Columns

അതിര്‍ത്തി മതില്‍: യു.എസ് രാഷ്ട്രീയത്തില്‍ ഒറ്റപ്പെട്ട് ട്രംപ്

വാഷിങ്ടണ്‍: യു.എസിനും മെക്‌സിക്കോക്കും ഇടയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അതിര്‍ത്തി മതിലിനെക്കുറിച്ചാണ് ഇപ്പോള്‍ യു.എസില്‍ എങ്ങും ചര്‍ച്ച നടക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം പ്രഖ്യാപിച്ച ഒന്നായിരുന്നു മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തി മതില്‍ നിര്‍മിക്കുമെന്നത്. എന്നാല്‍ മതിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും യു.എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ അടക്കം രംഗത്തെത്തിയതോടെ മതില്‍ വിവാദം ഇപ്പോഴും കൊഴുക്കുകയാണ്. മതില്‍ നിര്‍മിക്കാന്‍ 500 കോടി ഡോളര്‍ ആവശ്യമുണ്ടെന്നാണ് ട്രംപിന്റെ വാദം.

അനധികൃത കുടിയേറ്റക്കാരന്റെ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനായ സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനെ മുന്‍നിര്‍ത്തിയും ട്രംപ് മതിലിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതടക്കം കുടിയേറ്റക്കാര്‍ നടത്തിയ വിവിധ ആക്രമണങ്ങള്‍ ട്രംപ് ഉയര്‍ത്തിക്കാട്ടി.

മെകിസിക്കോയില്‍ നിന്നുള്ള കുടിയേറ്റവും മയക്കുമരുന്ന്-ലഹരി കള്ളക്കടത്തും കുറ്റകൃത്യങ്ങളും തടയാന്‍ മതില്‍ കെട്ടണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്. എന്നാല്‍ മതില്‍ നിര്‍മിക്കാനാവശ്യമായ പണമില്ലാത്തതാണ് ട്രംപിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇതിനായി പണം അനുവദിക്കണമെന്ന് ട്രംപ് നിരന്തരം യു.എസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണം ലഭ്യമാക്കാന്‍ പ്രസിഡന്റിന്റെ അധികാരമുപയോഗിക്കുമെന്നു വരെ അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, പണം അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ നടപ്പാക്കുമെന്നു വരെ ട്രംപ് ഭീഷണി ഉന്നയിച്ചിരുന്നു.

എന്നാല്‍ മതിലിനെ ഡെമോക്രാറ്റുകളടക്കം ഒരു വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. എന്നാല്‍ മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍,ബില്‍ ക്ലിന്റണ്‍,ജോര്‍ജ് ബുഷ്,ബറാക് ഒബാമ എന്നിവരെല്ലാം മതില്‍ പണിയണമെന്ന ആവശ്യമുന്നയിച്ചിരുന്നു എന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ ഇതിനെ എതിര്‍ത്ത് മുന്‍ പ്രസിഡന്റുമാര്‍ രംഗത്തെത്തിയതോടെ പൊതുജനത്തിനു മുന്നില്‍ ട്രംപ് കൂടുതല്‍ അപഹാസ്യനായി. കര അതിര്‍ത്തികളിലൂടെയല്ല ലഹരി മരുന്ന് കടത്ത് നടക്കുന്നതെന്നും കപ്പല്‍ വഴിയാണ് ഇവ യു.എസിലെത്തുന്നത് എന്നുമായിരുന്നു മുന്‍ പ്രസിഡന്റുമാര്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞത്. മാത്രമല്ല, അതിര്‍ത്തി മതില്‍ കെട്ടുന്നതോടെ യു.എസ് കൂടുതല്‍ ഒറ്റപ്പെട്ട മേഖലയായി മാറുമെന്നും കാനഡ,പെസിഫിക്,അറ്റ്‌ലാന്റിക് അതിര്‍ത്തികളിലും മതില്‍ കെട്ടണമെന്നും അവര്‍ പരിഹസിച്ചു.

എന്നാല്‍ യു.എസ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ ട്രംപിന്റെ ശ്രമം. ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ഫെഡറല്‍ സര്‍കക്കാരിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ട്രംപ് രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുകയാണെന്നും തെറ്റായ വിവരങ്ങളാണ് ഇതു സംബന്ധിച്ച് പ്രചരിപ്പിക്കുന്നതെന്നും ഡെമോക്രാറ്റ് അംഗങ്ങള്‍ ഉന്നയിച്ചു. അതിനിടെ മതിലിനു പണമില്ലെങ്കില്‍ കോണ്‍ഗ്രീറ്റ് മതില്‍ വേണ്ടെന്നും പകരം ഇരുമ്പു വേലി നിര്‍മിക്കാമെന്നും ട്രംപ് എറിഞ്ഞു നോക്കിയെങ്കിലും ഡെമോക്രാറ്റുകള്‍ വഴങ്ങിയില്ല.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഡെമോക്രാറ്റ് അംഗങ്ങളുമായുള്ള ചര്‍ച്ചയും പരാജയപ്പെട്ടു. യോഗത്തിനിടെ ട്രംപ് ഇറങ്ങിപ്പോകുകയായിരുന്നു. ഫണ്ട് അനുവദിക്കാനാവില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നതോടെയാണ് ട്രംപ് പ്രകോപിതനായത്. രാജ്യത്തെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതും യു.എസില്‍ ട്രംപിനെതിരെയുള്ള ജനരോഷം ഉയരാന്‍ കാരണമായിട്ടുണ്ട്.

ഡിസംബര്‍ 22ന് ആരംഭിച്ച ഭരണപ്രതിസന്ധി അവസാനിക്കാന്‍ എല്ലാ അടവുകളും പുറത്തെടുത്ത് പരീക്ഷിക്കുന്ന ട്രംപ് പക്ഷേ, പൊതുസമൂഹത്തിനു മുന്നില്‍ കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. പ്രശ്‌നം അനന്തമായി നീണ്ടു പോകുന്നതിനാല്‍ ട്രംപിന്റെ ജനപ്രീതിയും വലിയ അളവില്‍ ഇടിഞ്ഞിരിക്കുകയാണ്.

Facebook Comments
Show More

Related Articles

Close
Close