Current Date

Search
Close this search box.
Search
Close this search box.

12കാരിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമം

ഇന്ത്യയിൽ 53ശതമാനം കുട്ടികൾ ഏതെങ്കിലും തരത്തിലുളള ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്ക്. ഈ കണക്കുകളിലും വർധനവ് വന്നതോടെയാണ് ഇന്ത്യയിൽ പോക്സോ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഏറിയതും. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് ഈ നിയമം. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങൾ ഉൾപ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.

മേൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്താണ് 2014 ൽ പോക്സോ നിയമം നിലവിൽ വന്നത്. കുട്ടികൾ പലപ്പോഴും അവരുടെ വീടുകളിൽ സുരക്ഷിതരല്ല. അടുത്ത ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നുമാണ് കുട്ടികൾ കൂടുതൽ പീഡനം അനുഭവിക്കേണ്ടി വരുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. നിയമത്തിനു ശേഷവും നമ്മുടെ നാട്ടിൽ പോക്സോ കേസുകൾ അധികരിച്ച് വരുന്നു. പലപ്പോഴും ഇരകൾ കേസ് നൽകാൻ പല കാരണങ്ങൾ കൊണ്ടും മോന്നോട്ടു വരാറില്ല. അതു കൊണ്ട് തന്നെ അധികം കേസുകളിലും പ്രതികൾ രക്ഷപ്പെട്ടു പോകുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ വാളയാർ കേസിലും പ്രതികൾ സുരക്ഷിതരായി ഇറങ്ങി നടക്കുന്നത് നമ്മുടെ മുന്നില കാഴ്ചയാണ്. ഇരകളുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥകൾ തന്നെയാണ് പലപ്പോഴും കാരണങ്ങളായി പറയപ്പെടുന്നത്‌.

അതിനിടയിൽ ഇത്തരം ഒരി കേസിൽ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിധി ഇന്ന് ചർച്ചാ വിഷയമാണ്. 12കാരി പെൺകുട്ടിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ പോക്സോ വകുപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ലെന്ന് ബോംബെ ഹൈക്കോടതി ബഞ്ച് വിധിച്ചത്. “ തൊലിയും തൊലിയും ചേരാതെ” വസ്ത്രത്തിനു മുകളിലൂടെ മാറിടത്തിൽ സ്പർശിച്ചത് പോക്സോ നിയമത്തിൽ വരില്ലെന്നാണ് കോടതി കണ്ടെത്തിയത്. മുപ്പത്തിയൊമ്പത് കാരനായ പ്രതി പന്ത്രണ്ടു വയസ്സുകാരിയെ പേരക്ക നൽകാം എന്ന് പറഞ്ഞു വീട്ടിൽ കൊണ്ട്പോയി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇരയുടെ മാതാവ് സംഭവം കണ്ടത് കാരണം പെൺകുട്ടി രക്ഷെപ്പെട്ടു.

അതെ സമയം പ്രതി ഇരയുടെ വസ്ത്രം അഴിക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണ് കോടതി വിധിക്ക് അനുഗുണമായി കണ്ടെത്തിയത്. എന്തായാലും വിധിക്കെതിരെ ശക്തമായ പ്രതികരണം രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ഉയർന്നു വന്നിട്ടുണ്ട്. വിധിയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഇരയുടെ ബന്ധുക്കൾ വ്യക്തമാക്കിയിട്ടുമുണ്ട്.

നിയമത്തിന്റെ കുറവ് കൊണ്ടല്ല അത് നടപ്പാക്കുന്നിടത്തെ കുറവ് കൊണ്ടാണ് നമ്മുടെ നാട്ടിൽ കുറ്റകൃത്യം കൂടി വരുന്നത്. നിയമം പലപ്പോഴും വ്യാഖ്യാനിച്ചു പ്രതികളെ രക്ഷിക്കുന്ന അവസരവും കോടതികളിൽ നടക്കാറുണ്ട്. പീഡനം ലക്‌ഷ്യം വെച്ചുകൊണ്ട് പ്രതി പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയ വീട്ടിലേക്കു കൊണ്ട് പോകുന്നു. വസ്ത്രം അഴിച്ചില്ല എന്നത് അതിനുള്ള സാവധാനം കിട്ടിയില്ല എന്നത് കൊണ്ട് മാത്രമാണ്. അപ്പോഴേക്കും കുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. എന്തായാലും ഈ വിധി നാട്ടിൽ ദൂരവ്യാപകമായ പ്രതിഫലനം ഉണ്ടാക്കും എന്നുറപ്പാണ്. വസ്ത്രം മാറ്റാതെ കുട്ടികളുടെ ദേഹത്ത് തൊടുന്നത് പോക്സോ കേസിൽ വരില്ല എന്നത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതെ സമയം പോക്സോ നിയമത്തിന്റെ കീഴിൽ വരാൻ ഇരകളുടെ ഗുഹ്യസ്ഥാനം മാറിടം ഗുഹ്യഭാഗം എന്നിവടങ്ങളിൽ ബോധപൂർവം സ്പർശിക്കണം എന്നതാണ് ബോംബെ കോടതിയുടെ കണ്ടെത്തൽ. സ്വതവേ ദുർബലമായ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ദുർബലമാക്കുക എന്നതിലപ്പുറം നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം കൂടുതൽ ചോദ്യചിഹ്നമാകുക എന്നത് കൂടി ഇവിടെ സംഭവിക്കുന്നു. നിയമം കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ കൂടി കഴിയുന്നതാവണം. കുറ്റവാളികൾക്ക് നിയമം ഒരിക്കലും തണലാകരുത്. അങ്ങിനെ സംഭവിച്ചാൽ നാട്ടിൽ അരാജകത്വം എന്നതാവും ബാക്കി പത്രം. ലോകത്തിൽ തന്നെ ലൈഗിക അതിക്രമങ്ങൾ നടമാടുന്ന രാജ്യങ്ങളിൽ ഇന്ത്യക്ക് ഉയർന്ന സ്ഥാനമുണ്ട്. ഉത്തരേന്ത്യയിൽ നിന്നും ഇത്തരം വാർത്തകൾ ഒരു സ്ഥിരം കാഴ്ചയും കേൾവിയുമാണ്‌.

കോടതികളിൽ എത്തുന്ന കേസുകളിൽ പലതും തെളിവിന്റെ അഭാവത്തിൽ തള്ളിപ്പോകും. ഇനി നിയമത്തിന്റെ പിൻബലത്തിൽ തള്ളിപ്പോകാനുള്ള സാധ്യതയാണ് ബോംബെ ഹൈകോടതിയുടെ വിധി നൽകുന്ന പ്രചോദനം. എങ്കിലും രാജ്യത്തെ മാധ്യമങ്ങൾക്കിടയിൽ ഈ വിധിയും കേസും കാര്യമായി ചർച്ചയായില്ല എന്നത് നമ്മെ കൂടുതൽ ഭയപ്പെടുത്തണം.

Related Articles