ചന്ദ്രശേഖർ ആസാദ് തനിക്കു ജാമ്യം കിട്ടാൻ കോടതി പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിച്ചു. പക്ഷെ ഒരു കാര്യം മാത്രം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ജുമാ മസ്ജിദിൽ പോകാൻ അനുമതി വേണം. കോടതി അത് സമ്മതിച്ചു കൊടുത്തു. തങ്ങളുടെ ഇമാം എന്ന് ഇപ്പോൾ ഡൽഹിക്കാർ അദ്ദേഹത്തെ വിളിക്കുന്നത്. ഇമാം എന്നതിന് ഇസ്‌ലാമിൽ വലിയ അർത്ഥങ്ങളുണ്ട്. നമ്മുടെ കാലത്തു ഇമാം എന്നത് തീർത്തും അർത്ഥവിലോപം വന്ന വാക്കാണ്. ഒരു കാലത്തു കേരള മണ്ണിൽ സാമ്രാജ്യത്വ സമരം നയിച്ചത് മുസ്ലിം പണ്ഡിതനായിരുന്നു. അവർ പഠിച്ച ഇസ്ലാം അങ്ങിനെയായിരുന്നു, അതെന്നും അനീതിക്കെതിരെ ആളുകളെ പ്രതികരിക്കാൻ ആവശ്യപ്പെടും. അതിനു നേതൃത്വം നൽകുന്നവരെ ജനം ഇമാം എന്ന് വിളിക്കും. ആലി മുസ്ലിയാരും മമ്പുറം തങ്ങന്മാരും മഖ്ദൂം കുടുംബവും വെറുതെ രൂപം കൊണ്ടതല്ല. അത് ചരിത്രത്തിന്റെ ഒരു അനിവാര്യതയായിരുന്നു.
തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രൻഥം രചിക്കപ്പെട്ടത് തന്നെ യോദ്ധാക്കൾക്കു സമർപ്പിച്ചു കൊണ്ടാണ്. ഇന്ത്യയിലേക്ക് കടന്നു വന്ന ഒന്നാമത്തെ വൈദേശിയെ തന്നെ അന്ന് മുസ്ലിം പണ്ഡിതർ ശത്രുപക്ഷത്തു നിർത്തി . ശേഷം മമ്പുറം തങ്ങന്മാരും ആലി മുസ്ലിയാരും അങ്ങിനെ തന്നെയാണ് സാമ്രാജ്യത്വത്തെ കണ്ടത്. മുസ്ലിം പണ്ഡിതർ അന്നൊക്കെ സമൂഹത്തിന്റെ മൊത്തം ഇമാം എന്ന രീതിയിൽ അറിയപ്പെട്ടു. പണ്ഡിതർ എന്നും മതത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട്. പക്ഷേ അവരിൽ അധികവും എന്നും അധികാരത്തിന്റെ അരികുപറ്റി ജീവിച്ചവരാണ്. ഖുർആൻ സൃഷ്ടി വാദവുമായി ഖലീഫ രംഗത്തു വന്നപ്പോൾ അന്നത്തെ പണ്ഡിതരിൽ അധികവും ഖലീഫയുടെ പക്ഷത്തായിരുന്നു . ഇമാം അഹമദ് ബിൻ ഹമ്പലിനെ പോലെ ചിലർ മാത്രമാണ് അന്ന് പ്രതിപക്ഷത്തു നിന്നതു.
