Current Date

Search
Close this search box.
Search
Close this search box.

മുതലാളിത്തം ജീർണമാണ്, ബദലേത്?

മുതലാളിത്തം ജീർണ്ണമാണ്. മനുഷ്യ വിരുദ്ധമാണ്.അത് പ്രകൃതിവിഭവങ്ങളെയും മനുഷ്യ ധിഷണയെയും ചൂഷണം ചെയ്യുന്നു. ലോകത്തെയാകെ കച്ചവടക്കുരുക്കുകളിലകപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലെങ്ങുമുള്ള സമ്പത്ത് കയ്യടക്കാനായി യുദ്ധങ്ങളഴിച്ചുവിടുന്നു. മതത്തിൻറെ യും ജാതിയുടെയും വർഗ്ഗത്തിൻറെയും ദേശത്തിൻറെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നതയും ശത്രുതയും കലാപങ്ങളും കുഴപ്പങ്ങളും സംഘർഷങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്നു. മുതലാളിത്തത്തിൻറെ കൊടിയ ചൂഷണത്തിൽനിന്ന് മുക്തമായ നാടുകളും സമൂഹങ്ങളും വളരെ വിരളമാണ്. ഇത്തരം വിശകലനങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകളോട് പൂർണ്ണമായും യോജിക്കുന്നു.

പരിഹാരമെന്തെന്നതാണ് ഏറെ പ്രസക്തമായ ചോദ്യം. കമ്മ്യൂണിസവും സോഷ്യലിസവുമല്ലെന്ന് ഇന്ന് ഏവരും സമ്മതിക്കും.ലോകത്തിനത് ബോധ്യകാൻ ഒരു നൂറ്റാണ്ടിൻറെ പ്രായോഗികാനുഭവം പോലും വേണ്ടി വന്നില്ല.

പൂർണ്ണമായും കമ്മ്യൂണിസ്റ്റുകാരുടെ പിടിയിലമർന്ന നാടുകൾ സോഷ്യലിസം നടപ്പാക്കാനെന്ന പേരിൽ ഒമ്പതര കോടിയോളം മനുഷ്യരെ കൊന്നൊടുക്കി. ജീവനോടെ ബാക്കിയുണ്ടായിരുന്ന സാധാരണക്കാരുടെയെല്ലാം മൗലിക മനുഷ്യാവകാശങ്ങൾ കവർന്നെടുത്ത് അടിമ സമാനരാക്കി. എന്നിട്ടും അവിടങ്ങളിലൊന്നും പട്ടിണി വിട്ടുമാറിയില്ല. എന്നല്ല, ജനങ്ങളുടെ ദുരന്തങ്ങളും ദുരിതങ്ങളും നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ അനേകമടങ്ങ് അധികരിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ, കിട്ടിയ ആദ്യ സന്ദർഭത്തിൽ അവർ കമ്മ്യൂണിസത്തെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും തൂത്ത്മാറ്റി.

ഇന്ന് ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യമായി അറിയപ്പെടുന്നത് ചൈനയാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ കൂലിക്ക് ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന നാടുകളിലൊന്നും അതാണ്. അതോടൊപ്പം അവർക്ക് സംഘടിക്കാനോ പരാതി പറയാനോ ആവശ്യങ്ങളുന്നയിക്കാനോ സ്വതന്ത്രമായി സംസാരിക്കാനോ പോലും അവകാശമില്ല. ചൈന നടപ്പാക്കുന്നത് കമ്മ്യൂണിസമോ സോഷ്യലിസമോ ആണെന്ന് അവയെക്കുറിച്ച് അല്പമെങ്കിലും അറിയുന്ന ആരും പറയുകയുമില്ല.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറിനെപ്പോലെതന്നെ ബഹുരാഷ്ട്ര കമ്പനികൾ സ്ഥാപിക്കുകയം അവയെ ആനയിച്ചു കൊണ്ടു വരികയുമാണ് ചൈനയും ചെയ്യുന്നത്.

അതുകൊണ്ടുതന്നെ മുതലാളിത്തത്തിന് ബദൽ കമ്മ്യൂണിസമാണെന്ന് ബുദ്ധിപരമായി സത്യസന്ധത പുലർത്തുന്ന അതിൻറെ അനുയായികൾ പോലും അവകാശപ്പെടുകയില്ല.

എന്നാൽ മുതലാളിത്തത്തിന് ബദലായി ഇസ്ലാമിക പ്രസ്ഥാനങ്ങൾ സമർപ്പിക്കുന്നത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെയാണ്. അത് ഇന്നെവിടെയും പൂർണ്ണാർത്ഥത്തിൽ പുലരുന്നില്ലെങ്കിലും ഏറിയോ കുറഞ്ഞോ തോതിൽ ഭാഗികമായി പല നാടുകളിലും നിലനിൽക്കുന്നുണ്ട്. ഓരോ സമൂഹവും അതിൻറെ എത്ര ശതമാനം നടപ്പാക്കുന്നുവോ അത്രയും ശതമാനം അതിൻറെ സദ്ഫലങ്ങൾ ആ സമൂഹങ്ങളിൽ ദൃശ്യമാണ്. ഇസ്ലാം നിർദേശിക്കുന്ന പോലെ, ഏറ്റവും വലിയ ചൂഷണോപാധികളായ പലിശയും ചൂതാട്ടവും വർജിക്കുകയും സമ്പാദിക്കുന്നതിലും കൈവശം വെക്കുന്നതിലും ചെലവഴിക്കുന്നതിലും നിയന്ത്രണങ്ങളേർപ്പെടുത്തുകയും നിർബന്ധവും ഐഛികവുമായ ദാനധർമ്മങ്ങൾ നടപ്പാക്കുകയും ചെയ്താൽ ലോകമെങ്ങും ഇന്നുള്ളതിനെക്കാൾ എത്രയോ മികച്ച സാമ്പത്തികാവസ്ഥയിലേക്കും സാമൂഹ്യ നീതിയിലേക്കും ലോകം എത്തിച്ചേരും.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഗണ്യമായി കുറയുകയും ഒരു പരിധിയോളമെങ്കിലും സാമ്പത്തികനീതി നിലവിൽ വരികയും ചെയ്യും. അതിനാൽ കുഞ്ഞിക്കണ്ണനോടും അദ്ദേഹത്തിൻറെ പാർട്ടിയോടും വിനീതമായി പറയാനുള്ളത് ഇസ്ലാമിൻറെ സാമ്പത്തിക വ്യവസ്ഥ പഠിക്കുകയും പരിശോധനാ വിധേയമാക്കുകയും ചെയ്യണമെന്നാണ്.

Related Articles