പലസ്തീൻ തടവുകാരനായ അബ്ദുൽ മുഇസ്സ് ദഹ് ലാൻ്റെ മോചനത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന, തടവറകൾക്കുള്ളിലെ ഭീകരമായ യാഥാർത്ഥ്യത്തെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി. “അൽഹംദുലില്ലാഹ്… ഞങ്ങൾ മരിച്ചവരുടെ സെമിത്തേരിയിൽ നിന്ന് പുറത്തുവരുന്നു” എന്നായിരുന്നു ദഹ് ലാൻ്റെ വാക്കുകൾ. ജീവൻ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യം, പ്രതീക്ഷ, മനുഷ്യത്വം എന്നിവ നഷ്ടപ്പെട്ട ഒരു ‘ജീവനുള്ള മരിച്ചവരുടെ സെമിത്തേരി’യായി ഇസ്രായേൽ ജയിലുകൾ മാറിയതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. 21 മാസത്തെ കഷ്ടപ്പാടിൻ്റെയും പീഡനത്തിൻ്റെയും അടയാളങ്ങൾ പേറിയാണ് ദഹ് ലാൻ ഉൾപ്പെടെയുള്ള പലസ്തീൻ തടവുകാർ മോചിതരായത്.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേലും ഹമാസും തടവുകാരോട് സ്വീകരിക്കുന്ന സമീപനങ്ങളിലെ ധാർമികവും മാനുഷികവുമായ വ്യത്യാസം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. മോചിപ്പിക്കപ്പെട്ട പലസ്തീൻ തടവുകാർക്ക് തടവറയിലെ കഠിന പീഢനങ്ങളുടെ കദനകഥകൾ മാത്രമാണ് പറയാനുള്ളത്. വിട്ടയക്കപ്പെട്ടവർ ക്രൂരമായ മർദനങ്ങൾ, ശാരീരിക-മാനസിക പീഢനങ്ങൾ, ഭക്ഷണവും മരുന്നും നിഷേധിക്കൽ, ലൈംഗിക വൈകൃതങ്ങൾ ചെയ്യാൻ നിർബന്ധിപ്പിക്കൽ എന്നിവ അനുഭവിച്ചവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവർ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിൽ എത്തിച്ചേർന്നത് ദുരിതകരമായ ആരോഗ്യസ്ഥിതിയിലായിരുന്നു; ചിലരുടെ കൈകളിലും കാലുകളിലും പീഡനത്തിൻ്റെ വ്യക്തമായ അടയാളങ്ങൾ ഉണ്ടായിരുന്നു. ഇസ്രായേൽ സ്വീകരിച്ച പട്ടിണി നയം കാരണം പലരുടെയും ശരീരത്തിൽ കടുത്ത മെലിച്ചിൽ കാണപ്പെട്ടു.
ഇസ്രായേൽ സ്വീകരിച്ച ഈ സമീപനം പ്രതികാരപരമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിട്ടയക്കൽ പ്രക്രിയയിൽ പോലും കടുത്ത നടപടികളും തടവുകാർക്കും അവരുടെ ബന്ധുക്കൾക്കും നേരെയുള്ള ആവർത്തിച്ചുള്ള അപമാനങ്ങളും ഉണ്ടായി. തടവുകാരുടെ വീടുകളിൽ കയറി സന്തോഷ പ്രകടനങ്ങൾ പാടില്ലെന്ന് മുന്നറിയിപ്പ് നൽകുക, കുടുംബാംഗങ്ങളെ പിരിച്ചുവിടാൻ കണ്ണീർ വാതക ഷെല്ലുകളും ശബ്ദ ബോംബുകളും പ്രയോഗിക്കുക, തടവുകാരെ വിലങ്ങണിയിച്ച് മാറ്റുക തുടങ്ങിയ നടപടികളിൽ “ഒരു മാനുഷിക കൈമാറ്റ കരാർ നടപ്പിലാക്കുക എന്നതിലുപരി ഇസ്രായേലിൻ്റെ പ്രതികാരത്തിനുള്ള ആഗ്രഹമാണ്” പ്രതിഫലിച്ചതെന്ന് അൽ ജസീറയുടെ ഫലസ്തീനിലെ ഓഫീസ് ഡയറക്ടർ വലീദ് അൽ ഉംരി നിരീക്ഷിച്ചു.
