Current Date

Search
Close this search box.
Search
Close this search box.

പാലായില്‍ നിന്നും നാം എങ്ങോട്ടാണ് പോകുന്നത്

വിശുദ്ധ കുർബാന അല്ലെങ്കിൽ ദിവ്യബലി, ക്രിസ്തുവിന്റെ തിരു അത്താഴത്തെ അനുസ്മരിച്ചു കൊണ്ട് പതിവായി ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്ന ശുശ്രൂഷയാണ്. അവിടെയാണ് ഒരു വൈദികന്‍ ഇങ്ങിനെ പറഞ്ഞു വെച്ചത് “ നിങ്ങള്‍ മുസ്ലിംകളുടെ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്. അവരുടെ ഓട്ടോയില്‍ കയറരുത്. അവരുടെ ഭക്ഷണം കഴിക്കരുത്. പൂച്ചയും മുയലും പെറ്റുപെരുകുന്നത് പോലെ മുസ്ലിംകള്‍ വളരുന്നു……..”. പക്ഷേ ഈ മോശം വാക്കുകള്‍ക്കെതിരെ പ്രതികരിക്കാന്‍ കേവലം കുറച്ചു സ്ത്രീകള്‍ മാത്രമാണ് രംഗത്ത്‌ വന്നത് എന്നതാണ് നമ്മെ ആകുലപ്പെടുത്തുന്നത്.

കേരളത്തില്‍ സമുദായങ്ങളെ തമ്മില്‍ തെറ്റിക്കുക എന്ന പദ്ധതി സ്വയം ഏറ്റെടുത്തവരാണ് സംഘ പരിവാര്‍. മുസ്ലിം സമുദായത്തിനെതിരെ പറ്റാവുന്നതിലും കൂടുതല്‍ അവര്‍ വിഷം പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും വിശ്വസിക്കാന്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഭൂരിപക്ഷവും തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നാം കണ്ടത്. ഹിന്ദു മുസ്ലിം വിഭാഗീയത എന്നതില്‍ സംഘ പരിവാര്‍ നിരാശപ്പെട്ടിരുന്നു. കേരളത്തില്‍ അവര്‍ക്ക് വീണു കിട്ടിയ വലിയ അവസരമായിരുന്നു ശബരിമല. അത് വേണ്ട പോലെ സംഘ പരിവാര്‍ ഉപയോഗിച്ച് നോക്കി. കേരള ജനത അത്തരം വിഭാഗീയത തള്ളിക്കളഞ്ഞു.

മോഡി സര്‍ക്കാരിന്റെ രണ്ടാം വരവ് കേരളത്തിലെ ചില കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മാറി ചിന്തിക്കാനുള്ള കാരണമായി. കോണ്ഗ്രസ് സര്‍ക്കാരുകള്‍ അടുത്തൊന്നും കേന്ദ്രത്തില്‍ വരാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവ് ചില കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അവരെ നിര്‍ബന്ധിപ്പിച്ചു. കോണ്ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത തീരെ അടയുകയും ബി ജെ പി ഒരു സത്യമായി തീരുകയും ചെയ്തപ്പോള്‍ അത് ഉള്‍ക്കൊള്ളുക എന്ന തീരുമാനമാണ് പല വിഭാഗങ്ങളും കൈകൊണ്ടത്. മുസ്ലിം കൃസ്ത്യന്‍ എന്നിവ സംഘ പരിവാര്‍ സ്വയം ശത്രുക്കളായി പ്രഖ്യാപിച്ച വിഭാഗങ്ങളാണ്. അടുത്തിടെ ഇന്ത്യയില്‍ സംഘ പരിവാര്‍ കൈകാര്യം ചെയ്ത എത്രയോ കൃസ്ത്യന്‍ വിഭാഗക്കാരുടെ വാര്‍ത്തകള്‍ നാം വായിച്ചതാണ്. ഇന്നലെയും നമ്മുടെ തൊട്ടടുത്തുള്ള മംഗലാപുരത്തു അവര്‍ ഉയര്‍ത്തിയ ഭീഷണി നമ്മുടെ മുന്നിലുണ്ട്.

എന്നിട്ടും സംഘ പരിവാരില്‍ രക്ഷകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാലാ അച്ഛനും കൂട്ടാളികളും. സംഘ പരിവാര്‍ കയ്യൂക്ക് ഉപയോഗിച്ച് പള്ളി തകര്‍ത്ത സ്ഥലത്ത് അമ്പലം പണിയാന്‍ സംഭാവന നല്‍കി എന്നിടത്തു നിന്നാണ് ആ ബന്ധം നാം വായിച്ചു തുടങ്ങേണ്ടത്. എന്തിനാണ് മുസ്ലിംകളെ കേരള കൃസ്ത്യാനികള്‍ ശത്രുവായി കാണുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നമുക്ക് കണ്ടത്താന്‍ കഴിയില്ല. തങ്ങളുടെ പെണ്‍കുട്ടികളെ മുസ്ലിംകള്‍ തട്ടിക്കൊണ്ടു പോകുന്നു എന്നതാണ് വിഷയമെങ്കില്‍ അത് തെളിയിക്കാന്‍ നമ്മുടെ നാട്ടില്‍ നിയമ വ്യവസ്ഥയുണ്ട്. അങ്ങിനെ ഒന്നില്ല എന്ന് പറഞ്ഞ മന്ത്രി ഇന്ത്യന്‍ പാര്‍ലമെന്റിലാണ്. പക്ഷെ ഒരു പറ്റം അച്ചന്മാരും സമുദായ നേതാക്കളും പഴയ പല്ലവി തന്നെ തുടരുന്നു. പാലായില്‍ അച്ഛന്‍ കളവു പറയാന്‍ വായ തുറന്നപ്പോള്‍ അതിനെ പിന്താങ്ങാന്‍ സമുദായം കാത്തു നില്‍ക്കുന്ന പ്രതീതിയാണ് നമുക്ക് അനുഭവപ്പെട്ടത്. അത് ഭയപ്പെടുത്തുന്നതാണ്.

