Current Date

Search
Close this search box.
Search
Close this search box.

ദീനിന്റെ ഒപ്പം നില്‍ക്കണമോ അതോ വഴി മുടക്കണോ ?

പ്രവാചകന്റെ കാലത്ത് ഇസ്ലാമില്‍ നിന്നും ആളുകള്‍ പുറത്തു പോകുക എന്നത് ഒരു വലിയ വിഷയമായിരുന്നില്ല. എന്നിട്ടും ഖുര്‍ആന്‍ ഇങ്ങിനെ പറഞ്ഞു ‘അല്ലയോ വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവനും തന്റെ ദീനില്‍നിന്നു മാറുന്നുവെങ്കില്‍ അപ്പോള്‍ അല്ലാഹു അവന്‍ സ്നേഹിക്കുന്നവരും അവനെ സ്നേഹിക്കുന്നവരും വിശ്വാസികളോട് മൃദുലചിത്തരും സത്യനിഷേധികളോട് ദൃഢമനസ്‌കരും ദൈവികസരണിയില്‍ സമരം ചെയ്യുന്നവരും ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായ മറ്റു ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതാകുന്നു. ………….. ‘ ശേഷം വരാന്‍ സാധ്യതയുള്ള ഒരു സംഭവത്തെ മുന്‍കൂട്ടി കണ്ടാണ് ഈ വചനം അവതരിച്ചത് എന്നാണു പറയപ്പെടുന്നത്. പ്രവാചകന്റെ മരണ ശേഷം അബൂബക്കറിന്റെ ( റ) കാലത്തു നേരിട്ട വലിയ വിപത്തായിരുന്നു മതപരിത്യാഗം എന്നത്. അന്ന് അതിനെ സമര്‍ത്ഥമായി നേരിട്ടു എന്നതാണ് അബൂബക്കറിനെ ( റ) ചരിത്രത്തില്‍ മഹത്വപ്പെടുത്താന്‍ മറ്റൊരു കാരണം.

അല്ലാഹുവിന്റെ ദീന്‍ പ്രയാണം തുടങ്ങിയത് ആദ്യത്തെ മനുഷ്യനില്‍ നിന്നാണ്. പല സമയങ്ങളിലും സമൂഹം യഥാര്‍ത്ഥ വഴിയില്‍ നിന്നും മാറി പോയപ്പോള്‍ അവരെ ശരിയായ വഴിയിലേക്ക് കൊണ്ട് വരാന്‍ പ്രവാചകന്മാര്‍ വന്നു കൊണ്ടിരുന്നു. അവസാന പ്രവാചകനായി മുഹമ്മദ് നബിയും. ഇനിയും ഒരു പ്രവാചകന്‍ വരാനില്ല. ജനത്തിനു മാര്‍ഗ ദര്‍ശനം കാണിക്കുക എന്നത് സ്വയം ഉത്തരവാദിത്വമായി അല്ലാഹു ഏറ്റെടുത്തു. വിശ്വാസികളെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും ചെയ്തു. മനുഷ്യ സമൂഹത്തിനു നേര്‍മാര്‍ഗം കാണിക്കുക എന്നതില്‍ നിന്നും മാറി മറ്റു പലതിലുമാണ് സമൂഹം നിലകൊള്ളുന്നത്. കേരളത്തിലെ ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തന ഫലമായി എത്ര പേര്‍ക്ക് ഇസ്ലാമിനെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയുന്നു?. കേരളം പോലെ സുസംഘിടിത ഇസ്ലാമിക പ്രവര്‍ത്തനം നടക്കുന്ന പ്രദേശങ്ങളില്‍ പോലും ഇസ്ലാം ചര്‍ച്ചയാകുന്നത് മറ്റു പല കാരണം കൊണ്ടാണ്.

