Current Date

Search
Close this search box.
Search
Close this search box.

ശാസ്ത്രം കൊണ്ട് മതത്തെ ഇല്ലാതാക്കാമോ ?

ശാസ്ത്രവും ഖുർആനും എന്ന വിഷയത്തിലാണ് സംവാദം നടന്നത്. ചോദ്യം ഇത്രമാത്രം “ അറബികൾക്ക് അറിയാത്ത ഒരു കാര്യം ഖുർആൻ പറഞ്ഞു. പിന്നീട് അതിനെ ശാസ്ത്രം ശരിവെച്ചു. അങ്ങിനെ ഒന്ന് തെളിയിക്കാൻ കഴിയുമോ?”. അങ്ങിനെ ഒന്ന് ഇസ്ലാമിന്റെ ഭാഗത്ത്‌ നിന്നും വന്നയാൾ തെളിയിച്ചു. സത്യ നിഷേധികളുടെ അവസ്ഥ കേവലം ഇരുട്ടല്ല ആഴക്കടലിന്റെ അടിത്തട്ടിലെ കൂരിരുട്ടു പോലെയാണ്. കടലിന്നടിയിൽ ഇരുട്ട് ഉണ്ടാകും എന്നത് അറിയാവുന്ന കാര്യമാണ്. പക്ഷെ ആ ഇരുട്ടിനെ കുറിച്ച് ഖുർആൻ പറയുന്ന വിശേഷണം പ്രസക്തമാണ്. ആഴക്കടലിൽ നടക്കുന്ന പ്രതിഭാസങ്ങളെ കുറിച്ച് പഠനം നടന്നത് പിന്നീടാണ്. ആ പഠനവും ഖുർആൻ വിശേഷിപ്പിച്ച രീതികളും ഒത്തുവരുന്നു എന്നാണു ആ വിഷയത്തെ സംബന്ധിച്ച് മുസ്ലിം പക്ഷത്തു നിന്നുള്ള പ്രഭാഷകൻ പറയാൻ ശ്രമിച്ചത്.

സത്യനിഷേധികളും ഇസ്ലാമും തമ്മിൽ നടന്ന ചർച്ചകൾ എല്ലാം ഒരേ പോലെയായിരുന്നില്ല. ഒരു ദൈവത്തിനു പകരം ഒന്നിൽ കൂടുതൽ ദൈവങ്ങളിൽ വിശ്വാസിക്കുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതെ സമയം ദൈവത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നവരുമുണ്ട്. അതിൽ രണ്ടാമത്തെ വിഭാഗത്തിൽ വരുന്നവരാണ് യുക്തിവാദികളും നിരീശ്വരവാദം കൊണ്ട് നടക്കുന്നവരും. ദൈവം പ്രവാചകൻ വേദഗ്രന്ഥം, മാലാഖമാർ മരണാനന്ത ജീവിതം എന്നീ കാര്യങ്ങളിൽ വിശ്വാസികൾ അടിയുറച്ചു നിൽക്കുമ്പോൾ ഇവയെല്ലാം പൂർണമായി തള്ളിക്കളയുന്നു എന്നതാണ് യുക്തിവാദി ലൈൻ. ഈ പറയുന്ന കാര്യങ്ങളിൽ ഒരു തീരുമാനമായാൽ മാത്രമേ മറ്റു ചർച്ചകൾക്ക് പ്രസക്തിയുള്ളൂ. ഖുർആൻ അവസാനത്തെ വേദഗ്രന്ഥം എന്ന നിലയിലാണ് മുസ്ലിംകൾ അംഗീകരിക്കുന്നത്. അതിനു മുമ്പ് വന്ന വേദഗ്രന്ഥങ്ങൾ മുസ്ലിംകൾ അംഗീകരിക്കുന്നു. അതിന്റെ ഇന്നത്തെ രൂപത്തിലല്ല പകരം അങ്ങിനെ ചില ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു എന്ന വിശ്വാസം. അവയിലെ ദൈവിക ദൃഷ്ടാന്തങ്ങളെ ശരിവെച്ചു കൊണ്ടാണ് ഖുർആൻ അവതീർണമായത്, അത് കൊണ്ട് തന്നെ പഴയ വേദങ്ങളും ഖുർആനും പല വിഷയങ്ങളിലും സാമ്യത പുലർത്തിയെക്കാം.