Also read: മതം വിട്ടവർ ഇസ് ലാം വിരോധികളാവുന്നതിന്റെ മനശാസ്ത്രം
സുഖ സൗകര്യങ്ങൾ കാട്ടിയാണ് ഭരണ കൂടം പണ്ഡിതരെ വിലക്കെടുക്കുക. അധികവും അതിൽ വീണു പോകുന്നു. സമൂഹത്തിന് മാതൃകാ പരമായ രീതിയിൽ നേതൃത്വം നൽകുന്ന കാര്യത്തിൽ പണ്ഡിതർ പരാജയമാണ്. അണികളുടെ വിശ്വാസ കാര്യങ്ങളും അനുഷ്ഠാന കാര്യങ്ങളും അവർ നിശ്ചയിക്കും. അതെ സമയം അണികളുടെ വിശാലമായ സാമൂഹിക തലത്തിൽ അവർക്കു വേണ്ടത്ര സ്ഥാനം കിട്ടാതെ പോകുന്നു. അണികളുടെ അത്തരം കാര്യങ്ങളിൽ പലപ്പോഴും മൗനം പാലിക്കാനാണ് അവർക്കിഷ്ടം. പലപ്പോഴും നാട്ടിലെ അനാചാരങ്ങളെ എതിർക്കുന്ന കാര്യത്തിൽ പോലും അവർക്കു തടസ്സമുണ്ടാകുന്നു. പ്രവാചകന്മാരുടെ അനന്തരാവകാശികൾ എന്ന് പണ്ഡിതരെ കുറിച്ച് പറഞ്ഞു കേൾക്കുന്നു. ഹദീസിന്റെ കാര്യത്തിൽ അഭിപ്രായ അന്തരം ഉണ്ടെങ്കിലും അതൊരു സത്യമായി നാം കാണുന്നു. പ്രവാചകർ സമൂഹത്തിലെ ചില വശങ്ങൾ മാത്രം കൈകാര്യം ചെയ്തവരല്ല. ഇന്നത്തെ പോലെ കേവലം മതപരമായ വിഷയമായിരുന്നെങ്കിൽ പ്രവാചകരും സമൂഹത്തിലെ പ്രമാണിമാരും തമ്മിൽ നാം പറഞ്ഞു കേൾക്കുന്ന സംഘട്ടനം ഉണ്ടാകുമായിരുന്നില്ല.
പള്ളിയും പാർലമെന്റും തമ്മിൽ സംജാതമായ വിഭജനം ബാധിച്ചത് പട്നിതന്മാരെ തന്നെയാണ്. സമൂഹത്തിൽ അവരുടെ സ്ഥാനം പരിമിതപ്പെട്ടു പോയി. സാമൂഹിക രംഗത്തു അവരുടെ സാന്നിധ്യം തീരെ കുറഞ്ഞു പോയി. തങ്ങളെ ഇല്ലാതാക്കുന്ന പദ്ധതിയാണ് എന്നറിഞ്ഞിട്ടും പലരും നീണ്ട മൗനത്തിലാണ് അല്ലെങ്കിൽ സർക്കാരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. അവിടെയാണ് ഭീം ആത്മി നേതാവ് ചന്ദ്രശേഖർ അവർക്കു ഇമാമാകുന്നത്. ഇന്ന് ജുമുഅക്കു ശേഷവും ചന്ദ്രശേഖർ ജുമാ മസ്ജിദിൽ വന്നു. സി എ എ വിരുദ്ധ സമരത്തിൽ പങ്കെടുക്കരുതെന്ന തീരുമാനത്തിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ജമാ മസ്ജിദിന്റെ പടവുകളിൽ അദ്ദേഹത്തെ എതിരേറ്റത്. ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം അദ്ദേഹം വായിച്ചു കൊണ്ടിരുന്നു. ജനം ഒരു നേതാവിനെ തേടുന്നു. തങ്ങൾക്കു വേണ്ടി ശബ്ദിക്കാൻ കഴിയുന്ന നേതാവിനെ. അതാണ് അവരുടെ കണ്ണിൽ ചന്ദ്രശേഖർ ആസാദ്. ഭരണ ഘടനയുടെ വീണ്ടെടുപ്പ് എന്നാണ് ചന്ദ്രശേഖർ തനറെ ഉദ്യമത്തെ കുറിച്ച് പറയുന്നത്. ഒരു മുസ്ലിം പള്ളിയിൽ ചന്ദ്രശേഖറിനെ സ്വീകരിക്കുന്ന കാഴ്ച നാം കണ്ണ് കൊണ്ട് കാണുന്നു. തങ്ങളുടെ ഇമാമിനേക്കാൾ അവർക്കു ഈ ഇമാമിൽ വിശ്വാസം ഉണ്ടായതു ഒരു യാദൃശ്ചികതയാവില്ല എന്നുറപ്പാണ്.