എന്നാൽ ഹമാസിൻ്റെ ഭാഗത്തു നിന്ന് അതിശയിപ്പിക്കുന്ന മാനുഷിക മൂല്യങ്ങളുടെ പ്രകടനമാണ് ലോകം കണ്ടത്. ഹമാസിൻ്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽഖസ്സാം ബ്രിഗേഡ്‌സ് ഇസ്രായേലി തടവുകാരോട് സ്വീകരിച്ച നിലപാട് തികച്ചും വിഭിന്നമായിരുന്നു. “ഇസ്‌ലാമിൻ്റെ പ്രബോധനമനുസരിച്ച് തടവുകാരോട് നന്നായി പെരുമാറാനായിരുന്നു ഹമാസിൻ്റെ നിർദ്ദേശം. ശത്രുവിൻ്റെ തടവുകാരുടെ ജീവൻ രക്ഷിക്കാനും അവരോട് നല്ല രീതിയിൽ പെരുമാറാനും അവർ ശ്രദ്ധിച്ചു.” ഖസ്സാം പോരാളികൾ അന്താരാഷ്ട്ര റെഡ് ക്രോസുമായി ഏകോപിപ്പിച്ച് കൃത്യമായ അച്ചടക്കത്തോടെയും ചിട്ടയോടെയുമാണ് കൈമാറ്റ പ്രക്രിയ കൈകാര്യം ചെയ്തത്.
കഴിഞ്ഞ തവണകളിൽ, തടവുകാരെ കൃത്യമായ ചിട്ടയോടെ കൈമാറുന്ന ദൃശ്യങ്ങൾ ഹമാസ് പരസ്യമാക്കി. ഇത് തങ്ങളാണ് വിജയികളെന്നും പ്രദേശത്തിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ലോകത്തിന് മുന്നിൽ സ്ഥാപിക്കാൻ ഹമാസിനെ സഹായിച്ചപ്പോൾ, ഇസ്രായേലിന് അത് കടുത്ത അതൃപ്തി ഉണ്ടാക്കി.” അതിനാൽ ഇപ്രാവശ്യം ബന്ധി മോചനത്തിൽ ഷോകൾ പാടില്ലെന്ന് ലിഖിത രൂപത്തിൽ നിബന്ധന വെച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം, കരാറുകളുടെ ചരിത്രത്തിൽ ആദ്യമായി, മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഖസ്സാം ബ്രിഗേഡ്‌സ് ചില ഇസ്രായേലി തടവുകാരെ കുടുംബങ്ങളുമായി ടെലിഫോൺ സംഭാഷണങ്ങളും വീഡിയോ ചാറ്റുകളും നടത്താൻ അനുവദിച്ചു എന്നതാണ്. ഇത് മാനുഷിക മാനദണ്ഡങ്ങൾ പാലിക്കാനുള്ള ഹമാസിൻ്റെ ആഗ്രഹം പ്രതിഫലിപ്പിക്കുന്നു.
ഈ രണ്ട് രംഗങ്ങളും മനുഷ്യരോടുള്ള സമീപനത്തിലെ അടിസ്ഥാനപരമായ വ്യത്യാസത്തെയാണ് അടയാളപ്പെടുത്തുന്നത്. ഉപരോധത്തിലും യുദ്ധക്കെടുതികൾക്കിടയിലും ഹമാസ് ഇസ്രായേലി തടവുകാരുടെ അന്തസ്സ് ഉറപ്പാക്കാൻ ശ്രമിച്ചപ്പോൾ, കൈമാറ്റ കരാർ പൂർത്തിയാക്കിയ ശേഷവും പലസ്തീൻ തടവുകാരെ അപമാനിക്കാനാണ് ഇസ്രായേൽ ശ്രമിച്ചത്.
