Columns

നാടകം,സിനിമ: തിരിഞ്ഞുനോട്ടം അനിവാര്യമാണ്

‘ഡ്രിങ്ക്‌സ്’ എന്ന് പറഞ്ഞു കൊണ്ടാണ് എയര്‍ഹോസ്റ്റസ് വന്നത്. മദ്യം മുതല്‍ പച്ചവെള്ളം വരെ ഇതിന്റെ കീഴില്‍ വരും. നമുക്ക് ആവശ്യമുള്ളത് ആവശ്യപ്പെടാം. അതാണ് സാധാരണ രീതിയില്‍ നടന്നു വരുന്നതും. നാടകം,സിനിമ എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ ആണും പെണ്ണും തുണിയില്ലാതെയും അല്ലാതെയും കൂടി ചേരലാണ് എന്ന ധാരണയിലാണ് ഇന്നും പലരും. കുടിക്കുന്നത് എന്നത് മാത്രമാണ് ‘ഡ്രിങ്ക്‌സ്’ എന്നത് കൊണ്ട് ഉദ്ദേശം. അത് പോലെ കാര്യങ്ങളെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ കഴിയുന്ന ഒരു മാധ്യമം എന്നതാണ് നാടകം,സിനിമ എന്നിവകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. അത് മോശമായ രൂപത്തിലും നല്ല രൂപത്തിലും ഉപയോഗപ്പെടുത്താം. നാടകത്തെ നേര്‍ക്ക് നേരെ നിഷിദ്ധം എന്നാരും പറഞ്ഞതായി അറിയില്ല. അത് നിഷിദ്ധമായി പറഞ്ഞവര്‍ തന്നെ പറഞ്ഞത് ആണ് പെണ്ണിന്റെയും പെണ്ണ് ആണിന്റെയും രൂപം ധരിക്കുന്നു എന്നതാണ്. ആണ് ആണായും പെണ്ണ് പെണ്ണായും അഭിനയിക്കുന്ന കാലത്തു ആ ചര്‍ച്ചക്ക് പ്രസക്തിയില്ല. അത് നാടകത്തില്‍ മാത്രമല്ല ജീവിതത്തിലും പാടില്ല.

മറ്റൊരു തെളിവ് പറയുന്നത് മുസ്ലിംകള്‍ അല്ലാത്തവരുടെ വസ്ത്രധാരണ രീതി പാടില്ല എന്നതാണ്. അതിനുള്ള തെളിവാകട്ടെ കുങ്കുമ ഛായയുള്ള വസ്ത്രവും. ആ ഹദീസ് വിശദീകരിച്ചവര്‍ അത് പൂര്‍ണമായ നിഷിദ്ധമാണ് എന്ന് പറഞ്ഞിട്ടില്ല . വീടുകളില്‍ അത് ധരിക്കാം പുറത്തു പോകുമ്പോള്‍ പാടില്ല എന്ന് പറയുന്നവരും പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. അത് ഹജ്ജ് കാലത്തു മാത്രമാണ് നിഷിദ്ധം എന്ന് പറഞ്ഞവരെയും കാണാം.

വസ്ത്രം എന്നത് ജീവിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടതാണ്. സഹാബികള്‍ ഇസ്‌ലാമായതിനു ശേഷം ആദ്യത്തേതില്‍ നിന്നും ഭിന്നമായ വസ്ത്ര ധാരണ രീതി സ്വീകരിച്ചതായി അറിയില്ല. ഇസ്‌ലാമിലെ വസ്ത്രത്തിന്റെ അടിസ്ഥാനം മാന്യതയാണ്. ശരീരം മറക്കുക എന്നതാണ് വസ്ത്രത്തിന്റെ ആവശ്യം. അത് പോലെ തന്നെ ദേഹത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ പുറത്തേക്കു കാണാതിരിക്കുക എന്നത് കൂടി അതിന്റെ ഭാഗമാണ്. അതില്ലാതെ ഇസ്‌ലാമിന് പ്രത്യേക വസ്ത്രം എന്ന കാഴ്ചപാട് നിലവിലില്ല. എല്ലാവരും ധരിക്കുന്ന വസ്ത്രം മുസ്ലിമിനും ധരിക്കാം. മുന്‍ പറഞ്ഞ നിബന്ധനകള്‍ പൂര്‍ത്തിയാക്കണം എന്ന് മാത്രം. നമ്മുടെ നാട്ടില്‍ ആളുകള്‍ തുണിയും പാന്റ്‌സും സാരിയും ചുരിദാറും ധരിക്കുന്നു, അതില്‍ മുസ്ലിം അമുസ്ലിം എന്ന തരംതിരിവ് കാണുക സാധ്യമല്ല.

