Current Date

Search
Close this search box.
Search
Close this search box.

പൗരത്വ നിയമം – ഹിജ്റ കാലത്തെ ഒരന്വേഷണം

കഴിഞ്ഞ കൊല്ലം ഹിജ്റയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെട്ടപ്പോള്‍ നമ്മുടെ മുന്നില്‍ ഇല്ലാതിരുന്ന ഒന്നാണ് പൗരത്വ നിയമം. നാട്ടില്‍ നിന്നും പോകേണ്ടി വന്ന പ്രവാചകന്റെയും അനുയായികളുടെയും ചരിത്രം മാത്രമാണ് നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നത്. ഫലസ്തീന്‍ അതിന്റെ കൂടെ നാം ചേര്‍ത്ത് പറഞ്ഞു. പക്ഷെ നമ്മെ എല്ലാവരെയും ആ അവസ്ഥ അഭിമുഖീകരിക്കും എന്ന് നാം ഒരിക്കലും കരുതിയില്ല.

നമ്മുടേത്‌ പോലുള്ള ഒരു കാലത്തല്ല പ്രവാചകന്‍ ജീവിച്ചത്. ഭൂമിയില്‍ ഇങ്ങിനെ നാം അതിരുകള്‍ തീര്‍ത്തിരുന്നില്ല. അന്ന് ഒരു രാജ്യത്ത് നിന്നും മറ്റൊരിടത്തേക്ക് പോകല്‍ ഇന്നത്തെ പോലെ ശ്രമകരമല്ല. തങ്ങള്‍ക്കു ഹിതമല്ലാത്തവരെ നാട് കടത്തുക എന്നത് എന്നത്തേയും നിയമമാണ്. ഒരു നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നാട് കടത്തുക എന്നത് കഴിഞ്ഞ നൂറ്റാണ്ടു വരെ നാം കണ്ടിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമര കാലത്ത് കേരളത്തില്‍ നിന്ന് തന്നെ പല പ്രമുഖരെയും പല നാടുകളിലേക്കും നാട് കടത്തിയ ചരിത്രം നാം വായിക്കുന്നു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹം അതിന്റെ എന്നത്തേയും ഓര്‍മ്മ കൂടിയാണ്.

പ്രവാചകനെ ഒന്നുകില്‍ ബന്ധനസ്ഥനാക്കുക അല്ലെങ്കില്‍ നാട് കടത്തുക അല്ലെങ്കില്‍ കൊന്നു കളയുക എന്ന മൂന്നു തീരുമാനത്തില്‍ അവസാനം മക്കക്കാര്‍ എത്തിപ്പെട്ടു. വിഷയത്തില്‍ “ദാറുന്നദ് വയില്‍” ദിവസങ്ങളോളം ചര്‍ച്ച നടന്നു. മൂന്നിന്റെയും എല്ലാ വശങ്ങളും അവര്‍ സൂക്ഷ്മമായി പരിശോധിച്ചു. നാട് കടത്തലും ബന്ധനസ്ഥനാക്കലും കൂടുതല്‍ വിപരീത ഫലം ഉണ്ടാക്കുമെന്നവര്‍ കണക്കു കൂട്ടി . ബാക്കി വന്നതു പ്രവാചകനെ ഇല്ലാതാക്കുക എന്നത് തന്നെയായിരുന്നു. അതിനെ ഖുര്‍ആന്‍ ഇങ്ങിനെ വിശേഷിപ്പിച്ചു “ നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടുകടത്തുകയോ ചെയ്യുന്നതിനുവേണ്ടി സത്യവിരോധികള്‍ തന്ത്രങ്ങളാവിഷ്‌കരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു. അവര്‍ സ്വന്തം തന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവോ അവന്റെ തന്ത്രങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹുവത്രെ.”

വിശ്വാസി ഭയത്തിന്റെയും പ്രതീക്ഷയുടെയും ഇടയിലാണ്. ഭയം എന്നത് കൊണ്ട് വിവക്ഷ തന്റെ കര്‍മ്മങ്ങളുടെ അനന്തര ഫലത്തെ കുറിച്ച ഭയമാണ്. എല്ലാ ദുരന്തങ്ങളെയും കവച്ചു വെക്കുന്ന പ്രതീക്ഷയാണ് മറ്റൊന്ന്. ഇത് രണ്ടും കൈമോശം വന്നാല്‍ പിന്നെ അവിടെ കയറി വരിക ഭയവും നിരാശയുമാകും. താനല്ലാത്ത എല്ലാത്തിനെയും അയാള്‍ ഭയക്കുന്നു. ചിലപ്പോള്‍ തന്നെത്തന്നെ അയാള്‍ ഭയക്കുന്നു. നിരാശയാകും ആത്യന്തിക ഫലം. അപ്പോള്‍ മുന്നില്‍ എല്ലാ വഴികളും അടഞ്ഞു പോകും. പ്രവാചകനും അനുചരന്മാരും ഈ രണ്ടു രോഗത്തില്‍ നിന്നും മുക്തരായിരുന്നു. അത് കൊണ്ട് തന്നെ അവരുടെ മുന്നില്‍ എന്നും വഴികള്‍ തുറന്നു തന്നെ കിടന്നു.