ഗസ്സയിലെ തടവുകാരൻ ലോകസമവാക്യങ്ങൾ തിരുത്തിയെഴുതുന്നു
തിങ്കളാഴ്ച മോചിതനായ ഇസ്രായേലി തടവുകാരനായ അലക്സാണ്ടർ ടോർപനോഫ് നടത്തിയ പ്രസ്താവന ഇസ്രായേലിനെ ഞെട്ടിച്ചിരിക്കുകയാണ്: ”നിങ്ങൾ എനിക്ക് നൽകിയ ഔദാര്യത്തിൻ്റെ അടയാളങ്ങൾ എൻ്റെ മനസ്സാക്ഷിയിൽ എന്നേക്കുമായി കൊത്തിവെക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്കിടയിലെ എൻ്റെ 498 ദിവസത്തെ ജീവിതത്തിനിടയിൽ, നിങ്ങൾ നേരിട്ട അതിക്രമങ്ങളും ക്രൂരകൃത്യങ്ങളും കണ്ടിട്ടും, മാനുഷികതയുടെയും പരിശുദ്ധമായ ധീരതയുടെയും യഥാർത്ഥ അർത്ഥം ഞാൻ പഠിച്ചു. നിങ്ങളായിരുന്നു ഉപരോധിക്കപ്പെട്ട സ്വതന്ത്രർ, ഞാനായിരുന്നു തടവുകാരൻ. എൻ്റെ രക്ഷാകർത്താക്കളും നിങ്ങൾ തന്നെയായിരുന്നു. വാത്സല്യമുള്ള ഒരച്ഛൻ സ്വന്തം മക്കളെ പരിപാലിക്കുന്നതുപോലെ നിങ്ങൾ എന്നെ ശ്രദ്ധിച്ചു. എൻ്റെ ആരോഗ്യവും അന്തസ്സും നിങ്ങൾ കാത്തുസൂക്ഷിച്ചു”.
“സ്വന്തം മണ്ണിനും കവർന്നെടുത്ത അവകാശങ്ങൾക്കും വേണ്ടി പോരാടുന്നവരുടെ കൈകളിലായിരുന്നു ഞാൻ. എൻ്റെ രാജ്യം ഉപരോധിക്കപ്പെട്ട ഒരു ജനതയ്‌ക്കെതിരെ ഏറ്റവും വലിയ വംശഹത്യ നടത്തുമ്പോഴും, നിങ്ങൾ എന്നെ പട്ടിണി കിടത്താനോ അപമാനിക്കാനോ ഒരവസരവും നൽകിയില്ല.നിങ്ങളുടെ കണ്ണുകളിൽ അത് കാണുന്നതുവരെ ഞാൻ ധീരതയുടെ യഥാർത്ഥ അർത്ഥം അറിഞ്ഞിരുന്നില്ല. നിങ്ങൾക്കിടയിൽ ജീവിക്കുന്നതുവരെ ത്യാഗത്തിൻ്റെ മൂല്യം ഞാൻ മനസ്സിലാക്കിയിരുന്നില്ല. നിങ്ങൾ മരണത്തെ നോക്കി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു. വിനാശകരമായ ആയുധങ്ങളുള്ള ഒരു ശത്രുവിനെ, പ്രതിരോധിക്കാൻ നഗ്നമായ ശരീരങ്ങൾ മാത്രമുള്ള നിങ്ങൾ ചെറുത്തുനിന്നു. ഞാൻ എത്ര വാചാലനായാലും നിങ്ങളുടെ യഥാർത്ഥ മൂല്യം പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാവില്ല. നിങ്ങളുടെ ഉദാത്തമായ സ്വഭാവത്തോടുള്ള എൻ്റെ ആശ്ചര്യവും പ്രശംസയും വാക്കുകൾക്കതീതമാണ്. നിങ്ങളുടെ മതം തടവുകാരോട് ഇപ്രകാരമാണല്ലേ പെരുമാറാൻ പഠിപ്പിക്കുന്നത്”?
