Current Date

Search
Close this search box.
Search
Close this search box.

തിരുത്തൽ മുന്നോട്ടു വെക്കേണ്ടത് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ തന്നെയാണ്

1920 ഒക്ടോബർ 17ന്‌ താഷ്‌കെന്റിൽ വെച്ചാണ് ഇന്ത്യന്‍ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കുന്നത്. രൂപീകരണയോഗം മുഹമ്മദ്‌ ഷഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം എൻ റോയി ആയിരുന്നു മുഖ്യസംഘാടകൻ. എവലിൻ റോയ്‌, അബനി മുഖർജി, റോസ ഫിറ്റിൻഗോവ്‌, മുഹമ്മദ്‌ അലി, ആചാര്യ എന്നിവരും പങ്കെടുത്ത യോഗം ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്തി പരിപാടികള്‍ രൂപപ്പെടുത്താന്‍ തീരുമാനിച്ചു . ഇന്ത്യയില്‍ നിന്നും റഷ്യയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥികളായിരുന്നു ഈ കാര്യം ഏറ്റെടുത്തത്. ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കാനായി മടങ്ങിയ ഇവരിൽ 10 പേരെ ‌ബ്രിട്ടീഷ്‌ ഭരണകൂടം അറസ്റ്റ്‌ ചെയ്‌തു. കേസുകളിൽ കുടുക്കി ജയിലിലടച്ചു.

റഷ്യന്‍ വിപ്ലവം ലോകത്തിന്റെ പല ഭാഗത്തും പുതിയ പോരാട്ട ആവേശം നല്‍കിയിരുന്നു. ഇന്ത്യയിലെ അന്നത്തെ ബ്രിട്ടിഷ് ഭരണകൂടം കരുതലോടെയാണ് ഈ നീക്കങ്ങളെ കണ്ടത്. പിന്നീട് 1925 ല്‍ സി പി ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനവും അതില്‍ നിന്നും സി പി എമ്മും രൂപം കൊണ്ടു. ഇതിനു പുറമേ ചെറുതും വലുതുമായ പല കമ്യുണിസ്റ്റ് ഗ്രൂപ്പുകളും സംഘടനകളും ഇന്ത്യയില്‍ രൂപം കൊണ്ടു . ഇന്ത്യയിലെ രാഷ്ട്രീയ ഭൂപടത്തില്‍ ഒരു കാലത്ത് ഇടതു പക്ഷ രാഷ്ട്രീയത്തിന് കൂടുതല്‍ സാധ്യത നാം കണ്ടിരുന്നു.

Also read: അങ്ങയുടെ സുഗന്ധം ഞങ്ങളുടെ ജീവിതത്തെ വർണാഭമാക്കട്ടെ

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒന്നാം തിരഞ്ഞെടുപ്പ് മുതല്‍ അവര്‍ രംഗത്തുണ്ട്. ഒന്നാം ലോക്സഭയില്‍ അവര്‍ 22 സീറ്റ്‌ നേടിയിരുന്നു. പിന്നീട് അത് വളര്‍ന്നു ഒരിക്കല്‍ 57 വരെയെത്തി. ഇപ്പോള്‍ അത് പന്ത്രണ്ടു എന്ന സംഖ്യയില്‍ വന്നു നില്‍ക്കുന്നു. അതെ പോലെ ഇന്ത്യയിലെ മൂന്നു സംസ്ഥാന ഭരണം ഇടതു പക്ഷത്തിന്റെ കയ്യിലായിരുന്നു. അതില്‍ തന്നെ ബംഗാള്‍ ദീര്‍ഘമായ മൂന്നു പതിറ്റാണ്ട് ഇടതു പക്ഷം ഭരിച്ചു. ദീര്‍ഘമായ കാലം ത്രിപുരയും ഇടതു പക്ഷം ഭരിച്ചു. ആ രണ്ടു സംസ്ഥാനവും ഇപ്പോള്‍ അവരുടെ കയ്യിലല്ല എന്ന് മാത്രമല്ല ഇവിടങ്ങളില്‍ അവരുടെ പാര്‍ട്ടി സ്വാധീനം പെട്ടെന്ന് തന്നെ കുറഞ്ഞു പോകുകയും ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ഇടതു ഭരണം ഒതുങ്ങിയിരിക്കുന്നു. അവിടെയും പാര്‍ട്ടിയുടെ അടിത്തറ പഴയത് പോലെ ശക്തമല്ല എന്നതും പരമമായ സത്യമാണ്.

ഇന്ത്യന്‍ മണ്ണ് പണ്ട് മുതലേ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ മണ്ണാണ്. ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെ ശാപമായ ജാതിവ്യവസ്ഥ നൂറു വര്‍ഷം മുമ്പും ഇപ്പോഴും നിലനില്‍ക്കുന്നു. മണ്ണിന്റെ മക്കള്‍ എന്ന ഇടതു പക്ഷ മുദ്രാവാക്യം ഒരിക്കലും പ്രാദേശിക വാദമായിരുന്നില്ല. അത് പീഡിപ്പിക്കപ്പെട്ട മണ്ണിന്റെ മക്കളുടെ മോചനമായിരുന്നു. അതായത് എന്ത് കൊണ്ടും ഇന്ത്യന്‍ മണ്ണ് ഇടതു പക്ഷത്തിനു വളരാന്‍ പാകമായ ഒന്നായിരുന്നു. പക്ഷെ ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ അവസ്ഥയില്‍ അത്തരം ഒരു മുന്നേറ്റം ഇടതു പക്ഷത്തിനു സാധ്യമായില്ല. ഇന്ത്യന്‍ തലസ്ഥാനത്ത് പോലും കാര്യമായ ഇടം ഇടതു പക്ഷത്തിനു കണ്ടെത്താന്‍ കഴിഞ്ഞില്ല.

