു ഡി എഫ് ഭരണകാലത്ത് തന്നെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സർക്കാർ കോളജ് എന്ന നിലപാട് സർക്കാർ തീരുമാനിച്ചു നടപ്പിലാക്കുകയുണ്ടായി. അതിൻ്റെ യഥാർഥ ഗുണഭോക്താവ് മലബാർ തന്നെയായിരുന്നു. ആ മനസ്സിരിപ്പോടെ തന്നെയാണ് മുസ്‌ലിം ലീഗിൻ്റെ പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ പദ്ധതി നടപ്പിലാക്കിയത്. മധ്യ, തെക്കൻ കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും നേരത്തെ സർക്കാർ കോളജുകളുണ്ടായിന്നു. മലബാറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന തലക്കെട്ട് ഉണ്ടാക്കിയേക്കാവുന്ന കുതൂഹലങ്ങൾ ഒഴിവാക്കാൻ ഈ നീക്കത്തിലൂടെ സർക്കാറിന് സാധിച്ചു. കേരള രൂപീകരണത്തിന് ശേഷം വിദ്യാഭ്യസ രംഗത്ത് നടന്ന ചരിത്രപരമായ ഒരു നീക്കമാണ് യഥാർഥത്തിൽ ഈ കോളജുകൾ അനുവദിക്കപ്പെട്ടത്.

എന്നാൽ ആ അർഥത്തിൽ അത് ആഘോഷിക്കപ്പെടാതിരിക്കാനും, മുസ്ലിം ലീഗ് പോലും തങ്ങളുടെ വലിയൊരു ചുവട് വെപ്പ് എന്ന നിലക്ക് ആവശ്യമായ അളവിൽ അത് അവകാശപ്പെടാതിരിക്കാനും കാരണം, മുകളിൽ പറഞ്ഞപോലെ അതിൻ്റെ ഗുണഭോക്താക്കൾ മലബാറായിരുന്നു എന്നതും അത് കേരളത്തിൻ്റെ പൊതുബോധത്തിന് അംഗീകരിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ്. ഇത്രയുമാണ് മേൽപറഞ്ഞ മലബാർ വിവേചനമെന്ന തിരിച്ചറിവിനോടുണ്ടായ ഭരണകൂടഭാഗത്ത് നിന്നുള്ള നടപടികൾ.

ഇപ്പോഴും ഓരോ അധ്യായനവര്‍ഷാരംഭത്തിലും ഹയര്‍സെക്കണ്ടറി പഠനത്തിന് സൗകര്യമില്ല, പ്രശ്‌നം പരിഹരിക്കണം എന്ന ആണ്ടോടാണ്ട് സമരങ്ങളും പ്രചാരണങ്ങളും പ്രസ്താവനകളും നടക്കുന്നു. അതിനെന്ത് ഫലമാണ് പ്രതീക്ഷിക്കുന്നത്? അന്തരീക്ഷത്തിൽ ഒരു വിഷയത്തെ സജീവമായി നിലനിർത്തുക എന്നതിൽ കവിഞ്ഞ് കഴിഞ്ഞ പത്ത് വർഷമായി എന്ത് പ്രതികരണമാണുണ്ടാവുന്നത്?. മലബാറിൻ്റെ ആവശ്യങ്ങൾ വിദ്യാഭ്യാസ രംഗത്ത് മാത്രം പരിമിതമാണ്, അതും ഹയർ സെക്കണ്ടറി തലത്തിൽ മാത്രം എന്ന ന്യൂനീകരണവും സംഭവിക്കുന്നില്ലേ?

വിദ്യാഭ്യാസേതര മേഖലയിലെ മലബാറിനോടുള്ള അവഗണനയ്‌ക്കെതിരെ ഫോറങ്ങളും പ്രതികരണവേദികളുമുണ്ട് എന്നറിയല്ലാതെയല്ല ഈ സന്ദേഹമുയർത്തുന്നത്. അവ മീറ്റിംങുകളും സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്, പുതിയ ഡാറ്റകള്‍ ശേഖരിക്കുന്നുണ്ട്, വര്‍ക്ക്‌ഷോപ്പുകള്‍ നടത്തുന്നുണ്ട്, നിവേദനം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. പുസ്തകങ്ങളും പ്രബന്ധ, പഠന സമാഹാരങ്ങളും പ്രസിദ്ധീകരിച്ച് പുറത്തിറക്കുന്നുണ്ട്.