മനുഷ്യൻ നിർമ്മിച്ച എല്ലാ മനുഷ്യാവകാശ നിയമങ്ങളും യുദ്ധപ്രോട്ടോകോളുകളും തകരുന്നതിലും അപ്പുറത്തേക്ക് നിങ്ങളെ ഉയർത്തുന്ന ഈ വിശ്വാസം എത്ര മഹത്തരമാണ്! ഏറ്റവും കഠിനമായ നിമിഷങ്ങളിൽ പോലും നിങ്ങൾ നീതിയും കാരുണ്യവും പ്രകടിപ്പിക്കുന്നു. വെറും പൊള്ളയായ മുദ്രാവാക്യങ്ങളിലൂടെയല്ല, മറിച്ച് നിങ്ങളുടെ അനുഭവങ്ങളുടെ യാഥാർത്ഥ്യത്തിലൂടെയാണ് ഇത് തെളിയിക്കുന്നത്. ഇരുണ്ട സാഹചര്യങ്ങളിലും നിങ്ങൾ നിങ്ങളുടെ തത്വങ്ങളിൽ നിന്ന് ഒട്ടും വ്യതിചലിക്കുന്നില്ല.
വിശ്വസിക്കുക, ഞാൻ ഇവിടെ തിരിച്ചെത്തിയാൽ, നിങ്ങളുടെ പോരാളികളുടെ നിരയിൽ ഞാനുമുണ്ടാകും. കാരണം, നിങ്ങളുടെ ജനതയിൽ നിന്നാണ് ഞാൻ സത്യം പഠിച്ചത്. നിങ്ങൾ ഈ ഭൂമിയുടെ ഉടമകൾ മാത്രമല്ല, മഹത്തായ തത്വങ്ങളുടെയും നീതിയുക്തമായ ലക്ഷ്യത്തിൻ്റെയും ഉടമകളാണ്. ഇതൊന്ന് ലോകത്തെ അറിയിക്കുക! വഴിതെറ്റിയ ലോകം അറിയട്ടെ, മഹത്വത്തിൻ്റെയും അഭിമാനത്തിൻ്റെയും ഗസ്സയിലെ പോരാളികളുടെ ഉന്നതമായ സ്വഭാവം. അവർ തീവ്രവാദികളല്ല.”
എന്തുകൊണ്ട് ഹമാസ് ഇങ്ങനെ പെരുമാറുന്നു?
തടവുകാരോടുള്ള ഇസ്‌ലാമിന്റെ ശക്തമായ അധ്യാപനങ്ങളാണ് ഹമാസിനെ നയിക്കുന്നത്. തടവുകാരോടുള്ള സമീപനത്തിൽ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന കരുണയും മാന്യതയുമടങ്ങുന്ന ധാർമിക നിലപാട് ഹമാസിന്റെ നടപടികൾക്ക് അടിവരയിടുന്നു. ബന്ധനസ്ഥർ (അസീർ) കരുണയും, ദയയും, പരിചരണവും അർഹിക്കുന്ന ദുർബല വിഭാഗമാണെന്ന ശൈഖ് ഖറദാവിയുടെ അഭിപ്രായവും അവരെ മാന്യന്മാരാക്കി മാറ്റി. ഇസ്‌ലാം തടവുപുള്ളികളോട് അങ്ങേയറ്റം മാന്യമായി പെരുമാറണമെന്ന് പഠിപ്പിക്കുന്നു. ബദ്ർ യുദ്ധാനന്തരം, യുദ്ധത്തടവുകാരോടുള്ള ഇസ്‌ലാമിന്റെ അടിസ്ഥാന സമീപനം എന്തെന്ന് പ്രവാചകൻ (സ) തന്റെ അനുചരന്മാരോട് നൽകിയ നിർദ്ദേശത്തിൽനിന്ന് വ്യക്തമാണ്: ‘നിങ്ങൾ അവരോട് നല്ല നിലയിൽ പെരുമാറുക’.
