Current Date

Search
Close this search box.
Search
Close this search box.

പട്ടാളത്തെ ഉപയോഗിച്ച് ഒരു ജനതയെ കൂടെക്കൂട്ടാന്‍ കഴിയുമോ ?

കാശ്മീരിലെ ഉത്തവരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നുവരെ ഇന്ത്യയെ തള്ളിപ്പറഞ്ഞിട്ടില്ല എന്നുമാത്രമല്ല അവര്‍ ഇന്ത്യയോട് അവരുടെ കൂറും സ്‌നേഹവും തെളിയിച്ചവരുമാണ്. എന്നിട്ടും ശത്രുക്കളായി കണ്ടു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ വിഘടനവാദി നേതാക്കള്‍ക്കൊപ്പം എന്തിനു അറസ്റ്റു ചെയ്തു എന്നത് ലോകം ഉയര്‍ത്തുന്ന ചോദ്യമാണ്. നാഷണല്‍ കോണ്‍ഫറന്‍സ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ജന്മം കൊണ്ടതാണ്. 1932 മുതല്‍ അവര്‍ ഒരു പാര്‍ട്ടിയായി കാശ്മീരിലുണ്ട്. അവരുടെ ഇന്ത്യന്‍ കൂറ് ആരും ചോദ്യം ചെയ്യില്ല. കാശ്മീരികളില്‍ ഒരു വിഭാഗം ഇന്ത്യയോട് കൂറ് പുലര്‍ത്തുന്നു എന്നതിന്റെ പേരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ വെറുക്കുന്നു. മറ്റൊരു പാര്‍ട്ടിയായ പി ഡി പി യും അങ്ങിനെ തന്നെ. ഈ പാര്‍ട്ടിക്ക് രണ്ടു പതിറ്റാണ്ടിന്റെ പഴക്കം മാത്രമാണ് അവകാശപ്പെടാന്‍ കഴിയുക. എന്നിരുന്നാലും അവരും പൂര്‍ണമായി കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. ഇവരെ കൂടാതെ ഏകദേശം നൂറോളം നേതാക്കളെ പലയിടത്തുമായി അറസ്റ്റു ചെയ്തിട്ടുണ്ട്.

ഹോട്ടലുകളും റിസോര്‍ട്ടുകളും താല്‍ക്കാലിക തടവറകളാക്കിയാണ് ആളുകളെ അറസ്റ്റു ചെയ്തു പാര്‍പ്പിച്ചിട്ടുള്ളത്. സംസ്ഥാന മുഖ്യമന്ത്രി പദവി വഹിച്ചവരെ പോലും എന്തിനു സര്‍ക്കാര്‍ സംശയിക്കുന്നു എന്ന ചോദ്യം പ്രസക്തമാണ്. വാസ്തവത്തില്‍ അവരെ കൂടി കണക്കിലെടുത്ത് വേണമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍. അതെ സമയം നാട്ടിലെ വിഘടനവാദികളെ പോലെ എന്തിനു ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്ന നേതാക്കളെ കാണുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ പരിണിതി എന്താകും എന്ന ചര്‍ച്ചയും പ്രസക്തമാണ്. ഇപ്പോള്‍ ഇന്ത്യയോട് ആഭിമുഖ്യം കാണിക്കുന്ന ജനതയെ കൂടി അകറ്റാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ. എത്രകാലം പട്ടാളത്തെ ഉപയോഗിച്ച് ഒരു ജനതയെ കൂടെക്കൂട്ടാന്‍ കഴിയും?. കാശ്മീര്‍ മണ്ണിനെ നമുക്ക് കിട്ടുമായിരിക്കും. അതെ സമയം കാശ്മീര്‍ മനസ്സുകളെ നമുക്ക് ലഭിക്കാതെ പോകും.

ശ്രീലങ്കയില്‍ തമിഴരെ അടിച്ചമര്‍ത്തിയ ഉദാഹരണം ചിലര്‍ ഉന്നയിക്കുന്നു. ചരിത്രത്തെ കുറിച്ച തെറ്റായ ധാരണ എന്നെ അതിനെ കുറിച്ച് പറയാന്‍ കഴിയൂ. ശ്രീലങ്കയില്‍ തമിഴര്‍ ന്യൂനപക്ഷമാണ്. അതെ സമയം കാശ്മീരില്‍ കാശ്മീരികള്‍ ഭൂരിപക്ഷവും. സംസ്ഥാനത്തെ നേതാക്കളെ കൂടി ചേര്‍ത്ത് പിടിച്ചു വേണമായിരുന്നു ഇത്തരം ഒരു നടപടിയിലേക്കു പോകാന്‍. അതെ സമയം ഇപ്പോഴത്തെ നിലപാട് കൊണ്ട് ശത്രുക്കളെ വര്‍ധിപ്പിക്കാന്‍ മാത്രമേ അത് ഉപകരിക്കൂ. നെഹ്റു കാശ്മീരികളുടെ മനസ്സാണ് കീഴടക്കിയത്. പിന്നെ കാശ്മീര്‍ മണ്ണും. വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമായി മാത്രമേ അന്താരാഷ്ട്ര സമൂഹം കണക്കാക്കൂ. അതെ സമയം ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ കൈകളിലേക്ക് പുതിയ ഇരകളെ നല്‍കാന്‍ ഇത്തരം നടപടികള്‍ ഉപകരിക്കൂ. സ്വസ്ഥമായ അയല്‍പക്ക ബന്ധമല്ല നമുക്കുള്ളത്. പ്രബലമായ രണ്ടു രാജ്യങ്ങള്‍ നമ്മുടെ തകര്‍ച്ച ആഗ്രഹിക്കുന്നു. ഇന്ത്യയുടെ വിഷയത്തില്‍ അവര്‍ രണ്ടു പേരും ഒന്നാണ് താനും. പാകിസ്ഥാനും ചൈനയും നമ്മുടെ അടുത്ത് നില്‍ക്കെ കാശ്മീര്‍ പോലുള്ള സ്ഥലത്ത് നിന്നും അവര്‍ക്ക് ആളുകളെ ഉണ്ടാക്കി നല്‍കാന്‍ ഇന്ത്യ ശ്രമിക്കരുത് എന്നാണു പറയാന്‍ കഴിയുക.

കാശ്മീര്‍ 370ാം വകുപ്പ് എടുത്തു കളഞ്ഞത് ഒരു ഹിന്ദു-മുസ്‌ലിം വിഷയമല്ല. ഇത് കാശ്മീരികളുടെ വിഷയമാണ്. പക്ഷെ അതിനെ പോലും ഒരു വര്‍ഗീയ കണ്ണോടെ കാണാന്‍ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ. മിത്രങ്ങളെ ശത്രുക്കളാക്കാന്‍ എളുപ്പമാണ്. അതേ സമയം ശത്രുക്കളെ മിത്രമാക്കാന്‍ വേണ്ടത് വിശാലമായ മനസ്സാണ്. അതില്ല എന്നത് തന്നെയാണ് പലപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും കാരണം.

Related Articles