Current Date

Search
Close this search box.
Search
Close this search box.

കോണ്‍ഗ്രസിനു ഇനി തിരിച്ചുവരവ് സാധ്യമോ ?

കേരളം, പഞ്ചാബ്, തമിഴ്നാട് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ 71 സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ ശേഷം വരുന്ന 472 സീറ്റില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞത് 21 സീറ്റില്‍ മാത്രം. അതായത് വിജയ ശതമാനം 4.5 ശതമാനം മാത്രം. അവരിപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന പല സംസ്ഥാനങ്ങളിലും അവര്‍ക്കു സീറ്റില്ല. അല്ലാതെ തന്നെ മറ്റു സംസ്ഥാനങ്ങളിലും അവരുടെ പൊടിപോലും കാണാനില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം മോഡി സര്‍ക്കാര്‍ ഇന്ത്യക്ക് ഏല്‍പ്പിച്ച പരുക്കുകള്‍ ഇന്ത്യയിലെ സാധാരണക്കാര്‍ കാര്യമായി എടുക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍. നോട്ടു നിരോധനവും ജി.എസ്.ടിയും എണ്ണ വില വര്‍ധനവും കര്‍ഷക ദ്രോഹവും റാഫേല്‍ അഴിമതിയും മറ്റു വിഷയങ്ങളും സാധാരണക്കാരെ ബാധിക്കുന്നതായി കരുതുന്നില്ല. കൂടുതല്‍ ശക്തമായി ഭരണപക്ഷം തിരിച്ചു വന്നു എന്നത് കൊണ്ട് മറ്റെന്താണ് നാം മനസ്സിലാക്കേണ്ടത് ?.

ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ശത്രു യഥാര്‍ത്ഥത്തില്‍ ഫാസിസമോ സംഘ പരിവാറോ ആയിരുന്നില്ല. അവരുടെ തന്നെ താന്‍പോരിമയായിരുന്നു എന്ന് പറയുന്നതാണ് നല്ലത്. ഫാസിസത്തെ തോല്‍പ്പിക്കുക എന്നതിനേക്കാള്‍ പരസ്പരം തോല്‍പ്പിക്കുക എന്നതാണ് അവര്‍ ഏറ്റെടുത്ത മുദ്രാവാക്യം. പ്രധാനമന്ത്രി സ്ഥാനത്തിന് കുപ്പായം തയ്പ്പിക്കുന്ന തിരക്കിലായിരുന്നു പലരും. മോഡി വന്നാലും താനല്ലാതെ മറ്റൊരാള്‍ വരരുത് എന്ന നിലയിലേക്ക് അവരുടെ ഈഗോ താഴ്ന്നു പോയിരുന്നു. ഈ പരാജയം പ്രതിപക്ഷം ഇരന്നു വാങ്ങിയതാണ്. തിരഞ്ഞെടുപ്പിന്റെ രണ്ടു ദിവസം മുമ്പാണ് പ്രിയങ്കയും അഖിലേഷും തമ്മില്‍ കൊമ്പ് കോര്‍ത്തത്. മമതയും രാഹുലും അങ്ങിനെ തന്നെ. മായാവതിക്ക് പ്രധാനമന്ത്രി കസേരയില്‍ കുറഞ്ഞ ഒന്നിനും സമ്മതമായിരുന്നില്ല. കുറച്ചു കൂടെ സംയമനം കാണിച്ചത് തെക്കേ ഇന്ത്യന്‍ നേതാക്കളാണ്. അതിനുള്ള ഗുണം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. കര്‍ണാടക ഒഴികെ മറ്റൊരിടത്തും കാര്യമായ വേരോട്ടം സംഘ പരിവാറിന് ലഭിച്ചില്ല എന്നതും എടുത്തു പറയണം.

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വതവേ ദുര്‍ബലമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് അവിടെ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായി ആരംഭിച്ചത്. അതെ സമയം തിരഞ്ഞെടുപ്പ് അല്ലാത്ത സമയത്ത് ഉത്തര,മധ്യ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് തീര്‍ത്തും നിര്‍ജീവമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇവിടങ്ങളില്‍ പലയിടത്തും കോണ്‍ഗ്രസ്-ബി ജെ പി നേര്‍ക്ക് നേരെയാണ് മത്സരം. അവിടെയാണ് ബി ജെ പിയുടെ മുന്നില്‍ തീര്‍ത്തും അടിയറവു പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ്സ് തോല്‍വി സമ്മതിച്ചതും. രാഹുലിന്റെ യോഗങ്ങളില്‍ ആളുകള്‍ കൂടുന്നതും മോദിയുടെ യോഗങ്ങളിലെ ഒഴിഞ്ഞ സീറ്റും നോക്കി പാര്‍ലമെന്റ് സീറ്റ് കണക്കാക്കാന്‍ കഴിയില്ല. കേരളം പോലെ നിലപാട് രാഷ്ട്രീയമല്ല കേരളത്തിന് പുറത്തു പലയിടത്തും. വോട്ടര്‍മാരുടെ മനഃശാസ്ത്രം മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുന്നു എന്നതല്ലേ ശരി.