ബന്ദികൾക്ക് ഭക്ഷണം നൽകുന്നത് പുണ്യവാന്മാരുടെ സ്വഭാവമാണെന്ന് വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു. ജീവിതത്തിൽ എത്രതന്നെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും, പൂർവസൂരികൾ സഹജീവികളോട് അഗാധമായ സ്നേഹവും കരുതലുമാണ് കാണിച്ചിരുന്നത്. അവർ ശത്രു എന്നോ ബഹുദൈവ വിശ്വാസിയെന്നോ ഒരു വേർതിരിവും തടവുകാർക്ക് നൽകിയിരുന്നില്ല. അതിനു നിദാനമായത് ഈ ഖുർആൻ വചനമാണ്: “ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരനും അവരത് നല്‍കുകയും ചെയ്യും” (അൽ-ഇൻസാൻ: 8).
ഇവിടെ “ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം” എന്ന് എടുത്തുപറയുന്നത് ശ്രദ്ധേയമാണ്. കാരണം, അവർ ഇതിലൂടെ പ്രതീക്ഷിക്കുന്നത് അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും മാത്രമാണ്. “അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.” (അൽ-ഇൻസാൻ: 9) ബന്ദികളായവർക്ക് വസ്ത്രം നൽകേണ്ടത് നിർബന്ധ ബാധ്യതയായിട്ടാണ് ഇസ്‌ലാമിക ശരീഅത്ത് കാണുന്നത്. ഇമാം ബുഖാരി (റ) തന്റെ ‘സ്വഹീഹ്’ എന്ന ഗ്രന്ഥത്തിൽ “യുദ്ധത്തടവുകാർക്കുള്ള വസ്ത്രം” എന്ന പേരിൽ ഒരു അധ്യായം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉയ്ന ബ്നു അംറിൽ നിന്ന് ജാബിർ (റ) നിവേദനം ചെയ്ത ഒരു സംഭവം ഇതിന് തെളിവാണ്: ബദ്ർ യുദ്ധത്തിൽ തടവിലായ അബ്ബാസ് (റ) ന് വസ്ത്രമില്ലായിരുന്നു. അദ്ദേഹത്തിന് അനുയോജ്യമായ ഒരു വസ്ത്രം പ്രവാചകൻ (സ) അന്വേഷിച്ചു. ഒടുവിൽ അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ ഖമീസ് (കുപ്പായം) അദ്ദേഹത്തിന് നൽകുകയും, അത് പാകമാകാത്തതിനാൽ പ്രവാചകൻ തന്റെ വസ്ത്രം അബ്ബാസിന് നൽകുകയും ചെയ്തു. ഇതിലൂടെ, എന്തെങ്കിലും ഒരു വസ്ത്രം നൽകുക എന്നതിലുപരി, ധരിക്കാൻ പാകമായതും മാന്യമായതുമായ വസ്ത്രം തന്നെ നൽകണമെന്നാണ് ശരീഅത്ത് അനുശാസിക്കുന്നതെന്ന് വ്യക്തമാവുന്നു. തടവിലാക്കിയ ശേഷം ഒന്നുകിൽ സൗജന്യമായി മോചനം നൽകുകയോ അല്ലെങ്കിൽ മോചനമൂല്യം വാങ്ങുകയോ ചെയ്യാമെന്ന് ഖുർആൻ പറയുന്നു.(മുഹമ്മദ്: 4).