ഇതൊന്നും ചെറുതായ പ്രവര്‍ത്തനങ്ങളുമല്ല. ഒരു പ്രസ്ഥാനത്തിൻ്റെ തുടക്കത്തിലെ അടിസ്ഥാന മൂലധനങ്ങളാണ്. എന്നാൽ, പ്രഥമഘട്ടം കഴിഞ്ഞ, 25 വര്‍ഷം പിന്നിട്ട ഒരു പ്രസ്ഥാനത്തിന്, വലിയൊരു ജനതക്ക് അവരോട് കാണിക്കുന്ന ഈ അവഗണനയെ മറികടക്കാനാവാത്തത് എന്തുകൊണ്ടായിരിക്കും?

അതിൻ്റെ കാരണത്തിലെത്താൻ മലബാറിനെ കുറിച്ച ഏതാനും വാചകങ്ങൾ ആവശ്യമാണ്.
സമൃദ്ധമായിരുന്ന മലബാറിന്റെ മുരടിപ്പിന് കോളനിവാഴ്ചയോടെയാണ് നാന്ദി കുറിച്ചത്. ചരിത്രപരമായ ഈ അസന്തുലിതത്വത്തിനും വിവേചനത്തിനും പരിഹാരമുണ്ടാവേണ്ടത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലായിരുന്നു. പക്ഷെ, കൂടുതല്‍ കടുത്ത നിഷേധാത്മക സമീപനമാണ് കേരളം എന്ന സംസ്ഥാന രൂപീകരണത്തിന് ശേഷവും ആവര്‍ത്തിച്ചത്. അതിന്റെ ബാക്കി പത്രമാണ് ഇന്നിക്കാണുന്ന മലബാര്‍. പ്രവാസം എന്നൊരു പ്രതിഭാസം ഇല്ലായിരുന്നുവെങ്കില്‍ ആഗോളതലത്തില്‍ വാഴ്ത്തപ്പെടുന്ന കേരളമോഡലിനകത്തുതന്നെ ഉത്തരേന്ത്യയിലെ ഗല്ലികളെയും ഇനിയും വൈദ്യുതി കമ്പികളെത്താത്ത വിദൂര ഗ്രാമങ്ങളെയും വെല്ലുന്ന കാഴ്ചകളെ (അവ നമ്മുടെ കാഴ്ചവട്ടത്തിന് പുറത്താണ്) മലബാര്‍ എന്ന് പേര് വിളിക്കാമായിരുന്നു.

കേരള സംസ്ഥാനം രൂപികരിക്കപ്പെട്ടപ്പോൾ സ്ഥാപിക്കപ്പെട്ടതാണ്
കേരളമെന്നാല്‍ തിരുവിതാംകൂറും കൊച്ചിയും അവിടെ അധീശത്വമുള്ള മത, ജാതി ഭാവനകളും ചേര്‍ന്നത് മാത്രമാണെന്ന പൊതുബോധം. അതിപ്പോഴും അതേപടി തുടരുന്നു. അതിനാലാണ് എസ് എസ് എല്‍ സി റിസള്‍ട്ടിനൊപ്പം, മലബാറുകാരോട് വികാരം കൊണ്ടിട്ടും ബഹളം വെച്ചിട്ടും കാര്യമില്ല, സീറ്റുകള്‍ കുറവുണ്ടാകും എന്ന് അവരുടെ വിദ്യാഭ്യാസ മന്ത്രിക്ക് അവരുടെ മേല്‍ കുതിര കയറാന്‍ സാധിക്കുന്നത്. സമാനമായ പ്രസ്താവനകളും പ്രതികരണങ്ങളും വേറെയും കാണാം. കോപ്പിയടിച്ചാണ് വിജയിക്കുന്നത്, അകം വർഗീയമാണ് എന്നതെല്ലാം കേവല താൽക്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം വിളിച്ചു പറയുന്നതല്ല. അകമേ പേറുന്ന അകറ്റി നിർത്തൽ ഭാവത്തിൽ നിന്നുണ്ടാവുന്നതാണ്. ഈ മനോഭാവത്തെയാണ് മലബാറിന് മറികടക്കാനുള്ളത്.