പ്രാദേശിക പാര്‍ട്ടികളെയും ബി ജെ പി ശക്തമായി ഒതുക്കി. ഈ നിലയില്‍ പോയാല്‍ മമത എത്ര നാള്‍ വാഴും എന്നതാണ് ചോദ്യം. കോണ്‍ഗ്രസ്-ഇടതുപക്ഷങ്ങള്‍ തീരെ അപ്രസക്തമായ സംസ്ഥാനത്ത് ഇപ്പോള്‍ മത്സരം മമതയും ബി ജെ പിയും തമ്മിലാണ്. ഒഡീഷയില്‍ കോണ്‍ഗ്രസിനെ മറികടന്നു ബി ജെ പി രണ്ടാം സ്ഥാനത്ത് വന്നു. ബീഹാറില്‍ ലാലുവിന്റെ നിഴല്‍ പോലും കണ്ടില്ല. യു പിയില്‍ എസ് പി അഞ്ചിലും മായാവതി പത്തിലും ഒതുങ്ങി. തെലങ്കാനയിലും അക്കൗണ്ട് തുറക്കാന്‍ ബി ജെ പിക്ക് സാധിച്ചു.

അപ്പോഴും സംഘപരിവാറിനെ പടിക്കു പുറത്തു നിര്‍ത്തി എന്നതില്‍ പൂര്‍ണ ക്രെഡിറ്റ് കേരളത്തിനും തമിഴ്നാടിനും ആന്ധ്രക്കും മാത്രം. അവിടെ കേരളവും തമിഴ്നാടും മാത്രമാണ് കോണ്‍ഗ്രസിന് എന്തെങ്കിലും എടുത്തു പറയാന്‍ കഴിയുന്ന രീതിയില്‍ സീറ്റുകള്‍ നല്‍കിയതും. പൂര്‍ണമായ ഒരു ഉടച്ചു വാര്‍ക്കലിലൂടെ മാത്രമേ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിയൂ. തെരഞ്ഞെടുപ്പു സമയത്തെ മുഖം മിനുക്കല്‍ കൊണ്ട് ഫലമില്ല എന്നതാണ് കഴിഞ്ഞ രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഒരു പ്രതിപക്ഷ നേതാവിനെ പോലും നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്നിടത്തു ചെന്ന് നില്‍ക്കുന്നു ആ പാര്‍ട്ടിയുടെ പരാജയത്തിന്റെ ആഴം.

ആരാണ് മുഖ്യ ശത്രു എന്നതിന് ഉത്തരം എന്ന് ഇന്ത്യയിലെ പ്രതിപക്ഷങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയുന്നുവോ അന്ന് മാത്രമാണ് ഫാസിസം പുറത്തു പോകേണ്ടി വരിക. അടിസ്ഥാന വിഷയങ്ങളില്‍ നിന്നും മോഡി ചര്‍ച്ച മാറ്റി കൊണ്ട് പോയപ്പോള്‍ അതിനെ ദിശ മാറ്റി വിടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. വികസനം എന്ന അടിസ്ഥാന വിഷയത്തില്‍ നിന്നും പാക്കിസ്ഥാനിലേക്കും പട്ടാളത്തിലേക്കും ചര്‍ച്ച പോയപ്പോള്‍ പ്രതിപക്ഷവും അതിന്റെ ഭാഗമായി മാറി. വൈകാരികതയെ എങ്ങിനെ വോട്ടാക്കി മാറ്റം എന്നതില്‍ സംഘ പരിവാര്‍ വിജയിച്ചു. അത് പോലെ പ്രതിപക്ഷ നിരയെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതിലും. ഒരു കാര്യം ഉറപ്പാണ് ഇന്ത്യയുടെ ഹൃദയ ഭൂമിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താണ്.

Related Articles