ബദ്ർ പോരാട്ടത്തിലെ തടവുകാരോട് നല്ലരീതിയിൽ പെരുമാറാൻ നബി (സ) കൽപ്പിച്ചു. അബൂ അസീസ് ബിൻ ഉമൈർ (റ) നിവേദനം ചെയ്തത് പോലെ, അൻസാരികൾ തങ്ങൾ കൊതിച്ചിരുന്ന അപ്പം (റൊട്ടി) പോലും തടവുകാർക്ക് നൽകി ഈത്തപ്പഴം കഴിക്കുമായിരുന്നു. ഹനീഫ ഗോത്രത്തലവനായ ഥുമാമത്ത് ഇബ്നു ഉഥാലിനോട് നല്ലരീതിയിൽ പെരുമാറാനും ഭക്ഷണം എത്തിക്കാനും നബി (സ) കൽപ്പിച്ചത് അദ്ദേഹത്തിൻ്റെ ഇസ്‌ലാം സ്വീകരണത്തിലേക്ക് വഴിതുറക്കുകയുണ്ടായി.ഈ പ്രമാണങ്ങളെല്ലാം വ്യക്തമാക്കുന്നത്, തടവുകാരോട് അവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും മനുഷ്യത്വപരമായി പെരുമാറുകയും ചെയ്യുക എന്നത് ഇസ്‌ലാമിലെ അടിസ്ഥാനപരമായ ഒരു ധാർമിക ബാധ്യതയാണെന്നാണ്.
പലസ്തീൻ തടവുകാരുടെ ദുരിതകരമായ മോചനവും, ഇസ്രായേലി തടവുകാരോട് ഹമാസ് സ്വീകരിച്ച മാന്യമായ സമീപനവും ലോകത്തിനു മുന്നിൽ രണ്ട് വിരുദ്ധചിത്രങ്ങൾ അവതരിപ്പിക്കുന്നു. ഇസ്രായേൽ ജയിലുകൾ പലസ്തീൻകാർക്ക് “മരിച്ചവരുടെ സെമിത്തേരി”യാകുമ്പോൾ, ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ പെരുമാറ്റം മറ്റൊരു ധാർമിക ദർശനം ലോകത്തിന് മുന്നിൽ സമർപ്പിക്കാൻ ഹമാസിനെ സഹായിക്കുന്നു. ഈ വൈരുദ്ധ്യം, മനുഷ്യാവകാശ സ്ഥാപനങ്ങളെ അവരുടെ ഉത്തരവാദിത്തത്തിന് മുന്നിൽ നിർത്തുന്നു. വംശീയ ഫാഷിസ്റ്റ് ഭരണത്തിൻ്റെ കീഴിൽ പലസ്തീൻ തടവുകാർ നേരിടുന്ന ക്രൂരത, ‘അൽ-അഖ്‌സാ ഫ്ലഡ്’ ഓപ്പറേഷനുള്ള കാരണങ്ങളിലൊന്നായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സംഭവങ്ങൾ, തടവുകാരുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷിക മൂല്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുന്നു.
Summary: An analysis of the contrasting approaches of Hamas and Israel in dealing with hostages reveals a stark moral and ideological divide rooted in their respective world views. While Israel’s record is marked by punitive tactics, collective punishment, and disregard for civilian life in pursuit of its captives, Hamas’s conduct—despite being framed by Western narratives as extremist—has often shown adherence to Islamic principles that emphasise the humane treatment of prisoners. In Islam, hostages and captives are to be treated with dignity, provided food and shelter, and never tortured or humiliated, as exemplified in the Prophet Muhammad’s (PBUH) guidance during early battles. Reports and testimonies from released captives have reflected moments of this restraint and ethical conduct, highlighting the moral compass guiding Hamas’s actions even amid brutal warfare. In contrast, Israel’s retaliatory bombings, mass detentions, and siege policies expose a disregard for humanitarian norms.