Current Date

Search
Close this search box.
Search
Close this search box.

അഖിലേഷിന്റെ ജിന്ന സ്തുതി: സമകാലിക രാഷ്ട്രീയത്തിലെ വര്‍ഗീയ കാര്‍ഡുകള്‍

വർഗീയതയുടെ തീവ്രത നാൾക്കുനാൾ വർദ്ധിക്കുന്നതിനനുസരിച്ച്, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള വർഗീയ ചിഹ്നങ്ങളുടെയും ബിംബങ്ങളുടെയും ഉപയോഗം സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്. തങ്ങളുടെ സവിശേഷമായ രാഷ്ട്രീയ അജണ്ടകളുടെ സന്ദേശങ്ങൾ ജനസമക്ഷം എത്തിക്കാനായി പ്രസ്തുത ബിംബങ്ങളെ ഉയർത്തിക്കാട്ടുകയും, മഹത്വവൽക്കരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട് ‘വിഭജന രാഷ്ട്രീയത്തിലേക്ക്’ ചായുകയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ട്, കൂടുതൽ രാഷ്ട്രീയ നേതാക്കളും, പാർട്ടികളും ഈ മ്ലേച്ഛമായ കളിയിലേക്ക് കാലെടുത്തു വെക്കുകയാണ്.

രാമക്ഷേത്ര രഥയാത്ര, ബാബരി ധ്വംസനം, അതിനെ തുടർന്നുണ്ടായ വർഗീയ ധ്രുവീകരണം എന്നിവയിലൂടെ ബി.ജെ.പിയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്ന ലാൽ കൃഷ്ണ അദ്വാനിക്ക് തുടക്കത്തിൽ ഒരു തീവ്രവലതുപക്ഷ പ്രതിച്ഛായയുണ്ടായിരുന്നുവെന്ന് ചരിത്രത്താളുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നതാണ്. എന്നാൽ തന്റെയുള്ളിലെ രാഷ്ട്രീയ സാമർത്ഥ്യമുപയോഗിച്ച് അദ്വാനി മിതവാദിയായി അറിയപ്പെട്ടിരുന്ന അടൽ ബിഹാരി വാജ്‌പേയിയെ നേതൃസ്ഥാനത്ത് അവരോധിച്ചു. കാലക്രമേണ, സ്വയം തന്നെ മിതവാദിയുടെ കുപ്പായമണിഞ്ഞ് അവതരിക്കാൻ അദ്വാനി തീരുമാനിച്ചു. തൽഫലമായി, കടാസ്‌ രാജ് ക്ഷേത്രം (Katas Raj Temple) ഉദ്ഘാടനം ചെയ്യാനായി പാകിസ്ഥാനിലെത്തിയ അദ്ദേഹം ജിന്നയുടെ ശവകുടീരവും സന്ദർശിച്ചു.

വിസിറ്റേഴ്സ് ഡയറിയിൽ അദ്ദേഹം ഇപ്രകാരം എഴുതി, “ചരിത്രത്തിൽ മായ്ക്കാനാവാത്ത അടയാളപ്പെടുത്തലുകൾ തീർക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ചരിത്രം സൃഷ്‌ടിക്കാൻ വളരെ കുറച്ച് പേർക്കേ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള ഒരു അപൂർവ വ്യക്തിത്വമായിരുന്നു ഖാഇദേ അഅ്‌സം മുഹമ്മദ് അലി ജിന്ന”. ജിന്നയൊരു മതേതരവാദിയായിരുന്നെന്ന് തെളിയിക്കാൻ, ഓഗസ്റ്റ് 11ന് പാകിസ്ഥാൻ ഭരണഘടനാ നിർമാണസഭയുടെ സമ്മേളനത്തിൽ ജിന്ന നടത്തിയ ബൃഹത്തായ പ്രസംഗവും ഉദ്ധരിച്ചു. ഇതിലൂടെ അദ്ദേഹം തന്റെ മാതൃസംഘടനയായ ആർഎസ്എസിന്റെ ‘അഖണ്ഡ ഭാരത്’ ദൗത്യത്തിന് പരോക്ഷാമായി തുരങ്കം വെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതെല്ലാം വസ്തുതകളായിരുന്നെങ്കിലും, ആർഎസ്എസിനെ സംബന്ധിച്ചെടുത്തോളം ജിന്ന അസ്വീകാര്യനായ വ്യക്തിയും, പാക്കിസ്ഥാന്റെ ജനയിതാവുമായിരുന്നു. ഇതിന്റെ ഫലമായി, അദ്വാനിയെ മാർഗദർശക് മണ്ഡലിൽ (ബിജെപി ഉപദേശക സമിതി) ഒതുക്കിനിർത്തുകയും, നേതൃപദവികളിൽ നിന്ന് തഴയപ്പെടുകയും ചെയ്തു.

