Current Date

Search
Close this search box.
Search
Close this search box.

ജീവിതത്തിൽ അതിരുകളും പരിധികളും വേണമെന്ന് കരുതുന്നവരോട്

ജീവിതത്തിൽ അതിരുകളും പരിധികളും വേണമെന്ന് കരുതുന്നവരോട് മാത്രം ചില കാര്യങ്ങൾ പറയാം.

1. മനുഷ്യന്റെ ശരീരത്തിന്റെ ഉടമ യഥാർത്ഥത്തിൽ മനുഷ്യനല്ല. മൈ ബോഡി മൈ ചോയ്‌സ് എന്നൊക്കെ അവകാശപ്പെടുന്നതിൽ ഒരർത്ഥത്തിൽ കഥയൊന്നുമില്ല. മനുഷ്യൻ മനുഷ്യനെ സ്വയം സൃഷ്ടിച്ചതല്ല. സൃഷ്ടിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ താൽക്കാലികമായി കിട്ടിയ ശരീരം കൊണ്ട് എന്തൊക്കെ ചെയ്യാം ;ചെയ്യരുത്, ആരുമായൊക്കെ ലൈംഗിക ബന്ധം പാടുണ്ട് ;പാടില്ല എന്നൊക്കെയുള്ള വിധി വിലക്കുകൾ നൽകാനുള്ള അധികാരവും അവകാശവും സ്രഷ്ടാവിനു മാത്രമേ ഉള്ളൂ. സ്രഷ്ടാവ് അനുവദിച്ച ലൈംഗിക ബന്ധം ആണിനും പെണ്ണിനുമിടയിൽ വിവാഹത്തിലൂടെ രൂപപ്പെടുന്നതു മാത്രമാണ്. അഥവാ മ്യൂച്ചൽ കൺസന്റ് ഉണ്ടായാൽ പോരാ, പടച്ചവന്റെ കൺസന്റ് ഉണ്ടായിരിക്കണം എന്നർത്ഥം. വിവാഹബാഹ്യവും ആൺ -പെൺ ഇണകൾക്ക് പുറത്തുള്ളതുമായ പടച്ചവൻ അനുവദിക്കാത്ത ബന്ധങ്ങൾ പാടില്ലെന്നർത്ഥം.

2. വിവാഹബാഹ്യ ബന്ധങ്ങളെപ്പോലെ തന്നെ ആണും ആണും തമ്മിലോ (ഗേ ) പെണ്ണും പെണ്ണും തമ്മിലോ (ലെസ്ബിയൻ) ഉള്ള എല്ലാ ലൈംഗിക ബന്ധങ്ങളും ഇസ്‌ലാമിന്റെ കാഴ്ചപ്പാടിൽ നിഷിദ്ധമാണ്. മ്ലേച്ഛവുമാണ്. ഹോമോ സെക്ഷുവാലിറ്റിയെ സവിശേഷ ലൈംഗിക സ്വത്വമായല്ല, പടച്ചവൻ വിലക്കിയിട്ടുള്ള പാപമായാണ് ഇസ്‌ലാം കാണുന്നത്. അങ്ങനെ ചെയ്യുന്നവരെ ഗേ മുസ്‌ലിം /ലെസ്ബിയൻ മുസ്ലിം എന്ന് വിളിച്ചാദരിക്കുകയല്ല, പാപം ചെയ്യുന്ന മുസ്ലിമായി മനസ്സിലാക്കി തിരുത്തുകയാണ് ചെയ്യേണ്ടത്. ആൾക്കഹോളിക്‌ മുസ്‌ലിം എന്നൊരസ്തിത്വം ഉണ്ടാകാത്ത പോലെത്തന്നെ.

3. ഹോമോ സെക്ഷുവാലിറ്റി എന്ന പ്രക്രിയ ജനിതകമായ ഒരു നിർബന്ധിതാവസ്ഥയല്ല. ഒരാൾ ബോധപൂർവം നടത്തുന്ന തെരഞ്ഞെടുപ്പാണത് . ഒരാളെ സ്വവർഗ്ഗരതിക്കാരനാക്കുന്ന ഗേ ജീൻ എന്ന ഒന്നില്ല. ജനിത ഘടകങ്ങൾ അത്തരം പ്രവണതകൾ ഉണ്ടാക്കുന്നതിൽ സ്വാധീനിക്കുന്നുണ്ടാവാം എന്നു മാത്രമാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്. ( അതു തന്നെ കൃത്യമല്ല, ഉറപ്പില്ല ). അതുപോലെ സാഹചര്യങ്ങളും മറ്റനേകം ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട് എന്നും അവർ പറയുന്നു. അങ്ങനെ കൃത്യമായ ജനിത ഘടകങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ പോലും ഒരാൾ സ്വവർഗ ലൈംഗികതയിൽ ഏർപ്പെട്ടുകൊള്ളണം എന്ന് നിർബന്ധമില്ല.

അയാൾക്കതിൽ നിന്ന് മാറി നിൽക്കുകയുമാവാം. ചിന്തിച്ചു നോക്കൂ. ഒരാൾ സാധാരണ പോലെ ഹെറ്ററോ സെക്ഷുവൽ ആണെന്ന് കരുതുക. വിവാഹം വരെയെങ്കിലും അയാൾക്ക് തന്റെ ലൈംഗിക ചോദനകളെ നിയന്ത്രിച്ചു നിർത്താൻ കഴിയുന്നില്ലേ ? അതുപോലെ തന്നെ ഹോമോ പ്രവണത ഉള്ളവർക്കും ആത്മ നിയന്ത്രണം സാധ്യമാണ്. മനുഷ്യസാധ്യമായതേ മതം ആവശ്യപ്പെടുകയുള്ളൂ.

