Columns

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് സമുദായം ഒന്നിച്ചു നില്‍ക്കുക ?

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയുമാണ് ഇപ്പോള്‍ ഇന്ത്യയൊന്നാകെ കടന്നുപപോകുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിപ്പടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുകയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യമൊട്ടുക്കുമുള്ള ജനത ബില്ലിനെ നിരുപാധികം തള്ളിപ്പറഞ്ഞ് ഇതിനോടകം രംഗത്തുവരികയും ചെയ്തിട്ടുണ്ട്. സംഘ്പരിവാറിന്റെ ആലയത്തില്‍ മോദി-ഷാ കൂട്ടുകെട്ടുകള്‍ വാര്‍ത്തെടുത്ത പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്ന് രാഷ്ട്രപതിയുടെ മേലൊപ്പ് ചാര്‍ത്തി നിയമമായി മാറിയ അവസ്ഥയില്‍ അതിനെ ഒറ്റക്കെട്ടായി നേരിടാന്‍ മുന്നിട്ടറങ്ങേണ്ടത് രാജ്യത്തെ ബി.ജെ.പി ഇതര പാര്‍ട്ടികളുടെയും കക്ഷികളുടെയും മത-സാമുദായിക സംഘടനകളുടെയും ലക്ഷ്യമായി മാറണം. എന്നാല്‍, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ബി.ജെ.പിയെ എതിര്‍ക്കുന്ന 16 പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരില്‍ മൂന്നു പേര്‍ മാത്രമാണ് ബില്ലിനെ പരസ്യമായി തള്ളിപ്പറഞ്ഞും തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ആര്‍ജവത്തോടെ പ്രതികരിച്ചത്.

എന്നാല്‍, സംഘ്പരിവാര്‍ അതിന്റെ എല്ലാ ശക്തിയും ആവാഹിച്ച് ഇന്ത്യയിലെ മുസ്ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ സര്‍വസന്നാഹങ്ങളുമായി നീങ്ങുമ്പോള്‍ അവയെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പിക്കാനുള്ള ബാധ്യത ഈ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിനും സാമുദായിക-രാഷ്ട്രീയ സംഘടനകള്‍ക്ക് കൂടിയാണ്. ദേശീയ തലത്തില്‍ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമപരമായ പോരാട്ടങ്ങള്‍ നടത്തുകയും സുപ്രീം കോടതിയെ സമീപിക്കുകയുമായിരുന്നു വേണ്ടിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ബാബരി വിധിയുടെ വിഷയത്തിലും മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഐക്യത്തിലെത്താന്‍ സാധിച്ചിരുന്നില്ല. അതുണ്ടാവാതിരിക്കാന്‍ സമുദായത്തിനകത്തുള്ളവര്‍ തന്നെ പണിയെടുക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സമാനമായ അവസ്ഥയാണ് കേരളത്തിലെ വിവിധ മുസ്ലിം-മത-രാഷ്ട്രീയ സംഘടനകളുടെ ഭാഗത്തു നിന്നും കാണാന്‍ സാധിച്ചതും. വിഷയത്തില്‍ ഇടപെട്ട് ഉടന്‍ തന്നെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും സംയുക്ത യോഗം വിളിച്ച സമസ്തയുടെ നടപടി ശ്ലാഘനീയമായിരുന്നു. എന്നാല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലം അവസാന നിമിഷം യോഗം മാറ്റേണ്ടി വന്നത് സമുദായ നേതൃത്വങ്ങളുടെ ദൗര്‍ബല്യത്തെയാണ് എടുത്തുകാണിക്കുന്നത്. ഇതിനു പിന്നാലെ കേരളത്തിലെ പ്രമുഖ മത-രാഷ്ട്രീയ സംഘടനകളായ മുസ്ലിം ലീഗ്,സമസ്ത,ജമാഅത്തെ ഇസ്ലാമി,സമസ്ത കാന്തപുരം,മുജാഹിദ് വിഭാഗങ്ങള്‍,പോപുലര്‍ ഫ്രണ്ട്,വെല്‍ഫെയര്‍ പാര്‍ട്ടി,പി.ഡി.പി,എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെല്ലാം വെവ്വേറ ബഹുജന പ്രക്ഷോഭവും റാലിയും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ചില മുസ്ലിം പാര്‍ട്ടികള്‍ സംയുക്തമായി ഈ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ജനകീയ ഹര്‍ത്താലിനെതിരെയും സമുദായ സംഘടനകളുടെ അകത്ത് നിന്നും ഉയര്‍ന്ന പരസ്യമായ എതിര്‍പ്പും വിമര്‍ശനവും സംഘടനകള്‍ക്കിടയില്‍ അവശേഷിക്കുന്ന ഐക്യവും സമാധാനവും തകര്‍ക്കാനേ ഉപകരിക്കൂ. ഇതിനിടെയാണ് മുഴുവന്‍ മുസ്ലിം സംഘടനകളെയും ഉള്‍പ്പെടുത്തി മുസ്ലിംലീഗ് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ചത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം,മേഘാലയ,ത്രിപുര എന്നിവിടങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായാണ് ബില്ലിനെ എതിര്‍ത്ത് ജനകീയ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചും കേന്ദ്ര സേനയെ ഇറക്കിയും കര്‍ഫ്യൂ അടമക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്തിയത്. രാജ്യതലസ്ഥാനത്തും ബില്‍ ലോക്‌സഭ കടന്നതു മുതല്‍ അലയടിച്ച പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിയാര്‍ജിക്കുകയാണ്. കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ശനിയാഴ്ച കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാംലീല മൈതാനിയിലും പ്രതിഷേധ റാലി നടത്തി. കേരളത്തിലും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നിന്ന് ബില്ലിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും സ്വീകരിക്കുന്ന നിലപാടുകളില്‍ മാതൃക ഉള്‍കൊള്ളാന്‍ മുസ്ലിം സമുദായ സംഘടനകള്‍ ശ്രമിച്ചില്ലെങ്കില്‍ കാലിനടയിലെ മണ്ണ് സംഘ്പരിവാര്‍ കടത്തിക്കൊണ്ടുപോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ സംഘടനകള്‍ക്കാവൂ.

Facebook Comments
Related Articles
Close
Close