Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ യഥാര്‍ത്ഥ വിഷയം ഇതാണോ ?

ഇന്നലെ ട്രെയിന്‍ യാത്രക്കിടയിലാണ് തലശ്ശേരിക്കാരനായ പരമന്‍ മാഷിനെ പരിചയപ്പെട്ടത്. ചൂടുപിടിച്ച ചര്‍ച്ചകളില്‍ അദ്ദേഹം ഇടപെടാതെ മാറിയിരുന്നു. ശബരിമലയും കോടതി വിധികളും ചൂട് പിടിച്ചു കൊണ്ടിരിക്കെ അദ്ദേഹം ചോദിച്ചു. ‘നമ്മുടെ യഥാര്‍ത്ഥ വിഷയം ഇതാണോ?. ഉയര്‍ന്നു വരുന്ന ഇന്ധന വിലയും കോടികളുടെ റാഫേല്‍ അഴിമതിയും ഇപ്പോള്‍ നമ്മുടെ വിഷയമല്ലാതായി………..” ആളുകളുടെ ശ്രദ്ധ പെട്ടെന്ന് അദ്ദേഹത്തിലേക്ക് തിരിഞ്ഞു. എത്ര കൃത്യമായാണ് നമ്മുടെ ചര്‍ച്ചകള്‍ പലരും തെറ്റിച്ചു കൊണ്ട് പോകുന്നത്.

മതങ്ങളുടെ നാടാണ് ഭാരതം. അത് കൊണ്ട് തന്നെ മതേതരത്വം എന്നതിന് ലോകത്ത് മറ്റാരും നല്‍കാത്ത അര്‍ത്ഥമാണ് നാം നല്‍കുന്നതും. നമ്മുടെത് പടിഞ്ഞാറ് ഉദ്ദേശിക്കുന്നത് പോലെ മത നിരാസമല്ല പകരം മത നിരപേക്ഷതയാണ് എന്നാണു നമ്മുടെ ഭരണഘടന വിദഗ്ധന്മാര്‍ പറഞ്ഞതും. അതുകൊണ്ട് മതങ്ങളെ മാറ്റി നിര്‍ത്തി ഒരു സാമൂഹിക അവസ്ഥ നമുക്ക് അചിന്തനീയമാണ്. മതേതരത്വം അംഗീകരിച്ച നമ്മുടെ നിയമനിര്‍മാണ സഭകളില്‍ അത് കൊണ്ടാണ് മതങ്ങളുടെ ചിഹ്നങ്ങള്‍ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയുന്നതും.

പൗരന്‍ എന്ന നിലയില്‍ വിശ്വാസികള്‍ക് കിട്ടേണ്ട അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തുക എന്നത് ജനാധിപത്യ അവകാശമാണ്. അതെ സമയം അനാവശ്യ ചര്‍ച്ചകള്‍ കൊണ്ട് വിഷയങ്ങളെ മാറ്റി കൊണ്ട് പോകുക എന്നത് മറ്റൊരു രീതിയും. വിധി വരും മുമ്പേ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്ന പലരും വിധിക്ക് ശേഷം പ്രതികൂലിക്കുന്നു എന്നത് അതിന്റെ രാഷ്ട്രീയം മാത്രമാണ്.

മതങ്ങളുടെ ആചാര അനുഷ്ടാനങ്ങള്‍ മതങ്ങള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ് നല്ലത്. അതെ സമയം അത്തരം ആചാരങ്ങള്‍ ഒരു സാമൂഹിക വിഷയമായാല്‍ തീര്‍ച്ചയായും ഭരണകൂടം ഇടപെടണം. ശബരിമല ഒരു സാമൂഹിക വിഷയമല്ല അതൊരു മത വിഷയം മാത്രമാണ്. മതത്തിന്റെ ഉള്ളില്‍ നിന്ന് കൊണ്ട് പരിഹരിക്കേണ്ട വിഷയം. കേരളത്തിന്റെ ചര്‍ച്ചകള്‍ കുറച്ചു ദിവസമായി ആ വഴിക്കാണ്. അതെ സമയം നേരത്തെ പറഞ്ഞത് പോലെ മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിലക്കയറ്റവും അഴിമതിയും പതുക്കെ രംഗത്ത് നിന്നും പിന്മാറുകയും ചെയ്തു.

ജനുവരി മുപ്പത്തിയൊന്നിന് മുമ്പേ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം കൈക്കൊള്ളണം എന്നൊരു അന്ത്യശാസനം മോഡി സര്‍ക്കാരിന് വി എച്ച് പി നല്‍കി എന്നൊരു വാര്‍ത്ത കൂടി നാം ചേര്‍ത്ത് വായിക്കണംഅപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എന്താകും ചര്‍ച്ചാ വിഷയം എന്ന് ഇപ്പോള്‍ തന്നെ തീരുമാനമായിരിക്കുന്നു. ബാബറി പള്ളി പൊളിച്ചു കളഞ്ഞു എന്ന ക്രിമിനല്‍ കുറ്റത്തില്‍ നിന്നും അമ്പലം നിര്‍മ്മിക്കുക എന്നതിലേക്ക് ചര്‍ച്ച മാറി പോകുന്നു.

കേരളത്തില്‍ പ്രളയം എന്ന ദുരന്തത്തിന് ശേഷം മദ്യം എന്ന ദുരന്തം വ്യാപിപ്പിക്കാന്‍ സര്‍ക്കാരും പാര്‍ട്ടിയും മത്സരിക്കുന്നു. കുത്തഴിഞ്ഞ കുടുംബ അന്തരീക്ഷം പുറത്തു വിടുന്ന ദുരന്ത വാര്‍ത്തകള്‍ നമുക്ക് കേവലം വാര്‍ത്ത മാത്രമായി മാറുന്നു. ഭര്‍ത്താവിനെയും ഭാര്യയെയും കഴുത്തറുത്തു് കൊല്ലപ്പെടുന്ന വാര്‍ത്തകള്‍, ചെറിയ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ആക്രമങ്ങള്‍, ഇതൊന്നും നമ്മുടെ മുഖ്യ വിഷയമാകുന്നില്ല എന്നത് തന്നെ നമ്മുടെ സാമൂഹിക പ്രതിബദ്ധത എവിടെ നില്‍ക്കുന്നു എന്നതിന്റെ കൂടി തെളിവാണ്. എന്താണ് നമ്മുടെ മുഖ്യ വിഷയം എന്നറിയാന്‍ പോലും നമുക്ക് കഴിയുന്നില്ല എന്നിടത്തു സാക്ഷര കേരളവും വന്നു നില്‍ക്കുന്നു.

Related Articles