മൂന്നു പതിറ്റാണ്ട് ഭരിച്ച പാര്‍ട്ടി എങ്ങിനെ ഇത്ര വേഗം ബംഗാളിന്റെ മണ്ണില്‍ നിന്നും കുടിയിറങ്ങി എന്നത് കൌതുകം ഉണര്‍ത്തുന്ന ചോദ്യമാണ്. പല ഗ്രാമങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ വില്‍ക്കാന്‍ വെച്ച വിവരവും നാം പല തവണ വായിച്ചിട്ടുണ്ട്. ജയവും തോല്‍വിയും രാഷ്ട്രീയത്തില്‍ സാധ്യമാണ്. കേരളത്തില്‍ അത് നാം സ്ഥിരമായി കണ്ടുവരുന്നു . പക്ഷെ ബംഗാള്‍ ത്രിപുര എന്നിവിടങ്ങളില്‍ നാം കാണുന്നത് പൂര്‍ണമായ ഒരു ഒഴിഞ്ഞു പോക്കാണ്. പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും ഇടതു പക്ഷത്തിനു സ്വന്തമായി ഒരു കൊടി പോലുമില്ല എന്നതാണ് സത്യം.

Also read: പ്രക്ഷോഭത്തിന്റെ ഒരാണ്ട്; പ്രതിസന്ധി മാറാതെ ലെബനാന്‍

കേരളത്തില്‍ പാര്‍ട്ടി കടന്നു വന്നത് പോരാട്ട രാഷ്ട്രീയത്തിലൂടെയാണ്. സര്‍ സി പി യുടെ അക്രമ ഭരണത്തെ നേരിട്ട സഖാക്കള്‍ അനുഭവിച്ച പീഡനങ്ങള്‍ നാം പലകുറി വായിച്ചതാണ്. ആ പോരാട്ട വീര്യമാണ് ഇടതു പക്ഷത്തെ കേരള മണ്ണില്‍ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. കമ്യുണിസ്റ്റ് ലെനിനിസ്റ്റ് എന്നതാണ് ആദര്‍ശമെങ്കിലും ഇന്ന് അത് ഇടതുപക്ഷവുമായി വിദൂര ബന്ധം പോലും കാണാന്‍ കഴിയില്ല. മറ്റെല്ലാ പാര്ട്ടികളെ പോലെ ഒരു പാര്‍ട്ടി എന്നിടത്തേക്ക് അവരും വന്നിരിക്കുന്നു. ആഗോളവത്കരണം സ്വകാര്യവല്‍ക്കരണം കുത്തക പ്രീണനം എന്നീ കാര്യങ്ങളില്‍ മറ്റുള്ളവരും ഇടതു പക്ഷവും എന്ത് വ്യത്യാസം എന്നത് ഒരു പഠനം മാത്രമായി മാറിയിരിക്കുന്നു. നേര്‍ക്ക്‌ നേരെ ഒരു വ്യത്യാസവും നമുക്ക് കാണാന്‍ കഴിയില്ല എന്നത് തന്നെ മുഖ്യ കാരണം.

കഴിഞ്ഞ നൂറു വര്ഷം കൊണ്ട് ഇന്ത്യന്‍ മണ്ണില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്‌ ഇടതു പക്ഷത്തിനു പറയാനുള്ളത്. ഒരിക്കല്‍ ഇന്ത്യയുടെ പല ഭാഗത്തും ചെറുതെങ്കിലും ചര്‍ച്ചയായി മാറിയിരുന്ന പ്രസ്ഥാനം ഇന്ന് ചില തുരുത്തുകളില്‍ മാത്രമായി ഒതുങ്ങുന്നു . ജനങ്ങളുടെ ജീവിതവുമായി ഇടതു പക്ഷം അകന്നു പോകുന്നു എന്നതു തന്നെ മുഖ്യകാരണം . ബംഗാളില്‍ അവര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നതു പ്രാദേശിക കക്ഷിയോടാണെങ്കില്‍ ത്രിപുരയില്‍ അവര്‍ അടിയറവ് പറഞ്ഞത് സാക്ഷാല്‍ ബി ജെ പി യോടും. ഒരിക്കല്‍ ഇടതു പക്ഷത്തെ പിന്തുണച്ച ജനത പെട്ടെന്ന് തന്നെ വര്‍ഗീയ വാദികളെ പിന്തുണയ്ക്കുന്നു എന്ന് വന്നാല്‍ ഇടതു പക്ഷ രാഷ്ട്രീയത്തെ നയിച്ചിരുന്നത് മതേതരത്വ മൂല്യങ്ങള്‍ ആയിരുന്നില്ലെന്ന് മനസ്സിലാവും.

Also read: കെട്ടുകൾ മുറുകിക്കൊണ്ടേയിരിക്കട്ടെ!

നൂറു വര്ഷം കൊണ്ട് ലോകത്ത് നിന്ന് തന്നെ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ നിഷ്കാസിതരായിരിക്കുന്നു. നൂറു കൊല്ലം കൊണ്ട് ഇന്ത്യന്‍ മണ്ണിലും അവരുടെ പിന്നോക്കാവസ്ഥയാണു കാണിക്കുന്നത്. അതെന്തു കൊണ്ട് എന്ന ചോദ്യം നമുക്ക് ചോദിക്കാം. അതിനുള്ള മറുപടിയും തിരുത്തലും മുന്നോട്ടു വെക്കേണ്ടത് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ തന്നെയാണ്.

Related Articles