Also read: ഹിജ്റകൾ അവസാനിക്കുന്നില്ല

പൗരത്വ നിയമം മുസ്ലിംകളെ മാനസികമായി തകര്‍ക്കാനുള്ള വടിയായി ഫാസിസം കാണുന്നു. അങ്ങിനെ ആത്മവിശ്വാസം തകര്‍ന്നു പോയ ഒരു ജനത ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന അവസ്ഥ കൈവരിക്കും. കീഴടക്കാന്‍ കഴിയാത്ത മനസ്സാണ് എന്നും മുസ്ലിമിന്. ഇനി എപ്പോഴെങ്കിലും അവര്‍ കീഴടങ്ങേണ്ടി വന്നാല്‍ ശത്രു അവിടെയും പരാജയം സമ്മതിക്കേണ്ടി വരും. താര്‍ത്താരികള്‍ ഒരിക്കല്‍ മുസ്ലിം നാടുകളെയും മുസ്ലിംകളെയും കീഴടക്കി. പിന്നീട് നാം കാണുന്നത് വിജയികള്‍ പരാജിതരെ പിന്‍പറ്റുന്നതാണ്.

ഹിജ്റ ഒരു പാലായനം എന്നത് പോലെ പരീക്ഷണം കൂടിയാണ്. പരീക്ഷണത്തെ അതിജയിക്കാനുള്ള കരുത്തു നമ്മുടെ വിശ്വാസത്തിനു പലപ്പോഴും ഉണ്ടാകാറില്ല. അവിടെ പരാജയം സുനിശ്ചിതം. വിശ്വാസിയുടെ മനസ്സിനെ കീഴടക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന ഉറക്കെയുള്ള പ്രഖ്യാപനമാണ് ഹിജറ നല്‍കുന്നത്. ഒരു വഴി അടഞ്ഞാല്‍ അവിടെ തീരുന്നതല്ല അവരുടെ ജീവിതം. “ ആര്‍ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവനു അല്ലാഹു വഴികള്‍ തുറന്നു തരും”. പ്രവാചകന്റെ മുന്നില്‍ വഴികള്‍ തുറക്കപ്പെട്ടു. അവര്‍ പഴയതിലും ഉന്നതിയിലെത്തി. അതിനുള്ള അടിസ്ഥാന കാരണം ഭൗതിക വിഭവങ്ങള്‍ നഷ്ടപ്പെട്ടു പോകുമെന്ന ഭയം അവരെ പിടികൂടിയില്ല എന്നത് തന്നെ. ഇനിയെന്ത് എന്ന നിരാശ കലര്‍ന്ന ചോദ്യവും അവര്‍ ചോദിച്ചില്ല.

ആരൊക്കെ കൂടെയുണ്ട് എന്ന ചോദ്യത്തിനപ്പുരം അല്ലാഹു കൂടെയുണ്ട് എന്ന ഉത്തരമാണ് അവര്‍ക്ക് പ്രചോദനം നല്‍കിയത്. മൂസാ നബിയുടെ സമൂഹത്തിനും ഇബ്രാഹിം നബിക്കും മറ്റു പ്രവാചകര്‍ക്കും അത് തന്നെയായിരുന്നു പ്രചോദനം. ദൈവത്തിന്റെ ഭൂമി വിശാലമാണ് എന്നതോടൊപ്പം തങ്ങളുടെ കൂടെ സദാ സമയവും അല്ലലാഹു ഉണ്ട് എന്ന വിശ്വാസവും അവരെ ശക്തിപ്പെടുത്തി. ഈ പൗരത്വ നിയമ കാലത്ത് നമുക്കും നല്‍കുന്ന ആത്മവിശ്വാസം അത് തന്നെയാണ്. “ അവര്‍ തന്ത്രം പ്രയോഗിച്ചു അല്ലാഹുവും , തന്ത്രം പ്രയോഗിക്കാന്‍ ഉത്തമന്‍ അല്ലലാഹു തന്നെ”.

Related Articles