ഖുർആൻ ശാസ്ത്ര സംവാദം എന്നത് ഒരർത്ഥത്തിൽ അർത്ഥ ശൂന്യമാണ്. ശാസ്ത്രവും മതവും രണ്ടു ശാഖകളാണ്. ശാസ്ത്രം ശരി വെക്കുമ്പോൾ മാത്രമാണ് മതം ശരിയാകുന്നത് എന്ന നിലപാട് മത വിശ്വാസികൾക്കില്ല. ഖുർആൻ പറഞ്ഞതിലപ്പുറം മറ്റൊരു ശാസ്ത്രവുമില്ല എന്ന നിലപാടും അവർക്കില്ല. ഓരോ ശാസ്ത്ര കണ്ടെത്തലുകളും ദൈവത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യാനാണ് യുക്തിവാദികൾ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഈ സംവാദം നേരിടാൻ വിശ്വാസികൾ നിർബന്ധിതരാകുന്നതും. സംവാദ സമയത്ത് മുസ്ലിം പക്ഷത്തു നിന്നും അക്ബർ മുന്നോട്ടു വെച്ച സമുദ്ര ശാസ്ത്രവുമായി ബന്ധപ്പെട്ട ഖുർആൻ വചനം ആ രീതിയിൽ വിശദീകരിക്കുന്ന ആദ്യ വ്യക്തിയല്ല അക്ബർ. ഓൺലൈനിൽ “ Islam and Oceanography” എന്ന് അന്വേഷിച്ചാൽ സൂറ അന്നൂറിലെ നാല്പതാം വചനത്തെ മുൻ നിർത്തി കുറെ പഠനങ്ങൾ കാണാം. പക്ഷെ ജബ്ബാർ മാഷിനു മാത്രമല്ല പലർക്കും ഈ ചർച്ച ഒരു പുതിയ വിവരമായിരുന്നു. സത്യനിഷേധം എത്രമാത്രം ഇരുട്ടാണ്‌ എന്നതാണ് ഖുർആൻ പറയാൻ ശ്രമിച്ചത്. അതും അന്ന് അറബികൾക്ക് എന്നല്ല ലോകത്താർക്കും മനസ്സിലായിട്ടില്ലാത്ത ആഴക്കടലിലെ ഇരുട്ടിനെ ഉപമിച്ചു കൊണ്ട്. അറബികൾക്ക് പരിചിതമായ ഉദാഹരണം ആദ്യം പറഞ്ഞു വെച്ചു. ശേഷക്കാലത്ത് വരുന്നവർക്ക് കൂടുതൽ തെളിച്ചത്തോടെ മനസ്സിലാക്കാൻ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ചും പറഞ്ഞു. ശാസ്ത്രം പുതിയ കണ്ടെത്തലുകൾ നടത്തുമ്പോൾ എത്രമാത്രമാണ് അവിശ്വാസത്തിന്റെ ഇരുട്ട് എന്നും മനസ്സിലാക്കപ്പെടും . മനുഷ്യൻ ആഴക്കടലിലേക്ക് എത്തിയിട്ട് ഒരു നൂറ്റാണ്ടു പോലുമായിട്ടില്ല.

ആധുനിക ശാസ്ത്രത്തിനു മുന്നിൽ മതം പരാജയപ്പെടുന്നു എന്നത് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണ് യുക്തിവാദികൾ. കഴിഞ്ഞ നൂറ്റാണ്ടും ഈ നൂറ്റാണ്ടിലെ രണ്ടു പതിട്ടാണ്ടുകളും ശാസ്ത്ര ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വന്ന കാലമാണ്. മനുഷ്യൻ ഭൂമിയിൽ നിന്നും അന്യ ഗ്രഹങ്ങളെ തേടിപ്പോയ കാലം കൂടിയാണ്. വാർത്താവിനിമയ രംഗത്തും ചികിത്സ രംഗത്തും മറ്റു മേഖലകളിലും ശാസ്ത്രം വലിയ കുതിപ്പ് നടത്തി. ഓരോ ഘട്ടത്തിലും ദൈവം മരിച്ചു എന്ന് പറഞ്ഞാണ് യുക്തിവാദികൾ രംഗം കയ്യടക്കിയത്. ഇതെല്ലാം നേരിൽ കണ്ടിട്ടും ലോകത്ത് ദൈവ വിശ്വാസം കുറഞ്ഞില്ല. വികസിത രാജ്യങ്ങളിൽ പോലും മതത്തിന്റെ സ്വാധീനം കൂടി വരുന്നു എന്നതാണ് പലരുടെയും ആവലാതി. ശാസ്ത്രം തങ്ങളുടെ കുത്തകയാണ് എന്ന വിചാരമാണ് നിരീശ്വര യുക്തിവാദി വിഭാഗത്തിന്. ശാസ്ത്രം മത വിരുദ്ധമേ ആകാൻ പാടുള്ളൂ എന്ന മുൻ ധാരണയും അവർ കൊണ്ട് നടക്കുന്നു. പക്ഷെ ദൈവത്തെ നിഷേധിക്കാൻ മാത്രം ഒരു തെളിവും ശാസ്ത്രം ഇന്നുവരെ കൊണ്ട് വന്നിട്ടില്ല എന്നാണു മതത്തിന്റെ നിലപാട്. അല്ലെങ്കിൽ കണ്ടു പിടുത്തങ്ങൾ കാരണം മാറ്റേണ്ട ഒരു ധാരണയും ഖുർആനിൽ ഉണ്ടായിട്ടില്ല. “ ആകാശഭൂമികളുടെ സൃഷ്ടിയിലും ദിനരാത്രങ്ങൾ മാറിമാറിവരുന്നതിലും, ബുദ്ധിശാലികൾക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്; നിന്നും ഇരുന്നും കിടന്നും ഒക്കെ അല്ലാഹുവിനെ ജപിക്കുകയും ആകാശഭൂമികളുടെ നിർമാണത്തിൽ ചിന്തിക്കുകയും ചെയ്യുന്ന ബുദ്ധിശാലികൾക്ക്. (അവർ അനിച്ഛയാ പറഞ്ഞുപോകുന്നു:) ‘ഞങ്ങളുടെ നാഥാ! ഇതൊക്കെയും നീ മിഥ്യയായും വ്യർഥമായും സൃഷ്ടിച്ചതല്ലതന്നെ. നിന്റെ വിശുദ്ധി പാഴ്‌വേലകൾക്കെല്ലാം അതീതമാകുന്നു. നീ ഞങ്ങളെ നരകശിക്ഷയിൽനിന്നു രക്ഷിക്കേണമേ!” ശാസ്ത്രത്തോടുള്ള ഇസ്ലാമിന്റെ നിലപാട് ഇങ്ങിനെ വായിക്കാം.