തിരഞ്ഞെടുപ്പിന്റെ വക്കിൽ നിൽക്കുന്ന ഉത്തർ പ്രദേശിലെ പ്രമുഖ നേതാവ് അഖിലേഷ് യാദവാണ് ജിന്നയെ അനുസ്മരിച്ച് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. “സർദാർ പട്ടേൽ, ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധിജി, മുഹമ്മദ് അലി ജിന്ന എന്നിവർ ഒരേ സ്ഥലത്തുനിന്നാണ് പഠിച്ച് ബാരിസ്റ്റർമാരായത്. അതിനു ശേഷം അവർ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരികയും ചെയ്തു”, എന്നിങ്ങനെയായിരുന്നു യാദവിന്റെ പ്രസ്താവന. എന്നാൽ ഇതിന്റെ മറുവശത്ത് സംഭവിച്ചതെന്തെന്നാൽ, വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്, ജിന്നയാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് യാദവ് പറഞ്ഞതായി വരുത്തിതീർക്കാൻ ബിജെപിയുടെ ഐ. ടി സെൽ വീഡിയോ പ്രചരിപ്പിച്ചു. ഇത് യഥാർത്ഥത്തിൽ യാദവിന്റെ പ്രസ്താവനയെ വളച്ചൊടിക്കലായിയുന്നു.

ഇന്ത്യൻ ദേശീയ നേതാക്കളായ ഗാന്ധിയെയും നെഹ്‌റുവിനെയും പട്ടേലിനെയും ജിന്നയുടെ അതേ വിഭാഗത്തിൽ പെടുത്താൻ കഴിയുമോ? അങ്ങനെ നോക്കുകയാണെങ്കിൽ ജിന്നയുടെ രാഷ്ട്രീയജീവിതം നേർരേഖയിലല്ലായിരുന്നെന്ന് പറയേണ്ടി വരും. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ ദേശീയവാദികളായി കടന്നു വരികയും, പിന്നീട് വർഗീതയുടെ ആഴിയിൽ അകപ്പെട്ട് പോവുകയും ചെയ്ത നിരവധി നേതാക്കളെ നാം കണ്ടതാണ്. സവർക്കറും സമാനമായി ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരിയായിട്ടാണ് രംഗപ്രവേശനം ചെയ്തത്. എന്നാൽ പിന്നീടദ്ദേഹം വർഗീയമായ ഹിന്ദുമഹാസഭക്ക് നേതൃത്വം നൽകുകയും, സ്വാതന്ത്ര്യ സമരത്തെ എതിർക്കുകയും, ‘വിഭജിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് നയത്തിന് അധീനപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അംഗമായിട്ടായിരുന്നു ജിന്നയുടെയും സഞ്ചാരത്തിന്റെ ആരംഭം. തുടക്കം മുതൽ പുരോഗമനപരവും, ആധുനികവും, മതേതരവുമായ നിലപാടുകൾ വെച്ച് പുലർത്തിയ ജിന്ന, നിസ്സഹകരണ പ്രസ്ഥാനത്തെ സംബന്ധിച്ച എതിർപ്പുകൾ കാരണമായി ഗാന്ധിജിയുമായി വഴിപിരിയുകയും, ക്രമേണ മുസ്‌ലിം ലീഗിന്റെ നേതൃ സ്ഥാനത്ത് എത്തുകയുമായിരുന്നു.