നിലനില്‍ക്കുന്ന ഈ മനോഭാവത്തെ ചോദ്യം ചെയ്യുകയും കീഴ്‌മേല്‍ മറിക്കുകയും ചെയ്യുന്ന രീതിയിൽ സമഗ്രമായ മുദ്രാവാക്യമായി മലബാർ എന്നതിനെ പരിവര്‍ത്തിപ്പിക്കാനും വികസിപ്പിക്കാനും സാധിക്കുന്നില്ല എന്നതു തന്നെയാണ് ഇപ്പോൾ തുടരുന്ന സമരാവേശങ്ങളുടെ ദൗർബല്യം. ആവശ്യങ്ങള്‍ ഉന്നയിക്കുന്ന വിഭാഗമായി മലബാറും ഔദാര്യം കണക്കെ അവ വെച്ചുനീട്ടുകോയ നിഷേധ സമീപനം സ്വീകരിക്കുകയോ ചെയ്യുന്ന വിഭാഗമായി കേരളവും എന്ന ദ്വന്ദ്വത്തിലേക്ക് ഇപ്പോൾ മലബാർ സമരം എത്തിച്ചേര്‍ന്നിരിക്കുന്നു.
മലബാറിനെ വ്യവസ്ഥാപിതമായും ഇഞ്ചിഞ്ചായും കൊല ചെയ്യുന്ന സൈലന്റ് കില്ലറായി കേരളത്തിന്റെ പൊതു, സവര്‍ണ, ആഢ്യ മനോഭാവം പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ പ്രാതിനിധ്യം പ്രത്യക്ഷത്തിലുണ്ടെന്ന് തോന്നാമെങ്കിലും മുകളില്‍ സൂചിപ്പിച്ച പൊതു മനോഭാവത്തിനകത്താണ് അത് പ്രവര്‍ത്തിച്ചത്.

അധീശധാരണകള്‍ പിന്തുടരുന്ന നീതി നിഷേധങ്ങൾ ക്കെതിരെയുള്ള അവകാശപ്പോരാട്ടങ്ങള്‍ എങ്ങനെയാണ് മുന്നോട്ട് പോയത് എന്നതിനെ സംബന്ധിച്ച് ഇന്ത്യയിലും ആഗോളതലത്തിലും നിരവധി ഉദാഹരണങ്ങള്‍ കാണാനാവും.

2024 ജൂണ്‍ രണ്ടിന് തെലങ്കാന സംസ്ഥാനം രൂപം കൊണ്ടിട്ട് പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. ആറ് പതിറ്റാണ്ട് നീണ്ട അവകാശപ്പോരാട്ടത്തിന്റെ ഫലമാണ് തെലങ്കാന. വിയർപ്പും ചോരയും ജീവത്യാഗവുമെല്ലാം അതിലുണ്ട്. എന്നാൽ തെലുങ്കാന അനുഭവിക്കുന്ന നീതി നിഷേധത്തെ സമഗ്രമായി അഭിസംബോധന ചെയ്യുന്ന ഒരു ആശയത്തിലേക്ക് പോരാട്ടത്തെ വികസിപ്പിക്കാൻ തെലുങ്ക് ജനതയ്ക്ക് സാധിച്ചു. അതാണ് തെലങ്കാന സംസ്ഥാനം.

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ ആദ്യ സംസ്ഥാനമായ ആന്ധ്ര രൂപവല്‍ക്കരിച്ച നാള്‍ മുതല്‍ കടുത്ത വിവേചനം നേരിടുന്ന ജനതയാണ് തെലങ്കാന. സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ മുന്‍പന്തിയിലുള്ള സീമാന്ധ്ര മേധാവിത്തം പുലര്‍ത്തുകയും തങ്ങളുടെ അസ്തിത്വം തന്നെ അപ്രസക്തമായി തീരുമെന്നുമുള്ള ഉല്‍കണ്ഠ നിലനിന്നിരുന്നു. കൂടാതെ, വ്യാവസായിക- വ്യാപാര വികസനത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള സീമാന്ധ്രയോട് കാര്‍ഷിക സമ്പദ് വ്യവസ്ഥയുള്ള തെലങ്കാന ചേരുമ്പോള്‍ വിഭവ വിതരണത്തിലും വിനിയോഗത്തിലും വികസന മുന്‍ഗണനകളിലും അസന്തുലിതത്വത്തിനുള്ള സാധ്യത, സംസ്ഥാനത്തിന്റെ ഭരണവ്യവസ്ഥ തങ്ങളുടെ പ്രശ്നങ്ങളെ സവിശേഷമായി അഭിമുഖീകരിക്കില്ല തുടങ്ങിയ ആശങ്കകളും ഉണ്ടായിരുന്നു.