ജിഹാദ് എന്ന പ്രയോഗം ഇസ്ലാം മതവുമായി ബന്ധപ്പെട്ട വാക്കാണ്‌. അത് കൊണ്ട് തന്നെയാണ് ബിഷപ്പിന്റെ വാക്കുകള്‍ ഒരു ജനതയോടുള്ള വിദ്വേഷം പുറത്തു വന്നതാണ് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ബുദ്ധി വേണ്ട എന്നും പറയുന്നത്. കൃസ്ത്യന്‍ സാമുദായിക പാര്‍ട്ടിയായ കേരള കോണ്ഗ്രസ് ഒന്നടങ്കം ബിഷപ്പിനെ കണ്ണടച്ച് പിന്തുണച്ചു. അതെ സമയം കൃസ്ത്യന്‍ സമൂഹത്തില്‍ നിന്ന് തന്നെ വലിയ വിഭാഗം ഈ പൈശാചികതയെ എതിര്‍ക്കാന്‍ മുന്നോട്ട് വന്നു എന്നതും ആശ്വാസകരമാണ്. വിഷയത്തില്‍ കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗത തീര്‍ത്തും അപലപനീയമാണ്. കേരളത്തിലെ സാമൂഹിക സൌഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശ്യമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുക എന്നത് സര്‍ക്കാര്‍ ബാധ്യതയാണ്‌.

കേരളത്തില്‍ കൃസ്ത്യന്‍ മുസ്ലിം വിഭാഗീയത ആഗ്രഹിച്ച രണ്ടു വിഭാഗങ്ങള്‍ സി പി എമ്മും ബി ജെ പിയുമാണ്. ബിജെപി അങ്ങിനെ ആഗ്രഹിക്കുന്നതിന്റെ ഉദ്ദേശ്യം നമുക്ക് മനസ്സിലാവും. പക്ഷെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി സി പി എം കാണിക്കുന്ന ക്രൂരതക്ക് വലിയ വില നല്‍കേണ്ടി വരും എന്ന് അന്ന് തന്നെ വിവരമുള്ളവര്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗും കേരള കോണ്ഗ്രസ്സിന്റെ പ്രബല വിഭാഗവും ഒരേ മുന്നണിയില്‍ ഉണ്ടായിരുന്ന കാലത്തെ പോലെയല്ല ഇന്നത്തെ അവസ്ഥ. ലീഗ് എന്നതിനെ ഇസ്ലാം എന്നാണു സി പി എമ്മും ബി ജെ പിയും പറഞ്ഞു പടിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ലീഗ് അംഗമായ യു ഡി എഫിനെ കോട്ടയം ഇടുക്കി മണ്ഡലങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ അവര്‍ പഠിപ്പിച്ച പാഠമാണ് ഇപ്പോള്‍ ബിഷപ്പും കൂട്ടരും സ്വയം ചെയ്തു കൊണ്ടിരിക്കുന്നത്.

മുസ്ലിം വിഭാഗം ഇപ്പോഴും ഒ ബി സി യുടെ ഭാഗമാണ്. പിന്നോക്കാവസ്ഥ പൂര്‍ണമായി നിലനിന്നിരുന്ന കാലത്ത് മുസ്ലിം ജനതയ്ക്ക് എതിരാളികള്‍ കുറവായിരുന്നു. ഇന്നവര്‍ മറ്റേതു സമുദായത്തോട് മത്സരിക്കാന്‍ മാത്രം മുന്നിലെത്തിയിരിക്കുന്നു. അതോടെ പലരുടെയും അസൂയ വര്‍ധിച്ചു എന്ന് പറയലാണ് കൂടുതല്‍ ശരി. പ്രേമവും സ്നേഹവും ശേഷം വരുന്ന കാര്യമാണ്. മുസ്ലിം സമുദായത്തിന്റെ കടകളും ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും ഓട്ടോയും ആശുപത്രിയും മരുന്നും വര്‍ജിക്കാന്‍ വൈദികന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നു. അത് കേട്ട ഭാവം നടിക്കാന്‍ കേരളത്തിന്റെ സാമൂഹിക മണ്ഡലം തയ്യാറാകുന്നില്ല. പക്ഷെ അങ്ങിനെ ഒരു ആഹ്വാനം ഒരു മുസ്ലിം പണ്ഡിതന്‍ നടത്തിയാല്‍ കേരളം ഇങ്ങിനെയാകില്ല. അതിനു മുന്നില്‍ നമുക്ക് പലരെയും കാണാം. അതാണു കേരളവും രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ടാക്കിവെച്ച സാമൂഹിക വിപ്ലവം.

Related Articles