അഖിലേഷ് യാദവ് പറയുന്നത് ശരിയാണെന്ന് മനസ്സിലാക്കാൻ നാം ചരിത്രപുസ്തകങ്ങൾ മറിച്ചുനോക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. എന്നാൽ ചരിത്രം വായിക്കുമ്പോൾ അത് മുഴുവനായും, സെലക്റ്റീവ് ആയിട്ടല്ലാതെയും വായിക്കാൻ അദ്ദേഹത്തെ ആരെങ്കിലും ഉണർത്തേണ്ടതുണ്ട്. ജിന്നയുടെ മുഴുവൻ സഞ്ചാരപാത പരിശോധിച്ചാൽ, അത് വളരെ സങ്കീർണ്ണമായിരുന്നുവെന്ന് നമുക്ക് കാണാൻ സാധിക്കും. 1920ന് ശേഷം, അഹിംസയെയും സത്യാഗ്രഹത്തെയും അടിസ്ഥാനമാക്കി ഗാന്ധിജി ‘നിസ്സഹകരണ പ്രസ്ഥാനം’ ആരംഭിച്ചതോടെയാണ് ജിന്നയുടെ സഞ്ചാരത്തിൽ പ്രധാനപ്പെട്ട വഴിത്തിരിവുണ്ടാകുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ ഭരണഘടനക്കനുസൃതമായി സ്വയം ഭരണം നടത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആവശ്യത്തിലധികം ജനങ്ങളെ സമരത്തിന്റെ ഭാഗമാക്കിയാൽ അത് അനാവശ്യ കലാപങ്ങൾക്ക് വഴിവെക്കുമെന്നും ജിന്ന അഭിപ്രായപ്പെട്ടു. ഗാന്ധിയും പിന്നീട് കോൺഗ്രസിന്റെ മറ്റ് നേതാക്കളും ബഹുജന മുന്നേറ്റങ്ങളെ രാഷ്ട്രനിർമ്മാണ പ്രക്രിയയുടെ ഭാഗമായി കണ്ടു. ഈ പ്രക്രിയയെ പിന്നീട് ‘ഇന്ത്യ: രാഷ്ട്ര നിർമാണദശയിൽ’ എന്ന് പേരിട്ട് വിളിക്കുകയും ചെയ്തു.

ഓഗസ്റ്റ് 11-ലെ പാകിസ്ഥാൻ ഭരണഘടനാ നിർമാണസഭയിലെ തന്റെ പ്രസംഗ (“രാഷ്ട്രം ഒരിക്കലും നിങ്ങളുടെ മതത്തിൽ കൈകടത്തുകയില്ല”) ത്തിന് വിപരീതമായി ജിന്ന വർഗീയ രാഷ്ട്രീയത്തിന്റെ കെണിയിൽ അകപ്പെടുകയായിരുന്നു. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ ഏറ്റവും മികച്ച വക്താവായി രംഗപ്രവേശനം ചെയ്ത അദ്ദേഹമാണ് കോൺഗ്രസ് നേതാവ് ബാലഗംഗാധര തിലകുമായി 1916ൽ ലഖ്‌നൗ കരാറിൽ ഏർപ്പെട്ടതും. സ്വാതന്ത്ര്യാനന്തരം ഹിന്ദുക്കൾ ഭൂരിപക്ഷമാകുമെന്നും മുസ്ലീം താൽപര്യങ്ങൾ സംരക്ഷിക്കപ്പെടില്ലെന്നും പിന്നീട് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. അങ്ങനെ, മുസ്‌ലിം ലീഗാണ് സർവ്വ മുസ്‌ലീങ്ങളുടെയും പ്രതിനിധിയെന്നും, ഹിന്ദുക്കൾ ഭൂരിപക്ഷമായ കോൺഗ്രസ്‌ രാജ്യം ഭരിക്കുമ്പോൾ മുസ്‌ലിങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടില്ലെന്നുമുള്ള മിഥ്യാഭ്രമത്തിന് അദ്ദേഹം കീഴ്പ്പെട്ടു.

ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രയാണത്തിൽ സംഭവിച്ച ഗുരുതരമായ പിഴവായിരുന്നു. ഇവിടെ നിന്നങ്ങോട്ടാണ് ജിന്ന തന്റെ വർഗീയ കണ്ണടകൾ കൊണ്ട് രാഷ്ട്രീയത്തെ വീക്ഷിക്കാൻ തുടങ്ങിയത്. അനന്തരം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതിനുശേഷം മുസ്ലീങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. മോത്തിലാൽ നെഹ്‌റു കമ്മിറ്റിയിൽ അദ്ദേഹം മുസ്‌ലിംകളുടെ താൽപ്പര്യങ്ങൾക്കായി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. എന്നാൽ ഈ ആവശ്യങ്ങൾ കൂടുതലും വരേണ്യ മുസ്‌ലിംകളുടെ ആധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയായിരുന്നുവെന്നതാണ് വസ്തുത.