ഒരാള്‍ ഇസ്ലാമിലേക്ക് കടന്നു വരിക എന്നത് ഒരു വലിയ കാര്യമല്ല. നേരത്തെ പറഞ്ഞ അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ കടന്നുവരല്‍. നിലവിലുള്ള സമൂഹം ഇസ്ലാമിനെ മാന്യമായ ചര്‍ച്ചയാക്കുന്നതില്‍ പാരാജയപ്പെടുമ്പോള്‍ അതിനു അല്ലാഹു സ്വയം കാണിച്ചു തരുന്ന കാരണമാണ് നജ്മല്‍ ബാബുവും കമലും. ആളുകള്‍ക്ക് സ്വീകരണം നല്‍കി സമയം കളയുക എന്നതിലപ്പുറം സമൂഹം നേരിടുന്ന പലതിനും ഇസ്ലാമില്‍ പരിഹാരമുണ്ട് എന്ന രീതിയില്‍ അതിനെ വായിക്കാന്‍ നാം തയ്യാറാകണം. കേരളത്തിലെ പൊതു സമൂഹം സാമൂഹികമായി ഉന്നതി പ്രാപിച്ചു എന്ന് നാം കരുതുമ്പോഴാണ് നമ്മുടെ രാഷ്ട്രീയ സാമൂഹിക തലങ്ങളില്‍ ഒരു സവര്‍ണ ജാതീയ ബോധം ഇന്നും നിലനില്‍ക്കുന്നത്. പരലോകത്തു മോക്ഷമുണ്ട് എന്ന് വിശ്വസിക്കുമ്പോഴും ഈ ലോകത്തും അന്തസ്സും ആഭിജാത്യവും ഇസ്ലാം നല്‍കുന്നു എന്ന് കാണിച്ചു കൊടുക്കാന്‍ വര്‍ത്തമാന സംഭവങ്ങള്‍ കാരണമാണ്.

ഇസ്ലാമിന്റെ ആളുകളായി നില കൊള്ളുന്നവര്‍ പലപ്പോഴും ചെയ്യുന്നത് വഴിമുടക്കുക എന്നത് മാത്രമാണ്. ഇസ്രായില്‍ സമൂഹത്തില്‍ നിന്നും അറബികളിലേക്കു ഒരിക്കല്‍ അത് മാറി. ഒട്ടകത്തിന്റെ മൂക്കു കയര്‍ പിടിച്ചു നടന്നിരുന്നവര്‍ പിന്നെ ലോകത്തിന്റെ നേതാക്കളായി. അവര്‍ യഥാര്‍ത്ഥ മാര്‍ഗത്തില്‍ നിന്നും മാറിയപ്പോള്‍ നേതാവ് എന്ന പദവി അവര്‍ക്കു നഷ്ടമായി. പക്ഷെ അത് തിരിച്ചു കൊണ്ട് വരിക എന്നത് അല്ലാഹുവിന്റെ മാറ്റമില്ലാത്ത ചര്യയാണ്. പടിഞ്ഞാറ് ലോകത്തു നിന്നും കേള്‍ക്കുന്ന ഇസ്ലാമിക ശബ്ദങ്ങള്‍ അതിന്റെ ഭാഗമാണ്. ഇന്നലെ വരെ ഇസ്ലാമിനെ മാറ്റി നിര്‍ത്തിയിരുന്നവര്‍ ഇന്ന് ഇസ്ലാമിന്റെ വാക്താക്കളാകുന്നതും അതിന്റെ ഭാഗമാണ്. ലോകാവസാനം വരെ ഈ ദീന്‍ നില നില്‍ക്കും. ദീനിന്റെ വക്താക്കളും പ്രയോക്താക്കളുമായി ഒപ്പം നില്‍ക്കണമോ അതോ വഴി അടച്ചു കളയുന്നവരായി മാറി നില്‍ക്കണമോ എന്നതാണ് നാം സ്വയം ചോദിക്കേണ്ട ചോദ്യം.

 

Related Articles