Current Date

Search
Close this search box.
Search
Close this search box.

പൗരത്വ നിയമം; ഒരു രോഹിങ്കന്‍ വിചാരം

ഈ വർഷം നവംബര്‍ മാസത്തില്‍ മ്യാന്‍മാര്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. അതിനെന്ത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതിനു പലതുമുണ്ട്. ഒന്ന് പട്ടാള ഭരണത്തെ മാറ്റി മനുഷ്യാവകാശ പ്രവര്‍ത്തക Aung San Suu Ky യുടെ National League for Democracy അധികാരത്തില്‍ വന്നിട്ട് അഞ്ചാണ്ട് തികയുന്നു. ഈ അഞ്ചു വര്ഷം ആ രാജ്യത്തിന്റെ മനുഷ്യാവകാശ ചരിത്രം നാം വായിച്ചതും കേട്ടതുമാണ്. ഏകദേശം പതിനഞ്ചു ലക്ഷമായിരുന്നു മ്യാന്‍മാറിലെ രോഹിങ്കന്‍ മുസ്ലിംകള്‍. ഇന്ന് പത്തു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നത് രാജ്യത്തിന് പുറത്തു അഭയാര്‍ഥി ക്യാമ്പ്കളിലാണ്.

രോഹിങ്കന്‍ മുസ്ലിം വിഭാഗത്തെ ലോകത്തിലെ വലിയ അഭയാര്‍ഥി സമൂഹം എന്ന ഓമനപ്പേരില്‍ ലോകം വിളിക്കുന്നു. വലിയ വംശീയ ഉന്മൂലനം എന്നും വിളിക്കപ്പെടുന്നു. എന്നിട്ടും ലോകത്തിന്റെ ശരിയായ ശ്രദ്ധ ഇപ്പോഴും അവര്‍ക്ക് കിട്ടിയിട്ടില്ല. അവരോടു നീതി കാണിക്കണം എന്ന് ഐക്യരാഷ്ട്രസഭ ഭരണകൂടത്തോട് ആവശ്യപ്പെട്ടെങ്കിലും ശരിയാക്കാം എന്ന ഒരു ഒഴുക്കന്‍ മറുപടിയില്‍ കാര്യങ്ങള്‍ അവസാനിക്കുന്നു. ഇനി ആകെ ബാക്കിയുള്ളത് അന്താരാഷ്ട്ര നീതിന്യായ കോടതിയാണെന്ന് അഭയാര്‍ത്ഥികള്‍ തുറന്നു പറയുന്നിടത്തേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു.

1948 ല്‍ ബര്‍മ്മ സ്വാതന്ത്രം നേടുമ്പോള്‍ രോഹിങ്കന്‍ മുസ്ലിം സമൂഹവും മ്യാന്‍മാറിന്റെ ഭാഗമായിരുന്നു. പറഞ്ഞു വന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രോഹിങ്കന്‍ മുസ്ലിംകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ഇക്കൊല്ലം അവര്‍ക്ക് അവരുടെ മാതാപിതാക്കള്‍ നാട്ടുകാരല്ല എന്ന പേരില്‍ വോട്ടു നിഷേധിക്കുന്നു എന്നാണു വാര്‍ത്ത. ഒരു ജനതയുടെ ചരിത്രം എത്ര പെട്ടെന്നാണ് ഭരണ കൂടത്തിനു മാറ്റി എഴുതാന്‍ കഴിയുന്നത്‌.

Also read: ആത്മാഭിമാനത്തിന്റെ പോരാട്ടത്തിന് 99 വയസ്സ്‌

ചരിത്രം വായിച്ചു തള്ളാന്‍ മാത്രമുള്ളതല്ല. അതൊരു പാഠം കൂടിയാണ്. അത് കൊണ്ട് തന്നെയാണ് ഇന്ത്യന്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ പൗരത്വ നിയമവും എതിര്‍ക്കപ്പെടേണ്ടതായി തീരുന്നത്. ഒരു കാലത്ത് നാട്ടിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുകയും ചെയ്തവരെ അവരുടെ തലമുറകളുടെ പേര്‍ പറഞ്ഞു അന്യവല്‍ക്കരിക്കപ്പെട്ട അവസ്ഥ നമ്മുടെ അയല്പക്കത്ത് തന്നെയാണ്. നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്തും കൃഷി ചെയ്തും ജീവിച്ചവരില്‍ അധികവും ഇന്ന് ആ നാടിനു പുറത്താണ്.  അകത്തുള്ളവര്‍ തുറന്ന ജയിലില്‍ കഴിയുന്ന പ്രതീതിയാണ്. അവര്‍ക്ക് വിദ്യാഭ്യാസം ചികിത്സ എന്തിനു യാത്രാ സൗകര്യം പോലും വിലക്കപ്പെടുന്നു. കാര്യങ്ങള്‍ ഇങ്ങിനെ പോയാല്‍ ഇന്ത്യയിലെയും അവസ്ഥ ഭിന്നമാകില്ല എന്ന് പൗരത്വ നിയമത്തിന്റെ ഇരകളാകാന്‍ ഇടയുള്ളവര്‍ ഭയപ്പെടുക സ്വാഭാവികം മാത്രം.

പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെയാണ് മ്യാന്മാര്‍ കൂട്ടക്കൊല അരങ്ങേറിയത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അത്തരം ക്രൂരതകളെ ലോകത്തിനു മുന്നില്‍ കൊണ്ട് വന്നിട്ടുണ്ട്. ഭരണ കൂട ഭീകരതയാണ് ലോകത്തിലെ ഏറ്റവും ദുരന്ത പൂര്‍ണമായ ഭീകരത. പട്ടാളത്തെയും മറ്റു സംവിധാനങ്ങളെയും പൂര്‍ണമായി ഫാസിസ്റ്റ് വല്‍ക്കരിക്കുക എന്നതാണ് അതിന്റെ പിന്നിലെ ആദ്യ ചുവടുവെപ്പ്‌. ഇന്ത്യന്‍ മുസ്ലിംകളും സ്വാതന്ത്ര സമരത്തിന്റെ ഭാഗമാണ്. പക്ഷെ അവരുടെ സംഭാവനകള്‍ ബോധപൂര്‍വ്വം തിരുത്തുകയോ മറച്ചു വെക്കുകയോ ചെയ്യപ്പെടുന്ന കാലമാണ്. കുടിയേറ്റക്കാര്‍ എന്നാണു രോഹിങ്കന്‍ ജനതയ്ക്ക് ഭരണ കൂടം ആദ്യം നല്‍കിയ വിശേഷണം. മുസ്ലിം സാന്നിധ്യത്തിന് ഇന്ത്യയില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ ബാബര്‍ എന്ന മുഗള്‍ ചക്രവര്‍ത്തിയുടെ പിറകിലേക്ക് ആ ചരിത്രം കൊണ്ട് പോകാന്‍ സംഘ പരിവാര്‍ ആഗ്രഹിക്കുന്നില്ല.

Also read: തലച്ചോർ എന്ന നമുക്കുള്ളിലെ അനന്തപ്രപഞ്ചം

ഒരു ജനതയുടെ ചരിത്രം നിഷേധിക്കലാണ് ഒരു ജനതയെ ഇല്ലാതാക്കാനുള്ള ആദ്യ പടി എന്ന് സംഘ പരിവാര്‍ മ്യാന്‍മാരില്‍ നിന്നും പഠിച്ചിരിക്കുന്നു. രോഹിങ്കന്‍ മുസ്ലിം ജനത നൂറ്റാണ്ടുകള്‍ കൃഷി ചെയ്ത ഭൂമി ഇന്ന് അവരുടെതല്ല. അവര്‍ ശ്വസിക്കുന്ന വായു പോലും അവരുടെതല്ല എന്നാണു സര്‍ക്കാര്‍ ഭാഷ്യം. ഒരു ജനതയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള അവകാശം തണുപ്പന്‍ പ്രതികരണത്തോടെയാണ് ലോകം സ്വീകരിക്കുന്നത്. അന്തരാഷ്ട്ര തലക്കെട്ടുകളില്‍ നിന്നും ഇന്ന് രോഹിങ്കന്‍ ജനത അപ്രത്യക്ഷമായിരിക്കുന്നു. മുസ്ലിം രാജ്യങ്ങള്‍ പുതിയ കരാറുകളുടെ കാലത്ത് വല്ലതും പറയും എന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇന്ത്യയില്‍ മുസ്ലിം വിരുദ്ധത സൃഷ്ടിക്കുന്നതില്‍ “മൊസ്സാദ്” ന്റെ സാന്നിധ്യം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് കാശ്മീര്‍ കാര്യത്തില്‍. ഇന്ന് ഇസ്രായേല്‍ കുറെ കൂടി ശക്തരാണ്. മുസ്ലിം മണ്ണില്‍ ആധികാരികമായി തന്നെ അവര്‍ കാല്‍ ഉറപ്പിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പുതിയ കാലത്ത് ഫാസിസ്റ്റ് ഭരണ കൂടം നിര്‍മ്മിച്ച പൗരത്വ നിയമങ്ങള്‍ ഒരു ജനതയെ ഭയപ്പെടുത്തുന്നത്‌. അത് കൊണ്ട് തന്നെയാണു പുതിയ മ്യാന്മാര്‍ തിരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. അതൊരു ചൂണ്ടു പലകയാണ്. “വെടക്കാക്കി തനിക്കാക്കാന്‍” ചിലര്‍ തക്കം പാര്‍ത്തിരിക്കുന്നു. ചരിത്രത്തിന്റെ ചൂണ്ടു പലക വായിക്കാതെ പോയാല്‍ മുന്നിലെ അഗാത ഗര്‍ത്തം നാം കാണാതെ പോകും.

Related Articles