ഇതേ സമയം, ഇന്ത്യയൊരു ഹിന്ദു രാജ്യമാണെന്ന വാദവുമായി ഹിന്ദു വർഗീയവാദികളും രംഗത്തുണ്ടായിരുന്നു. പിന്നീട് മുസ്‌ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കികൊണ്ടുള്ള സിദ്ധാന്തവുമായി സവർക്കറും, ഗോൾവാർക്കറും മുന്നോട്ട് വന്നു. 1930-ലെ മുസ്ലീം ലീഗ് സമ്മേളനത്തിൽ സർ മുഹമ്മദ് ഇഖ്ബാൽ മുസ്ലീങ്ങൾക്ക് പ്രത്യേകമായി പാകിസ്ഥാനെന്ന സ്വതന്ത്രരാഷ്ട്രം വേണമെന്ന ആവശ്യമുന്നയിച്ചു. അന്ന് ജിന്ന ഇഖ്‌ബാലിന്റെ ആവശ്യത്തെ കാര്യമായെടുത്തില്ല. 1937-ലെ പ്രൊവിൻഷ്യൽ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ പ്രകടനം ദയനീയമായിരുന്നു. മറുവശത്ത് മൃഗീയ വിജയം വരിച്ച കോൺഗ്രസാകട്ടെ ലീഗിനെ മന്ത്രിസഭകളിൽ ഉൾപ്പെടുത്തുന്നതിനെ നിരസിക്കുകയും ചെയ്തു.

ഈ സമയത്ത് ജിന്നയുടെ വിഘടനവാദം ശക്തി പ്രാപിക്കുകയും, 1940-ലെ മുസ്ലീം ലീഗ് കൺവെൻഷനിൽ പാകിസ്ഥാൻ എന്ന ആവശ്യം അദ്ദേഹം തന്നെ മുന്നോട്ട് വെക്കുകയും ചെയ്തു. ഈ ആവശ്യം മുന്നോട്ട് വെക്കാൻ ജിന്നയെ പ്രോത്സാഹിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർക്കും പ്രധാന പങ്കുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരചരിത്രത്തിൽ ജിന്നയെ സെലക്റ്റീവായി അവതരിപ്പിക്കുന്നതും, അദ്ദേഹത്തെ ഗാന്ധി, നെഹ്‌റു, പട്ടേൽ എന്നിവരുടെ അതേ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതും തികച്ചും അസ്ഥാനത്താണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മുസ്‌ലിം ലീഗിന്റെ പരമോന്നത നേതാവെന്ന നിലക്കുള്ള ജിന്നയുടെ പങ്കിനെ കുറിച്ച് അഖിലേഷ് യാദവ് അന്ധത നടിക്കുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ഇത്തരം നേതാക്കൾ പൊതുവേ ചെയ്യുന്നതും. ചരിത്രത്തിൽ നിന്ന് അവരുടെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുയോജ്യമായ ഭാഗം തിരഞ്ഞെടുത്ത്, ബാക്കി ചരിത്രത്തിന് നേരെ കണ്ണടക്കുക.

സമാനമായ തലത്തിൽ നിന്നുകൊണ്ട് തന്നെയാണ് ഹിന്ദു ദേശീയവാദികൾ ആൻഡമാൻ ജയിൽവാസത്തിന്റെ മുമ്പുള്ള സവർക്കറുടെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നതും, അദ്ദേഹത്തെ മഹത്വവൽക്കരിക്കുന്നതും. എന്നാൽ ‘ദ്വിരാഷ്ട്ര സിദ്ധാന്തത്തി’നായി അദ്ദേഹം ശക്തമായി വാദിച്ചതും, ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിക്കൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിന്നതും, രണ്ടാം ലോക മഹായുദ്ധത്തിനായി ബ്രിട്ടീഷുകാർക്ക് സഹായങ്ങളർപ്പിച്ചതും, ഗാന്ധി വധക്കേസിൽ കുറ്റാരോപിതനായതുമുൾപ്പടെ ഇവർ മനപ്പൂർവം വിസ്മരിക്കുന്നു.

രാഷ്ട്രീയ നേതാക്കളെ ശരിയായി വിലയിരുത്തുന്നതിന് അവരുടെ അടിസ്ഥാന ആശയങ്ങൾ പൂർണ്ണമായി അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ രാജ്‌നാഥ് സിംഗിനെയും അഖിലേഷ് യാദവിനെയും പോലുള്ളവർക്ക് മുഴുവൻ സത്യത്തേക്കാൾ മുഖ്യം അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്!

വിവ-മുബഷിർ മാണൂർ

Related Articles