4. ഒരാൾക്ക് മാനസികമായി സ്വവർഗ ലൈംഗിക താല്പര്യങ്ങൾ ഉണ്ടായി എന്നത് കുറ്റകരമല്ല. പക്ഷെ അയാളാ പ്രവണതയിൽ നിന്ന് മുക്തമാകാൻ ശ്രമിക്കാതെ പ്രവൃത്തി പഥത്തിൽ കൊണ്ടുവരുമ്പോൾ അത് മതദൃഷ്ടിയിൽ കുറ്റകരമായിത്തീരുന്നു.
“അയാളെന്ത് ചെയ്യാൻ / വേറെ വഴിയില്ലല്ലോ ?” എന്ന് ചോദിക്കുന്നവരെക്കാണാം. വിവാഹിതരാവാൻ വഴിയില്ലാത്ത ആളുകൾ ലോകത്തുണ്ട്. അവർക്ക് അസാന്മാർഗിക ലൈംഗിക ബന്ധങ്ങൾക്ക് അനുവാദം നല്കുകയാണോ ചെയ്യാറുള്ളത്? അല്ല അവർ ക്ഷമിക്കുകയും വ്രതമനുഷ്ഠിക്കുകയും സാഹചര്യങ്ങളെ മറികടക്കാൻ ചികിത്സ പോലെയുള്ള വഴിയുണ്ടെങ്കിൽ അത് കണ്ടെത്തുകയുമാണ് വേണ്ടത്. സമൂഹം അതിനവരെ സഹായിക്കുകയും ചെയ്യണം.

5. “അവർ സ്വകാര്യമായി എന്തെങ്കിലും ചെയ്തോട്ടെ. നിങ്ങൾ എന്തിനിടപെടുന്നു? ” എന്ന് കേൾക്കാറില്ലേ?
ശരിയാണ്. ആളുകളുടെ സ്വകാര്യതകൾ ചുഴിഞ്ഞന്വേഷിക്കേണ്ട ബാധ്യത മറ്റുള്ളവർക്കില്ല. പക്ഷെ സ്വവർഗ ലൈംഗികത ഇന്നൊരു സ്വകാര്യതയല്ല. അത്തരമാളുകൾ സംഘടിക്കുകയും ലൈംഗിക സ്വത്വമാണെന്ന് അവകാശപ്പെടുകയും അതൊരു പ്രസ്ഥാനമാക്കി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും രാഷ്ട്രീയ ശക്തിയായി വളരുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തിൽ നമുക്കും നിലപാടുകൾ വ്യക്തമാക്കിയേ മതിയാവൂ.
അതിത്രയെ ഉള്ളൂ:
സ്വവർഗ ലൈംഗികത അധാർമികവും മ്ലേച്ചവും കുടുംബ – സാമൂഹിക ഘടനയ്ക്ക് പരിക്കേൽപ്പിക്കുന്നതും, പ്രകൃതിയുടെ താളക്രമം തെറ്റിക്കുന്നതും, രോഗങ്ങൾക്ക് കാരണമാക്കുന്നതും, പരലോകത്ത് ശിക്ഷാർഹവുമാണ്. അതിനാൽ വിട്ടു നിൽക്കണം. പടച്ചവന്റെ സന്മാർഗം പിന്തുടരണം.

6. “രാജ്യം നൽകുന്ന വ്യക്തി സ്വാതന്ത്ര്യമല്ലേ? നിങ്ങൾക്കെന്താ പ്രശ്നം?” ഇതാണ് മറ്റൊരു ചോദ്യം.
ശരിയാണ്. രാജ്യം നൽകുന്ന സ്വാതന്ത്ര്യങ്ങൾ ഓരോ പൗരന്റെയും അവകാശമാണ്. അതെല്ലാവരും പരസ്പരം അംഗീകരിച്ചേ തീരൂ. പക്ഷെ അതിനർത്ഥം അക്കാര്യം ധാർമികമായി ശരിയാണെന്നല്ല. നിയമത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്നു എന്നു മാത്രമാണ്.
ശരിയും തെറ്റും തീരുമാനിക്കാനുള്ള മാനദണ്ഡം പക്ഷെ, തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളോ താന്തോന്നിത്തങ്ങളോ ആണെന്ന് ധരിച്ചു വെക്കരുത്.

7. അവസാനമായി, വല്ലാത്ത ലോകമാണ്. സാഹചര്യങ്ങൾ സങ്കീർണ്ണമാണ്. ഇളം തലമുറ confused ആണ്. പലപ്പോഴും പലരുടെയും ഇരകളുമാണ്.
അവരുടെ പ്രശ്നങ്ങളെ സഹാനുഭൂതിയോടെ മനസ്സിലാക്കി ഔചിത്യബോധത്തോടെ ഇടപെടുന്നതായിരിക്കും വൈകാരിക പ്രതികരണങ്ങളെക്കാൾ അവർക്കും ബാക്കിയുള്ളവർക്കും ഗുണകരം. Be firm, but not harsh.

Related Articles