Current Date

Search
Close this search box.
Search
Close this search box.

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

നാം പലപ്പോഴും വായിക്കാൻ ഇടയുള്ള ഒരു ബോർഡ് ഇങ്ങിനെയാണ് “ ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല”. എല്ലാവരും അംഗീകരിക്കുന്ന ഒരു ആപ്തവാക്യമായി ഇതിനെ മനസ്സിലാക്കാം. എല്ലാവർക്കും വലുത് സ്വന്തം ജീവനാണ്. അത് കൊണ്ട് തന്നെ ജീവൻ പണയപ്പെടുത്തുക എന്നതിലേക്കു സാധാരണ രീതിയിൽ ആരും കടക്കാൻ ഇഷ്ടപ്പെടില്ല. ആത്മഹത്യയിലേക്ക് നയിക്കുന്ന ഒരു പാട് കാരണങ്ങളുണ്ടെന്നു ശാസ്ത്രം പറയുന്നു.

സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, പ്രണയനൈരാശ്യം, ബലാത്സംഗം, പരീക്ഷയിലെ പരാജയം തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

പലപ്പോഴും പ്രകടമായ ഒരു കുഴപ്പവും കാണിക്കാത്ത ആളുകളും ആത്മഹത്യ ചെയ്യുന്നതായി കാണാം. “ സ്ഥിരമായ ഒരു പ്രശ്നത്തിന് ഒരു താൽക്കാലിക പരിഹാരം” എന്നാണു ആത്മഹത്യയെ പലരും വിശേഷിപ്പിക്കുന്നത്. “ വിഡ്ഢിയുടെ പരിഹാര മാർഗം” എന്ന് വിശേഷിപ്പിച്ചവരും കൂട്ടത്തിലുണ്ട്. ആത്മഹത്യക്ക് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. ലോകം കൂടുതൽ ആധുനിക വൽക്കരിക്കപ്പെടുമ്പോൾ ആത്മഹത്യയുടെ നിരക്കും കൂടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച സംസ്ഥാനം കേരളമാണ്. അതെ സമയം ഇന്ത്യയിൽ ആത്മഹത്യയുടെ കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം മുന്നിൽ തന്നെയാണ്. കേരളത്തിലെ കൊല്ലം ജില്ലയാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ജില്ല എന്നത് അതിന്റെ വ്യാപ്തി മനസ്സിലാക്കി തരുന്നു.

2019 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു ദിവസം ശരാശരി നാനൂറോളം ആത്മഹത്യകൾ നടക്കുന്നു എന്നാണു കണക്കുകൾ പറയുന്നത്. ലോക ശരാശരിയേക്കാൾ കൂടുതലാണ് ഇന്ത്യൻ ശരാശരി എന്നും പറയപ്പെടുന്നു. സ്കൂൾ കുട്ടികൾക്ക് ഇടയിൽ നടക്കുന്ന ആത്മഹത്യയുടെ കാര്യത്തിലും കേരളം മുന്നിൽ തന്നെയാണ്. ഈ വിഷയം പഠിക്കാൻ സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു.

മനുഷ്യ മനസ്സുകൾ എല്ലാ കാലത്തും പിടി കിട്ടാത്ത ഒരു സമസ്യയാണ്. അവിടെ നടക്കുന്ന വേലിയേറ്റവും വേലിയിറക്കവും പലപ്പോഴും വ്യക്തി മാത്രം അനുഭവിക്കുന്നു. അത് പങ്കു വെക്കാൻ കഴിയാത്ത അവസരം കൂടി ചേർന്ന് വന്നാൽ അത് ജീവൻ അവസാനിപ്പിക്കുന്നതിന് കാരണമാകും. കൂട്ടുകുടുംബ വ്യവസ്ഥിതി എന്നതിൽ നിന്നും അണുകുടുംബം എന്നതിലേക്ക് മാറിയത് ആത്മഹത്യ വർദ്ധനവിനു കാരണമാണ് എന്ന് പറയപ്പെടുന്നു. അതിലും കൂടുതൽ കാരണമായി പറയപ്പെടുന്നത്‌ ബന്ധങ്ങളിലെ വിള്ളൽ അധികരിക്കുന്നു എന്നതാണ്. താൻ ഒറ്റപ്പെടുന്നു എന്ന ചിന്ത മനുഷ്യനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുമെന്ന് സാമൂഹിക ശാസ്ത്രം ഊന്നിപ്പറയുന്നു. അപ്പോൾ ബന്ധങ്ങൾ തകരുമ്പോൾ തകരുന്നത് ജീവിതം കൂടിയാണ്.