ഒരു മാധ്യമം എന്ന നിലയില്‍ നാടകം നിഷിദ്ധമാണ് എന്ന് പറയാന്‍ ഈ തെളിവുകള്‍ അപര്യാപ്തമാണ്. പ്രവാചക കാലത്തില്ലാത്ത പല പുതിയ സങ്കേതങ്ങളും ഇന്ന് ലഭ്യമാണ്. അതിനോട് എന്ത് നിലപാട് എന്നത് ഇസ്ലാം പഠിപ്പിച്ച അടിസ്ഥാനങ്ങളില്‍ നിന്നാണ് കൈക്കൊള്ളേണ്ടത്. പ്രവാചകന്റെ കാലത്തുള്ള മദ്യമല്ല ഇന്ന് വിപണനം ചെയ്യുന്നത്. പക്ഷെ മദ്യം നിഷിദ്ധമാകുന്നത് അത് മനുഷ്യന്റെ ബുദ്ധിയെ മറക്കുന്നു എന്ന കാരണത്താലാണ്. പ്രവാചകന്റെ കാലത്തു ആരും രക്തം കൊടുത്തിട്ടില്ല. അവയവങ്ങളും ദാനം ചെയ്തിട്ടില്ല. ‘ മാലിന്യം’ എന്ന ഗണത്തിലാണ് ഇസ്‌ലാം രക്തത്തെ എണ്ണുന്നത്. അതെ സമയം ഇന്ന് രക്ത ദാനം ജീവന്‍ രക്ഷാ മാര്‍ഗങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. ശവവും അത് പോലെ നിഷിദ്ധമാണ്. അതെ സമയം മരണപ്പെട്ടയാളുടെ പല അവയവങ്ങളും മറ്റു പലരിലും വെച്ച് പിടിപ്പിക്കുന്നു. അതായത് കാര്യങ്ങളുടെ നല്ല വശങ്ങളെ അംഗീകരിക്കാന്‍ ഇസ്‌ലാം ഒരിക്കലും എതിര്‍പ്പ് കാണിച്ചിട്ടില്ല എന്നര്‍ത്ഥം.

‘ലഹവല്‍ ഹദീസിനെ’ സംഗീതം എന്ന് പറഞ്ഞവര്‍ തന്നെ അത് പറയാനുള്ള കാരണമായി പറഞ്ഞത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും ജനത്തെ തെറ്റിക്കുക എന്നതാണ്. നാടകവും സിനിമയും സംഗീതവും ഉപയോഗിച്ച് ആളുകളെ ഇസ്ലാമില്‍ നിന്നും തെറ്റിക്കുന്ന കാലത്തു അതിന്റെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണ് കരണീയമായിട്ടുള്ളത്. മറ്റൊരു കാരണം പറയുന്നത് ആളുകളെ പരിഹസിക്കുന്നു എന്നതാണ്. അത് നാടകത്തിലും സിനിമയിലും മാത്രമല്ല . ഒരിടത്തും പാടില്ല എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. ഒരാളെ പരിഹസിക്കാന്‍ വേണ്ടി നടത്തുന്ന എന്തും തെറ്റാണ് . അതെ സമയം ഭരണാധികാരികളുടെയും മറ്റു അനുബന്ധങ്ങളുടെയും തെറ്റുകള്‍ ജനത്തിനു മുന്നില്‍ പറയാന്‍ ഈ മാധ്യമം ഉപയോഗിക്കുന്നതില് തെറ്റാണ് മനസ്സിലാവാത്തത്.

സിനിമയും നാടകവും കുട്ടികള്‍ക്ക് പറ്റിയ തെറ്റാണ് എന്ന് പറയുന്നവര്‍ തന്നെ ചാനലും പത്രവും മറ്റു വെബ്‌സൈറ്റുകളും നടത്തുന്നു. ചാനല്‍ വാര്‍ത്ത കാണിക്കുമ്പോഴും പത്രത്തില്‍ ചിത്രം വരുമ്പോഴും അതില്‍ ഒരുപാട് അനിസ്ലാമികത ഉണ്ടാകും. അത് ജനത്തെ കാണിച്ചു എന്നത് ഇക്കണക്കിന് വലിയ തെറ്റാകും. മാധ്യമം എന്ന നിലയില്‍ ടി.വിയും പത്രവും സ്വീകരിച്ച അതെ നിലപാട് തന്നെയാണ് മാധ്യമം എന്ന നിലയില്‍ നാടകവും സിനിമയും സ്വീകരിക്കുക. ഖിയാമത്തു നാള്‍ വരെ മാറാത്ത കാര്യമാണ് പ്രവാചകന്‍ പഠിപ്പിച്ച ആരാധന രീതികള്‍. പുണ്യം എന്ന പേരില്‍ വര്‍ഷാവര്‍ഷം പുതിയ രീതികള്‍ സ്വീകരിക്കാന്‍ ഇവര്‍ മടി കാണിക്കാറില്ല. അതെ സമയം അടിസ്ഥാനങ്ങളെ മുറുകെ പിടിച്ചു പുതിയ സാങ്കേതികതകളെ സ്വീകരിക്കുക എന്നത് ഇസ്ലാം അനുവദിച്ചതും. അനുവാദത്തെ നിഷിദ്ധമാക്കാന്‍ ഈ തെളിവുകള്‍ മതിയാകില്ല. ഇസ്ലാം വിരുദ്ധ ശക്തികള്‍ പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നേറുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കലല്ല ഇസ്ലാം. ‘അവര്‍ കുതന്ത്രം പ്രയോഗിച്ചു അപ്പോള്‍ ഞാനും അത് പ്രയോഗിച്ചു’ എന്നാണ് അവിശ്വാസികളുടെ നിലപാടിനെ കുറിച്ചു ഖുര്‍ആന്‍ പറഞ്ഞത്. അത് കൊണ്ട് തന്നെ ഒരു തിരിച്ചുനടത്തം അനിവാര്യമായി മാറുക തന്നെ ചെയ്യും.

Facebook Comments
Related Articles
Show More
Close
Close