ഈ ആശങ്കകളും ഉല്‍കണ്ഠകളും ശരിയായി പുലര്‍ന്നു. കോസ്റ്റല്‍ ആന്ധ്ര വ്യാപാര വ്യവസായിക മേഖലകളില്‍ അതിവേഗം മുന്നോട്ട് കുതിച്ചു. വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും ആ മേഖലയില്‍ മികച്ച സാമ്പത്തിക വികസനം സാധ്യമാക്കി. കൂടാതെ വന്‍തോതില്‍ അടിസ്ഥാന സൗകര്യ വികസനവും സാധ്യമായി. തെലങ്കാനയാവട്ടെ, കാര്‍ഷിക മേഖലായായി തുടര്‍ന്നു. ജന്മിത്വം, കര്‍ഷകര്‍ക്ക് ഭൂവുടമസ്ഥത ഇല്ലാതിരിക്കല്‍, കൃഷിയെ ത്വരിതപ്പെടുത്തുന്നതിലെ സര്‍ക്കാര്‍ പദ്ധതികളുടെ അപര്യാപ്തത എന്നിവ തെലങ്കാനയെ ഞെരുക്കി.

രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ വൃന്ദവും വന്‍തോതില്‍ ആന്ധ്രയില്‍നിന്നുള്ളവരായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളില്‍ തെലങ്കാന വേണ്ട വിധം പ്രതിനിധീകരിക്കപ്പെട്ടില്ല.
വിദ്യാഭ്യാസ രംഗത്താണ് ഭീകരമായ വിവേചനം നിലനിന്നിരുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ സര്‍വകലാശാലകളും കോളജുകളും സീമാന്ധ്രയില്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ തെലങ്കാന ഉന്നത വിദ്യാഭ്യാസ രംഗത്ത് കിതച്ചു. അറിയപ്പെടുന്ന എഞ്ചിനിയറിംങ് കോളജുകളും മെഡിക്കല്‍ കോളജുകളും തെലങ്കാനക്ക് പുറത്തായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചപ്പോഴും ആവശ്യമോ ജനസംഖ്യയോ പരിഗണിച്ചില്ല.

ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന്റെ ലഭ്യത തെലങ്കാനക്ക് അന്യമായപ്പോള്‍ കോസ്റ്റല്‍ ഏരിയയില്‍ അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ മുതല്‍ തലയെടുപ്പുള്ള സര്‍വകലാശാലകള്‍ വരെ സ്ഥാപിക്കപ്പെട്ടു. തെലങ്കാനയില്‍ വിശേഷിച്ചും ഗ്രാമീണ മേഖലയില്‍ പ്രാഥമിക, സെക്കണ്ടറി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവായിരുന്നു. ഉള്ളവയില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങളായ ക്ലാസ് മുറികള്‍, ലാബ്, അധ്യാപക നിയമനം എന്നിവ ആവശ്യത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ ബജറ്റിന്റെ നല്ലൊരു ശതമാനവും നീക്കിവെക്കപ്പെട്ടത് കോസ്റ്റല്‍ ആന്ധ്രയിലേക്കാണ്. സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളും അവിഭക്ത ആന്ധ്രാപ്രദേശില്‍ ആനുപാതികമായിട്ടല്ല ലഭ്യമായത്.