കേരളത്തിൽ അടുത്തിടെ ചർച്ച ചെയ്യപ്പെട്ട മരണമാണ് കണ്ണൂരിൽ ആത്മഹത്യ ചെയ്ത ബാങ്ക് മേനേജരുടെ ആത്മഹത്യ. നല്ല ജോലി നല്ല ശമ്പളം എന്നിട്ടും അവർ ഇതിനു ആത്മഹത്യ ചെയ്തു എന്ന ചോദ്യമാണ് സമൂഹം ഉന്നയിച്ചത്. ജോലി ഭാരം എന്നതാണ് നാം കണ്ടെത്തിയ ഉത്തരം. അവരുടെ ഭർത്താവ് കുറച്ചു മുമ്പ് മരണപ്പെട്ടിരുന്നു. രണ്ടു കുട്ടികളുമായി അവർ ഒറ്റയ്ക്ക് ജീവിക്കുന്നു. ഭാരങ്ങൾ പങ്കു വെക്കാൻ ഒരു അത്താണിയില്ല എന്നത് വലിയ ദുരന്തമാണ്. Relaxation, enjoyment എന്നിവ ജോലിയിൽ നിന്നും അന്യം നിന്ന കാലമാണ്. Employer നിശ്ചയിക്കുന്ന ടാർജെറ്റ്‌ പലപ്പോഴും എത്തിപ്പിടിക്കാൻ ജോലിക്കാർക്ക് കഴിയാതെ പോകുന്നു. ആ രീതിയിൽ കടുത്ത മാനസിക സംഘർഷത്തിലൂടെ കടന്നു പോകുന്ന ആളുകൾ കൂടി വരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

സെമിറ്റിക് മതങ്ങൾ ആത്മഹത്യയെ കുറ്റകരമായി കാണുന്നു. എങ്കിലും മത രംഗത്തുള്ളവരും ആത്മഹത്യ ചെയ്യുന്നതായി കണക്കുകൾ പറയുന്നു. കേരളത്തിലെ ഒരു പ്രമുഖ പണ്ഡിതന്റെ മരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. കേരളത്തിൽ അടുത്തിടെ കന്യാസ്ത്രീകളുടെ ആത്മഹത്യ വർധിച്ചു വരുന്നു. ഭൗതിക ജീവിതത്തോട് വിട പറഞ്ഞവർക്ക് പിന്നീട് ജീവിത നൈരാശ്യം ബാധിക്കേണ്ട ആവശ്യം വരുന്നില്ല. എന്നിട്ടും അവരും ജീവിതം അവസാനിപ്പിക്കുന്നു. എങ്കിലും മത നിരാസ സമൂഹത്തിലെ അത്ര ശക്തമല്ല മത സമൂഹത്തിലെ ആത്മഹത്യകൾ എന്ന് കണക്കുകൾ പറയുന്നു.

ഒരാളുടെ മരണം കൊണ്ട് അയാളുടെ ഭൂമിയിലെ പ്രശ്നങ്ങൾ അവസാനിച്ചെന്നു വരാം. അതെ സമയം പുതിയ പല പ്രശ്നങ്ങളും ആരംഭിക്കുന്നു. മുമ്പ് തീരുമാനിച്ചുറച്ചു ആത്മഹത്യ ചെയ്യുന്നവരുണ്ട്. ആ തീരുമാനത്തിൽ നിന്നും മാറിപ്പോയവരുമുണ്ട്. അതെ സമയം നിമിഷ നേരം കൊണ്ട് ആത്മഹത്യ ചെയ്യുന്നവരുമുണ്ട്. അത്തരം ആളുകൾക്ക് ഒരിക്കലും തിരുത്തപ്പെടാൻ കഴിയാതെ പോകുന്നു എന്നതാണ് കൂടുതൽ ദുരന്തം. ഹിറ്റ്ലർ തീരുമാനിച്ചു ഉറപ്പിച്ചു മരിച്ചതാണ്. അതെ സമയം നാം അറിയുന്ന പല മരണങ്ങളും നിമിഷത്തിന്റെ പ്രശനമാണ്. മനസ്സിനെ നിയന്ത്രിക്കാൻ കഴിയുക എന്നത് തന്നെയാണ് ഇതിലെ മുഖ്യ കാര്യം.

മനസ്സുകൾ പലവിധം. സമാധാനം കൈകൊണ്ട മനസ്സ് എന്ന അവസ്ഥയിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞാൽ ജീവിതം എന്നും സന്തോഷകരമാകും. വിശ്വാസികൾക്ക് ആ അവസ്ഥ എത്തിപ്പിടിക്കാൻ കഴിയണം. ദൈവ വിശ്വാസത്തിന്റെ അടിസ്ഥാന ഗുണമായി പറയപ്പെടുന്നതും സമാധാനമുള്ള മനസ്സ് എന്നത് തന്നെയാണ്. കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയുന്ന അവസ്ഥ, അതാണ് വിശ്വാസത്തിന്റെ പൂർണത.,

Related Articles