Current Date

Search
Close this search box.
Search
Close this search box.

ക്രിസ്തുവും ക്രിസ്മസും സമാധാനത്തിന്റെ സുവിശേഷവും

“സമാധാനത്തെപ്പറ്റി ക്രിസ്തു പറഞ്ഞതെന്തെന്നാലോചിക്കൂ..”
ആർച് ബിഷപ്പ് തോമസ് ബെക്കറ്റിന്റെ പ്രസംഗമാണ്.
“എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു എന്നല്ലേ അദ്ദേഹം പറഞ്ഞത്? നാം ധരിച്ചുവശായ അർത്ഥമാണോ യേശു ഇവിടെ സമാധാനത്തിന് നൽകിയത്? ഒരിക്കലുമല്ല.”

അദ്ദേഹം തുടർന്നു.
വിഖ്യാത ആംഗല കവി T,S Eliotന്റെ നാടകമാണ് Murder in Cathedral. 1170ൽ കൊല്ലപ്പെട്ട, സെന്റ് തോമസ് ഒഫ് കാന്റർബറി എന്നറിയപ്പെട്ട കാന്റർബറിയിലെ ആർച്ബിഷപ്പ് തോമസ് ബെക്കറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചരിത്ര, ദാർശനിക പശ്ചാത്തലങ്ങളെയാണ് കവി അന്വേഷിക്കുന്നത്. നിലപാടുകളിൽ വിട്ടുവീഴ്ച കാണിക്കാത്ത ആർച്ബിഷപ്പ്, ഹെന്റി രണ്ടാമൻ രാജാവിന്റെ അപ്രീതിക്ക് പാത്രമായതിനെത്തുടർന്ന് ഏഴ് വർഷത്തോളം ഫ്രാൻസിൽ പ്രവാസജീവിതം നയിച്ച് 1170 ഡിസംബറിൽ ലണ്ടനിലേക്ക് തിരിച്ചു വന്നു. അതുമുതൽ കൊല നടന്ന ഡിസംബർ 29 വരെയുള്ള സംഭവവികാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം.

‘ചെകുത്താന്റെ വേദപുസ്തകം’ എന്ന എന്റെ പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ഇതെപ്പറ്റി പരാമർശിക്കുന്നുണ്ട്.
ആർച്ബിഷപ്പ് പ്രസംഗം തുടർന്നു.

“എന്ത് അർത്ഥമാണ് നാം സമാധാനത്തിന് നൽകുന്നത്? ഉദാഹരണത്തിന് ഇംഗ്ലണ്ട് അയൽരാജ്യങ്ങളുമായി സമാധാനത്തിൽ വർത്തിക്കുന്നു, ഇംഗ്ലണ്ടിലെ പ്രഭുക്കന്മാർ രാജാവുമായി സമാധാനത്തിലാണ്, ഒരു വ്യാപാരി തന്റെ ലാഭത്തെക്കുറിച്ച കണക്കുകൂട്ടലിൽ സമാധാനമുള്ളവനാണ്, സുഹൃത്തിന് വേണ്ടി തീൻമേശയിൽ വീഞ്ഞൊരുക്കിവെച്ച ഗൃഹനാഥൻ സമാധാനത്തോടെ കാത്തിരിക്കുന്നു, കുട്ടികൾ പാട്ടും നൃത്തവും പഠിക്കുമ്പോൾ അമ്മക്ക് സമാധാനമുണ്ടാകുന്നു… ഇതൊക്കെയല്ലേ നമ്മുടെ ദൃഷ്ടിയിൽ സമാധാനം?

എന്നാൽ ക്രിസ്തു തന്റെ ശിഷ്യന്മാർക്ക് നൽകിയത് ക്രിസ്തുവിന്റെ സമാധാനമാണ്. എന്റെ സമാധാനം നിങ്ങൾക്ക് തരുന്നു എന്ന് അവിടുന്ന് പറയുമ്പോൾ ഇത്തരം ചിത്രങ്ങളൊന്നും ആ മനസ്സിൽ ഉണ്ടായിരിക്കാനിടയില്ല. എന്തെന്നാൽ യേശു എന്ന മനുഷ്യനോ അദ്ദേഹത്തിന്റെ അപ്പൊസ്‌തോലന്മാർക്കോ ജീവിതത്തിൽ ഒരിക്കൽപ്പോലും ഇത്തരം അനുഭവങ്ങ‍ൾ ഉണ്ടായിരുന്നില്ല.

കടലും കരയും താണ്ടി അലഞ്ഞവരാണവ‍ർ. പീഡകളും ദാരിദ്ര്യവും ഏറ്റുവാങ്ങിയവർ. തടവിൽ നിസ്സഹായരാക്കപ്പെട്ടവർ. ഒടുക്കം രക്തസാക്ഷ്യം വഹിച്ചവരും. അപ്പോൾ ഇതൊക്കെയല്ലേ ക്രിസ്തു നമ്മെയേൽപിച്ച സമാധാനം?

സമാധാനത്തിനും സ്വാതന്ത്ര്യത്തിനും നാം നൽകുന്ന അർത്ഥമാണോ ക്രിസ്തു നൽകിയത്? ലോകം തരുന്നത് പോലെയല്ല ഞാൻ നിങ്ങ‍ൾക്ക് തരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ശിഷ്യന്മാർക്ക് അദ്ദേഹം സമാധാനം നൽകി. എന്നാൽ അത് ലോകം നൽകുന്ന സമാധാനമായിരുന്നില്ല.”
പ്രിയ സുഹൃത്തുക്കളേ, എല്ലാവർക്കും സമാധാനം ആശംസിക്കുന്നു, സ്വാതന്ത്ര്യവും.

Related Articles