ഒരു സുപ്രഭാതത്തില്‍ തെലങ്കാന സംസ്ഥാനം രൂപപ്പെടുകയായിരുന്നില്ല. 60 വർഷം ആ ആവശ്യത്തോട് ഭരണകൂടം പുറംതിരിഞ്ഞ് നിൽക്കുകയായിരുന്നു. വിഭവവിതരണത്തിലെ അസമത്വം, വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെ വിവേചനം, തെലുങ്ക് ഭാഷാഭേദത്തോടുള്ള അവഗണന, തെലങ്കാന പാരമ്പര്യങ്ങളെ ഇല്ലാതാക്കല്‍, രാഷ്ട്രീയാധികാരത്തിലെ പ്രാതിനിധ്യക്കുറവ്, സ്വത്വനിഷേധം, ജലസേചനമേഖലയില്‍ വിവേചനം, വ്യവസായ വികസനത്തിലെ അസന്തുലിത്വം, സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് വേണ്ടി തെലങ്കാനയുടെ പ്രകൃതിയെ ചൂഷണം ചെയ്യല്‍ എന്നിവക്കെതിരെ നടന്ന നിരവധിയായ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നിട്ടുണ്ട്. എന്നാൽ അവ അവയായി തുടരുകയായിരുന്നില്ല. കാലന്തരത്തില്‍ ഒന്നു ചേർന്ന് പ്രത്യേക തെലങ്കാന സംസ്ഥാനം എന്ന ആശയത്തിലേക്ക് ഈ സമരമുഖങ്ങൾ വികസിപ്പിക്കുകയാണ് ചെയ്തത്.

തെലങ്കാന പ്രജാ സമിതി, തെലങ്കാന രാഷ്ട്ര സമിതി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംയുക്ത വേദിയായ സംയുക്ത തെലങ്കാന ആക്ഷന്‍ കമ്മിറ്റി ഇതില്‍ മുഖ്യ പങ്ക് വഹിച്ച പ്രസ്ഥാനങ്ങളാണ്. 2002ലെ ടി ആര്‍ എസിന്റെ മില്ല്യന്‍ മാര്‍ച്ച് വലിയ ശ്രദ്ധ പിടിച്ചു പറ്റി. ഈ എല്ലാ സമരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ആകെത്തുകയാണ് തെലങ്കാന സംസ്ഥാന രൂപീകരണം. തെലങ്കാനയെ ഇല്ലായ്മ ചെയ്യുന്ന സീമാന്ധ്രൻ വരേണ്യബോധത്തെയാണ് തെലങ്കാന സ്റ്റേറ്റ് എന്ന ആശയം നിരാകരിച്ചത്. ലോകത്തുള്ള എല്ലാ അവകാശ, വിമോചനപ്പോരാട്ടങ്ങളും ഇതേ നാൾവഴികളാണ് പിന്തുടർന്നിട്ടുള്ളത്.

സംസ്ഥാന രൂപികരണത്തിന് ശേഷം അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം,
ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലയില്‍ തെലങ്കാന സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മുമ്പത്തെ അവസ്ഥയേക്കാള്‍ വലിയ സാമ്പത്തിക വികസനം നേടാന്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനകം ആ സംസ്ഥാനത്തിനായിട്ടുണ്ട്. സൂക്ഷ്മ പരിശോധനയില്‍ ഒരുപക്ഷെ, തെലങ്കാനയ്ക്കകത്ത് പാര്‍ശ്വവല്‍കൃത ജനതയോ ഭൂപ്രദേശമോ കണ്ടെത്തപ്പെടാനിടയുണ്ട്. എന്നാലും തെലങ്കാന കേരളത്തോട് പറയുന്ന ഒന്നുണ്ട്. സുദീര്‍ഘവും പിന്‍ മടക്കമില്ലാത്തതുമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ മാത്രമാണ് മലബാറിന്റെ അതിജീവനം സാധ്യമാവുക എന്നതാണ് അക്കാര്യം.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യം നേടിയപ്പോൾ മലബാർ കോളനിവൽക്കരണത്തിൽ നിന്ന് വിമോചിപ്പിക്കപ്പെട്ടു. പക്ഷെ തുടർന്ന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോൾ മുകളിൽ പറഞ്ഞ കേരളത്തിൻ്റെ പൊതു, സവർണ, ആഢ്യ മനോഭാവത്തിന് വിധേയപ്പെടാനായിരുന്നു മലബാറിൻ്റെ നിയോഗം. അതിനെ മറകടക്കുക എന്നതിലാണ് സമരങ്ങളുടെ ബലം, മലബാറിൻ്റെ ഭാവി.

Related Articles