പ്രപഞ്ചത്തെ കുറിച്ച് പഠിച്ചും ചിന്തിച്ചും പുതിയ മേഖലകൾ വിശ്വാസികൾ കണ്ടെത്തണം എന്നാണ് ഖുർആൻ പറയുന്നത്. അങ്ങിനെ ഒരു സംസ്കാരം തുടർന്നു പോകാൻ കഴിഞ്ഞില്ല എന്നതാണ് മുസ്ലിംകൾ ചെയ്ത തെറ്റ്. മറ്റുള്ളവരുടെ ചിന്ത കൊണ്ട് ജീവിക്കേണ്ട അവസ്ഥ മുസ്ലിം സമൂഹത്തിനു എങ്ങിനെ ഉണ്ടായി എന്നതിനുള്ള ഉത്തരം അവർ തന്നെ കണ്ടെത്തണം. പക്ഷെ ചർച്ചയുടെ ബാക്കി പത്രം നിരാശാജനകമാണ്. ഖുർആൻ ശാസ്ത്രത്തോട് എങ്ങിനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിൽ നിന്നും ചർച്ച മാറിപ്പോയിരിക്കുന്നു. ആഴക്കടലിലെ മേഘത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ച. തെളിവ് ചോദിക്കുന്നത് അംഗീകരിക്കാൻ വേണ്ടിയാകണം . ഒരു കാര്യം വ്യക്തമാണ്. ആഴക്കടലിൽ അത്തരം ഒരു പ്രതിഭാസം നടക്കുന്നു എന്നത് ആധുനിക ശാസ്ത്രം തെളിയിച്ചിരിക്കുന്നു . അത് കൊണ്ട് തന്നെ ആഴക്കടലിന്റെ ഉദാഹരണം ഇന്ന് കൂടുതൽ പ്രസക്തമാണ്‌. ദൈവാസ്തിത്വം അംഗീകരിക്കാൻ അനവധി തെളിവുകൾ വന്നു കിട്ടിയിട്ടും മാറിപ്പോകുന്നവർ ആഴക്കടലിന്റെ ഇരുട്ടിലാണ്. അതിൽ നിന്നും പുറത്തു കടക്കാതെ ഒരു തെളിവും അവർക്ക് മനസ്സിലാവില്ല.

ശാസ്ത്രം കൊണ്ട് മതത്തെ ഇല്ലാതാക്കാം എന്ന വിചാരമാണ് അവസാനം മലപ്പുറത്തും അസ്തമിച്ചത്. ശാസ്ത്രം സമം നിരീശ്വരവാദം അല്ലെങ്കിൽ യുക്തിവാദം എന്നത് ഒരു തെറ്റായ ധാരണ മാത്രം. മതവും ദൈവവും നിലനിൽക്കുന്നത് ശാസ്ത്രത്തിന്റെ പിൻബലത്തിൽ തന്നെയാണ്. വിശ്വാസം ശാസ്ത്രീയമായി തെളിയിക്കണം എന്ന് നാം വാശി പിടിക്കില്ല . അതെ സമയം ശാസ്ത്രത്തെ കൂട്ട് പിടിച്ചു മതത്തെ നശിപ്പിക്കാനുള്ള പ്രവണതയും വിശ്വാസികൾ സമ്മതിക്കില്ല.

 

Related Articles